30/09/2010

മാമാങ്കം: ചരിത്രശേഷിപ്പുകളിലൂടെ...


ചോര മണക്കുന്ന മാമാങ്കം!
മര്‍ത്യഹത്യയുടെ മഹാമഹം!!
അവഗണനയുടെ അട്ടിപ്പേറുകള്‍ !!!
അക്ഷന്തവ്യമായ അപരാധങ്ങള്‍!!!!

മിക്ക ചരിത്രകഥകളും മനുഷ്യനിര്‍മിതമാണ്. അതുകൊണ്ട് തന്നെ (മാമാങ്കചരിത്രത്തിലും)അഭിപ്രായവ്യത്യാസങ്ങള്‍  സ്വാഭാവികം. തായ്‌വഴികളായുള്ള വായ്മൊഴി-വരമൊഴികളുടെ വഴക്കത്തില്‍ ഇന്നും ഭീതിമാറാതെ മാമാങ്ക കഥകളും പാട്ടുകളും നിലനില്‍ക്കുന്നു. ചരിത്രകുതുകികള്‍ക്ക് ആശ്ച്ചര്യമേകുന്ന മാമാങ്കത്തിന്റെ ശേഷിപ്പുകള്‍ നിളയോടൊപ്പം ഒലിച്ചുപോകാതെ അവശേഷിക്കുന്നെങ്കില്‍ അത് ദൈവനിയോഗം മാത്രമാണ്. കേരളത്തിലെ അതിപ്രധാന ദേശീയോല്‍സവമായിരുന്ന മാമാങ്കത്തിന്റെ ഈ തിരുശേഷിപ്പുകള്‍ തീര്‍ത്തും സംരക്ഷിക്കപ്പെടാതെ , അവഗണനയുടെ കൊടുമുടിയില്‍, അവയുടെ ചരിത്രപ്രാധാന്യമറിഞ്ഞിട്ടും അറിയാതെ നമ്മുടെ ഭരണാധികാരികള്‍ ഇതുവരെ ഉറങ്ങിക്കിടന്നു. ഇന്ന് (വെറും) മന്ത്രിമാര്‍ക്ക് കോടാനുകോടി ചെലവിട്ടു മന്ദിരങ്ങള്‍ പണിയുമ്പോള്‍, അന്ന് അസ്സല്‍ രാജാക്കന്മാര്‍ വിളയാടിയിരുന്ന ചരിത്രസ്മാരകങ്ങള്‍ പഠനത്തിന് വേണ്ടിയെങ്കിലും കേവലം ലക്ഷങ്ങള്‍ ചെലവിട്ട്  സംരക്ഷിക്കേണ്ടതായിരുന്നില്ലേ . ഇപ്പോള്‍ ഇവ മിക്കതും സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ അധീനതയില്‍ നശിച്ചുകൊണ്ടിരിക്കുന്നു എന്നത് ഖേദകരം തന്നെ!
എന്താണ് മാമാങ്കം?
മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ മാഘമാസത്തിലെ  വെളുത്തവാവില്‍ പന്ത്രണ്ടു ദിവസം മുതല്‍ ഇരുപത്തെട്ടു ദിവസം വരെ നിലനിന്നിരുന്ന അതിപ്രധാനമായ ഒരു ഉത്സവമായിരുന്നു മാമാങ്കം. എല്ലാ നാടുവാഴികളും ഇതില്‍ പങ്കെടുത്തിരുന്നു. സംഗീത സദസ്സുകള്‍, കായികാഭ്യാസങ്ങള്‍ , കരകൌശലവില്പന, സാഹിത്യോല്‍സവങ്ങള്‍ മുതലായവയും ഉണ്ടായിരുന്നു . കൂടാതെ അധികാരത്തിനു വേണ്ടിയുള്ള യുദ്ധവും. ഈ ഉത്സവത്തിന്റെ അധികാരം ആദ്യം പെരുമാള്‍ രാജാക്കന്മാര്‍ക്കായിരുന്നു. അവസാനത്തെ പെരുമാള്‍ തന്റെ സ്ഥാനം വള്ളുവനാട്ടുരാജാവിന് നല്‍കി.  