
കുഞ്ഞലവി മൊല്ലാക്കാക്ക് വയസ്സ് എഴുപത്. വെളുത്ത കൈ ബനിയനും മുണ്ടും, അരയില്‍ വീതിയുള്ള പച്ച നിറത്തിലുള്ള സിങ്കപ്പൂര്‍ ബെല്‍റ്റ്, വെളുപ്പും കറുപ്പും ഇടകലര്‍ന്ന താടി, തലയില്‍ വെളുത്ത തൊപ്പി. ഇദ്ദേഹം ആകെ തളര്‍ന്നു പരവശനായി തിണ്ണയില്‍ ചുമരും ചാരിയിരിപ്പാണ്. കാലത്തെ മഴയിലും വിയര്‍പ്പില്‍ കുളിച്ചിട്ടുണ്ട്. തൊപ്പി ഊരി കഷണ്ടിതലയിലെ വിയര്‍പ്പ് തുടച്ചശേഷം യഥാസ്ഥാനത്തു വച്ച് അകത്തേക്ക് ദൃഷ്ടി പായിച്ചു. കൂട്ടിലകപ്പെട്ട വെരുകിനെപ്പോലെ ബീവാത്തു വീട്ടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും പായുകയാണ്. ഇടക്കെന്തോ പിറുപിറുക്കുന്നുമുണ്ട്. തൊഴുത്തില്‍നിന്ന് എരുമ അതിനു സാധ്യമാകുന്നത്ര ഉച്ചത്തില്‍ അമറുന്നുണ്ട്. മണി പത്തായിട്ടും അതിനെ തൊഴുത്തില്‍നിന്നിറക്കിയിട്ടില്ല. എന്നാല്‍ മോല്ലാക്കാന്റെ ചെവിയില്‍ ബീവാതുവിന്റെ പിറുപിറുക്കലോ എരുമയുടെ അമറലോ ഒന്നും വന്നുപതിക്കുന്നില്ല. കടുവയെ കിടുവാ പിടിച്ചെന്നു പറഞ്ഞപോലെ ആയി കാര്യം. ഒന്നും രണ്ടുമല്ല, മാലയും വളയുമായി പന്ത്രണ്ടു പവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്! തന്റെ ബീടര് ബീവാത്തു , ആങ്ങളയുടെ മകന്റെ കല്യാണത്തിന് പോകുവാന്‍ അയല്‍വക്കത്തെ വട്ടപറമ്പില്‍ നബീസുവിന്റെ ആഭരണങ്ങള്‍ വായ്പ വാങ്ങിയതാണ്. ഇന്നലെ വളരെ വൈകി തിരിച്ചെത്തിയത് കാരണം പിറ്റേന്ന് കൊടുത്താല്‍ മതിയെന്നു കരുതി പത്തായത്തില്‍ വെച്ചതാണ്. സംഗതി നഷ്ടപ്പെട്ടിരിക്കുന്നു! നബീസുവിന്റെ കെട്ട്യോന്‍ പണ്ടേ ചൂടനാണ്. അവനറിഞ്ഞാല്‍ എന്താകും സ്ഥിതിയെന്നാലോചിച്ചപ്പഴേ മോല്ലാക്കാന്റെ കണ്ണില്‍ ഇരുട്ടുകയറി. നിഘണ്ടുവിലില്ലാത്ത പദങ്ങള്‍ മടിയില്ലാതെ തരംപോലെ പ്രയോഗിക്കാന്‍ പണ്ടേ മിടുക്കനാണവന്‍! അതിനേക്കാള്‍ വലിയ പുലിവാലുവേറെയുമുണ്ട്. മൊല്ലാക്ക ഒരു സാധാരണക്കാരനല്ല. നാട്ടിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന ദേഹമാണ്. വീണുപോയ സാധനങ്ങള്‍ എവിടെയാണെന്ന് പറഞ്ഞുകൊടുക്കുക, മോഷ്ടിക്കപ്പെട്ട മുതല്‍ ആരെടുത്തുവെന്നു സൂചിപ്പിക്കുക, ശത്രുക്കളില്‍നിന്നുള്ള പാരകളെ പ്രതിരോധിക്കാന്‍ പ്രത്യക പൊടിക്കൈകള്‍ ചെയ്തു കൊടുക്കുക മുതലായ പ്രവൃത്തികള്‍ മൊല്ലാക്ക ചെയ്തുകൊടുക്കാറുണ്ട്. മോശമില്ലാത്ത പ്രതിഫലവും ലഭിക്കാറുണ്ടെന്ന് വച്ചോളൂ . ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് വല്ലതും മോഷണം പോയാല്‍ പിന്നെ ബുധിമുട്ടെന്തിനു ? വൈദ്യരേ , നിങ്ങള്‍ സ്വയം ചികില്‍സിചോളൂ എന്നും ജനം പറയില്ലേ? നാണക്കേട്! ഇതെല്ലാം വെറും വയറ്റുപ്പിഴപ്പിന്റെ പ്രശ്നമാണെന്ന് ആളുകളോട് പറയാന്‍ കഴിയുമോ? അവര്‍ക്ക് തന്റെ മേലുള്ള വിശ്വാസം നഷ്ടപ്പെടുകയും തന്റെ കഞ്ഞികുടി മുട്ടുകയും ചെയ്യും.
ബീവാതുവാന് ഇതിനെല്ലാം കാരണക്കാരി. അവളെ രണ്ടു മുട്ടന്‍ വഴക്ക് പറയണമെന്നുണ്ട്. പക്ഷെ ധൈര്യമില്ല. താന്‍ കോപിച്ചാല്‍ അന്നവള്‍ ഭക്ഷണം കൊണ്ട് പകരം വീട്ടിക്കളയും. അന്നത്തെ ഭക്ഷണം കഴിച്ചാല്‍ വയര്‍സ്തംഭനം ഉറപ്പ്. പാതിരായ്ക്ക് അവള്‍ മൂത്രമൊഴിക്കുവാന്‍ എഴുന്നേറ്റു പുറത്തു പോവുക പതിവുണ്ട്. അന്നെരത്തായിരിക്കണം ആഭരണം മോഷ്ടിക്കപ്പെട്ടത്! പഠിച്ച കള്ളന്‍ തന്നെ. ഇന്നലെ കല്യാണത്തിനു പോകുമ്പോഴോ വരുമ്പോഴോ കള്ളന്‍ നോട്ടമിട്ടിരിക്കണം.
"ന്താപ്പം ചെയ്യാ? വീടും പറമ്പും വിറ്റ് കടം വീട്ടെണ്ടിവര്വോ ന്‍റെ ബദരീങ്ങളെ" മോല്ലാക്കാന്റെ ആത്മഗതം അല്പം ഉച്ചത്തിലായിപ്പോയി. ഇനി, പോലീസില്‍ അറിയിക്കാമെന്ന് വച്ചാല്‍ തന്നെ പുലിവാല്. ഒപ്പം നാണക്കേടും. പോലീസെന്നു കേക്കണതേ മോല്ലാക്കാക്ക് പേടിയാ. പണ്ട് യാഹൂംതങ്ങളുടെ നേര്‍ച്ചക്ക് പോയതും ജനത്തെ പോലീസ് വിരട്ടിയോടിച്ചപ്പോള്‍ താഴെവീണ് ആരാണ്ടൊക്കെ തന്‍റെമേല്‍ ചവിട്ടിയതുമൊക്കെ മൊല്ലാക്ക ഓര്‍ത്തു. പോലീസെത്തുന്നതും തന്നെ ചോദ്യംചെയ്യുന്നതും നാട്ടുകാര്‍ അത്നോക്കി പരിഹാസച്ചിരി ഉതിര്‍ക്കുന്നതും അദ്ദേഹം മനസ്സില്‍ കണ്ടു.
