16/03/2010

വേണ്ടായിരുന്നു.....


 ഗര്‍ഭപാത്രത്തില്‍ ഞാനൊരു കൃമിയായ് അള്ളിപ്പിടിച്ചു കിടക്കവേ അവശതയോടെ അമ്മ പറഞ്ഞു         " വേണ്ടായിരുന്നു".

പിറന്നപ്പോള്‍ , പെണ്ണാണെന്നറിഞ്ഞ നിമിഷം- അച്ഛന്‍ പറഞ്ഞു " വേണ്ടായിരുന്നു".

വിവാഹപ്രായമെത്തിയപ്പോള്‍ പണവും സ്വര്‍ണവും എന്റെ തൂക്കമെത്താതെ വന്നപ്പോള്‍ അച്ഛനും അമ്മയും ഒന്നിച്ചു പറഞ്ഞു. " വേണ്ടായിരുന്നു".

വിവാഹശേഷം ഭര്‍ത്താവ് കൂട്ടുകാരോട് പറഞ്ഞു  " വേണ്ടായിരുന്നു".

ജീവിത സായാഹ്നത്തില്‍ ഒരത്യാഹിതത്തില്‍പ്പെട്ടപ്പോള്‍ മക്കള്‍ ഓടിയെത്തി . മരണാസന്നയായ ഞാന്‍ പൊടുന്നനെ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ മക്കളുടെ കണ്ണുകള്‍ ഡോക്ടറോടു പറഞ്ഞു        "വേണ്ടായിരുന്നു".

എനിക്കും തോന്നുന്നു . എന്തിനീ ജന്മം? " വേണ്ടായിരുന്നു".

02/03/2010

ഹര്‍ത്താല്‍..


ഇന്ന് ഹര്‍ത്താല്‍..
ഉത്സവമില്ലാത്ത ആഘോഷദിനം
വാഹനങ്ങള്‍ക്ക് വിശ്രമദിനം
ടെലിവിഷനുകള്‍ക്ക് ജോലിഭാരമുള്ള ദിനം
വീടുകളില്‍ കുപ്പികളുടെ എണ്ണം കൂടുന്ന ദിനം!

ഭൂമി കുലുങ്ങിയാലും നേരത്തെ ഉണരാത്ത നേതാവും അനുയായികളും അന്ന് അതിരാവിലെ തന്നെ റോഡില്‍ ഹാജരായി.
റോഡ്‌ നിറയെ വ്രണങ്ങള്‍ നിറഞ്ഞു ക്ഷയിച്ചതാണെങ്കിലും അതിനെ,  വലിയ പാറക്കഷ്ണങ്ങളും മരത്തടികളും ടയറുകളും കൊണ്ട് പരമാവധി ദൂരം ആഭരങ്ങളണിയിച്ചു സുന്ദരിയാക്കുന്നതില്‍ അവര്‍ വിജയിച്ചു. തുടര്‍ന്ന് കൈകളില്‍ നീളന്‍ വടികളും അതിനറ്റത്ത്‌ കൊടികളുമായി, ഇരയെ തേടുന്ന ചിലന്തികളെപ്പോലെ ക്ഷമയോടെ അവര്‍ ആരെയൊക്കെയോ കാത്തുനിന്നു.
  ഊടുവഴിയിലൂടെ കടന്നുവന്നു രക്ഷപ്പെടാന്‍ നോക്കിയ ഒരു പുത്തന്‍ കാറിനെ കണ്ടമാത്രയില്‍ ആക്രോശത്തോടെ അവര്‍ ചാടിവീണു. കൊടികെട്ടിയവടികള്‍ ഉയര്‍ന്നുതാണു.നിമിഷാര്‍ദ്ധത്തില്‍ കാറിന്റെ ചില്ലുകളില്‍ ചിലന്തിവലകള്‍ പ്രത്യക്ഷപ്പെട്ടു. ടയറുകളില്‍ നിന്നും ശീല്‍ക്കാരം ഉയര്‍ന്നു. ഇരയെ പിടിച്ച ചിലന്തിയുടെ സംതൃപ്തിയോടെ അവര്‍ അടുത്ത ഇരയ്ക്കായി കാത്തുനിന്നു.
പൊടുന്നനെ......
നേതാവിനൊരു വല്ലായ്മ ! നെഞ്ചിനകത്തൊരു ഉത്സവം! തുടര്‍ന്ന് ഹര്‍ത്താല്‍! 
റോഡില്‍ കുഴഞ്ഞു വീണ നേതാവിനെ ആശുപത്രിയിലേക്കെടുക്കാന്‍ ഒരു വാഹനത്തിനു വേണ്ടി അനുയായികള്‍ പരക്കം പാഞ്ഞു. മണിക്കൂറുകളോളം.. എന്നാല്‍ അതിനകം തന്നെ ഹര്‍ത്താല്‍ 'ബന്ദ് ' ആയിക്കഴിഞ്ഞിരുന്നു!

നോട്ടീസ്: പ്രിയ നേതാവിന്റെ വിയോഗത്തില്‍ ദുഃഖസൂചകമായി നാളെ 'ഹര്‍ത്താല്‍' ആചരിക്കുന്നതാണ്. അനുശോചനസന്ദേശം (കമന്റ്) രേഖപ്പെടുത്താന്‍ താഴെ സൗകര്യം ചെയ്തിട്ടുണ്ട് . എല്ലാവരും അത് ഉപയോഗപ്പെടുത്തുമെന്നു കരുതുന്നു.