( 13-6-2001 - നു മാധ്യമത്തില്‍ അച്ചടിച്ച് വന്നത്)
കുഞ്ഞിന് ഉറക്കം വന്നില്ല. അവന്‍ എഴുന്നേറ്റ് കംബ്യൂട്ടറിന്നരികിലെത്തി. കീബോര്‍ഡില്‍ വിരലമര്‍ത്തി. " www. മുത്തശ്ശി.com"
പല്ലില്ലാമോണകാട്ടി ചിരിച്ചുകൊണ്ട് മുത്തശ്ശി മോണിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.
" കഥ പറയൂ മുത്തശ്ശീ.."
" പണ്ട് പണ്ട് ഒരു കുറുക്കനും മുയലും..."
" വേണ്ട മുത്തശ്ശീ. അക്കഥ വേണ്ട. കഥയില്ലാതെ അന്നംതേടി അലയുന്നവര്‍ക്കെന്തു കഥ?"
" പണ്ട് ഒരു രാജാവും ഒരു രാജ്ഞിയും....."
" നിര്‍ത്തൂ മുത്തശ്ശീ.. കഥ തന്നെ മാറ്റി എഴുതാന്‍ കഴിയുന്നവരുടെ കഥകള്‍ നമ്മളെന്തിനു പഠിക്കണം?"
" പണ്ട് പണ്ട് ദൈവത്തിനു സ്വന്തമായി ഒരു നാടുണ്ടായിരുന്നു. സുന്ദരമായ പ്രകൃതിയോടെ , ശ്രേഷ്ടമായ കാലാവസ്ഥയോടെ സൃഷ്ടിക്കപ്പെട്ട ആ നാട്ടില്‍ ജനങ്ങളെല്ലാം ഒത്തൊരുമയോടെ വസിച്ചു.
പണ്ട് മുതലേ മാനത്ത് നിന്നൊരു മാമന്‍ അവര്‍ക്ക് വെള്ളിക്കിണ്ണത്തില്‍ പാല്‍ നിര്‍ലോഭം പകര്‍ന്നു നല്‍കുമായിരുന്നു. പഞ്ചസാര വേണ്ടാത്ത അതീവമധുരമുള്ള പാല്‍! ജാതി മത വര്‍ണ്ണ വര്‍ഗ ലിംഗ ഭേദമന്യേ സസന്തോഷം മാമനത് നല്‍കുകയും ജനങ്ങള്‍ ആവോളം നുകരുകയും ചെയ്തു.
ഇതിനിടെ , മാമന് അവകാശവാദവുമായി ഒരു വിഭാഗം രംഗത്തെത്തി. മറ്റുള്ളവരും വിട്ടുകൊടുത്തില്ല. ഓരോരുത്തരും അവരവരുടെതെന്നു വാദിച്ചു. നേതാക്കള്‍ അണികള്‍ക്കിടയില്‍ വര്‍ഗീയവിഷം കുത്തിവച്ചു. ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. ബോംബുകളും വെടിയുണ്ടകളും അന്തരീക്ഷത്തില്‍ പറന്നു നടന്നു. നാട് കത്തിയെരിഞ്ഞു. പറവകള്‍ നാടുവിട്ടു പറന്നു. ഇഴജന്തുക്കള്‍ മണ്ണിനടിയില്‍ ഭീതിയോടെ കഴിച്ചു കൂട്ടി. നാല്കാലികള്‍ കാട്ടിലേക്കോടി . മനുഷ്യത്വം കണ്ടു മൃഗീയത നാണിച്ചുനിന്നു. ഒടുവില്‍... ആ നാട്ടില്‍ ജനങ്ങളാരും അവശേഷിച്ചില്ല".
കുഞ്ഞിന്റെ കൂര്‍ക്കം വലി ഉയര്‍ന്നപ്പോള്‍ മുത്തശ്ശി മെല്ലെ സ്ക്രീനില്‍ നിന്നു അപ്രത്യക്ഷയായി. അപ്പോഴും മാമന്‍ പാല് പകര്‍ന്നു നല്കുന്നുണ്ടായിരുന്നു.
