28/07/2011

വെള്ളിക്കായ്‌ത്തോട്



"എടാ .. നമുക്കൊന്ന്  വീശണ്ടേ ? "
കഴിഞ്ഞ തവണ ലീവിന് പോയപ്പോള്‍ അയല്‍വാസിയായ സുഹൃത്തിന്റെ ക്ഷണം ഞാനാശിച്ചത് തന്നെയായിരുന്നു. ഗള്‍ഫില്‍ അതിനുള്ള സാഹചര്യം ലഭിക്കാറുമില്ലല്ലോ 
"വൈകുന്നേരം നോക്കാം .. നീ സാധനങ്ങളുമായി വാ.." എന്ന് ഞാന്‍.
"ആരും അറിയണ്ട കേട്ടോ. അവര്‍ക്കും ഷെയര്‍ ചെയ്തില്ലെങ്കില്‍ മോശമാ." അവന്റെ യഥാര്‍ത്ഥ ബുദ്ധി അവനും പ്രകടിപ്പിച്ചു.

വൈകീട്ട് അഞ്ചു മണി. എന്റെ വീടിന്റെ ഇരുന്നൂറു മീറ്റര്‍ അപ്പുറത്തുള്ള 'വെള്ളിക്കായ്‌ത്തോടിനെ' ലക്‌ഷ്യമാക്കി ഞങ്ങള്‍ നടന്നു. നേരിയ ചാറ്റല്‍ മഴ കാര്യമാക്കിയില്ല. വീശുന്നതിനു മഴയുള്ളതും ഒരു സുഖമാണ്. പക്ഷെ പനി വന്നു കിടപ്പിലാകുന്നത് നമ്മുടെ അംഗുലീപരിമിതമായ അവധിദിനങ്ങളെ തിന്നുകളയുമെന്ന പേടിയുള്ളതിനാല്‍ പഴയ ഒരു പോളിത്തീന്‍കവര്‍ ഞാന്‍ തലയില്‍ ചൂടി.
"മഴകൊണ്ട് ദീനം വന്നു കിടക്കണ്ട കുട്ട്യേ...കൊടയോന്നൂല്യെ?" 
സ്നേഹമസൃണമായ ഉപദേശം എന്റെ അയല്‍വാസി അമ്മിണിചേച്ചിയുടെതാണ് .
"മഴനനഞ്ഞുനടക്കുന്ന സുഖം, കുടചൂടിയാല്‍ കിട്ടില്ലല്ലോ ചേച്ച്യേ ...." എന്നെനിക്ക് പറയണമെന്നുണ്ടായിരുന്നെങ്കിലും അതൊരു പുഞ്ചിരിയില്‍ ഒതുക്കി.

ചേച്ചിയുടെ വീട്ടുമുറ്റത്തെ ചെണ്ടുമല്ലിപ്പൂക്കള്‍ മഴയത്ത് വിറച്ചുനില്‍ക്കുന്നു. ഓടിട്ട വീടിന്റെ ഇറയത്തുനിന്നു  ഊര്‍ന്നിറങ്ങുന്ന മഴത്തുള്ളികള്‍ക്ക് നല്ല 'താളവും ലയവും'.   അതിനു മേമ്പൊടിയായി ചെമ്പരത്തിച്ചെടികള്‍ മഴയോടോപ്പമുള്ള നനുത്ത കാറ്റില്‍ ആടുന്നത് കണ്ടപ്പോള്‍ , അറബികളുടെ നൃത്തം മനസ്സിലെക്കോടിയെത്തി ! അപ്പുറത്തെ വീട്ടില്‍ യൂസഫ് , വരാന്തയില്‍ തന്റെ നഗ്നമായ നെഞ്ചില്‍ കൈകള്‍ കൊണ്ട് ഗുണനചിഹ്നം ഇട്ടു നില്‍ക്കുന്നു. അദ്ധേഹത്തിന്റെ മുഖത്ത് ,അന്നത്തെ ജോലി മുടങ്ങിയതിന്റെ സങ്കടമോ അതോ സന്തോഷമോ എന്നെനിക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ല.

