30/03/2011

യോഗ- ഏഴ് (അവസാന ഭാഗം)




ഒന്ന് മുതല്‍ ആറു വരെ ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ അമര്‍ത്തുക.

ഇതുവരെ രണ്ടു കാലില്‍ നിന്നതല്ലേ.. ഇനി അല്പം തലേം കുത്തി നിന്നാലോ? 
അയ്യോ അത് അപകടകരമല്ലേ..സ്വാഭാവിക ശരീരഘടനക്ക് എതിരല്ലേ?
വിപരീതദിശ അനുവര്‍ത്തിക്കുമ്പോള്‍ ശാരീരികമോ മാനസികമോ ആയ എന്ത് പ്രയോജനമാണ് ലഭിക്കുന്നത്?
അങ്ങനെയോ? എങ്കില്‍ , ജനിക്കും മുന്‍പ്‌ കുറച്ചു കാലം തലയും കുത്തി നിന്നതല്ലേ ? എന്നിട്ട് വല്ലതും സംഭവിച്ചോ? അന്ന് നേരെ നില്‍ക്കുന്നതായിരുന്നു വിഷമം! എപ്പോഴും എല്ലാം നേരായ കോണിലൂടെ നോക്കിക്കാണുന്നതിനു പകരം ഇടക്കൊക്കെ, ഉത്തരത്തില്‍ അള്ളിക്കിടക്കുന്ന പല്ലിയെപ്പോലെ ,തലതിരിഞ്ഞ ഈ ലോകം ഒന്ന് നോക്കിക്കാണുന്നതും നല്ലതല്ലേ...
ഇതില്‍ യോഗക്കെന്തു സ്ഥാനം? അതിന്റെ ഗുണഗണങ്ങള്‍ എന്ത് എന്നെല്ലാം ഒന്ന് പരീക്ഷിച്ചുനോക്കാം.

ശീര്‍ഷാസനം:

ശീര്‍ഷാസനം എന്ന വാക്ക് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. അത്രക്കും പ്രസിദ്ധമാണിത് . യോഗയില്‍ പ്രമുഖസ്ഥാനം ഇതലങ്കരിക്കുന്നു. ശരീത്തിനു മൊത്തം ഗുണപരമായ വ്യത്യാസം വരുത്താന്‍ ഇതിനു കഴിവുണ്ട്. ശാരീരികം മാത്രമല്ല; മാനസികമായ ഉണര്‍വ്വും ഇതുമൂലം ലഭിക്കുന്നുണ്ട് . മനശാന്തി ലഭിക്കുന്നു. കണ്ണിലേക്ക് രക്തയോട്ടം കൂട്ടുന്ന ഒരു ആസനമായതിനാല്‍ 'കണ്ണില്‍ ചോരയില്ലാത്ത'വര്‍ നിര്‍ബന്ധമായും ഇതനുഷ്ടിക്കേണ്ടതാണ് .  ഈ ആസനം ചെയ്യാന്‍, ഒരു ദിവസമെന്കിലും ബ്രഹ്മചര്യം അനുഷ്ടിക്കണമെന്ന ഒരു 'ലളിതസുന്ദരനിബന്ധന'യുള്ളതിനാല്‍ പലര്‍ക്കും ഇതൊരു കീറാമുട്ടി ആകാറുണ്ട്.  എന്നാല്‍, ഈ ആസനം അനല്പമായ ഗുണഫലങ്ങള്‍ നമുക്ക് നല്‍കുന്നു എന്നത് നിസാരമാക്കരുത് .
ചെയ്യേണ്ട വിധം:
അല്പം കട്ടിയുള്ള ഒരു ഷീറ്റ്  മടക്കി തറയില്‍ വക്കുക (കനമുള്ള കാര്‍പെറ്റില്‍ ആണെങ്കില്‍ ഇതിന്റെ ആവശ്യം ഇല്ല) കൈവിരലുകള്‍ തമ്മില്‍ കോര്‍ത്തു തറയില്‍ മലര്‍ത്തിവച്ച് മുട്ടുകുത്തിയിരിക്കുക. ഇനി, തലയുടെ നെറുകഭാഗം കൈക്കുള്ളിലും നെറ്റി തറയിലും പതിഞ്ഞിരിക്കും വിധം തലവച്ച് ഒരു കുതിപ്പോടെ ശരീരം മുകളിലെക്കുയര്‍ത്തുക. ഈ സമയം കാല്‍മുട്ടുകള്‍ നിവര്‍ത്തേണ്ടതില്ല. ശരീരം കുത്തനെ ആയി ബാലന്‍സ്‌ ചെയ്തതിനു ശേഷം കാലുകള്‍ മെല്ലെ ഉയര്‍ത്തി 90ഡിഗ്രി ആയി വരുന്ന അവസ്ഥയില്‍ നില്‍ക്കുക. ഇപ്പോള്‍ ശീര്‍ഷാസനത്തിന്‍റെ പൂര്‍ണ്ണരൂപമായി. ഇനി സാധാരണ പോലെ ശ്വാസോച്ഛ്വാസം ചെയ്യാം. ദിവസേന അല്പാല്പമായി സമയം ദീര്‍ഘിപ്പിക്കുക. യോഗാസന്തിന്റെ അവസാനഘട്ടത്തില്‍ ആണ് ഇത്തരം ഇനങ്ങള്‍  ചെയ്യേണ്ടത്. എപ്രകാരം ശീര്‍സാനത്തിലേക്ക് ഉയര്‍ന്നുവോ, അപ്രകാരം തന്നെ അതില്‍ നിന്നു വിരമിക്കുക.

