31/05/2011

അത് പോയി!



അന്നെനിക്ക് പത്ത് പതിനൊന്നു വയസ്സ് കാണും..
ഗ്രാമത്തിലെ പള്ളിയിലെ മൌലവിക്ക് പതിവായി ഉച്ചഭക്ഷണം നല്‍കിക്കൊണ്ടിരുന്ന വീട്ടുകാര്‍ വീടുവിറ്റു സ്ഥലം മാറിപ്പോയതിനാല്‍ അദ്ദേഹത്തിന്റെ ഭക്ഷണക്കാര്യം പള്ളിക്കമ്മറ്റിയില്‍ ചര്‍ച്ചാവിഷയമായി. ഒരു സത്കര്‍മ്മമായി തോന്നിയതിനാല്‍ എന്റെ പിതാവ് ആ ദൌത്യം ഏറ്റെടുത്തു.

ഓര്‍മ്മവച്ചകാലം മുതല്‍ ഉപ്പ മക്കളോടൊപ്പം ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ജോലിക്കാരുണ്ടെങ്കില്‍  അവരും കൂടി ഉണ്ടാകും. 'ഒന്നിച്ചുണ്ണുന്ന കുടുംബത്തിനേ ഒരുമയുണ്ടാകൂ' എന്നാണു അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെ ഉച്ചഭക്ഷണത്തിനു ഒരംഗം കൂടി വര്‍ധിച്ചു.

വളരെ സരസനും സല്സ്വഭാവിയുമായിരുന്നു മൌലവി. പക്ഷെ എനിക്ക് അദ്ദേഹത്തിന്റെ വരവ് തീരെ പിടിച്ചില്ല എന്ന് മാത്രമല്ല; വീട്ടിലെ വരവ് മുടക്കാന്‍  വല്ല സൂത്രമൊപ്പിക്കാനുള്ള ചിന്തയും മനസ്സില്‍ പരുവപ്പെടുത്തിത്തുടങ്ങി. അതിനു കാരണങ്ങള്‍ പലതാണ് . ഒന്നാമത്- 
'അതിഥി ദേവോഭവ:' എന്നാണല്ലോ. അതിനാല്‍ വറുത്തമീനും മറ്റു സ്പെഷ്യല്‍ വിഭവങ്ങളും വലുത് തന്നെ നോക്കി ഉപ്പ മൌലവിക്ക് കൊടുക്കും! 
രണ്ടാമത്- നമ്മളെത്ര വിശന്നാലും , എത്ര വൈകിയാലും മൌലവി വന്നിട്ടേ ഭക്ഷണം കഴിക്കൂ!
ഇനി കാരണങ്ങള്‍ വേറെയുമുണ്ട്. അദ്ദേഹത്തിന്റെ ഭക്ഷണരീതി അല്പം വ്യത്യസ്തമാണ്. കറിയൊ ഴിച്ച് ചോറുരുളയാക്കി നിലംതൊടാതെ ഒരു പിടിയാണ്. മീനോ അനുബന്ധ 'ടച്ചിംഗ്സോ' വെള്ളമോ തൊടുകപോലുമില്ല! ചോറ് മുഴുവന്‍ തിന്നതിന് ശേഷം- പപ്പടം, അച്ചാര്‍, വറവിട്ടത് മുതലായവ കാലിയാക്കും. പിന്നീട് മീന്‍ കഷ്ണം മുഴുവനായി വായിലിട്ടശേഷം , ഉറയില്‍ നിന്ന് വാള്‍ വലിച്ച് ഊരുംപോലെ , മീന്‍മുള്ളിന്റെ അഗ്രം പിടിച്ചൊരു വലിയാണ്! മീനിന്റെ മാംസം മുഴുവന്‍ വായിലും മുള്ള് മൌലവിയുടെ കയ്യിലും! ശേഷം രണ്ടു ഗ്ലാസ് വെള്ളം. ഇതാണ് രീതി. 