പതിമൂന്നാം നൂറ്റാണ്ടില്‍ വിദേശികളുടെ സഹായത്തോടെ വള്ളുവക്കൊനാതിരിയെ തോല്‍പ്പിച്ച് കോഴിക്കോട് സാമൂതിരി സ്ഥാനം തട്ടിയെടുത്തു.  തന്റെ സ്ഥാനം തിരിച്ചു കിട്ടുന്നതിനുവേണ്ടി വള്ളുവക്കോനാതിരി നിരന്തരം ശ്രമിച്ചു. പന്ത്രണ്ടു വര്‍ഷം കഴിഞ്ഞാല്‍ തന്റെ സ്ഥാനം തിരിച്ചു നല്‍കാമെന്നായിരുന്നു വ്യവസ്ഥ. തന്റെ സ്ഥാനം ശത്രുക്കള്‍ക്ക് തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുത്താന്‍ മാഘമാസത്തില്‍ പന്ത്രണ്ടു ദിവസം മണപ്പുറത്ത് ഒരു പ്രത്യക പീഠത്തില്‍ (നിലപാടുതറ) സാമൂതിരി ഇരിക്കും. (നിലപാട് കൊള്ളുക എന്നാണിതിനു പേര്) . സാമൂതിരിക്ക് ചുറ്റും ബന്ധുക്കളും അവര്‍ക്കു ചുറ്റും വാളുകളെന്തിയ സൈന്യവും. വെല്ലുവിളിക്കാന്‍ തയ്യാറായവര്‍ ഇവരോടെറ്റുമുട്ടി നിലപാടുതറയില്‍ എത്തണം. വള്ളുവനാട്ടില്‍ നിന്നെത്തിയ ചാവേര്‍പടയാളികള്‍ സാമൂതിരിയുടെ സൈന്യത്തോടെറ്റുമുട്ടി മുന്നേറും. വഴിയില്‍ തലയറ്റുവീഴും. അനേകം സൈനികരോടെറ്റുമുട്ടി നിലപാടുതറയിലെ സാമൂതിരിക്കടുത്തുവരെ എത്തി തലകൊയ്യാനാഞ്ഞപ്പോള്‍ വിളക്കില്‍ തട്ടി സാമൂതിരി രക്ഷപ്പെടുകയും ചാവേര്‍ വധിക്കപ്പെടുകയും ചെയ്ത പാട്ടുകള്‍ പ്രസിദ്ധമാണ്.
അവസാനമായി മാമാങ്കം നടന്നത് 1766 ല്‍ ആണത്രേ. മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരലി മലബാര്‍ കീഴടക്കിയതോടെയാണ് മാമാങ്കം അവസാനിച്ചതെന്നു പറയപ്പെടുന്നു. ഇതിന്റെ ശേഷിപ്പുകളായി അഞ്ചു സ്മാരകന്ങ്ങള്‍ ഇവിടെ കാണാം. 'നിലപാടുതറ, മണിക്കിണര്‍, മരുന്നറ, പഴുക്കാമണ്ഡപം , ചങ്ങമ്പള്ളി കളരി' -എന്നിവ.