വിപരീത കരണീമുദ്ര:
ആസനമുറകളില്‍ അതിവിശിഷ്ടമായ ഒരു 'മുദ്ര'യാണിത്. അരമണിക്കൂര്‍ ദിനേന ഇത് അഭ്യസിച്ചാല്‍ വൃദ്ധന്‍ യുവാവായി മാറുമെന്ന് യോഗമതം! ഹൃദയത്തിനും മറ്റു ആന്തരികാവയവങ്ങള്‍ക്കും സൌഖ്യം നല്‍കുന്ന ഇത് ആര്‍ക്കും വേഗത്തില്‍ അഭ്യസിക്കാവുന്നതാണ്.
ചെയ്യുംവിധം :
കാല്പാദങ്ങളും മുട്ടുകളും ചേര്‍ത്തുവച്ചു മലര്‍ന്നുകിടക്കുക. ശേഷം കാല്‍മുട്ടുകള്‍ അല്പം മടക്കി അരക്കെട്ട് മുകളിലേക്കുയര്‍ത്തുക. അതോടൊപ്പം കൈമുട്ടുകള്‍ തറയിലൂന്നിക്കൊണ്ട് അരക്കെട്ടിനെ കൈകള്‍ കൊണ്ട് വാഴക്കു താങ്ങ്കൊടുക്കും പോലെ താങ്ങി നിര്‍ത്തുക. ശേഷം,മുകളിലെ  ചിത്രത്തില്‍ കാണുന്ന പോലെയുള്ള രീതിയില്‍ ശരീരം ബാലന്‍സ് ചെയ്തുനിര്‍ത്തി ശ്വാസോച്ഛ്വാസം സാധാരണ പോലെ ചെയ്തുകൊണ്ടിരിക്കുക. രണ്ടുമൂന്നു മിനിറ്റ് ഈ നില്പ് തുടരാം. ശേഷം കാല്‍മുട്ടുകള്‍ മടക്കിയ ശേഷം കൈകള്‍ക്കുള്ളില്‍നിന്ന് അരക്കെട്ട്  സാവധാനം താഴ്ത്തി പൂര്‍വ്വാവസ്ഥയിലേക്കെത്തുക.

