17/08/2014

നാം എത്ര ഭാഗ്യവാന്മാര്‍ !!

ദോഹ. തണുത്ത നിലാവുള്ള രാത്രി. അകത്തു ഫ്ലാറ്റിനുള്ളില്‍......................

(തുടര്‍ന്ന് വായിക്കാന്‍ ദയവായി ഇവിടെ അമര്‍ത്തുക)

16/04/2014

കൈ കീറിയ കഥ

ചുവന്ന സാരിയില്‍ കറുത്ത ബോര്‍ഡറുള്ള തടിച്ച നിതംബമുള്ള ചേച്ചിയും , മെലിഞ്ഞല്പ്പം കൂനുള്ള ഉണ്ടക്കണ്ണന്‍ ഈര്‍ക്കിളി മീശക്കാരന്‍ ചേട്ടനും ഉമ്മാനോട് കുശുകുശുക്കുന്നതും കടലാസില്‍ എന്തോ കുത്തിക്കുറിക്കുന്നതും കൂട്ടുകാരോടൊപ്പം മുറ്റത്ത്‌ 'ആട്ടക്കളം' കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല . പക്ഷേ ഇടക്കിടക്കു എന്നെ ഒളികണ്ണിട്ടു നോക്കുന്നത് കണ്ടപ്പോള്‍ എന്തോ വശപ്പിശകിന്റെ മണം ഉള്ളിലടിച്ചുതുടങ്ങി . അവര്‍ തിരിച്ചു പോയപ്പോള്‍ ഉമ്മാനോട് ഞാന്‍ മയത്തില്‍ കാര്യം തിരക്കി.
" അവര്‍ കുട്ടികളുടെ കണക്കെടുക്കാന്‍ വന്നതാ മോനേ ..." 
" ന്തിനു ?"
"നാളെ അവര്‍ ഒരു മരുന്ന് കൊണ്ട് വന്നു തരും . കുട്ടികള്‍ക്ക് ഒരു അസുഖോം വരാതിരിക്കാന്‍ ..."

(എന്റെ ശരീരത്തിലൂടെ  ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയത്  ശരിക്കും ഞാനറിഞ്ഞു . ഓരോ വീട്ടിലും ചെന്ന് കുട്ടികളുടെ കണക്കെടുക്കുകയും പിന്നെ അവരുടെ " കൈ കീറുകയും ' ചെയ്യുന്ന ഭൂതങ്ങളില്‍ പെട്ട ഭീകരരാണിവര്‍ എന്ന് ഒറ്റ നിമിഷത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു !! ദൈവമേ ... എന്റെ ഊഴമെത്താറായി . കുട്ടികളുടെ ഇടത്തെ കൈത്തണ്ടയിലെ പച്ചമാംസത്തില്‍ ഹീറോ പേന പോലുള്ള ഏതോ ഒരു ആയുധംകൊണ്ട് അമര്‍ത്തി തിരിച്ചു മുറിവുണ്ടാക്കി മനുഷ്യനെ കൊല്ലാക്കൊല ചെയ്തു കുട്ടികളെ കഠിനമായി വേദനിപ്പിക്കുന്നതിനെയാണ് "കൈ കീറുക" എന്ന നാമധേയത്തില്‍ ഞങ്ങളുടെ നാട്ടില്‍ അറിയപ്പെടുന്നത് ! പകര്‍ച്ച വ്യാധികള്‍ തടയാന്‍ അന്നത്തെ സര്‍ക്കാറിന്റെ ഉത്തരവു പ്രകാരം എല്ലാ കുട്ടികളെയും കണക്കെടുത്ത് നിര്‍ബന്ധമായും ഇത് ചെയ്തിരിക്കണമെന്ന് നിയമം ഉണ്ടായിരുന്നു.  കൈ കീറിയ അടയാളം മരിച്ചു മണ്ണടിയും വരെ ഭീതിതമായ ഓര്‍മ്മയായി കയ്യില്‍ ഉണ്ടാവുകയും ചെയ്യും. )

എന്റെ മനസ്സിലെ ഭയം മുഖത്ത് പ്രകടിപ്പിക്കാതെ, ഇല്ലാത്ത ധൈര്യം അല്പം സംഭരിച്ചു കുറച്ചു  കനത്തില്‍ ഉമ്മാനോട് ഞാന്‍ ചോദിച്ചു :
" എന്തിനാ കൈ കീറുന്നത് ? അസുഖം വന്നാല്‍ മരുന്ന് കൊടുത്താല്‍ പോരെ ?  "
എനിക്ക് കാര്യം പിടികിട്ടിയതറിഞ്ഞു ഉമ്മാന്റെ മുഖത്തൊരു ചമ്മല്‍ ദൃശ്യമായി . 
" ഇടയ്ക്കിടയ്ക്ക് അസുഖം വന്നു ചികില്സിക്കുന്നതിനെക്കാള്‍ നല്ലതല്ലേ ജീവിതത്തില്‍ ഒരിക്കല്‍ കൈ കീറുന്നത് ?  നീ കരുതും പോലെ കൈ കീറുകയൊന്നും ഇല്ല . കറുത്ത കുഴമ്പ് രൂപത്തില്‍ ഉള്ള ഒരു മരുന്ന് കോഴിത്തൂവല്‍ കൊണ്ട് കയ്യില്‍ പുരട്ടും . ആ ഭാഗത്ത്‌ കുറച്ചു നേരത്തിനു അല്പം നീറ്റല്‍ ഉണ്ടാവുമെന്നു മാത്രം!! അറിയാതെ വീണ്ടും ചെയ്യാണ്ടിരിക്കാന്‍ കയ്യില്‍ ഒരു അടയാളം ഉണ്ടാവുകയും ചെയ്യും. വേറെ പേടിക്കാനൊന്നുമില്ല " . 

(ഉവ്വുവ്വ .. ചെറിയ നീറ്റലാണ് പോലും ! നമ്മളോടാ ഉമ്മാന്റെ ഡയലോഗ് . രണ്ടാം ക്ലാസില്‍ എന്റെ കൂടെ പഠിക്കുന്ന ഉണ്ണികൃഷ്ണന്‍ തന്റെ ദുരനുഭവം വളരെ വിശദമായി  എന്നോടു പറഞ്ഞു കരഞ്ഞിട്ടുണ്ട് . ഒരാള്‍ അവനെ അനങ്ങാനാവാത്ത വിധം പൂണ്ടടക്കം പിടിച്ചു വച്ച് മറ്റൊരാള്‍ കൈത്തണ്ടയില്‍ എന്തൊക്കയോ ചെയ്തു പോലും . കണ്ണടച്ച്പിടിച്ചു പേടിച്ചരണ്ടു അലറി കരയുകയായിരുന്നത്രേ അവന്‍ ! അതി ഭയങ്കര വേദനയയാണ് പോലും . അത് കഴിഞ്ഞു ഒരാഴ്ച പനി പിടിച്ചു കിടക്കുമെന്നതിനാല്‍ സ്കൂളില്‍ പോകേണ്ടതില്ല എന്ന സുഖസൌകര്യമൊഴിച്ചാല്‍ അതീവ ഭയാനകം തന്നെ ). 

"അതിനെന്താ ...എനിക്ക് പേടിയൊന്നും ഇല്ല ഉമ്മാ .. എന്റെ കൂട്ടുകാരന്‍  ഉണ്ണികൃഷ്ണന്റെ കൈ കീറിയതാ .. എന്നോടവന്‍ എല്ലാം പറഞ്ഞിട്ടുണ്ട് . കുറച്ചു നേരം അല്പം വേദന ഉണ്ടാവുമെന്നു മാത്രം "
എന്റെ മനസ്സിലെ ഭയം പുറത്തു പ്രകടിപ്പിക്കാതെത്തന്നെ, ഈ എടാകൂടത്തില്‍നിന്ന് എങ്ങനേലും ഒന്ന് രക്ഷപ്പെടണം എന്ന ചിന്തയിലായിരുന്നു ഞാന്‍ . ഭയങ്കര ധൈര്യശാലി ആണ് ഞാനെന്നു ഉമ്മ കലശലായി തെറ്റിദ്ധരിച്ചതിനാല്‍ അവര്‍ക്ക് ആശ്വാസവും ആയി . 
അന്ന് ഉറക്കം കണ്ണില്‍ അലയടിച്ച ഉടനെ , കൊന്ത്രമ്പല്ലുള്ള വായില്‍ നിന്ന് രക്തമൊലിക്കുന്ന രണ്ടു ഡ്രാക്കുളകള്‍ വന്നു എന്റെ ശരീരം ജീവനോടെ കീറിമുറിക്കുന്നത് സ്വപ്നം കണ്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു . അതിനു ശേഷം , തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ജയില്‍പുള്ളിയുടെ അവസ്ഥയില്‍ ഉറക്കം കിട്ടാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു .

പിറ്റേന്ന് കാലത്ത് മുതല്‍ എന്നെ കാണാനില്ല !!!! ഉമ്മ എന്നെ കുറെ വിളിച്ചു കൂവി നോക്കി . എല്ലാ ഇടത്തിലും പരതിനോക്കി . കട്ടിലിന്റെ അടിയിലും വിറകുപുരയിലും തൊഴുത്തിലെ ചാണകക്കുഴിയിലും തിരഞ്ഞു . ഭയം ഉമ്മയെ കീഴ്പ്പെടുത്തി. ഇന്നത്തെ പോലെയല്ല. അന്നൊക്കെ അയല്പക്ക വീടുകള്‍ക്കുള്ളില്‍ അനായാസേന നിര്‍ഭയം കയറിയിറങ്ങാനും ഒളിച്ചു കളിക്കാനും കുട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അതിനാല്‍ അയല്‍പക്കത്തെ മുറികള്‍ക്കുള്ളിലും കുഞ്ഞുങ്ങളെ കിടത്തുന്ന തൊട്ടിലിലും തപ്പിനോക്കി . എന്റെ ഇഷ്ട സങ്കേതമായിരുന്ന , വീട്ടുപറമ്പിലെ ഞാവല്‍മരത്തിന്റെ ഉച്ചിയില്‍ ഞാനൊളിഞ്ഞിരിപ്പുണ്ടാകുമെന്ന ശങ്കയില്‍ അവിടേക്കും കണ്ണ്പായിച്ചു . കിണറ്റില്‍ തലയിട്ടു നോക്കി .തലേന്നത്തെ സംഭാഷണങ്ങള്‍ ഓര്‍മ്മ വന്നപ്പോള്‍ ഉമ്മാന്റെ സംശയം ബലപ്പെട്ടു.   . പിന്നെ അധികം കാത്തു നിന്നില്ല. അറ്റകൈ എന്ന നിലയില്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി. 
അയല്‍വാസികള്‍  ഓടിക്കൂടി . ഒന്നുമറിയാതെ വഴിയാത്രക്കാരും ഓടിവന്നു . ആളുകളോട് കരച്ചില്‍ നിര്‍ത്താതെ സംഭവം വിവരിച്ചപ്പോള്‍ അരസികരായ നാട്ടുകാര്‍ ഏകദേശ അനുമാനങ്ങള്‍ വിളമ്പാന്‍ തുടങ്ങി. 
ഒന്നുകില്‍ നാട് വിട്ടിട്ടുണ്ടാവും 
അല്ലെങ്കില്‍ വല്ല കടുംകയ്യും ചെയ്തു കാണും !!
ഇത് കേട്ട പാടെ ഉമ്മ മോഹാലസ്യപ്പെട്ടുവീണു. അതിരാവിലെ ദൂരെയുള്ള തന്റെ കടയില്‍ പോയത് കാരണം ഉപ്പ ആണേല്‍ ഇതൊന്നും അറിഞ്ഞിട്ടുമില്ല. നാട്ടുകാര്‍ വീട്ടിലും പരിസരങ്ങളിലും പരതിനോക്കി. തിരൂര്‍ സിറ്റിയില്‍ ഭാരത് സര്‍ക്കസ് കളിക്കുന്നുണ്ട് . എനിക്ക് സര്‍ക്കസ് ഭയങ്കര ഇഷ്ടമാണെന്ന് ഒരു സ്നേഹിതന്‍ അവിടെ അഭിപ്രായപ്പെട്ടത്  കാരണം ഒരാളെ ടാക്സിക്കൂലി കൊടുത്തു അവിടെക്കയച്ചു .  " കൈ കീറലില്‍" നിന്ന് രക്ഷപ്പെടാന്‍ ബന്ധുവീട്ടിലേക്ക് മുങ്ങിയതാവാം എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ എന്റെ ബന്ധുവീടുകളിലേക്ക് രണ്ടു മൂന്നു പേരെ വാടക സൈക്കിളില്‍ ഓടിച്ചു വിട്ടു . ഇടയ്ക്കു ഉമ്മാക്ക് ബോധം വരികയും എഴുന്നേറ്റിരുന്നു ഒരു ഗ്ലാസ് വെള്ളം കുടിക്കുകയും ചെയ്തു . അന്നെരത്താണ് , നാട്ടുകാരില്‍ ബുദ്ധിമാനായ ഒരാള്‍ , എന്നെ തമിഴ് നാടോടികള്‍ തട്ടി കൊണ്ട് പോയിരിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചത് . അത് കേട്ട പാടെ ഉമ്മ വീണ്ടും ബോധം കെട്ടുവീണു. 

