( 21-6-2001- നു ഗള്‍ഫ് മനോരമയില്‍ പ്രസിദ്ധീകരിച്ചത്)
തീര്‍ത്തും വിരസമായാണ് ആകാശയാത്ര എനിക്കനുഭവപ്പെടുന്നത് . കൊട്ടിയടച്ച ഇരുമ്പുപെട്ടിക്കുള്ളിലെന്നപോലെ ബന്ധനസ്ഥനാക്കപ്പെട്ട്, കര്‍ണ്ണപുടങ്ങളെ തെല്ല് അലോസരപ്പെടുത്തി അനേകം മണിക്കൂറുകള്‍. സത്യത്തില്‍ എനിക്കിഷ്ടം കരയിലൂടെ യാത്ര ചെയ്യുന്നതാണ്. സൈക്കിള്‍ മുതല്‍ തീവണ്ടി വരെ ഏതില്‍ യാത്ര ചെയ്യുമ്പോഴും അശേഷം മടുപ്പുണ്ടാവാത്ത വിധം ദൈവം കനിഞ്ഞരുളിയ പ്രകൃതിദൃശ്യങ്ങള്‍ കണ്ടാസ്വദിക്കാന്‍ അവസരം ലഭിക്കുന്നു. ദൈവം സര്‍വ്വശകതനാനെന്നും മനുഷ്യന്‍ വെറും കീടമാണെന്നും ഒപ്പം, മനുഷ്യകരങ്ങള്‍ ഏതെല്ലാം തരത്തില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നുവെന്നറിയാനും കരയാത്ര ഗുണകരമാണ്. വ്യത്യസ്തമനുഷ്യര്‍ , ഭൂവിഭാഗങ്ങള്‍, ഭാഷ-വേഷ-സംസ്കാരാദികള്‍. അറിവിന്റെ ഭണ്ഡാരങ്ങള്‍ ...! എന്നാല്‍, ഈ യാത്രയിലാകട്ടെ ദ്രുതവാട്ടം സംഭവിച്ച അനേകം കണ്ണുകള്‍ മാത്രം. പുറത്തേക്കു ദൃഷ്ടി പായിക്കുമ്പോള്‍ അനന്തമായ ആകാശം. ഇടയ്ക്കിടെ കനത്ത പഞ്ഞിക്കെട്ടുകള്‍ ഒഴുകി നടക്കുന്നു. ഭാഗ്യശാലികള്‍. സഞ്ചരിക്കാന്‍ നിയന്ത്രണങ്ങള്‍ ഇല്ല, അതിര്‍വരമ്പുകള്‍ ഇല്ല, പരിശോധനകളുമില്ല. സ്വസ്ഥം. അവ, കരയുന്ന വേഴാമ്പലുകളെത്തേടിയുള്ള യാത്രയിലായിരിക്കും, കുളിര്‍മഴ പെയ്യിച്ചു കടമ നിറവേറ്റുവാന്‍.
എന്റെ ചിന്തകള്‍ കാടുകയറുന്നുവോ? സത്യത്തില്‍, സ്വതന്ത്രമായി ചിന്തിക്കാനോ സംസാരിക്കാനോ കഴിയാത്തവിധം തിരക്കുപിടിച്ച പ്രവാസജീവിതത്തില്‍ ഈ വിമാനയാത്രക്കിടയില്‍ വീണു കിട്ടുന്ന മൂന്നാല് മണിക്കൂറുകള്‍ വിലപ്പെട്ടത് തന്നെ. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പരക്കം പാച്ചിലുകള്‍ , വിശ്രമമില്ലാത്ത ജോലി , മാനസിക സംഘര്‍ഷം, അതിലുപരി സദാ പിന്തുടരുന്ന ഗൃഹാതുരത്വം. ഇതാ നീണ്ട മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പരോള്‍. അതും കര്‍ശന ഉപാധികളോടെ. കടമകളുടെ ഭാണ്ഡവും തന്റെ തുച്ഛവരുമാനവും തമ്മില്‍ തീരെ സമരസപ്പെടുന്നില്ല. ജനിച്ചു രണ്ടര വര്‍ഷം കഴിഞ്ഞിട്ടും തന്റെ കുഞ്ഞിനെ നേരില്‍ കാണാനാവാത്ത പിതാവിന്റെ നൊമ്പരം. ഒരു വ്യാഴവട്ടത്തെ പ്രവാസജീവിതത്തിനിടയില്‍ സ്വന്തമെന്നു പറയാന്‍ ബാക്കിയുള്ള സമ്പാദ്യം ആ കുഞ്ഞുമാത്രം. അവളുടെ കിളിക്കൊഞ്ചലുകള്‍, കൊച്ചു കൊച്ചു പരിഭവങ്ങള്‍, സംശയങ്ങള്‍, പരാതികള്‍, മനസ്സിന്റെ നീറ്റലുകളെ ശമിപ്പിക്കാന്‍ ദൈവദത്തമായ പരിഹാരമാര്‍ഗങ്ങള്‍ . കണ്ണുകളില്‍ പൊടുന്നനെ അശ്രു ഉറവപൊട്ടി താഴെവീണു ചിതറി. ആരെങ്കിലും ശ്രദ്ധിക്കുന്നതിനു മുന്‍പായി കണ്ണുകള്‍ തുടച്ചു നിവര്‍ന്നിരുന്നു.