സര്‍വ്വാംഗാസനം:


പേര് പോലെതന്നെ 'സര്‍വ്വ അംഗത്തിനും' ഗുണമുള്ള ഒരു ആസനമാണിത്. ആന്തരികവും ബാഹ്യവുമായ അവയവങ്ങള്‍ക്ക് ഇത് വളരെ പ്രയോജനം ചെയ്യും. രക്തശുദ്ധീകരണം, നട്ടെല്ലിന്റെ ആരോഗ്യം, മാനസിക പിരിമുറുക്കത്തിന് അറുതി മുതലായവ ഇതില്‍ പ്രധാനമാണ്.
മുഖത്തിന്‌ രക്തയോട്ടം കൂടുന്നതിനാല്‍ മുഖതേജസ് വര്‍ധിക്കും. ശബ്ദസ്ഫുടത കൂടും. ദുസ്വപ്നം, ഭയം എന്നിവ ഇല്ലാതാകും.
ചെയ്യേണ്ട വിധം:
ആദ്യം വിപരീത കരണീമുദ്രയില്‍ നില്‍ക്കുക. ഇങ്ങനെ നിന്നുകൊണ്ട് കൈകള്‍ കുറച്ചു കൂടി ശരീരത്തിനെ മുകളിലേക്ക് തള്ളുക. (ചിത്രം ശ്രദ്ധിക്കുക) . ഉടല്‍ കുത്തനെ നില്‍ക്കും വിധം ഇതിന്റെ പൂര്‍ണ്ണാവസ്ഥയില്‍ ആകുന്നു. ഇപ്പോള്‍ നിങ്ങളുടെ താടി, നെഞ്ചിനോട്  ചേര്‍ന്ന്നില്‍ക്കുന്നു. ശേഷം സാധാരണ രീതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുക. ആദ്യപടി ഒരു മിനിറ്റിനു ശേഷം പടിപടിയായി സമയം ദീര്‍ഘിപ്പിച്ച് അഞ്ചുമിനിറ്റ് വരെയാക്കാം. തൈറോയിഡിന്റെ അസുഖക്കാര്‍ക്ക് ചില വൈദ്യന്മാര്‍ ഇത് നിര്‍ദേശിക്കാറുണ്ട്. (ഇത് ചെയ്യുന്നതിന്റെ മുന്‍പും ശേഷവും 'മത്സ്യാസനം' ചെയ്യുന്നത് വളരെ നല്ലതാണ്).

ശവാസനം:
ഈ വാക്ക് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ശവം പോലെ കിടക്കുന്നത് കൊണ്ടാണ് ഇതിനു ഇങ്ങനെ പേര് വന്നത് എന്നതില്‍ കവിഞ്ഞു ശവവും ഈ ആസനവും തമ്മില്‍ ബന്ധമില്ല. മിക്കവാറും പേര്‍ കരുതുന്നത് ഏറ്റവും എളുപ്പത്തില്‍ ഏവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒരു ആസനമാണ് ഇതെന്നാണ്. എന്നാല്‍ ഉള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ഇനമായിട്ടാണ് എനിക്കിത് അനുഭവപ്പെടുന്നത്. മനസും ശരീരവും ഒരുപോലെ തളര്‍ത്തിയിടുന്ന ഇനമാണിത്. ശരീരബലവും ശക്തിയും 'തളര്‍ത്തി'യിടാന്‍ നമുക്കാവും .പക്ഷെ മനസ്സിനെ വരുതിയില്‍ നിര്‍ത്തുക പ്രയാസകരമാണ്. ശരീരത്തിന്റെ ക്ഷീണാവസ്ഥയും മനസ്സിന്റെ പിരിമുറുക്കവും കുറക്കാന്‍ ഇതുപോലെയൊരു ഔഷധമില്ല. ഓരോ ആസനം ചെയ്യുമ്പോഴും ചിലര്‍ക്ക് ക്ഷീണം അനുഭവപ്പെടുമ്പോള്‍ 'റിലാക്സ്' ചെയ്യാന്‍ ശവാസനം തെരഞ്ഞെടുക്കാം. ഓരോ ദിവസത്തെ ആസനങ്ങളുടെ അവസാനഇനമായി ഇത് ചെയ്യല്‍ നിര്‍ബന്ധമാണ്.