രാവിലെ പത്തരമണി  കഴിഞ്ഞു . കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ ചൊല്ല് . അപ്പോള്‍ കുടം പോയാല്‍ കുളത്തിലും തപ്പണമല്ലോ .. പിന്നെ അത്തരത്തില്‍ ആയി സംസാരം. അയല്‍പക്കത്തു  വലിയൊരു കുളമുണ്ട് . അതിന്റെ കരയിലെ പേരറിയാമാവിന്റെ ഉച്ചിയില്‍ കയറി കുളത്തിലേക്ക്‌ കരണംമറിഞ്ഞു ചാടി കളിച്ചുല്ലസിച്ചു മണിക്കൂറുകളോളം  കുളിക്കുന്നതു എന്റെ പ്രധാന ഹോബി ആയിരുന്നു. അതറിഞ്ഞ ചിലര്‍ പരസ്പരം മുറുമുറുത്തു...ഇനി കുളത്തിലെ ചെളിയിലെങ്ങാനും ??????

അതിനാല്‍ , നാട്ടിലെ പ്രധാന മുങ്ങല്‍ വിദഗ്ദനായ കുഞ്ഞാവയെ ആളുകള്‍ അന്വേഷിച്ചു. അന്നെരതാണ് കുഞ്ഞാവ തന്റെ വീട്ടിലേക്കു വൈകീട്ട് വിരുന്നു വരുന്നവര്‍ക്ക് ചായക്കൊപ്പം കഴിക്കാനുള്ള പലഹാരങ്ങളായ ' ആറാം നമ്പരും മിക്സറും '  അടങ്ങിയ പൊതി, അങ്ങാടിയില്‍ നിന്ന് വാങ്ങി വരുന്നത് കണ്ടത് . ഉടനടി ആളുകള്‍ കയ്യിലിരുന്ന പൊതി വാങ്ങി തന്റെ വസ്ത്രങ്ങള്‍ പോലും മാറാന്‍ ഇട നല്‍കാതെ കുളത്തിലേക്ക്‌ ഇറക്കി വിട്ടു .  ഒരു മണിക്കൂറോളം കുളം മൊത്തം മുങ്ങിതപ്പി.  എന്നാല്‍  പകരം കിട്ടിയത് - ഒരു മദ്യക്കുപ്പി , ഒരു കീറിയ പോളിയസ്റ്റെര്‍ ഷര്‍ട്ട്‌ , പിന്നെ ദ്രവിച്ചു തുടങ്ങിയ ഒരു തെങ്ങോലമടല്‍  എന്നിവ മാത്രം !! കുളം കലങ്ങി മറിഞ്ഞത് മിച്ചം ! ചുവന്നു കലങ്ങിയ കണ്ണുകളും ചുളിഞ്ഞു വലിഞ്ഞ കൈകാല്‍ വിരലുകലോടെയും ക്ഷീണിതനായി കുഞ്ഞാവ കരയ്ക്ക്‌ കയറി . തന്റെ ഷര്‍ട്ടും മുണ്ടും പിഴിഞ്ഞ് തന്റെ പലഹാരപ്പൊതി തിരഞ്ഞു .  പാമ്പ് പടം പൊഴിച്ച പോലെ, കുറച്ചകലെ അവയുടെ കാലിക്കവറുകള്‍ അനാഥമായിക്കിടക്കുന്നതുകണ്ടു കുഞ്ഞാവയുടെ കണ്ണുകള്‍ നിറഞ്ഞുവെങ്കിലും,  കുളത്തിലെ വെള്ളം മുഖത്ത്കൂടി ഒഴുകുന്നതാണെന്ന് കരുതി ആളുകള്‍ മൈന്‍ഡ് ചെയ്തില്ല.  ആളുകളുടെ ആകാംക്ഷയും ഉല്‍ക്കണ്ട്ഠയും കാരണം അറിയാതെ തിന്നു തീര്‍ത്തതാവണം ! 

