(സ്കോട്ടിഷ് പഴമൊഴി)
ഖജനാവില്‍ കാശില്ല. എന്നാല്‍ നാട്ടാരുടെ കൈയില്‍ ഇഷ്ടം പോലെ കാശുണ്ട്. പക്ഷെ സര്‍ക്കാര്‍ ഖജനാവിലേക്ക് എങ്ങിനെ അതെത്തിക്കും? നക്കാപിച്ച ടാക്സ് തീരെ പോര. പോരാത്തതിന് വി വി ഐ പി കളില്‍ നിന്നും ടാക്സ് പിടിച്ചു വാങ്ങാന്‍ ധൈര്യവും പോരാ. പിന്നെയുള്ളത് മദ്യക്കച്ചവടം. നാടനെന്നു പറഞ്ഞാല്‍ വില കൂട്ടി വില്‍ക്കാന്‍ പറ്റില്ല. അപ്പോള്‍ പേര് 'ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം!!' ഇതെന്തു മദ്യം? അപ്പോള്‍ വിദേശ നിര്‍മിത ഇന്ത്യന്‍ മദ്യം ഉണ്ടോ? അതാണതിന്റെ കളി. പണ്ട് നമ്മളാരെങ്കിലും 'ഇറച്ചിക്കോഴി' എന്ന് കേട്ടിട്ടുണ്ടോ? കോഴിയിറച്ചി അല്ലെ ഉണ്ടായിരുന്നുള്ളൂ.
ഏതായാലും കച്ചവടം നഷ്ടമായില്ല എന്ന് മാത്രമല്ല ഉണ്ടാക്കുന്നത് തികയാതെയുമായി. മൊത്തത്തില്‍ കേരളത്തെ കുടിപ്പിച്ചു കിടത്തി. ഒറ്റ ദിവസം നാല്പത്തി അഞ്ചു കോടി രൂപ വരെ കളക്ഷന്‍ ഉണ്ടാക്കി! ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും തെണ്ടുന്ന, അടുക്കളയില്‍ ശവമടക്കേണ്ടി വരുന്ന, പെണ്മക്കളെ കെട്ടിച്ചു വിടാന്‍ അടിവസ്ത്രം വരെ വില്‍ക്കേണ്ടി വരുന്ന ഒരു സമൂഹത്തിലാണ് ഇത് എന്നോര്‍ക്കണം! മക്കള്‍ക്ക് കപ്പലണ്ടി മിട്ടായിയും ഭാര്യക്ക് പരിപ്പ് വടയും വാങ്ങി വൈകുന്നേരം വീട്ടില്‍ എത്തേണ്ടിടത്ത് പകരം, തിന്നാന്‍ തീയും കുടിക്കാന്‍ കണ്ണീരും ആണ് അവര്‍ക്ക് ലഭിക്കുന്നത്. നാല്പത്തഞ്ചു കോടി ചെലവാക്കിയത് മരുന്ന് വാങ്ങാനല്ല ചേട്ടാ - ദൈവം ദാനമായി നല്‍കിയ സുബോധം നശിപ്പിക്കാനാണ്. സന്തോഷം ആഖോഷിക്കാനും ദുഃഖം ആചരിക്കാനും കുടിക്കുന്ന ഒരേ ഒരു സാധനമാണ് മദ്യം. അച്ഛന്റെ ജന്മദിനവും ചരമദിനവും കൊണ്ടാടുന്നത് മദ്യം കൊണ്ട് തന്നെ.
മദ്യം കൊണ്ട് ഖജനാവിലേക്ക് വരുന്നതിന്റെ എത്രയോ മടങ്ങ് അത് മൂലം പ്രത്യക്ഷമായോ പരോക്ഷമായോ ചെലവാകുന്നു.
മദ്യപനായ ഭര്‍ത്താവിന്റെയോ അച്ഛന്റെയോ ശല്യം സഹിക്കാനാവാതെ അയാളെ കൊലപ്പെടുത്തിയ എത്ര കേസുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഈ ജീവിതതിനെക്കാള്‍ നല്ലത് ജയില്‍ തന്നെ എന്ന് കരുതി തന്നെ യല്ലേ അവര്‍ ഇത് ചെയ്തിരിക്കുക? അവരുടെ മാനസികാവസ്ഥ എന്ത്? ജയില്‍ പേടിച്ചു മര്‍ദനവും സഹിച്ചു ഭര്‍ത്താവിന്റെ / അച്ഛന്റെ മരണവും ആഗ്രഹിച്ചു കഴിയുന്ന എത്ര പേര്‍ നാട്ടിലുണ്ട്?
മദ്യം കാരണം അപകടം സംഭവിച്ചവര്‍ എത്ര?മരിച്ചവര്‍ എത്ര? അംഗവൈകല്യം വന്നവര്‍ എത്ര? കരള്‍ ദ്രവിച്ചവര്‍ എത്ര? മാനസിക നില തകര്‍ന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം എത്ര? അതിനേക്കാള്‍ വലുതല്ലേ നമുക്ക് കോടികള്‍!
പാവം സ്ത്രീകളെക്കൊണ്ട് ജയില്‍ നിറയട്ടെ
ആശുപത്രികള്‍ ഉയരട്ടെ
നാട്ടില്‍ വികലാന്കര്‍ പെരുകട്ടെ
നമുക്ക്-
കുടിച്ചുംകൊണ്ടിരിക്കാം ..............