ശരീരം മൊത്തം തളര്‍ത്തിയിട്ടു മലര്‍ന്നു കിടക്കുക. ശബ്ദശല്യം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക. കാലുകള്‍ പരസ്പരം തൊടാതെ അല്പം അകറ്റിവയ്ക്കുക. കൈകള്‍ ഇരുവശത്തേക്കും നിവര്‍ത്തി മലര്‍ത്തിതളര്‍ത്തി വയ്ക്കുക. തല നേരെ ഇരിക്കട്ടെ. കണ്ണുകള്‍ മൃദുവായി അടക്കുക. പേശികള്‍ അയച്ചുവിടുക. ശ്വാസോച്ഛ്വാസം സാധാരണപോലെ ചെയ്തുകൊണ്ടിരിക്കുക. ശേഷം എല്ലാ കാര്യങ്ങളില്‍നിന്നും ശ്രദ്ധ വിടുവിച്ച് , കാല്‍ വിരലുകള്‍ മുതല്‍ വളരെ സാവധാനം - പാദങ്ങള്‍, കണംകാല്‍, കാല്‍മുട്ട്, തുടകള്‍, അരക്കെട്ട്, വയര്‍, നെഞ്ചു, കഴുത്ത്, കവിള്‍ , മൂക്ക്, കണ്ണുകള്‍, നെറ്റി, തലമുടി ....മുതലായ സ്ഥലങ്ങളിലേക്ക് ക്രമമായി സാവധാനം  ശ്രദ്ധകൊടുത്ത് ആഭാഗങ്ങള്‍ 'തളര്‍ത്തി'യിടുക. ഇതില്‍ നിന്ന് മനസ്സ് വേറെ തലങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ ശവാസനത്തിന്റെ പൂര്‍ണ്ണത ലഭിക്കുന്നില്ല. ഉറക്കം വരുന്നില്ല എന്ന് പരാതിപറയുന്നവര്‍ ശവാസനം ഒന്ന് പരീക്ഷിച്ചു നോക്കുക.
=====================================