നാട്ടാര്‍ക്കു പറയാനും ചിരിക്കാനും ന്യായവുമുണ്ട്. ഒരിക്കല്‍ അയല്‍വാസിയുടെ കല്യാണത്തിനു പോയപ്പം പന്തലിന്റെ പരിസരത്ത്നിന്ന് ഒരു സ്വര്‍ണപാദസരം വീണ്കിട്ടിയതും താനത് ആരും കാണാതെ പള്ളിക്കുളത്തില്‍ കൊണ്ടിട്ടതും മൊല്ലാക്ക ഓര്‍ത്തു. അതിനു കാരണവുമുണ്ട്. താന്‍ സാധാരണ കുളിക്കാറുള്ള പള്ളിക്കുളത്തിലെ വെള്ളം ആകെ വൃത്തികേടായി മാറിയിട്ടുണ്ട്. കുളം ശുദ്ധമാക്കാന്‍ ഒന്നുരണ്ടുതവണ കമ്മറ്റിക്കാരോട് അപേക്ഷിച്ചെങ്കിലും പിശുക്കന്മാരായ അവര്‍ ചെവിക്കൊണ്ടില്ല. പിന്നെ, തനിക്കറിയാം പാദസരത്തിന്റെ ഉടമ തന്നെത്തേടിഎത്തുമെന്ന് . പ്രതീക്ഷിച്ചപോലെ ഉടമ വന്നപ്പോള്‍ വിശദമായി വിവരങ്ങള്‍ ചോദിച്ചറിയുകയും അല്പം ചിന്തിച്ചു മന്ത്രങ്ങളുരുവിട്ടു, പള്ളിക്കുളത്തിന്‍റെ നടുവില്‍ പാദസരം കിടക്കുന്നുവെന്നും വെള്ളം വറ്റിച്ചുമാത്രമേ അതെടുക്കാന്‍ ശ്രമിക്കാവൂ എന്നും പ്രവചിച്ചു. സംഗതി ക്ലീന്‍! ഒരുവെടിക്ക് മൂന്നുപക്ഷി! കുളം വൃത്തിയായി, സാമ്പത്തികലാഭം, ഒപ്പം തലയില്‍ ഒരു പൊന്‍തൂവലും.
പിന്നീടൊരിക്കല്‍ ഒരാളുടെ വാച്ച് കാണാതായി. കക്ഷി നേരെ തന്‍റെ അടുത്തുവന്നു സങ്കടമുണര്‍ത്തിച്ചു. രാവിലെ മുതല്‍ ചെയ്ത എല്ലാ കാര്യങ്ങളും അയാളില്‍നിന്നു ചോദിച്ചറിഞ്ഞപ്പോള്‍ തനിക്ക് സംശയമായി, പള്ളിയില്‍ അംഗശുദ്ധിക്കായി അഴിച്ചുവച്ചപ്പോള്‍ മറന്നുപോയതാവാമെന്നു. പള്ളിയില്‍നിന്ന് വാച്ച് ലഭിക്കുകയും തന്‍റെ ആറാമിന്ദ്രിയം കണ്ടു അയാള്‍ അത്ഭുദപ്പെടുകയും ചെയ്തു. തന്‍റെ ബുദ്ധിയെക്കുറിച്ച് തനിക്കഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു ഇവയെല്ലാം. ഇങ്ങനെ എത്രയോ സന്ദര്‍ഭങ്ങള്‍!
ജനങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊക്കെ പ്രതിച്ച്ചായയുള്ള താന്‍ തോല്‍ക്കുകയും പോലീസ് ജയിക്കുകയും ചെയ്താല്‍ നാണക്കേട് തന്നെ. ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. വലിയ ഒരു ഊരാക്കുടുക്കിലാണ് താന്‍ പെട്ടിരിക്കുന്നതെന്നും എന്നാല്‍ പോലീസിലിലറിയിക്കാതെ വേറൊരു വഴിയുമില്ലെന്നും മോല്ലാക്കാക്ക് തോന്നി. അപ്പോഴും എരുമ ഉച്ചത്തില്‍ അമറുന്നുണ്ടായിരുന്നു. ബീവാത്തു വീട്ടിനുള്ളില്‍ പരക്കം പായുന്നുണ്ടായിരുന്നു. മോഷണം പോയ ആഭരണം വേഗം തിരിച്ചുകിട്ടാന്‍ അവര്‍ ആര്‍ക്കൊക്കെയോ എന്തൊക്കെയോ നേര്‍ച്ചകള്‍ നേര്‍ന്നു.
ഏറെ വൈകാതെ പോലീസ് ജീപ്പ് മോല്ലാക്കാന്റെ വീട്ടുമുറ്റത്ത് എത്തി. അതില്‍നിന്ന് ഏറെ ബദ്ധപ്പെട്ടു എസ് ഐ ഏമാന്‍ പുറത്തിറങ്ങി. പേര് ഈനാശു. ഈയിടെയായി വയര്‍ അല്പം കൂടിയിട്ടുണ്ട്. പോലീസ് നായയെ കൊണ്ടുവരാത്തത് കാരണമാവാം, എനാശുസാര്‍തന്നെ ചുറ്റുപാടും മണം പിടിക്കുന്നതായി മോല്ലാക്കക്ക് തോന്നി. പോലീസിന്‍റെ ഭാവങ്ങള്‍ കണ്ടപ്പോള്‍ മോല്ലാക്കാന്‍റെ മുട്ടുവിറക്കാനും വിയര്‍ക്കാനും തുടങ്ങി.
"എവിടെയായിരുന്നു സാധനം വച്ചിരുന്നത്?"
"പത്തായത്തിലായിരുന്നു സാറേ"
" എന്താണ് പേര്?"
"നരസിംഹം"
" നിങ്ങടെ ജാതിക്കാര്‍ക്ക് ഇപ്പം ഇത്തരം പേരുകളും ഇടാറുണ്ടോ?" എസ് ഐ പുരികം വളച്ചു ശബ്ദമുയര്‍ത്തി.
" ന്‍റെ പേര് കുഞ്ഞലവിന്നാ. ആ ആഭരണത്തിന്റെ പേരാ നരസിംഹം. പുത്യ മോടലാന്നാ നബീസു പറഞ്ഞത്" മൊല്ലാക്ക കൂടുതല്‍ വിയര്‍ത്തു. തന്‍റെ വടികൊണ്ട് ഈനാശു സ്വയം കൈവെള്ളയില്‍ അടിച്ചുകൊണ്ടിരുന്നു. തന്നെ അടിച്ചു നിരപ്പാക്കുമെന്നതിനുള്ള അടയാളമാണോന്നു സംശയിച്ചു മൊല്ലാക്ക അന്ധാളിച്ചു. ജയിലറകളില്‍ നിന്നും തടവുപുള്ളികള്‍ പുറത്തേക്കു നോക്കുമ്പോലെ അയല്‍വാസികള്‍ ജനാലവഴി അവരവരുടെ വീടുകളില്‍നിന്നും എത്തിനോക്കുന്നത് അദ്ദേഹം കണ്ടു. പുറത്തേക്കുവരാന്‍ ധൈര്യമില്ല. മോല്ലാക്കാന്റെ വീട്ടില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ ഊഹിച്ചു.
"വരൂ പത്തായമെവിടെ?"