ഇതൊക്കെ സഹിക്കാമായിരുന്നു. ഉപ്പാന്റെ മുന്നില്‍ അദ്ദേഹത്തിനു ആളാവാന്‍ വേണ്ടി ചിലനേരത്ത് നടത്തുന്ന ക്രൂരകൃത്യമാണ് അസഹനീയം. ചില ദിവസം ഭക്ഷണശേഷം എന്നെ വിളിച്ചു ഉപ്പാന്റെ മുന്നില്‍വച്ച് ചില ചോദ്യങ്ങള്‍ ചോദിക്കും. അല്ലെങ്കില്‍ വിശുദ്ധ ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ കാണാതെ പാരായണം ചെയ്യാന്‍ ആവശ്യപ്പെടും. ഇതിനെക്കാള്‍ വല്യ ദ്രോഹം വേറെയുണ്ടോ ? അതുവരെ തിന്ന ചോറൊക്കെ ദഹിച്ചുപോകും! ഇങ്ങനെ മൌലവി എനിക്കൊരു പാരയായി മാറുകയും ഊണിലും ഉറക്കിലും അദ്ദേഹത്തെ തുരത്താന്‍ വഴിയാലോചിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് അത് സംഭവിച്ചത്!!

മൌലവി അന്നും പതിവുപോലെ 'അന്നദാനം' നടത്തിക്കൊണ്ടിരിക്കുകയാണ് . ചോറൊക്കെ തിന്നുകഴിഞ്ഞു. ടച്ചിംഗ്സും അകത്താക്കി. അടുത്തത് മുഴുത്തൊരു അയലക്കഷ്ണത്തിന്റെ ഊഴമാണ്. കഷ്ണം മൊത്തമായി വായിലിട്ടുകഴിഞ്ഞു. അത്ഭുതങ്ങള്‍ സംഭവിക്കും കാലമല്ലേ?  മീനിനു ജീവന്‍വച്ച് കാണും! മൌലവിക്ക് മീനിന്റെ മുള്ള് പിടിക്കാന്‍ കഴിഞ്ഞില്ല. അത് താഴേക്കു പോയി! കണ്ഠനാളിയില്‍ സ്റ്റോപ്പ്!!!  

 "ഈ........."    ജീവിതത്തില്‍ ഞാനിതുവരെ കേള്‍ക്കാത്ത ഒരു തരം ഭീകരശബ്ദം അദ്ദേഹത്തില്‍നിന്ന് പുറത്ത്‌വന്നുകൊണ്ടിരുന്നു! സൈക്കിളിന് കാറ്റടിക്കുമ്പോള്‍ ഉയരുന്ന ശബ്ദത്തിന് ഏകദേശസാമ്യം ഉണ്ടെന്നുപറയാം. അദ്ദേഹത്തിന്റെ കണ്ണുകള്‍ തുറിച്ചു. മനുഷ്യന്റെ കണ്ണുകള്‍ക്ക്‌ ഇത്രേം വലിപ്പമുണ്ടെന്നു അന്നാണെനിക്ക് ബോധ്യമായത്. ഇതെല്ലാം കണ്ടു എല്ലാരും അന്തംവിട്ടു കുന്തം പോലെ ഇരിക്കുന്നു. മൌലവിയുടെ അടുത്ത് ഞാനായിരുന്നു ഇരുന്നിരുന്നത്. അതിനാല്‍ ഉപ്പ എന്നോട് വിളിച്ചു കൂവി . " തലക്കടിയെടാ................" 
അന്തം വിട്ടിരിക്കുന്ന എനിക്ക് ആദ്യം ഒന്നും പിടികിട്ടിയില്ല. പിന്നെയാണ് ലഡു പൊട്ടിയത്! കിളിയുടെ വിശപ്പും മാറും, പോത്തിന്റെ കടിയും മാറും- എന്ന് പറഞ്ഞ പോലെ ,മൌലവിയുടെ തലയില്‍ എന്റെ വലത്തെ കൈകൊണ്ട് തന്നെ ആഞ്ഞടിച്ചു. കയ്യിലെ ഭക്ഷണാവശിഷ്ടം അദ്ദേഹത്തിന്റെ തലയില്‍ ആയി എന്നല്ലാതെ എന്ത് ഫലം! മീനിനു ദയ തോന്നിയില്ല. രക്ഷയില്ലെന്നു കണ്ടു ഉപ്പ വീണ്ടും വിളിച്ചുകൂവി . " ഡാ...ടാക്സി വിളിയെടാ...വേഗം..."