ഇത് യോഗയില്‍ ഉള്‍പ്പെടുന്ന ഇനമല്ല. പക്ഷെ ഈ വ്യായാമം ശരീരത്തിന്റെ മൊത്തം അവയവങ്ങള്‍ക്ക് പ്രത്യകിച്ചു നട്ടെല്ലിനും ഉദരത്തിനും വളരെ ഉത്തമം ആണ്. ശരീരത്തിന്റെ 'വളവ്' ശരിയാകലും  ശരീരത്തിലെ മൊത്തം പേശികള്‍ക്ക് ആരോഗ്യവും ഇതുമൂലം ലഭിക്കും. വളരെ പെട്ടെന്ന് തന്നെ ഇതിന്റെ ഫലം നമുക്ക് ദര്‍ശിക്കാനാകും. എന്നാല്‍ അല്പം സൂക്ഷ്മത ആവശ്യമുള്ള ഒരു വ്യായാമം ആണിത് . അല്ലെങ്കില്‍ നമ്മുടെ ആസനം 'അത്യാസന്നം' ആവാന്‍ സാധ്യത ഉണ്ട്.
ചെയ്യേണ്ട വിധം:
മുന്നോട്ടോ പിന്നോട്ടോ തെന്നിപ്പോകുകയോ മറിഞ്ഞുപോവുകയോ ചെയ്യാത്ത സ്റ്റൂളോ കസേരയോ ആണ് ഇതിനുപയോഗിക്കേണ്ടത്. ആദ്യമാദ്യം ഒരു സഹായിയെ ആശ്രയിക്കുന്നത്  നല്ലതാണ്. രണ്ടു സ്റ്റൂളുകള്‍ , കാലിന്റെ ഉപ്പൂറ്റിയും തലയ്ക്കു താഴെ പിരടിയും ഒഴികെയുള്ള ഭാഗം രണ്ടു സ്റ്റൂള്കളുടെയും  മധ്യത്തില്‍ വരും വിധം അകലത്തില്‍ തറയില്‍ വയ്ക്കുക. ശേഷം രണ്ടിന്റെയും ഇടയിലായി ഒരു സ്റ്റൂളിനു അഭിമുഖമായി ഇരുന്ന ശേഷം  ശരീരത്തിന് പിന്നില്‍ തറയില്‍ രണ്ടു കൈകള്‍ കൊണ്ട് താങ്ങ് കൊടുത്ത് ഒരു സ്റ്റൂളില്‍ മുതുക് കയറ്റിവച്ചശേഷം ശ്വാസം ഉള്ളിലേക്ക്‌ വലിച്ചു ഒരു കാല്‍ പാദം താഴെഉറപ്പിച്ചുനിര്‍ത്തി, അടുത്ത കാല്‍ പൊക്കി മറ്റേ സ്റ്റൂളില്‍ നിവര്‍ത്തിവയ്ക്കുക. അങ്ങനെ ശരീരം ബാലന്‍സ്‌ ചെയ്തു മറ്റെകാലും നിവര്‍ത്തി ചിത്രത്തില്‍ കാണുംവിധം ശരീരം ബലപ്പെടുത്തി ഉറപ്പിച്ചു നിര്‍ത്തുക. പിന്നീട് സാധാരണപോലെ  ശ്വാസോച്ഛ്വാസം ചെയ്യാം. ക്രമേണ സമയം ദീര്‍ഘിപ്പിക്കാവുന്നതാണ്.
ശ്വാസം ഉള്ളിലേക്ക്  എടുത്തുപിടിച്ച് ഒരുകാല്‍ മാത്രം ആദ്യം താഴ്ത്തി ശരീരം ബാലന്‍സ്‌ ചെയ്തു മറ്റേ കാലും സ്റ്റൂളില്‍നിന്ന് എടുത്തു പൂര്‍വ്വസ്ഥിതിയിലേക്ക് വരാം.
**************************************
ഇതോടെ നമ്മുടെ യോഗ ക്ലാസ്‌ തല്‍കാലം പൂര്‍ണമാവുകയാണ് . നിങ്ങളെ യോഗ പഠിപ്പിക്കാനുള്ള അറിവും യോഗ്യതയും ഈ മേഖലയില്‍ എനിക്കില്ല എന്നുള്ള നല്ല ബോധ്യത്തോടെ തന്നെ , ആരും ഈ വിഷയം ബ്ലോഗില്‍ പരാമര്‍ശിച്ചിട്ടില്ലല്ലോ എന്ന 'തെറ്റിദ്ധാരണ'യോടെയാണ് ഇത് എഴുതാന്‍ തുടങ്ങിയത്. ഇത് വായിച്ചു ഒരാള്‍ക്കെങ്കിലും യോഗയോട് ഇഷ്ടം തോന്നുകയും ഗുണം ലഭിക്കുകയും ചെയ്താല്‍ ഈ പോസ്റ്റുകള്‍ക്ക്‌ പ്രയോജനം ഉണ്ടായി എന്ന് ഞാന്‍ വിശ്വസിക്കുന്നു. പലരും ഇത് വായിച്ചതിനു ശേഷം ഞാന്‍ യോഗ തുടങ്ങി എന്നറിയിച്ചു മെയില്‍ അയക്കുകയും ഫോണ്‍ ചെയ്യുകയും നേരിട്ട് പറയുകയും ചെയ്തു. പലരും സംശയങ്ങള്‍ തീര്‍ക്കാന്‍ മെയില്‍ വഴിയും ഫോണ്‍ വഴിയും ഇപ്പോഴും ശ്രമിക്കുന്നു. വളരെ അപൂര്‍വം ചിലര്‍ ഇതിന്റെ അപ്രസക്തിയെ കുറിച്ചും ആവശ്യമില്ലായ്മയെ കുറിച്ചും പ്രതികരിച്ചു. ഒന്നുരണ്ടു പേര്‍ ഇതിനു മതപരമായ മാനം നല്‍കാന്‍ ശ്രമിച്ചു. എല്ലാവരോടും നന്ദിയുണ്ട്. നമുക്ക് ലഭ്യമായ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുക എന്ന സദുദേശ്യത്തില്‍ എവിടെയെങ്കിലും പാകപ്പിഴവുകള്‍ വന്നു പോയി എങ്കില്‍ സദയം ചൂണ്ടിക്കാണിക്കുക. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും സഹര്‍ഷം സ്വാഗതം. 
എല്ലാവര്‍ക്കും ആയുരാരോഗ്യസൌഖ്യം നേരുന്നു.....
യോഗാശംസകള്‍ !!

