പാചകവാതകത്തിന് വെറും അമ്പതുരൂപ വര്‍ധന !
ഡീസലിന് നിസ്സാരമായ മൂന്നു രൂപ മാത്രം വര്‍ധിപ്പിച്ചു !!
മണ്ണെണ്ണ ഇപ്പോള്‍ 'ആദിവാസികള്‍' മാത്രം ഉപയോഗിക്കുന്നതിനാല്‍ വെറും രണ്ടു രൂപ കൂട്ടി !
ഇനി കുറച്ചുനാള്‍ ചുവപ്പും കുങ്കുമവും മറ്റുചില സങ്കരനിറങ്ങളുമെല്ലാം ഉഷാറാകും , പാതകള്‍ അവര്‍ കീഴടക്കും. അട്ടത്ത് കയറ്റിയ കൊടികള്‍ പൊടിതട്ടിയെടുക്കും.....
പച്ചയും ത്രിവര്‍ണ്ണവും മറ്റു സ്തുതിപാഠകരുമെല്ലാം ഒട്ടകപ്പക്ഷികളാവും. ഇവരിലെ ഒറ്റപ്പെട്ട ചില വായാടികള്‍ ടീവി കേമറക്കുമുന്നില്‍ കലപില നടത്തും. ഇരുട്ട് കൊണ്ട് ഓട്ടയടച്ചു നമ്മെ കോവര്‍കഴുതകളാക്കും ....
ഇനി, വിലകൂടിയകാരണത്താല്‍ ഉടനെ സൂപ്പര്‍ നിരാഹാരവും കിടിലന്‍ ഹര്‍ത്താലും പ്രതീക്ഷിക്കാം.
കൂലിവര്‍ധനവിന് വേണ്ടി ത്രിദിന വാഹനപണിമുടക്കും വരാനിരിക്കുന്നു .ഫലം ചിന്ത്യം! ആനന്ദലബ്ധിക്കിനി വേറെന്തുവേണം! ആഘോഷിക്കാന്‍ നമുക്ക് ഇനിയും ജന്മം ബാക്കി.
ഇന്ത്യയില്‍ കുടിവെള്ളക്ഷാമമുണ്ടെങ്കിലെന്ത് ? ചന്ദ്രനില്‍ വെള്ളമൊഴുക്കുണ്ടോ എന്നറിയാന്‍ നമുക്ക് കോടികളോഴുക്കാം ..
പാവങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയാലെന്ത്? പാവം എണ്ണക്കമ്പനികള്‍ കെറുവിച്ചുകൂടാ...
വലിയേട്ടന്മാര്‍ കുടിശ്ശികവരുത്തിയ കോടാനുകോടി നികുതിപിരിച്ചാല്‍ ഇന്ത്യക്ക് ഇന്ധനക്ഷമത കൂടില്ലേ ? സ്വിസ്സ് ബാങ്കിലുള്ള കള്ളപ്പണം കണ്ടുകെട്ടിയാല്‍ ഇന്ത്യയുടെ ഗ്യാസ്ട്രബിള്‍ മാറില്ലേ ? അഴിമതിക്കാരെ അകത്തിട്ടാല്‍ ഭരണവേഗത വര്‍ദ്ധിക്കില്ലേ ....ഇത്തരം വിഡ്ഢിത്തരങ്ങളൊന്നും ചോദിച്ചേക്കരുത്.
നാടിന്റെ അഭിവൃദ്ധിക്കു ഇന്ത്യന്‍ ജനത അല്പം ബുദ്ധിമുട്ട് ഏറ്റെടുക്കണം എന്നാണു തലപ്പാവ് കെട്ടിയ മേലാവിന്റെ ഫത്‌വ!!
ഈ തലപ്പാവിന്റെ നവസാമ്പത്തിക ഉദാരീകരണപരിഷ്കാരമഹാമഹം കൊണ്ട് ഇന്ത്യ പുരോഗമിച്ചു പുരോഗമിച്ചു ഇപ്പോള്‍ നാട്ടിലെ പിച്ചക്കാര്‍ പോലും കോട്ടും ടൈയും ധരിച്ചാണ് നടപ്പ്!
ന്യൂനാല്‍ ന്യൂനപക്ഷമായ പാവം കോടീശ്വരന്‍മാര്‍!! എന്നും പട്ടിണിതന്നെ!!!!
എതായാലും , ഇനി ആത്മഹത്യകള്‍ അപൂര്‍വമാകുമെന്നു നമുക്ക് പ്രത്യാശിക്കാം...
കാരണം; ഗ്യാസും മണ്ണെണ്ണയും പെട്രോളും ഡീസലുമൊന്നും ഉപയോഗിച്ച് ഇനിയാരും ആ പണിക്ക് മുതിരുമെന്ന് തോന്നുന്നില്ല!