വീടണയാന്‍ മണിക്കൂറുകള്‍ മാത്രം. വാച്ചിലെ സൂചികള്‍ക്ക് ഇപ്പോള്‍ ആലസ്യം ബാധിച്ചതായി തോന്നുന്നു. എന്നാല്‍ ചിലപ്പോള്‍ അവ ആരോടോ ദേഷ്യം തീര്‍ക്കാനെന്നവണ്ണം ഉന്മാദത്തോടെ പായുന്നു. തോല്‍വി മനുഷ്യനുതന്നെ. സമയം എപ്പോഴും ജയിക്കുന്നു.
വിമാനം ലാന്‍ഡിംഗിനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു. എയര്‍ഹോസ്റ്റസ് വന്നു ബെല്‍റ്റ് കെട്ടാന്‍ നിര്‍ദേശിക്കുന്നു. നാടോടിയുടെ കുരങ്ങനെ ഓര്‍മിപ്പിക്കുമാറ് അരയില്‍ അമര്‍ത്തിക്കെട്ടിയ ബെല്‍റ്റുമായി നിരന്നിരിക്കുന്ന ഞാനടക്കമുള്ള യാത്രക്കാര്‍. യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ നാമെപ്പോഴും പലരാല്‍ നിയന്ത്രിക്കപ്പെടുന്ന കുരങ്ങന്മാരല്ലേ? താല്പര്യമില്ലെന്കില്‍ പോലും വിവിധ ഗോഷ്ടികള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവര്‍.
കസ്റ്റംസ്കാരുടെ പതിവ് ചോദ്യം ചെയ്യലിനുശേഷം പുറത്തുകടന്നപ്പോള്‍ ഒരു പുതിയ ലോകത്തെത്തിയ പ്രതീതി. മൂന്നുവര്‍ഷത്തിലധികമായി ഫോറിന്‍വാഹനങ്ങള്‍ കണ്ടുശീലിച്ചതിനാലാവാം നാട്ടിലെ വണ്ടികള്‍ ചീഞ്ഞ മല്‍സ്യംപോലെ തോന്നിച്ചു. ഗള്‍ഫിലെ കൊണ്ക്രീറ്റ്‌കാടുകള്‍ക്ക് പകരം ഇടതൂര്‍ന്ന കണ്‍കുളിര്‍പ്പിക്കുന്ന പച്ചപ്പുകള്‍. പ്രിയപ്പെട്ടവരെ കാണാന്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ബന്ധുക്കള്‍..
ടാക്സിക്കാരുടെ പിടിവലികള്‍ക്ക് ശേഷം കൂലിയുറപ്പിച്ച് യാത്രയാകുമ്പോള്‍ മനസ്സില്‍ കുളിര്. മൂന്നു പ്രാവശ്യത്തെ വരവും മുന്‍കൂട്ടിഅറിയിക്കാതെയായിരുന്നു. അപ്രതീക്ഷിതമായ സമാഗമത്തിന്റെ അമ്പരപ്പുകലര്‍ന്ന സന്തോഷം കാണുമ്പോഴുള്ള ത്രില്‍. അതൊന്നു വേറെത്തന്നെ. മുന്‍കൂട്ടി അറിയിച്ചാല്‍ ഭാനുമതിയുടെ ഓരോ മണിക്കൂറും ഓരോ ദിവസമായി രൂപപ്പെടുമെന്നു തനിക്കറിയാം. ഇന്ന് മുഴുവന്‍ അവള്‍ പരിഭവങ്ങളുടെ ഭാന്ധം കെട്ടഴിച്ചുകൊണ്ടിരിക്കും. ദൈവം സമൃദ്ധിയായി നല്‍കിയ കണ്ണീരിന്‍റെ സംഭരണി തന്‍റെ മുന്നില്‍ ഒഴുക്കിവിടും.
