"കുറെ നേരമായല്ലോ തലേം കുത്തിനില്‍ക്കാന്‍ തുടങ്ങിയിട്ട് .. പോണില്ലേ?"വെളിച്ചം കാണുന്നതിനു മുന്‍പ് നിങ്ങളിങ്ങനെ ഒരശരീരി കേട്ടിരുന്നോ ?
അതിനു ശേഷം മാതാപിതാക്കള്‍ കണ്ണുരുട്ടി ഇങ്ങനെ ചോദിച്ചില്ലേ?-
" ഡാ ... മടിയാ . സ്കൂളില്‍ പോണില്ലേ?"
പിന്നീട് ഭാര്യ കയ്യുയര്‍ത്തി ഇങ്ങനെ ചോദിച്ചിരിക്കും-
"ദേ..മനുഷ്യാ ജോലിക്ക് പോണില്ലേ?"
ഇതിനിടെ വാക്കില്‍ തേന്‍ പുരട്ടി ബന്ധുക്കള്‍ ചോദിക്കും-
"ഇങ്ങനെ നടന്നിട്ടെന്താകാനാ? ഗള്‍ഫിലൊന്നും പോണില്ലേ ?"
ഗള്‍ഫില്‍നിന്ന് ലീവിന് നാട്ടിലെത്തിയാല്‍ നാട്ടുകാര്‍ പിടിച്ചുനിര്‍ത്തി ചോദിക്കും -
"എത്രയുണ്ട് ലീവ്? അതോ തിരിച്ചു പോണില്ലേ?"
അവസാനം,
ധനികനായി മരിക്കാന്‍ വേണ്ടി ദരിദ്രനായി ജീവിച്ച് , സായംസന്ധ്യയില്‍ വിറച്ചുകൊണ്ട് അറച്ചുനില്‍ക്കുമ്പോള്‍ മക്കള്‍ നാവില്‍ വിഷം പുരട്ടി ഇങ്ങനെ ചോദിച്ചേക്കാം-
"മനുഷ്യരെ മെനക്കെടുത്താന്‍..........ഇതങ്ങോട്ട് പോണില്ലേ?"