1- നിലപാടുതറ:
തിരുന്നവായക്കടുത്തു കൊടക്കല്‍ എന്ന സ്ഥലത്ത് ഓടുഫാക്ടറി വളപ്പിലാണ് നിലപാടുതറ സ്ഥിതിചെയ്യുന്നത്. ഫോട്ടോ എടുക്കാന്‍വേണ്ടി, അല്പം തുറന്നുവച്ച ഗേറ്റിനരികിലെത്തിയപ്പോള്‍, ചുവപ്പ്കണ്ട കാളയെപ്പോലെ ഒരു മധ്യവയസ്കന്‍ മുരണ്ടുകൊണ്ടോടിവന്നു ഗേറ്റ് താഴിട്ടുപൂട്ടി സ്ഥലംവിട്ടു. അങ്ങനെ തോറ്റുകൊടുക്കാന്‍ പറ്റുമോ? ചില 'നിലപാടൊക്കെ' ഉള്ള 'തറ' യാണല്ലോ ഞാനും. ഇപ്പോള്‍ (പാട്ടത്തിനു) കൈവശമുള്ള ധനാഢ്യന്റെ , തൊട്ടടുത്തുള്ള വീട്ടില്‍ നേരിട്ടുചെന്ന് വിവരം പറഞ്ഞപ്പോള്‍ ആ മധ്യവയസ്കന് ഫോണ്‍ ചെയ്തു എനിക്ക് തുറന്നു തരാന്‍ ആവശ്യപ്പെട്ടു. പുലിയെപ്പോലിരുന്നവന്‍ എലിയെപ്പോലെ വന്നു ഗേറ്റ് തുറന്നു തന്നു.
ഗേറ്റുകടന്നകത്ത് കയറി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതാപത്തോടെ നിലകൊണ്ടിരുന്ന ഓടുഫാക്ടറി നിലംപരിശായിക്കിടക്കുന്നു. എല്ലാം കാടുപിടിച്ചനിലയില്‍. പെരുമാളും വള്ളുവക്കോനാതിരിയും സാമൂതിരിയുമൊക്കെ പാദസ്പര്‍ശം നല്‍കിയ , ചരിത്രപ്രധാനമായ പീഠം പൊട്ടിപ്പൊളിഞ്ഞു കാടുപിടിച്ചു കിടക്കുന്നു. തൊട്ടടുത്ത്‌ എരുമകള്‍ മേഞ്ഞുനടക്കുന്നു.(എരുമക്കെന്തു സാമൂതിരി?) നിലപാടുതറ കണ്ടപ്പോള്‍ ഞാന്‍ ഒരുപാട് കാലം പിന്നിലേക്ക്‌ സഞ്ചരിച്ചു. അടുത്തെത്തിയപ്പോള്‍ ഉള്ളിലെവിടെയോ ഭയം ഇരച്ചുകയറി.  സ്പര്‍ശിച്ചപ്പോള്‍ ഷോക്കടിച്ചപോലെ! ഇഴജന്തുക്കളുടെ മാളങ്ങള്‍ കണ്ടിട്ടും വകവെക്കാതെ, പീഠത്തിന്റെ മുകളില്‍ പന്തലിച്ചുനിന്ന പുല്ക്കാടുകള്‍ വാശിയോടെ പറിച്ചുകളഞ്ഞ് ഫോടോ എടുക്കാന്‍ ശ്രമിച്ചു. അവഗണനയുടെ അര്‍ത്ഥമറിയാന്‍ ഇവിടം സന്ദര്‍ശിച്ചാല്‍ മതിയാകും.
ഇവിടെയുണ്ടായിരുന്ന ഓടുഫാക്ടറിക്കും ഉണ്ടത്രേ നൂറ്റാണ്ടുകളുടെ കഥപറയാന്‍. ജര്‍മന്‍കാര്‍ നിര്‍മിക്കുകയും പിന്നീട് പോര്‍ച്ചുഗീസുകാരുടെയും ബ്രിട്ടീഷുകാരുടെയും കൈകളിലൂടെ മാറിമറിഞ്ഞു ഇക്കഴിഞ്ഞ കാലം വരെ പ്രതാപിയായി നിലകൊണ്ടിരുന്നു ഇത്. അങ്ങനെ ഒരു ഫാക്ടറി ഇപ്പോള്‍ കാണാന്‍ കഴിയില്ല. ഇതിന്റെ വളപ്പില്‍ നിന്ന് നിളാനദിയിലേക്ക് ഒരു ഗുഹ ഉണ്ടായിരുന്നു പോല്‍! എന്നാലതിന്റെ അടയാളമൊന്നും ഇവിടെ കാണാനില്ല. ഏതായാലും , ഇവിടെ നടന്ന അവസാന മാമാങ്കം മതസൗഹാര്‍ദത്തിന്റെതായിരുന്നു എന്ന് കേള്‍ക്കുന്നു. (അല്പം ചിത്രങ്ങള്‍ താഴെ. ചിത്രത്തില്‍ ക്ലിക്കി വലുതാക്കാവുന്നതാണ്).
                          ആ കാലികള്‍ മേയുന്നതിനപ്പുറമാണ് നിലപാടുതറ.
                                  ചോരക്കറ കാണുന്നുണ്ടോ??...............
  