ഇരുവശവും മുള്ളുവേലി നാട്ടിയ, ഇടുങ്ങിയ ചെമ്മണ്‍പാതക്കരികെ ടാക്സി നിര്‍ത്തി സ്യൂട്കേസും കാര്‍ട്ടനും പുറത്തെടുത്തു. താന്‍ ഓടിച്ചാടി നടന്ന വഴി. കൂരിരുട്ടിലും ദിശതെറ്റാതെ നയിച്ചിരുന്ന പാത. കണ്ടുമറന്ന ചരല്‍ക്കല്ലുകളില്‍ നിന്നും ഒന്നെടുത്തു ഉള്ളംകയ്യില്‍ വച്ചു സൂക്ഷിച്ചുനോക്കി, ഒരപൂര്‍വ്വ വസ്തുവിനെപ്പോലെ. പിറകില്‍നിന്ന് ചുമയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി- വേലായുധന്‍. കിട്ടുന്ന കാശിനു മുഴുവന്‍ മദ്യപിച്ചു ഭാര്യയുടെയും മക്കളുടെയും മേല്‍ ദന്ധനമഴിച്ചുവിടുന്നവന്‍. ഇപ്പോള്‍ വിധേയത്വത്തിന്റെ മുഖവുമായി വിനയത്തിന്റെ ഭാരത്താല്‍ ശരീരം വില്ലുപോലെ മുന്നോട്ടുവളച്ചുകൊണ്ട് നില്‍ക്കുന്നു. എന്‍റെ സമ്മതത്തിനു കാത്തുനില്‍ക്കാതെ കാര്‍ട്ടണെടുത്തു ചുമലിലൊതുക്കി സ്യൂട്കെയിസും കയ്യിലെടുത്ത് വേലായുധന്‍ മുന്നില്‍ നടന്നു.
കാറ്റിനു കള്ളിന്റെ മണം. സ്വന്തത്തെ സ്വയം കത്തിച്ചുതീര്‍ക്കുന്ന വേലായുധന്‍. സ്വയം കത്തിയമര്‍ന്നു കൊണ്ടിരിക്കുന്നത് വേപഥുവോടെ നോക്കിനില്‍ക്കുന്ന താന്‍. ഈ ഇടുങ്ങിയ വഴിയില്‍ ഞങ്ങള്‍ രണ്ടാളും തുല്യര്‍. ചരല്‍ക്കല്ലുകളെ ചവിട്ടിമെതിച്ച് നടക്കവേ ചുറ്റുപാടും ഞാന്‍ കണ്ണോടിച്ചു. അങ്ങിങ്ങായി പുതിയ കൊണ്ക്രീറ്റ് വീടുകള്‍ ഉയര്‍ന്നതും , അഭിമാനത്തോടെ തലയുയര്‍ത്തി നിന്നിരുന്ന തെങ്ങുകള്‍ മന്ധരി ബാധിച്ച് അവശരായതുമല്ലാതെ എന്റെ ഗ്രാമത്തിനു കാര്യമായ മാറ്റമൊന്നും ഞാന്‍ കണ്ടില്ല. മാറ്റം തനിക്കുമാത്രം. കാലം എത്ര പെട്ടെന്നാണ് ശരീരത്തില്‍ ചുളിവുകള്‍ വീഴ്ത്തിയത്! മുഖത്ത് രേഖാചിത്രം വരച്ചത് ! കണ്ണുകളുടെ തിളക്കം കുറച്ചത്!
ഓരോന്നോര്‍ത്തു വീടണഞ്ഞതറിഞ്ഞില്ല. ഞാനൊരു വിരുന്നുകാരനാണെന്ന് തിരിച്ചറിഞ്ഞതിനാലാവാം മുറ്റത്തെ മൂവാണ്ടന്‍ മാവിലിരുന്നു കാക്ക കരഞ്ഞു. ഞാന്‍ മേലേക്കുനോക്കി. മാവില്‍ നിറയെ പഴുത്ത മാങ്ങകള്‍ മധുരം നിറച്ചുനില്‍ക്കുന്നു. മധുവും ഉള്ളിലൊതുക്കി പ്ലാവിലെ വരിക്കചച്ചക്കകള്‍ മുഴുത്തുനില്‍ക്കുന്നു. വവ്വാലുകളെപോലെ കശുമാങ്ങകള്‍ തൂങ്ങിക്കിടക്കുന്നു. ഗൃഹാന്തരീക്ഷത്തിന്‍റെ ശീതളിമയില്‍ ഒരു നിമിഷം ഞാന്‍ ലയിച്ചുനിന്നു.