ഏതായാലും   പുളിക്കല്‍ കുഞ്ഞാവ എന്ന് നാട്ടില്‍ മാന്യമായി അറിയപ്പെട്ടിരുന്നവന്‍ അന്ന് മുതല്‍ 'കുളം കലക്കി കുഞ്ഞാവ ' എന്ന പേരില്‍ പ്രസിദ്ധനായി . അദ്ദേഹം മരിച്ചു മണ്ണടിഞ്ഞു കാലമേറെ ആയെങ്കിലും അദ്ദേഹത്തിന്റെ പേരക്കിടാവിന്റെ മക്കളുടെ പേരിന്റെ മുന്നില്‍ പോലും കുളം കലക്കി എന്ന് ചേര്‍ക്കാതെ നാട്ടുകാര്‍ വിളിക്കാറില്ല . ഞാന്‍ കാരണം തലമുറകള്‍ക്ക് തന്നെ ചാര്‍ത്തപ്പെട്ട ആ പേര് ഒഴിവാക്കാന്‍  എനിക്കേതായാലും കഴിയില്ലല്ലോ . പക്ഷ ഗള്‍ഫില്‍ നിന്ന് ആദ്യ അവധിക്കു പോയ പിറ്റേന്ന് തന്നെ രണ്ടു കിലോ ആറാം നമ്പറും മിക്സറും കുഞ്ഞാവയുടെ വീട്ടില്‍ കൊണ്ട് പോയി കൊടുത്തു അന്നത്തെ കടത്തില്‍ നിന്ന് മോചനം നേടാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട് . 