20/03/2011

വിഷമിച്ചാലും ഇല്ലെങ്കിലും



ഇന്നലെ ടീവിയില്‍ അപ്രതീക്ഷിതമായി ,  'വിഷമിച്ചാലും ഇല്ലെങ്കിലും' എന്ന പരിപാടി കാണാനിടയായി. എന്റെ അയല്പ്രദേശത്ത് , കുറ്റിപ്പുറം - വളാഞ്ചേരി ദേശീയപാതയില്‍ റോഡില്‍ തന്നെ സ്ഥിതിചെയ്യുന്ന ആദരണീയമായ ഒരു ശവകുടീരം (ജാറം എന്ന് ശുദ്ധമലയാളം) ആയിരുന്നു വിഷയം.
ടീവി കേമറക്ക് മുന്നില്‍, ജാറത്തിന്റെ ഗുണഗണവര്‍ണ്ണനകളും അമാനുഷിക ശക്തിയും വെളിപ്പെടുത്തുന്ന ആളുകളുടെ ആവേശങ്ങളില്‍ ചിലത്....

- യാത്രക്കാര്‍ ജാറത്തിലെ ഭണ്ഡാരത്തില്‍ കാശ് ഇട്ടിട്ടു പോയാല്‍ യാത്ര ശുഭം, സ്വസ്ഥം!
- സ്ത്രീകള്‍ ഇവിടെ തൊട്ടു വണങ്ങി പ്രാര്‍ഥിച്ചാല്‍ സന്താനലബ്ധി ഉറപ്പ്!
- ഇവിടെനിന്ന് ലഭിക്കുന്ന വെളിച്ചെണ്ണ വാഹനത്തിന്മേല്‍ പുരട്ടിയാല്‍ വാഹനത്തിനു അപകടം പിണയില്ല (മൈലേജും വര്‍ധിക്കും)!
- റോഡ്‌ വികസനത്തിന്‌ വേണ്ടി മുന്‍പ് ഇത് മാറ്റി സ്ഥാപിക്കാന്‍ തുനിഞ്ഞപ്പോള്‍ ആദ്യ വെട്ടിനു തന്നെ മണ്‍വെട്ടിയില്‍ നിന്ന് ചോര ഒഴുകി! അതിനാല്‍ ശ്രമം ഉപേക്ഷിച്ചു.
- കഠിനവളവുകളും കൊക്കകളും ഈ പ്രദേശത്തു ഉണ്ടായിട്ടും അപകടങ്ങള്‍ ഉണ്ടാകാതിരിക്കുന്നത്  (????) ഇതിന്റെ ശക്തി കാരണമാണ്!