വിറയലോടെ മൊല്ലാക്ക മുന്നില്‍ നടന്നു. പത്തായം കാണിച്ചുകൊടുത്തു. മുറിയിലെ നേര്‍ത്ത വെട്ടത്തില്‍ ഈനാശു പത്തായത്തിന്റെ അടപ്പുതുറന്നു അകത്തേക്ക് തലയിട്ടു. ഉള്ളില്‍ കുറച്ചു പാത്രങ്ങള്‍, ഗ്ലാസ്സുകള്‍, രണ്ടു അച്ചാര്‍കുപ്പികള്‍, കടലാസുകവറില്‍ തുറന്നുവച്ച കടലപ്പിണ്ണാക്ക്, ഒരു പാക്കറ്റ് സോപ്പുപൊടി, പിന്നെ അസംഖ്യം കൂറകളും.. കൂറകളുടെ ഗന്ധം സഹിക്കവയ്യാതെ ഈനാശു ത്ധടുതിയില്‍ തല പിന്‍ വലിച്ചപ്പോള്‍ പത്തായത്തിന്റെ ഭിത്തിയില്‍തട്ടി തലവേദനിക്കുകയും തൊപ്പി ഊരിതാഴെ വീഴുകയും ചെയ്തു. തോപ്പിയില്‍നിന്നു പുറത്തുവന്ന വിയര്‍പ്പിന്റെയും പത്തായത്തിലെ കൂറയുടെയും സമ്മിശ്ര രൂക്ഷഗന്ധം മുറിയില്‍ വ്യാപിച്ചു. നാറ്റം സഹിക്കവയ്യാതെ , മൂക്കുപൊടി വലിച്ചവന്‍ തുമ്മാന്‍ഭാവിക്കുംപോലെ മോല്ലാക്കാന്റെ മുഖം സങ്കോചിച്ചു. ഈനാശു മുറികളും വീടിന്റെ പരിസരവും നടന്നു നിരീക്ഷിക്കുകയും എന്തോ കണ്ടുപിടിചെന്നവണ്ണം ചുണ്ടുകോട്ടുകയും തല മുന്നോട്ടും പിന്നോട്ടും ആട്ടുകയും ചെയ്തു.
"കള്ളനെ ആരെങ്കിലും കണ്ടോ?"
" ഇല്ല ഏമാനേ, രാവിലെ ഏഴുമണിക്ക് നബീസുവിനു തിരിച്ചുകൊടുക്കാന്‍ ബീവാത്തു പത്തായത്തില്‍ നോക്കിയപ്പം സാധനം കണ്ടില്ല." വിനയാധിക്യത്താല്‍ മോല്ലാക്കാന്റെ ശരീരം അല്പം മുന്നോട്ടു വളഞ്ഞു.
"ഉം" ഈനാശു അമര്‍ത്തി മൂളി. " പ്രബലരായ ഒരു കവര്‍ച്ചാസംഘമാണ് ഇതിനു പിന്നിലുള്ളത് എന്നുറപ്പാണ്. ഏതായാലും മിനക്കെടുള്ള പണിയാണ്. നിങ്ങളും കൂടി ഒന്ന് സഹകരിച്ചാല്‍ നമുക്കു വേഗം ആഭരണം കണ്ടെടുക്കാം".
ഈനാശു പറഞ്ഞതിന്റെ സാരമറിയാതെ മൊല്ലാക്ക പതറി. ഗൌരവം വിടാതെ , മുഖം മോല്ലാക്കന്റെ ചെവിയോടല്പം അടുപ്പിച്ചു ഈനാശു സ്വരം താഴ്ത്തി പറഞ്ഞു.
" ഒരു അയ്യായിരം രൂപ ചെലവാക്കാന്‍ തയ്യാറാണെങ്കില്‍ നമുക്ക് എത്രയും പെട്ടെന്ന് വഴിയുണ്ടാക്കാം. അല്ലേല്‍, കേസും കോടതിയുമായി സമയമങ്ങ് പോകും. സര്‍ക്കാര്‍ കാര്യം മുറ പോലെയെന്നു കേട്ടിട്ടില്ലേ?".