ഏതായാലും , ഉച്ചയായിട്ടും എന്റെ തുമ്പ് കിട്ടാത്തതിനാല്‍ ഉപ്പയെ വിവരമറിയിക്കാനും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആളുകള്‍ തീരുമാനിച്ചു . മുറ്റം നിറയെ ആളുകള്‍ ! പെട്ടെന്ന് ഞാന്‍ അവരുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ടു ! ഒരു നിമിഷം  മൊത്തം നിശബ്ദത! ആളുകള്‍ അന്തം വിട്ട് എന്നെത്തന്നെ നോക്കിനിന്നു . ചില ചേട്ടന്മാര്‍ എന്നെ നോക്കി കണ്ണുരുട്ടി. കുഞ്ഞാവ ദേഷ്യത്തോടെ എന്റെ കയ്യില്‍ പിടിച്ചു അട്ടഹസിച്ചു :
" എവിടായിരുന്നെടാ ഹിമാറെ ? "
" ഞാന്‍ .....ഞാന്‍....."  ബാക്കി  പറയാനാവാതെ വാക്കുകള്‍ എന്റെ  തൊണ്ടയില്‍ കുരുക്കി നിന്നു .
" ആളുകളെ പേടിപ്പിക്കാനായിട്ട് എവിടെ പോയി ചത്ത്‌ കിടക്കുകയായിരുന്നെടാ #%^$@ " എന്ന് പറഞ്ഞ് എന്നെ കുലുക്കി പറയിപ്പിക്കാന്‍ നോക്കി. ഞാന്‍ ഒന്നും മിണ്ടാതെ തലകുനിച്ചുനിന്നതെ ഉള്ളൂ .. അതിനിടയില്‍ ചിലര്‍ എന്താല്ലാമോ പിറുപിറുത്തു. അത് നല്ല തെറിയായിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്‌ .  അതിനിടയില്‍ ബോധം വന്ന ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഇതിനിടയില്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ച എന്റെ ഹൃദയമിടിപ്പ് നിലച്ചുപോയി ! ചുവന്ന സാരിധരിച്ച ചേച്ചിയും ഉണ്ടക്കണ്ണന്‍ ചേട്ടനും ആളുകളുടെ ഇടയില്‍ ! ഭയം കൊണ്ട് ദേഹം വിറയാന്‍  തുടങ്ങി . ഉടന്‍ കുഞ്ഞാവ എന്നെ , അറുക്കാന്‍ കൊണ്ടുപോകുന്ന ആടിനെ പോലെ കൈ പിടിച്ചു വരാന്തയിലേക്ക്‌ വലിച്ചു കൊണ്ടുവന്നു. നാട്ടുകാരുടെ ദേഷ്യം തീര്‍ക്കാനായി കുഞ്ഞാവതന്നെ എന്നെ അനങ്ങാനാവാത്ത വിധം കൈ കീറാന്‍ പിടിച്ചു കൊടുത്തു . അലറിക്കരഞ്ഞപ്പോള്‍  ആരോ വായും പൊത്തിപ്പിടിച്ചു. രാവിലെ മുതല്‍ മൂത്രമോഴിക്കാത്തതിനാല്‍ എന്റെ ട്രൌസര്‍ നനഞ്ഞോന്നൊരു സംശയം . ആരുമറിയാതെ നടക്കേണ്ടിയിരുന്ന ഒരു ചെറിയ കര്‍മ്മം ഇപ്പൊള്‍ നാട്ടാരുടെ മുഴുവന്‍ മഹനീയ സാന്നിദ്ധ്യത്തില്‍ അന്നാട്ടില്‍ ആദ്യമായി നടക്കുകയും അത് നാട്ടുകാര്‍ നന്നായി ആസ്വദിക്കുകയും ചെയ്തു. എല്ലാവരും എന്നെ നോക്കി പരിഹാസം ദ്യോതിപ്പിക്കുന്ന രീതിയില്‍ ചിരിച്ചപ്പോള്‍ ഞാന്‍ മാത്രം വേദന സഹിക്കാനാവാതെ ഇരുന്നു കരഞ്ഞു . നാണക്കേടില്‍ അകപ്പെട്ടെന്നു മാത്രമല്ല; സാധാരണ ഒരാഴ്ചയോളം കുട്ടികള്‍ക്കുണ്ടാവാറുള്ള  പനിയാവട്ടെ എനിക്കൊട്ടു ബാധിച്ചതുമില്ല . അതിനാല്‍ സ്കൂളില്‍ പോകുന്നതില്‍നിന്നു രക്ഷപ്പെടാനും  കഴിഞ്ഞില്ല.