മൌലവിയുടെ 'ഈ..' വലികള്‍ക്കിടയില്‍ , കൈപോലും കഴുകാതെ ഞാന്‍ അങ്ങാടിയിലെക്കോടി. ടാക്സി വിളിച്ചുകൊണ്ട് വന്നു. എല്ലാരും കൂടി അദ്ദേഹത്തെ ടാക്സിയില്‍ കയറ്റി. കൂടെ ഞാനും ഉപ്പയും. ഹെഡ്‌ ലൈറ്റിട്ട് , നിര്‍ത്താതെ ഹോണുമടിച്ച് കാര്‍ ചീറിപ്പാഞ്ഞു. മേമ്പൊടിക്ക് മൌലവിയുടെ 'ഈ...' വിളിയും. പേടിച്ചരണ്ട് ഞാനും ഉപ്പയും.
തളര്‍ന്നവശനായ മൌലവിയുടെ നെഞ്ചു തടവിക്കൊടുക്കാന്‍ ഉപ്പ ആവശ്യപ്പെട്ടപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് കഴുകാത്ത എന്റെ കൈകൊണ്ട് തന്നെ ഞാന്‍ നന്നായി തടവിക്കൊടുക്കുകയും ഒരു മിനിട്ടിനകം എന്റെ കൈ പരിപൂര്‍ണ്ണമായി വൃത്തിയാവുകയും ചെയ്തു എന്നല്ലാതെ മൌലവിക്കു പ്രത്യക ഗുണമൊന്നും ഉണ്ടായില്ല. 

കാര്‍ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. പത്തു പന്ത്രണ്ടു കിലോമീറ്റര്‍ പിന്നിട്ടുകാണും. കാറ് ആശുപത്രിയുടെ ഗേറ്റ് എത്താനായതും മൌലവി ഒറ്റ ഡയലോഗ്.  " വണ്ടി നിര്‍ത്ത്...."
എന്ത്പറ്റി എന്നറിയാതെ ഡ്രൈവര്‍ കാറ് നിര്‍ത്തി.ഞാനും ഉപ്പയും മൌലവിയുടെ മുഖത്തേക്ക് നോക്കി. വിയര്‍ത്ത ശരീരവും നേരിയ ചമ്മലുമായി മൌലവി ഉവാച:  " അത്....പോയി "  

ആരും ഒന്നും മിണ്ടിയില്ല. പക്ഷെ ഡ്രൈവറുടെ സീറ്റില്‍ നിന്ന് മാത്രം, സ്റ്റാര്‍ട്ട് ആവാത്ത കാറിന്റെ പോലെ എന്തോ  അപശ്രുതി ഉയര്‍ന്നു (അമര്‍ത്തിച്ചിരിക്കുന്നതിന്റെയോ മറ്റോ ആവാം). വണ്ടി തിരിച്ചുവിട്ടു. 
കൈവിട്ടുപോയെന്ന്  കരുതിയ ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ മൌലവി.
വിരുന്നുകാരന്‍ വന്നാലും വെളിച്ചപ്പാട് വന്നാലും കോഴിക്ക് തന്നെ കേട് - എന്നോര്‍ത്ത് വിഷാദത്തോടെ  ഉപ്പ.
കല്യാണമായാലും മരണമായാലും പന്തലുകാരന് കോള് - എന്ന് പറയുംപോലെ, സന്തോഷത്തോടെ കാര്‍ ഡ്രൈവര്‍.
ഇന്നത്തോടെ മൌലവിയുടെ ശല്യം ( വീട്ടില്‍ വരുന്ന കാര്യമാണേ....) തീരുമോ എന്ന ആകാംക്ഷയില്‍ ഞാന്‍.