(പൊട്ടിപ്പൊളിഞ്ഞ നിലയില്‍ നിലപാടുതറ )
==========================================

2- മണിക്കിണര്‍:

മണിക്കിണറിന്റെ ചരിത്രം മുകളിലെ ചിത്രം തന്നെ പറയും.
നിലപാടുതറക്കു പടിഞ്ഞാറ് വശത്തായി , ഇപ്പോള്‍ കൊടക്കല്‍ CSI ഹോസ്പിറ്റല്‍ വളപ്പില്‍ കാടുപിടിച്ചു ചപ്പുചവറുകള്‍ വീണു ഭീകരാന്തരീക്ഷത്തില്‍ നില നില്‍ക്കുന്ന മണിക്കിണര്‍ എന്ന മരണക്കിണര്‍. എവിടെനിന്ന് നോക്കിയാലും അതൊരു കിണറാനെന്നു പറയില്ല. അത്രക്ക് കാടുപിടിച്ചു കിടക്കുന്നതിനാല്‍ പരമാവധി ഉള്ളിലെക്കിറങ്ങി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്നില്‍നിന്നാരോ വിളിച്ചുകൂവി. പാമ്പുകളുടെ വിളനിലമാണ്, അപകടമാണ്. ഏതായാലും അല്പം ഫോട്ടോകളെടുത്ത് തിരിച്ചുകയറി. (തീരെ ഭയം തോന്നിയില്ല. കാരണം, ആശുപത്രി ഈ വളപ്പില്‍ തന്നെയാണല്ലോ). ഇതിന്റെ പരിപാലനം ഇങ്ങനെ തുടര്‍ന്നാല്‍ ഒരാനയെ കൂടി ഉടനെ വാങ്ങേണ്ടിവരും-മാലിന്യം നിറയുമ്പോള്‍ ചവിട്ടിയമര്‍ത്താന്‍ !

(കിണറിന്റെ ആരംഭം )

(കിണറിന്റെ ഉള്‍ഭാഗം)

(അല്പം കൂടി താഴെക്കുള്ള ദൃശ്യം)
======================================
3- മരുന്നറ:
നിലപാട്തറയുടെ തെക്കുഭാഗത്തായി KSEBയുടെ പവര്‍ഹൌസ് വളപ്പിന്റെ കോണില്‍ ക്ഷുദ്രജീവികളുടെ താവളമായി അവക്ക് സുരക്ഷിതമേകി നിലനില്‍ക്കുകയാണ് മരുന്നറ. പുറമെനിന്നു നോക്കുമ്പോള്‍ അകം വ്യക്തമല്ലാത്തതിനാല്‍ ധൈര്യസമേതം ഉള്ളില്‍കയറി നോക്കാന്‍ തീരുമാനിച്ചു. വിചിത്ര രൂപത്തിലുള്ള ഒരു ചെറിയ ഗുഹ! ഗുഹക്കുള്ളില്‍ മറ്റൊരു അറ! ഉള്ളില്‍ രണ്ടുവശവും പ്രത്യക രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. ഇഴജന്തുക്കളുടെ അവശിഷ്ടങ്ങള്‍ ഉള്ളതിനാല്‍ അവിടെ അധികം ഇരിക്കുന്നത് പന്തിയല്ലെന്നു തോന്നി. ഇവിടെനിന്നും ഒരു ഗുഹ എവിടേക്കോ ഉണ്ടായിരുന്നെന്നു പലരും പറയുന്നുണ്ടെങ്കിലും അതിന്റെ നേരിയ അടയാളം പോലും അവിടെ കണ്ടില്ല.
മാമാങ്കത്തില്‍ മുറിവേറ്റ പടയാളികള്‍ക്കുള്ള മരുന്നുകള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നെന്നും അതല്ല; പടയാളികളുടെ ശവസംസ്കാരം നടത്തിയിരുന്ന ഇടമാണ് ഇതെന്നും പറയപ്പെടുന്നു. ഇവിടെ ടിപ്പുസുല്‍ത്താന്‍ ഒളിച്ചുതാമസിചിരുന്നുവെന്നു മറ്റൊരു ശ്രുതി.
ഇതിന്റെ മുകള്‍ഭാഗം ഒരു മട്ടുപ്പാവിന്റെ രൂപത്തിലാണ്. കാറ്റുകൊണ്ടിരിക്കാന്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മരുന്നറക്ക് മുകളില്‍ പണികഴിപ്പിച്ചതാണ് ഇതെന്നു പറയപ്പെടുന്നു.ഇതത്ര പഴക്കം ചെന്നതാണെന്ന് എനിക്ക് തോന്നിയില്ല. അല്പം ചിത്രങ്ങള്‍ താഴെ...