മൊല്ലാക്ക നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. ഇടിവെട്ട്ഏറ്റവനെ പാമ്പ് കടിച്ചെന്നും കഷ്ടകാലം വരുമ്പം കൂട്ടത്തോടെ എന്നുമൊക്കെ കേട്ടിട്ടുണ്ടെന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഭയം കാരണം മിണ്ടാതെ നിന്നതെയുള്ളൂ. ഈനാശു തന്‍റെ വാച്ചിലേക്ക് ദൃഷ്ടി പായിക്കുകയും അക്ഷമയോടെ തന്‍റെ വടി പൂര്‍വാധികം ശക്തിയോടെ കൈവെള്ളയില്‍ അടിക്കുകയും ചെയ്തു.
വെളുക്കാന്‍ തേച്ചതു പാണ്ടാകുമോ പടച്ചോനെ...തന്‍റെ അടുത്ത് ഏറിയാല്‍ രണ്ടായിരത്തഞ്ഞൂരു രൂപ കാണും. അതും ഒരു എരുമയെക്കൂടി വാങ്ങാനുദ്ദേശിച്ചു കഷ്ടപ്പെട്ട് സ്വരൂപിച്ചത്. ഈ പോലീസുകാരനെ വെറുപ്പിച്ചാല്‍ പുലിവാലാകും. ഉള്ളതു കൊടുക്കുകതന്നെ. സ്വര്‍ണ്ണം വേഗം തിരിച്ചുകിട്ടിയില്ലെന്കില്‍ പ്രശ്നമാകും. നബീസുവിന്റെ കെട്ട്യോന്‍ സുലൈമാന്റെ മുഖം ഓര്‍ത്തപ്പോള്‍ തന്നെ മോല്ലാക്കാന്റെ മനസ്സില്‍ അഗ്നിപര്‍വതം പൊട്ടി. തന്‍റെ അരപ്പട്ടയുടെ മൂലയില്‍ ഒതുക്കിവച്ച അഞ്ഞൂറിന്റെ അഞ്ചുനോട്ടുകള്‍ വളരെ പണിപ്പെട്ടു മൊല്ലാക്ക വലിച്ചൂരി. അതു കണ്ടപ്പോള്‍, കഞ്ഞിവെള്ളം കാണുമ്പോള്‍ തന്‍റെ എരുമ കാണിക്കുംപോലെ ഈനാശുവിന്റെ മുഖഭാവം മാറുന്നത് മൊല്ലാക്ക ശ്രദ്ധിച്ചു.
" ന്‍റെടുത്ത് ഇത്രേ ഉള്ളൂ സാറേ.. എങ്ങനെയെങ്കിലും വേഗം പ്രശ്നമൊന്നു തീര്‍ത്തുതരണം" മൊല്ലാക്ക കാലു പിടിചില്ലേന്നെ ഉള്ളൂ. ടേബിള്‍ഫാന്‍ വര്‍ക്കു ചെയ്താലെന്നപോലെ, അങ്ങോട്ടുമിങ്ങോട്ടും തലവെട്ടിച്ച് , ആരെങ്കിലും ശ്രധിക്കുന്നുട്ണോയെന്നു നോക്കി ഈനാശു മോല്ലാക്കാന്റെ കയ്യില്‍നിന്നു പൈസ തട്ടിപ്പറിച്ചു. മഹാത്മാഗാന്ധിയുടെ ചിരിക്കുന്ന മുഖം ഈനാശുവിന്റെ കയ്യില്‍ ഞെരിഞ്ഞമരുന്നത് വ്യക്തമായി മൊല്ലാക്ക കണ്ടു.
" വിഷമിക്കണ്ട, ആഭരണം നമുക്കു വേഗം കണ്ടെടുക്കാം" ഈനാശു മോല്ലാക്കാന്‍റെ പുറത്തു തട്ടി സമാധാനിപ്പിച്ചു.