കമന്റ് ഓഫ് ദി ഇയര്‍:
ടീവി അവതാരകന്റെ ഒരു ചോദ്യത്തിന് നാട്ടുകാരനായ ഒരു പണ്ഡിതശിരോമണി (ഉസ്താദ്‌) നല്‍കിയ മറുപടി:-
" ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ആരും നേരിട്ട്  വീട്ടിലേക്കു ലൈന്‍ വലിക്കാറില്ല. എന്നതുപോലെ, ദൈവത്തിനോട് നേരിട്ട് വിളിച്ചു പ്രാര്‍ഥിക്കാന്‍ നമുക്കാവില്ല. അതുകൊണ്ടാണ് മഹാത്മാക്കളായ ആളുകളെ ഇടനിലക്കാരാക്കി നാം പ്രാര്‍ഥിക്കുന്നത് "


06/03/2011

എപ്പിസോഡ് - 40




( 13-3-2000  നു ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്) 
ക്ലോക്കിലെ സൂചികള്‍ക്ക് വല്ലാത്തൊരു ആലസ്യം! ഇടയ്ക്കിടെ അതിനു ക്ഷീണം ബാധിക്കുന്നുണ്ട് ! മനുഷ്യരെപ്പോലെ ഉറക്കംതൂങ്ങിയും എന്നാല്‍ ഇടയ്ക്കു വല്ലാത്തൊരു ഉന്മാദവും! അല്ലെങ്കിലും സമയത്തിന് കൃത്യനിഷ്ഠ എന്നൊന്നുണ്ടോ? എട്ടുമണിക്കും ഒമ്പതിനുമുള്ളിലെ ദൈര്‍ഘ്യവും വൈകീട്ട് നാലിനും അഞ്ചിനുമുള്ളിലെ ദൈര്‍ഘ്യവും തമ്മില്‍ സാരമായ അന്തരമുണ്ട്.

ഓഫീസിലെ പഴഞ്ചന്‍ മേശക്കും കരയുന്ന കസേരക്കുമിടയില്‍ കുടുങ്ങിയ ശരീരം. കനത്ത ചുമരുകള്‍ക്കുള്ളില്‍ ചുടുകാറ്റ് പൊഴിക്കുന്ന ഫാനിന്റെ ശീല്‍ക്കാരം.  അതിനുപരി, ജനങ്ങളുടെ പരാതികളും ക്രോധങ്ങളും മനസ്സിന് നല്‍കുന്ന സംഘര്‍ഷം.....

അയാളുടെ ദൃഷ്ടികള്‍ വീണ്ടും ചുമരിലെ ക്ലോക്കിലേക്ക് പാഞ്ഞു. മുടന്തിനീങ്ങുന്ന സൂചികളെ അയാള്‍ പ്രാകി. അടുത്തിടെയായി അയാളങ്ങനെയാണ് . എന്തിനോടൊക്കെയോ ഉള്ള ആര്‍ത്തി അയാളുടെ ഭാവചലനങ്ങളില്‍നിന്നൂഹിച്ചെടുക്കാനാവും. അത് അനിയന്ത്രിതവും അബോധവുമായ ചലനങ്ങളില്‍ ആവാഹിക്കപ്പെട്ടിട്ടുണ്ട്.