(ഉള്‍ഭാഗം)
                 
ഗുഹക്കുള്ളിലെ അറയുടെ ഉള്‍ഭാഗം



       മരുന്നറക്കു നേരെ മുകളില്‍ സ്ഥിതി ചെയ്യുന്ന മട്ടുപ്പാവ്. (മുകളില്‍)
---------------------------------------------


4- പഴുക്കാമണ്ഡപം:

ഏറെ പ്രസിദ്ധമായ, തിരുനാവായ നവാമുകുന്ദക്ഷേത്രവളപ്പിനകത്ത് നിളാനദിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു പഴുക്കാമണ്ഡപം. അഹിന്ദുവായ എന്നെ അകത്തുകടത്തുമോ എന്ന സംശയം ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു ജീവനക്കാരനോട് അല്പം ശങ്കയോടെ ഉള്ള കാര്യം പറഞ്ഞപ്പോള്‍ തികഞ്ഞ താല്‍പര്യത്തോടെ അമ്പലനടയിലൂടെത്തന്നെ കൂട്ടിക്കൊണ്ടുപോയി ഫോടോ എടുക്കാന്‍ സാഹചര്യമുണ്ടാക്കിത്തന്നു. മതസൗഹാര്‍ദ്ദത്തിന്റെ ഒരു നിളാനദി എന്റെ ഹൃദയത്തിലൂടെ ഒഴുകിയതായി എനിക്ക് തോന്നി.
  
                                             
മാമാങ്കം കഴിഞ്ഞു വിജയിയായി രാജാവ് ഇവിടെ വന്നു തൊഴുതിരുന്നു. മാമാങ്കം നടക്കുമ്പോള്‍ റാണിക്കും തോഴിമാര്‍ക്കും യുദ്ധം കാണാനുള്ള മണ്ഡപം ആയിരുന്നു ഇതെന്നും കേള്‍വിയുണ്ട്. അതല്ല; കാവല്‍പ്പുര ആയിരുന്നു എന്നും പറയപ്പെടുന്നു.

മാമാങ്ക ശേഷിപ്പുകളില്‍ അല്പമെങ്കിലും സൂക്ഷ്മതയോടെ നിലനിര്‍ത്തുന്നത് ഇതുമാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. പഴയ പ്രൌഡിയോടെ ഇതിപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. പക്ഷെ മാമാങ്കത്തിന്റെ സ്മരണ ഉണര്‍ത്താന്‍ ഇതിന്റെ രൂപഘടനയിലെ പ്രത്യേകത എന്നെ സഹായിച്ചില്ല എന്നത് നേര്.

 മണ്ഡപത്തിനോടുചേര്‍ന്നൊഴുകുന്ന ഭാരതപ്പുഴ (പടിഞ്ഞാറേക്കുള്ള ഭാഗം)

                                                  (പഴുക്കാമണ്ഡപത്തിന് താഴെ )


                                              (തൊട്ടടുത്തുള്ള പ്രസിദ്ധ ക്ഷേത്രം)

-----------------------------------------------------------------------

 5- ചങ്ങമ്പള്ളി കളരി:

 മാമാങ്കത്തിന്റെ ശേഷിപ്പുകളില്‍ ഏറ്റവും പ്രൌഡി പ്രകടമാകുന്നത് ഇവിടെയാണ്‌. മറ്റു നാല് സ്മാരകങ്ങളും അടുത്തടുത്താണെങ്കില്‍ ഇതല്പം ദൂരെ താഴെത്തറ എന്ന പ്രദേശത്താണ്. സാമൂതിരി കര്‍ണാടകയില്‍ നിന്ന് കളരിഗുരുക്കന്മാരെ കൊണ്ടുവന്ന് ചങ്ങമ്പള്ളിയില്‍ കുടിയിരുത്തിയെന്നും പിന്നെ അവര്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്നും പറയപ്പെടുന്നു.ഇവരുടെ പരിശീലനത്തിന്നായി ഉണ്ടാക്കിയതാണത്രെ ഇത്. മാമാങ്കത്തില്‍ പരിക്കേല്‍ക്കുന്ന ഭടന്മാരെ ചികില്‍സിക്കുകയായിരുന്നത്രേ ഇവരുടെ മുഖ്യ ധര്‍മ്മം. ഇവരുടെ പിന്മുറക്കാര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. പുറമെനിന്നു ചിത്രങ്ങളെടുത്തെങ്കിലും ഇതിന്റെ ആകര്‍ഷണീയത കാരണം കൂടുതലറിയാന്‍ ഇവരിലാരെയെന്കിലും സന്ദര്‍ശിക്കണമെന്ന ആഗ്രഹത്തോടെ ഞാനവരെ കണ്ടെത്തി. നാനൂറില്‍ കൂടുതല്‍ വര്‍ഷങ്ങളുടെ പഴക്കം ചെന്ന കഥകള്‍ ഒരുപാട് കേട്ടു. ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇതിഹാസങ്ങളും നിറഞ്ഞ കഥ! അതൊക്കെ വിവരിക്കാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. കഥകള്‍ കേട്ടപ്പോള്‍ അതിനുള്‍ഭാഗം കാണണമെന്ന ആഗ്രഹം കലശലായി. ചെരിപ്പ്‌, ഷര്‍ട്ട് മുതലായവ ധരിക്കാന്‍ പാടില്ല. ശുദ്ധിയുണ്ടായിരിക്കണം, ഭക്ത്യാദരവോടെ വേണം പ്രവേശിക്കാന്‍ എന്നിങ്ങനെ ഒരു പാട് ആചാരമര്യാദകള്‍ ഉണ്ട് . സാധാരണ ആരെയും അകത്തു പ്രവേശിപ്പിക്കാറില്ലത്രേ. ഞാനും ഒരു കളരിക്കാരന്‍ ആണെന്ന് സമര്‍ഥിച്ചു കൊടുത്തതിനാലും എന്നെക്കണ്ടാല്‍ ഒരു കുഴപ്പക്കാരന്‍ അല്ലെന്നു തോന്നിയതിനാലും തുറന്നുകാണാന്‍ താക്കോലുമായി ഒരാളെ ഒപ്പം വിട്ടു. അഞ്ചുമാസം മുന്‍പ്‌ ഇത് ചില സാമൂഹ്യദ്രോഹികള്‍ തീവച്ചുനശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യവശാല്‍ മുഴുവന്‍ നശിച്ചില്ല. ഇതിന്റെ പിന്മുറക്കാര്‍ ഇത് സംരക്ഷിക്കുന്നതില്‍ അലംഭാവം കാട്ടുന്നു എന്ന് സമര്‍ഥിക്കാന്‍, സര്‍ക്കാരിനെയും അധികാരികളെയും ജനങ്ങളെയും അറിയിക്കാന്‍ വേണ്ടി അവിടെത്തന്നെയുള്ള ചിലര്‍ ചെയ്തതാണെന്നാണ് ഇവരുടെ പക്ഷം. ഇതിന്റെ പ്രൌഢ-പ്രതാപങ്ങള്‍ താഴെയുള്ള ചിത്രങ്ങള്‍ തന്നെ നിങ്ങളോട് പറയും.
പടവുകള്‍ക്ക് മുകളിലെ കരിങ്കല്ലില്‍ കൊത്തുപണികള്‍ ശ്രദ്ധിക്കുക
 




ഉള്‍ഭാഗം

കളരിയാശാന്മാരുടെ നിശ്വാസങ്ങള്‍.....







ഒടുവില്‍ ശാപമോക്ഷമോ ?
ഒരുപാട് വൈകിയെങ്കിലും അവസാനം ഈ അഞ്ചു സ്മാരകങ്ങള്‍ക്കും ശാപമോക്ഷം ലഭിക്കാന്‍ പോകുന്നു.പുരാവസ്തു വകുപ്പിന്റെ ജോലിയാണ് ഇവയുടെ സംരക്ഷണമെങ്കിലും അവരുടെ പക്കല്‍ ഫണ്ടില്ലാത്തതിനാല്‍ 'നിളാടൂറിസം പദ്ധതി'യില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് നീക്കം. തൊണ്ണൂറു ലക്ഷത്തോളം രൂപയാണ് ഇവക്കുവേണ്ടി ചിലവഴിക്കുന്നത്. ഇതില്‍ 55.5 ലക്ഷം രൂപ ചങ്ങമ്പള്ളി കളരിക്കുവേണ്ടിയും നിലപാടുതറക്ക് 10 ലക്ഷവും മണിക്കിണറിനു 5 ലക്ഷവും പഴുക്കാമണ്ഡപത്തിന്  6.3 ലക്ഷവും മരുന്നറക്ക്   12.12 ലക്ഷവും ചെലവഴിക്കുമെന്ന് കേള്‍ക്കുന്നു.
ഞാന്‍ ചെല്ലുമ്പോള്‍ ചങ്ങമ്പള്ളി കളരിക്കുപുറത്ത് JCBതകൃതിയായി ജോലി ആരംഭിച്ചു കഴിഞ്ഞിരുന്നു. ഏതായാലും, ആദ്യം തൂമ്പാ കൊണ്ട് ചെയ്തു തീര്‍ക്കാമായിരുന്ന ജോലി ഇന്ന് JCB കൊണ്ട് തീര്‍ക്കേണ്ടിവരുന്നു എന്നത് കേരളത്തിന്റെ നിയോഗമാകാം.