ഭവ്യതയോടെ തലചൊറിഞ്ഞ്നില്‍ക്കുന്ന വേലായുധനു പേഴ്സ് തുറന്നു നാലഞ്ചു പുത്തന്‍ നോട്ടുകള്‍ നല്‍കി. ആര്‍ത്തിയോടെ അയാളത് വാങ്ങുമ്പോള്‍ ഒരുപദേശവും കൂടി നല്‍കണമെന്നുണ്ടായിരുന്നു. എന്നാല്‍, സദാ സര്‍വ്വഥാ സുലഭമായ സൌജന്യമാണ് ഉപദേശം എന്നതിനാല്‍ വേണ്ടെന്നുവച്ചു.
ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. അതാ രണ്ടു കൊച്ചുകണ്ണുകള്‍ തന്നെ ശ്രദ്ധിക്കുന്നു. തന്റെ കുഞ്ഞ്! പൊന്നോമന! ഫോട്ടോകളില്‍ കണ്ടതിനേക്കാള്‍ മൊഞ്ച് ഉണ്ട്. അവളുടെ അമ്മയുടെ അതെ പകര്‍പ്പ്. എന്റെയുള്ളില്‍ സന്തോഷത്തിന്റെ പെരുമ്പറ മുഴങ്ങി. ഓടിച്ചെന്ന് വാരിപ്പുണര്‍ന്ന് ഉമ്മവക്കാന്‍ ശ്രമിച്ചപ്പോള്‍, ഏതോ അന്യഗൃഹത്തില്‍ നിന്നെത്തിയ ജീവിയെ കണ്ടപോലെ അവള്‍ ഭയന്ന് പിന്‍മാറുകയും ശത്രുവില്‍നിന്ന് രക്ഷപ്പെടാനെന്നവണ്ണം അകത്തേക്കോടുകയും ചെയ്തു. അപരിചിതത്വത്തിന്റെ ഏതോ കയത്തില്‍നിന്നെത്തിപ്പെട്ട ഒരുവനായി ഞാന്‍. എനിക്കും എന്റെ കുഞ്ഞിനുമിടയില്‍ തകര്‍ക്കാന്‍ കഴിയാത്ത ഒരു മതില്‍ പൊടുന്നനെ രൂപപ്പെട്ടതായി എനിക്ക് തോന്നി.
"അമ്മേ... മാക്സിക്കാരന്‍ വന്നിരിക്കുന്നു, പോയി നോക്ക്" അകത്തുനിന്ന് മകളുടെ വാക്കുകള്‍ കൊടുങ്കാറ്റായി വന്നു എന്നെ വട്ടമിടുന്നതായി തോന്നി. താനാദ്യം കേള്‍ക്കുന്ന അവളുടെ വാക്കുകള്‍, ആദ്യ ശബ്ദം... ദൈവമേ.. അവള്‍ക്കു ഞാനാര്? വീടുവീടാന്തരം കയറിയിറങ്ങി മാക്സികള്‍ വില്‍ക്കുന്നയാളുടെ രൂപസാദൃശ്യമോ? തന്‍റെ പക്കലുള്ള കാര്‍ട്ടന്‍ കണ്ടിട്ട് ഏതോ മാക്സിക്കാരനാണെന്നു കരുതിയതോ ആവാം. അച്ഛനെന്നാല്‍ എന്താണെന്നോ തന്‍റെ ജീവിതത്തില്‍ അച്ഛനുള്ള സ്ഥാനമെന്താണെന്നോ അറിയാത്ത കുരുന്ന്. എന്റെ ഉള്ളിലെവിടെയോ ഒരു തേങ്ങല്‍ രൂപപ്പെട്ടു. വായില്‍ ഉപ്പുരസമനുഭവപ്പെട്ടപ്പോഴാണ് കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതായി ഞാനറിഞ്ഞത്.