ഏതായാലും , ഇക്കാലം വരെ വെളിപ്പെടുത്താത്ത രഹസ്യം ഇപ്പോള്‍ വെളിപ്പെടുതിയില്ലെങ്കില്‍ മോശമാണ് . അതിരാവിലെ എഴുന്നേല്‍ക്കുന്ന ഉമ്മ, തലയണയും പുതപ്പും കൂടി പായക്ക്‌ ഉള്ളില്‍ വച്ചു സാണ്ട്വിച് പോതിയുന്നപോലെ  ചുരുട്ടി വക്കാറാണ്  പതിവ് .  ഈ പായക്കുള്ളിലേക്ക് നുഴഞ്ഞുകയറി ഒളിക്കുകയും അങ്ങനെ രാവിലെ കൈ കീറാന്‍ വരുന്നവരില്‍ നിന്നു  രക്ഷ നേടുകയുമായിരുന്നു എന്റെ പ്ലാന്‍. പക്ഷെ തലേന്ന് മുഴുവന്‍ ഭയത്താല്‍  ഉറക്കം കിട്ടാത്ത കാരണം ക്ഷീണിതനായി  ഗാഡനിദ്രയിലേക്ക് വഴുതിവീണു. എല്ലായിടത്തും തിരഞ്ഞപ്പോള്‍ ആരും പായക്കുള്ളിലേക്ക് തലയിട്ടു നോക്കാന്‍ മിനക്കെട്ടതുമില്ല.  പിന്നീട് ഉറക്കമെണീറ്റു മാളത്തില്‍നിന്നു മണ്ണിര വരുന്നപോലെ നുഴഞ്ഞു പുറത്തേക്കുവന്നപ്പോഴാണ് വീട്ടിലെ ബഹളങ്ങള്‍ കേള്‍ക്കുന്നത് .

പാമ്പുകടിയേറ്റവന്‍ കയറുകണ്ടാല്‍ പേടിക്കുന്നതുപോലെ,  ഇന്നും  എവിടെയെങ്കിലും പായ ചുരുട്ടിവച്ചത് കാണുമ്പോള്‍ എന്റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നാറുണ്ട്. 

18/04/2013

'നരകക്കോഴി' ഇറങ്ങുന്നു.



തന്റെ രചനകള്‍ പുസ്തകമാവുന്നു എന്നത് ഏതൊരു ബ്ലോഗറെ സംബന്ധിച്ചോളവും അനല്പമായ സന്തോഷം ഉളവാക്കുന്നതാണ് . എഴുത്തിലെ എല്ലാ ബാലാരിഷ്ഠതകളും ഉള്‍ക്കൊണ്ടുതന്നെ, 'തണലില്‍' പോസ്റ്റിയതും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചതുമായ 35ഓളം കഥകള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് ഒരു പുസ്തകം ഇറങ്ങുന്നു . "നരകക്കോഴി" . 2013 ഏപ്രില്‍ 21 നു തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ്‌ മീറ്റില്‍ ഇത് പ്രകാശനം ചെയ്യപ്പെടുന്നു.

എന്റെ വായനക്കാര്‍ എന്നേക്കാള്‍ വിവരമുള്ളവര്‍ ആണെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ട് . അത് കൊണ്ട്തന്നെ , ഈ പുസ്തകം നിങ്ങള്ക്ക് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ , മലയാളം പ്രൊഫസര്‍ക്ക് കളിക്കുടുക്ക  വായിക്കാന്‍ കൊടുക്കുന്നപോലെയാണ് എനിക്കനുഭവപ്പെടുന്നത് .

പ്രിയ വായനക്കാരുടെ ഇതുവരെയുള്ള അകമഴിഞ്ഞ അഭിപ്രായ നിര്‍ദേശ വിമര്‍ശനങ്ങള്‍ മേലിലും ഉണ്ടാകുമെന്ന് പ്രത്യാശയുണ്ട്. കാശ് കൊടുത്തു വാങ്ങിയാലത് നഷ്ടക്കച്ചവടമാകുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. എങ്കിലും വായനക്കാരെ നിരാശപ്പെടുതാതിരിക്കാന്‍ പ്രാര്‍ഥിക്കുന്നു.
ഒപ്പം .....
വിയര്‍പ്പ് ഒഴുക്കിയും കണ്ണീരു കുടിച്ചും ഗള്‍ഫില്‍  എരിഞ്ഞോടുങ്ങുന്ന   അസംഖ്യം 'നരകക്കോഴി'കള്‍ക്ക് വേദനയോടെ ഒരിറ്റു കണ്ണുനീര്‍ ഈ പുസ്തകത്തില്‍ അര്‍പ്പിക്കുന്നു.