24/09/2010

വീണ്ടും.....

നീണ്ട നാലര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമൊരു 'പരോള്‍'! അതും കേവലം രണ്ടു മാസത്തേക്ക്!
ബന്ധുക്കളെ സന്ദര്‍ശിക്കണം, 
പിറന്നുവളര്‍ന്ന നാട് കണ്കുളിര്‍ക്കെ കാണണം, 
ഇഴമുറിയാമഴയത്ത് ഇറങ്ങിനടക്കണം,  
കടലില്‍ കായം കലക്കിയ പോലെ,പണിതിട്ടും പണിതിട്ടും പണിതീരാത്ത, പണിക്കാരെ കിട്ടാത്ത, എന്റെ വീട് കണ്ടു നെടുവീര്‍പ്പിടണം,  
നാടിന്റെ 'ദേശീയഗാനമായ' കൊതുകുരാഗം കേള്‍ക്കണം,
പിരിവുകാരെ കണ്ടാല്‍ മുങ്ങണം,
വാഹനങ്ങളുടെ നിലക്കാത്ത ഹോണടി കേട്ടു കോള്‍മയിര്‍ കൊള്ളണം,
ക്വട്ടേഷന്‍ ടീമിനെ തട്ടിത്തടയാതെ റോഡിലൂടെ നടക്കണം,
റോഡിലെ കുളത്തില്‍ വീണു കാലൊടിയാതെ നോക്കണം.....
ഇത്യാദി ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും കയ്യില്‍ കരുതിയാണ് വിമാനം കയറിയത്. എന്നാല്‍ അതിലെല്ലാമുപരി, ആറേഴുമാസമായി സമ്പാദിച്ച സുഹൃത് വലയത്തെ നേരില്‍ കാണണമെന്ന അദമ്യമായ അഭിലാഷവും. ബ്ലോഗെഴുത്തു തുടങ്ങിയത് കൊണ്ടുള്ള അമൂല്യമായ നേട്ടം എന്നെ സംബന്ധിച്ചിടത്തോളം അത് മാത്രമാണ്. മീറ്റിനു പോകുമ്പോഴും , എറണാകുളം സന്ദര്‍ശിക്കണമെന്നോ മുട്ടന്‍ ശാപ്പാട് അകത്താക്കണമെന്നോ കവിത കേള്‍ക്കണമെന്നോ അല്ല. മറിച്ചു, മേല്‍പറഞ്ഞ ഒരേ ഒരാഗ്രഹം മാത്രമായിരുന്നു മനസ്സില്‍. അതില്‍ എനിക്ക് നൂറു ശതമാനം സംതൃപ്തി ലഭിക്കുകയും ചെയ്തു. സൃഷ്ടി കൊണ്ടും ശബ്ദം കൊണ്ടും കമന്റു കൊണ്ടും പരിചിതരായവരെയും അല്ലാത്തവരെയും നേരില്‍ കാണുകയെന്നത് നിസ്സാരകാര്യമായി ഞാന്‍ കരുതുന്നില്ല. മീറ്റിനെ കുറിച്ച് ഇതിനകംതന്നെ വിവരണങ്ങളും ചിത്രങ്ങളും നിങ്ങള്‍ കണ്ടു കഴിഞ്ഞതിനാല്‍ ഞാനതിലേക്ക് കടക്കുന്നില്ല.
ഈ പരിചയപ്പെടലുകള്‍ കൊണ്ടൊന്നും ഞാന്‍ തൃപ്തനായില്ല. കഴിയുന്നത്ര ബ്ലോഗര്‍മാരെ നേരിട്ട് വിളിച്ചു. ചിലരുടെ സ്നേഹമസൃണമായ ക്ഷണം സ്വീകരിച്ചു അവരെ അങ്ങോട്ട്‌ ചെന്ന് കണ്ടു. കണ്ണൂരില്‍ കാവുമ്പായി ടീച്ചറുടെ പുസ്തകപ്രസാധനത്തിനു പോയി. ആരെഴുപേരെ അവിടെ വച്ച് 'പിടികൂടി'.   മുങ്ങിനടക്കുന്ന ചിലരെ കണ്ടെത്തി ബോറടിപ്പിച്ചു. എല്ലാവരുടെയും ആതിഥേയമര്യാദ എന്നെ ഏറെ സന്തോഷവാനാക്കി. ചിലരോടോപ്പമുള്ള ഫോട്ടോകള്‍ താഴെ....
          ഡ്രൈവിംഗ് പഠിക്കുന്ന കുമാരസംഭവം  ...
====================================
          ഹാറൂന്‍ സാഹിബ് (ഒരു നുറുങ്ങ്)
=================================