അകത്തുനിന്ന് മാക്സിക്കാരനെ കാണാന്‍ അവള്‍.. ഭാനുമതി. കണ്ണുകള്‍ തമ്മിലുടക്കിയ നിമിഷം, അവളുടെ മുഖത്ത് ആദ്യം അമ്പരപ്പ്. പിന്നെ, നാണത്തിന്റെ നിഴലിപ്പ്. ഒടുവില്‍ പരിഭവത്തിന്റെ തെളിയാത്ത മുഖം. പ്രിയേ , ക്ഷമിക്കുക. ചൈതന്യം ചോര്‍ന്നു പോകുന്ന യവ്വനമേ മാപ്പ്. നീന്‍റെ മോഹങ്ങളെയും വികാരങ്ങളെയും മുരടിപ്പിക്കുന്നതിനു. നിന്‍റെ തലയണമന്ത്രങ്ങള്‍ക്കും കിന്നാരങ്ങള്‍ക്കും അവധി വയ്ക്കുന്നതിനു. വര്‍ഷങ്ങളോളം വൈധവ്യം വിധിക്കുന്നതിനു....
സ്വപ്നങ്ങളും ചുടുനിശ്വാസങ്ങളും വിയര്‍പ്പും ശരീരങ്ങളും ഒരിടവേളക്കുശേഷം വീണ്ടും ഒന്നിച്ചുചേര്‍ന്ന നിമിഷങ്ങള്‍. അപ്പോഴും എന്റെ കുഞ്ഞിന്‍റെ മുഖവും അവളുടെ പൊട്ടിച്ചിരികളും കുസൃതികളും മനസ്സിലേക്ക് ആവാഹിക്കാന്‍ ശ്രമിക്കുകയായിരുന്നു. എവിടെയോ അക്ഷരതെറ്റുകള്‍.. സാമ്പത്തികാഭിവൃധിക്കുവേണ്ടി നമുക്ക് സ്വന്തമായവയെ അന്യമാക്കുന്നു. വിരുന്നു വന്നവനായി ഭാര്യ ഭാവിക്കുമ്പോള്‍ പരോളില്‍ വന്നവനെപോലെ നാട്ടുകാര്‍. പരോള്‍ എത്ര ദിവസമുണ്ടെന്നു തുടരെതുടരെയുള്ള അന്വേഷണങ്ങള്‍. ജീവിതത്തിന്റെ വസന്തകാലം ഹോമാഗ്നിയിലിട്ടു കരിച്ച ശേഷം വാര്‍ദ്ധക്യത്തോടെ പുറത്തെടുക്കുന്നു. ചുറ്റുപാടും വെളിച്ചം വിതറി സ്വയം എരിഞ്ഞുതീരുന്ന മെഴുകുതിരിയായോ, കറിക്കു സ്വാദേകുകയും അവസാനം നിര്‍ദയം വലിച്ചെറിയപ്പെടുകയും ചെയ്യുന്ന കറിവേപ്പിലയായോ പ്രവാസിയെ നാം വര്‍ണ്ണിക്കുന്നു. എന്നാല്‍ വൈധവ്യം പേറുന്ന ഭാര്യയെയോ അനാഥരെപ്പോലെആകുന്ന മക്കളെയോ നാം എന്തിനോടുപമിക്കും? അവരുടെ വ്യഥകളും മാനസികസംഘര്‍ഷങ്ങളും ഏതു പാത്രത്തില്‍ അളക്കും? പണസമ്പാദനം ലക്‌ഷ്യം. അതിനുവേണ്ടി ആര്‍ക്കെല്ലാം എന്തെല്ലാം നഷ്ടപ്പെടുന്നു. എന്നിട്ടും അഭിവൃദ്ധി നേടുന്നവര്‍ എത്ര?
എന്‍റെ ചിന്ത വീണ്ടും കാട് കയറുന്നുവോ? സമയത്തിന്റെ പക്ഷപാതപെരുമാറ്റം ഇപ്പോള്‍ ശരിക്കുമറിയുന്നു. ഇപ്പോള്‍ ദിവസങ്ങള്‍ മണിക്കൂറുകള്‍ പോലെ ഓടിമറയുന്നു. ചുമരില്‍ തൂക്കിയ കലണ്ടറിലെ അക്കങ്ങള്‍ എന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നു. ഭാര്യയുടെ മുഖത്തെ മന്ദസ്മിതം കുറഞ്ഞു കുറഞ്ഞു വരികയും പരിഭവം കൂടിവരികയും ചെയ്യുന്നു. ഇന്നലെ അവളുടെ മനസ്സിലെ വിഷമം പ്രകടിപ്പിച്ചത് ശരിക്കും എന്‍റെ ഉള്ളുവിറപ്പിച്ചു കളഞ്ഞു. കുഞ്ഞിനെ താരാട്ടുപാടി ഉറക്കുമ്പോള്‍ കൈതപ്രത്തിന്റെ വരികള്‍ ആയുധമാക്കിയത് എത്ര സമര്‍ഥമായാണ്.
"സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുന്ന അച്ഛനിതാ എന്‍റെ മോളേ....
നീയൊന്നു കരയുമ്പോള്‍ അറിയാതെയുരുകുമീ നിന്‍റച്ചനിതാ എന്‍റെ മോളേ.."
അവളുടെ വാക്കുകള്‍ ഒരു ചൂണ്ടയായി എന്നെ കൊത്തിവലിച്ചു. ചൂണ്ടയില്‍ കുരുങ്ങിയ മത്സ്യത്തെപ്പോലെ ഒന്നു പിടയാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു. പരിഹാസം ദ്യോദിപ്പിക്കുന്നുവെങ്കിലും അവളുടെ മനോവിഷമമാണ് പുറത്തുവന്നതെന്നു തനിക്കറിയാം.
രാവും പകലും പരസ്പരം മത്സരിച്ചു മുന്നെറിക്കൊണ്ടിരുന്നു. അടുക്കുന്നതിനു പകരം എന്നില്‍നിന്നകന്നുപോകുന്ന എന്‍റെ കുഞ്ഞ്. എന്നെ കാണുമ്പോള്‍ ഓടിമറയുകയോ അമ്മയുടെ പിറകിലൊളിക്കുകയോ ചെയ്യുന്നു. അപരിചിതത്വത്തിന്‍റെ മൂടുപടം ക്രമേണ ഇല്ലാതാകുന്നതും അവളെ മടിയിലിരുത്തി കൊഞ്ചിക്കുന്നതും ഞാന്‍ സ്വപ്നം കണ്ടെങ്കിലും എല്ലാം വൃഥാവിലാകുകയാണെന്ന് എനിക്ക് തോന്നി. ചോക്ലേറ്റും കളിപ്പാട്ടങ്ങളും ഉടുപ്പുമൊന്നും അവളുടെ മനസ്സിളക്കാന്‍ പര്യാപ്തമായില്ല. എന്റെയുള്ളില്‍ ഒരു തീരാവേദനയായി അത് മുഴച്ചുനിന്നു.
ഇതാ.. എന്‍റെ പരോള്‍ തീര്‍ന്നിരിക്കുന്നു. പ്രിയേ.. യാത്ര ചോദിക്കുന്നു ഞാന്‍. ഇനിയും നമുക്കുമുന്നില്‍ നീണ്ടുകിടക്കുന്ന അനിശ്ചിതത്വത്തിന്റെ , കാത്തിരിപ്പിന്‍റെ ദിനങ്ങള്‍. ഓര്‍മ്മകള്‍ അയവിറക്കി , സ്വപ്നങ്ങളെ താലോലിച്ചു മാറ്റുകുറയാതെ സൂക്ഷിക്കുന്ന വേളകള്‍. അച്ഛാ എന്ന സ്നേഹമസൃണമായ വിളികേള്‍ക്കാന്‍ കാതോര്‍ത്തു കാത്തിരിക്കുന്ന നിമിഷങ്ങള്‍. ശരീരം ഒരിടത്തും മനസൊരിടത്തുമായി കഴിയുന്ന രാവുകള്‍........
അവയവങ്ങള്‍ ഓരോന്നായി പറിച്ചെടുക്കുന്ന വേദന.. ദൈവമേ .. എന്‍റെ വേദനയകറ്റൂ.. ശക്തി തരൂ.. ഒരിക്കലെങ്കിലും എന്‍റെ മകളെ ഞാനൊന്ന്........ ഇല്ല.; അവള്‍ ഭയന്നു പിന്മാറുന്നു, കണ്ണുനീരില്‍ കുതിര്‍ന്ന അമ്മയുടെ മാക്സിക്കു പിന്നിലൊളിക്കുന്നു.
അല്ലെങ്കില്‍ തന്നെ ഇതിനെല്ലാം ഞാനൊരുമ്പെടുന്നതെന്തിന്? ഞാനാര്. വെറുമൊരു മാക്സിവില്‍പനക്കാരന്‍!!