അങ്ങനെ പള്ളിമുറ്റത്ത്‌ കാര്‍ നിര്‍ത്തി.മൌലവി ഇറങ്ങി. പള്ളിവളപ്പില്‍ തന്നെയാണ് അദ്ദേഹത്തിന്റെ താമസം. വളരെ മയത്തില്‍ അദ്ദേഹത്തിനോട് ഉപ്പ ഇങ്ങനെ പറഞ്ഞു- "ഇനിമുതല്‍ മൌലവി വരണ്ട കേട്ടോ.....നമുക്ക് വേറെ എന്തെങ്കിലും വഴിയുണ്ടാക്കാം ....".
ഇത് കേട്ടപ്പോള്‍ എനിക്ക് തുള്ളിച്ചാടാന്‍ തോന്നി. ഇനിമുതല്‍ എനിക്ക് വല്യ കഷ്ണം മീന്‍ കിട്ടും. സ്കൂളില്‍ നിന്ന് വന്നപാട് ചോറ് തിന്നാം. ഉപ്പാന്റെ മുന്നില്‍ വച്ച് ചോദ്യം ചെയ്യല്‍ ഇല്ല. ഉപ്പയാണ് ഉപ്പാ  ഉപ്പ!.
പക്ഷെ....സന്തോഷത്തിനു അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. മൌലവിയില്‍ നിന്ന് കേട്ട ഉത്തരം തീരെ പ്രതീക്ഷിക്കാത്തതായിപ്പോയി! അത് കേട്ടപ്പം ഞാന്‍, മന്ത്രി സ്ഥാനം കഷ്ടിച്ച് നഷ്ടപ്പെട്ട എം എല്‍ എ യെ പ്പോലെയായി!
ഉപ്പാന്റെ അവസ്ഥയോ , തൊണ്ടയില്‍ മീന്‍ കുടുങ്ങിയ പോലെയും!
മൌലവിയുടെ ഉത്തരം എന്നെ ചൂണ്ടിക്കൊണ്ട് ഇപ്രകാരമായിരുന്നു-
"അതാ നല്ലത് സാഹിബേ... ഇനിമുതല്‍ ഇവന്റെ പക്കല്‍ ഭക്ഷണം ഇങ്ങോട്ട് കൊടുത്തയച്ചാല്‍ മതി.."

15/05/2011

ബന്ധങ്ങള്‍



അന്ന് ഞാന്‍ നിനക്ക് എത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു!
ഇന്ന്, തളര്‍ന്നു അവശതയോടെ ഞാനീ   കട്ടിലില്‍...!
അന്ന് നീ സ്വന്തം കൈകൊണ്ടു സ്നേഹവായ്പ്പോടെ എനിക്ക്  ഭക്ഷണം  വാരിത്തന്നിരുന്നു.
ഇന്ന്,എന്റെ കൈയെത്തും ദൂരത്തു ജനല്‍പടിയില്‍ എന്റെ മരുന്ന് നിന്റെ വരവും കാത്തു കിടക്കുന്നു !
അന്ന്, ഒരു നിമിഷം പോലും എന്നെ പിരിഞ്ഞിരിക്കാനാവില്ല  എന്ന  നിന്റെ വാക്കുകള്‍  എന്നെ പുളകം  കൊള്ളിച്ചിരുന്നു...
ഇന്ന്  മൊബൈലില്‍ പലരുമായും   ചിരിച്ചുല്ലസിച്ചു കൊണ്ട് നീ വരാന്തയില്‍ !
അന്ന്, അതിഥികള്‍ വരുമ്പോള്‍  നിനക്കാവേശമായിരുന്നു.
ഇന്ന്, എന്നെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ നിനക്ക്  ശല്യമായി.
അന്ന് , ശവപ്പെട്ടി കണ്ണില്‍ പെടുന്ന ദിനം നിദ്രയെ നീ ഭയന്നിരുന്നു..
ഇന്ന്, എനിക്ക് വേണ്ടി ഒരു ശവപ്പെട്ടി നീ ആഗ്രഹിച്ചു തുടങ്ങി!
ഈ എകാന്തതയേക്കാള്‍ ,  ഞാനും ഇപ്പോള്‍ ആഗ്രഹിക്കുന്നത് അത് തന്നെ!!!!