പോലീസ് ജീപ്പ് തിരിച്ചുപോയപ്പോള്‍ അയല്‍വാസികള്‍ ഓരോരുത്തരായി അടുത്തുകൂടി. അവരുടെ ചോദ്യശരങ്ങള്‍ ഏറ്റു മൊല്ലാക്ക പുളഞ്ഞു. അടുപ്പിലെ തീയും പോയി, വായിലെ തവിടും പോയി എന്നതുപോലെ ആകുമോയെന്നോര്‍ത്തു താടിക്ക് കയ്യും കൊടുത്തു വരാന്തയിലിരുന്നപ്പോള്‍ എരുമ വീണ്ടും ഉച്ചത്തില്‍ അമറിക്കൊണ്ടിരുന്നു. ഉച്ചയായിട്ടും തൊഴുത്തില്‍നിന്നിറക്കാത്തത്തിന്റെ പ്രതിഷേധമാണ്. തൊഴുത്തിലെത്തി അതിന്‍റെ കെട്ടഴിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു നിമിഷം....മോല്ലാക്കാന്റെ കണ്ണുകള്‍ എരുമയുടെ കണ്ണുകളെക്കാള്‍ വലുതായി. ശ്വാസം നിലച്ചു. ആഭരണങ്ങള്‍ അതാ എരുമക്ക് വെള്ളം നല്‍കുന്ന വലിയപാത്രത്തില്‍! പന്തം കണ്ട പെരുച്ചാഴിയെപ്പോലെ, ഒരുനിമിഷത്തെ സ്തംഭനാവസ്ഥക്ക് ശേഷം, എന്താണ് സംഭവിച്ചതെന്ന് മോല്ലാക്കക്ക് പിടികിട്ടി. വൈകിട്ടു ബീവാത്തു ആഭരണങ്ങള്‍ അഴിച്ചുവച്ചത് പത്തായത്തിലെ തുറന്നുവച്ച കടലപ്പിണ്ണാക്കിന്റെ കവറിലാവാം. അതിരാവിലെ അല്പം പിണ്ണാക്ക് എടുത്തു കുതിരാന്‍വേണ്ടി വെള്ളത്തിലിടല്‍ മോല്ലാക്കാന്റെ പതിവാണ്. നേരിയ വെട്ടത്തില്‍ പിണ്ണാക്കിന്റെ കവര്‍എടുത്തു പാത്രത്തിലെ വെള്ളത്തിലെക്കല്പം ചൊരിഞ്ഞപ്പോള്‍ പിണ്ണാക്കിനോടൊപ്പം ആഭരണങ്ങളും വീണുപോയതാവാം. മനുഷ്യരെപ്പോലെ, സ്വര്‍ണത്തിനോട് ആര്‍ത്തി എരുമക്കില്ലാത്തതിനാല്‍ അതവിടെ ബാക്കിവച്ചു. ആ പാവം ഇതുവരെ അമറുകയായിരുന്നില്ലെന്നും 'മോല്ലാക്കാ..നിങ്ങളുടെ ആഭരണം ഇതാ കിടക്കുന്നു'എന്ന് വിളിച്ചുകൂവുകയായിരുന്നെന്നും അദ്ധേഹത്തിനു തോന്നി. ' പോകേണ്ടത് പോയാല്‍ ബുദ്ധിവെക്കും, വേകേണ്ടത് വെന്താല്‍ തീയും കത്തും' എന്നൊരു പഴഞ്ചൊല്ലുള്ള കാര്യം അപ്പഴാണ് മോല്ലാക്കാക്ക് ഓര്‍മ്മ വന്നത്. ലോകത്തേറ്റവും അവികസിതമായ സ്ഥലം തന്‍റെ തൊപ്പിക്കു താഴെയാണെന്ന് അദ്ധേഹത്തിനു തോന്നി.
(8-11-2001 ന് ഗള്‍ഫ് മനോരമയില്‍ പ്രസിദ്ധീകരിച്ചത്)