ക്ലോക്കില്‍ അഞ്ചുമണിയുടെ അടയാളമറിയിക്കുന്ന ആദ്യത്തെ മുഴക്കത്തില്‍തന്നെ അയാളെ ഏതോ ശക്തി കസേരയില്‍നിന്നുയര്‍ത്തി. വേഗം ഓഫീസില്‍നിന്നിറങ്ങി . കോണിപ്പടികളെ ചവിട്ടിമെതിച്ചു. ബൈക്കിന്റെ ചക്രത്തിനും ആലസ്യം ബാധിച്ചതായി അയാള്‍ക്ക്‌ തോന്നി. ആക്സിലേറ്ററിനെ എഞ്ചിന്‍ വേണ്ടത്ര ഗൌനിക്കാത്ത പോലെയും.    ഓവര്‍ടേക്ക് ചെയ്യാന്‍ മറ്റു വാഹനങ്ങള്‍ തടസ്സമായപ്പോഴും സിഗ്നലുകള്‍ തന്റെനേര്‍ക്ക്‌ ചുവപ്പെറിഞ്ഞപ്പോഴും അയാള്‍ പിറുപിറുത്തു. അഞ്ചരമണിക്ക് ടീവിയിലെ സീരിയലിന്റെ അവസാന എപ്പിസോഡിന്റെ ഉദ്യോഗജനകമാകാവുന്ന പരിസമാപ്തിയെക്കുറിച്ചുള്ള ചിന്ത അയാളുടെ തലച്ചോറില്‍ നുരഞ്ഞുപൊങ്ങി. കഴിഞ്ഞ മുപ്പത്തിഒന്‍പത് എപ്പിസോഡിന്റെ രത്നച്ചുരുക്കം സെക്കന്റുകള്‍ക്കുള്ളില്‍ അയാളുടെ മനസ്സിന്റെ തിരശീലയില്‍ അതിവേഗം മിന്നിമറഞ്ഞു. ഇനി ക്ലൈമാക്സ് എങ്ങനെയിരിക്കും? ട്രാജഡിയോ കോമഡിയോ? അയാള്‍ വിലയിരുത്താന്‍ ശ്രമിച്ചു. 'രക്തപുഷ്പ'മെന്ന ആ സീരിയല്‍ ഇത്രപെട്ടെന്ന് അവസാനിക്കുന്നതില്‍ അയാള്‍ക്ക്‌ കുണ്‍ഠിതം തോന്നി. അതിലെ രാധയുടെ സൌന്ദര്യവും നായകന്‍റെ സംഭാഷണചാതുരിയും മനസ്സില്‍നിന്ന് വിട്ടകലുന്നില്ല.

അയാള്‍ വാച്ചിലേക്ക് നോക്കി. സമയത്തിന്റെ പക്ഷപാതപരമായ പെരുമാറ്റം അയാളെ അസ്വസ്ഥനാക്കി. പതിനഞ്ചു മിനിറ്റ് എത്ര പെട്ടെന്നാണ് വിഴുങ്ങിത്തീര്‍ത്തത്! ആക്സിലേറ്ററില്‍ അയാള്‍ ഒന്നുകൂടി പിടിമുറുക്കി. കൂടുതല്‍ പുകതുപ്പിക്കൊണ്ട് ബൈക്ക്‌ കുതിച്ചു.
**************
"ശല്യം.. കേറിവരാന്‍കണ്ട നേരം.. ക്ലൈമാക്സില്‍തന്നെയാണ് ആരുടെയോ എഴുന്നള്ളത്ത് ..." 
തന്റെ സ്വച്ഛതയിലേക്ക് മണല്‍വാരിയെറിയാന്‍വന്ന ആഗതനെ ദേവകി മനസ്സാ ശപിച്ചു. 
"മോളേ...ആരാ വന്നെന്നുപോയി നോക്കിക്കേ...."
അവള്‍ പിന്നെയും കഥയുടെ അവസാന രംഗങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. വരാന്തയില്‍നിന്നുള്ള മകളുടെ അലര്‍ച്ച ടീവിയിലെ പശ്ചാത്തലസംഗീതത്തില്‍ അലിഞ്ഞില്ലാതായി.  നടുറോഡില്‍ രക്തപുഷ്പം വിരിയിച്ച് ഭര്‍ത്താവ് യാത്രയായത് അറിയാതെ അന്നേരം, 'രക്തപുഷ്പ' ത്തിലെ തന്റെ ഇഷ്ടനായകന് ബൈക്കപകടത്തില്‍ ജീവാപായം സംഭവിച്ചുള്ള കഥാന്ത്യം കണ്ടു ദേവകി കണ്ണീര്‍ പൊഴിക്കുകയായിരുന്നു.