                              കാവുമ്പായി ടീച്ചര്‍
=========================================
                          കൊട്ടോട്ടി, കുമാരന്‍, ചിത്രകാരന്‍.
===========================================
                                            മിനി ടീച്ചര്‍ (മിനിനര്‍മ്മം)
========================================
പുസ്തക പ്രസാധകത്തിനിടയില്‍ പുട്ട് കച്ചവടം!!!                
കെ പി സുകുമാരന്‍, കൊട്ടോട്ടി, കുമാരന്‍, ഒരു യാത്രികനും കുടുംബവും
======================================
                   മുഹമ്മദ്‌ കുട്ടിക്ക യോടൊപ്പം  ( ഓര്‍മ്മച്ചെപ്പ്)
=======================================
                                     കമ്പര്‍ (അടിവരകള്‍)
===========================================
     നജീമിനോടൊപ്പം ആലപ്പുഴ കായലില്‍ (പാഠഭേദം)
=======================================
          ഡോക്ടര്‍ രതീഷ്‌ കുമാറിനോടൊപ്പം ( പഞ്ചാര മിട്ടായി )
=======================================
രണ്ടു മാസം പരമാവധി മുതലാക്കാന്‍ ഞാന്‍ ശ്രമിച്ചു. പലയിടങ്ങളും കറങ്ങി. (വിശദാംശങ്ങള്‍ പിന്നീട് പോസ്റ്റാം). അന്യസംസ്ഥാനങ്ങളില്‍ , രാജ്യങ്ങളില്‍ സര്‍ക്കീട്ടുപോകാന്‍ 'പേടി' ആയതിനാല്‍ കേരളത്തില്‍ മാത്രം മതിയെന്ന് കരുതി. കാശില്ലാഞ്ഞിട്ടല്ലേ ഈ പേടി എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ ഞാനില്ല. ഏതായാലും എന്റെ നാട് എന്നെ പല കാര്യങ്ങളും ഓര്‍മപ്പെടുത്തി. അവയില്‍ ചിലത് മാത്രം താഴെ എഴുതി ഇത് അവസാനിപ്പിക്കാം .
1- പുറത്തു പോകുമ്പോള്‍ വീട്ടുകാരോട് ശരിക്കും 'യാത്ര' പറഞ്ഞു ഇറങ്ങുക. പ്രാര്‍ഥിക്കുക.
2- നാട്ടില്‍ വണ്ടിയോടിക്കുന്നതിനു മുന്‍പ്‌ നിര്‍ബന്ധമായും സര്‍ക്കസ്‌ പഠിച്ചിരിക്കുക.
3-ക്വേട്ടെഷന്‍ ടീമിനെ കണികാണരുതെന്നു ആഗ്രഹിക്കുന്നെങ്കില്‍ പിച്ചക്കാര്‍ മുതല്‍ കൊച്ചുകുഞ്ഞുങ്ങളോട് വരെ ഒടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക .
4- മണല്‍ലോറി വരുന്നത് കണ്ടാല്‍ റോഡില്‍നിന്നു പത്തുമീറ്റര്‍ എങ്കിലും അകലേക്ക്‌ ഓടിമറയുക.
5- നിങ്ങളുടെ തൊഴിലാളികളോട് കയര്‍ക്കുക, അഭിപ്രായം പറയുക, മുഖം വീര്‍പ്പിക്കുക എന്നത് പോയിട്ട് അവരെ നോക്കുക കൂടി അരുത്. കഴിയുന്നതും ജോലി സ്ഥലത്തേക്ക് പോകാതിരിക്കുക .
6- കടക്കാരുടെ തെറി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സാധനങ്ങളുടെ വില ചോദിക്കുക.
7- ബ്ലോഗ്ഗര്‍ കൊട്ടോട്ടിയുടെ കൂടെ ഒരിക്കലും യാത്ര ചെയ്യാതിരിക്കുക. (നിങ്ങളെക്കുറിച്ചു പോസ്റ്റ്‌ ഇട്ട് പകരം വീട്ടിക്കളയും!)