"ഡാ..നീ മഴയത്ത് നിന്ന് സ്വപ്നം കാണുകയാണോ? വേഗം വാടാ..."
സുഹൃത്തിന്റെ വിളിയാണ് . നാട്ടില്‍ സ്ഥിരതാമസക്കാരനായ അവനറിയില്ലല്ലോ നാട്കടത്തപ്പെട്ടവന്റെ ഗൃഹാതുരത്വം!
പാടത്തുനിന്നു വയറുനിറയെ പുല്ലു അകത്താക്കി തന്റെ യജമാനന്റെ കൂടെ മടങ്ങിപ്പോകുന്ന എരുമ എന്നെ കണ്ടഭാവം നടിച്ചില്ല! ഞാന്‍ കഴിഞ്ഞ ലീവിന് വന്നപ്പോള്‍ ഒരു കുഞ്ഞായിരുന്ന ഇവളെ  വയലില്‍ കയറും പിടിച്ചു മണിക്കൂറുകളോളം പലപ്രാവശ്യം മേയ്ച്ചതാണ്. മറ്റൊന്നും കൊണ്ടല്ല. എന്റെ ബാല്യം ഇത്തരം പ്രവര്‍ത്തികളാല്‍ സമ്പന്നമായിരുന്നു. അത്തരം ഓര്‍മ്മകള്‍ അയവിറക്കുന്നതിന്റെ ഒരു സുഖം നുകരാന്‍ വേണ്ടി മാത്രം. ആ എരുമയാണ് എന്നെ കണ്ട ഭാവം നടിക്കാതെ കടന്നു പോയത്! മൃഗങ്ങളായാല്‍ നന്ദി വേണം നന്ദി .

"ആദ്യം നീ വീശ്..കുറെ കാലമായില്ലേ " സ്നേഹിതന്‍ വീണ്ടും എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി.
"വേണ്ടടാ .. നീ വീശിക്കോ . ഞാനിവിടെ ഈ തോട്ടിലെ ഒഴുക്കിന്റെ ഭംഗി കണ്ട് , ഒഴുകിവരുന്ന വസ്തുകള്‍ ശ്രദ്ധിച്ച് , നിന്റെ വലയില്‍ കുരുങ്ങുന്ന മീനുകളുടെ പിടച്ചില്‍ കണ്ട് ഇവിടെ നില്‍ക്കാം"
അവന്‍ ഒരു ത്രോബോള്‍ അഭ്യാസിയെപോലെ ഒരു കറക്കം കഴിഞ്ഞു രണ്ടാമത്തെ കറക്കത്തില്‍ വല കൃത്യമായി എറിയുന്നത് ഒരു കൌതുകം പോലെ ഞാന്‍ നോക്കിനിന്നു.

തോട്ടിലേക്ക് ചാഞ്ഞുകിടക്കുന്ന കൈതോലകള്‍ ഒഴുക്കില്‍ നേര്‍രേഖ വരക്കുന്നത് കാണാന്‍ എന്ത് ഭംഗിയാണ്! ഈ ഓലകള്‍ അറുത്തെടുത്താണ് പണ്ട്  'കൊയ്ത്തമ്മ' ( അമ്മിണിചേച്ചിയുടെ അമ്മ) ഞങ്ങള്‍ക്ക് പായ നെയ്തുതന്നിരുന്നത്. അതില്‍ കിടന്നിരുന്നപ്പോള്‍ ലഭിച്ച പുതുപ്പായയുടെ നറുമണം എന്റെ നാസാരന്ധ്രങ്ങളില്‍ ഇപ്പോഴുമുണ്ട്. പതിനായിരങ്ങള്‍ വിലയുള്ള ആധുനിക കിടക്കയില്‍ കിടന്നാലും കിട്ടാത്ത ഒരു അനിര്‍വചനീയ സുഖമുണ്ടായിരുന്നു ആ പായക്ക്‌! .

"പണ്ടാരമടങ്ങാന്‍....ഇവറ്റകളെകൊണ്ട് തോറ്റു.."    സ്നേഹിതന്റെ പ്രാക്കുകള്‍ എന്റെ സ്വപ്നത്തെ തടസ്സപ്പെടുത്തിയതിനാല്‍ ഞാന്‍ അവനെ പ്രാകിയെന്നത് നേര്. വലയില്‍ കുടുങ്ങിയ രണ്ടു മുഴുത്ത ആമകളുമായി മല്‍പ്പിടുത്തം നടത്തുകയാണവന്‍! വല കേടാക്കാന്‍ രണ്ടു ആമകള്‍ തന്നെ ധാരാളം.

മഴ ശമിച്ചിരിക്കുന്നു. തോട്ടില്‍ വെള്ളം സ്വല്പംകൂടി പൊങ്ങിയിട്ടുണ്ട് . അപ്പോഴാണ്‌ എനിക്ക് ചൂണ്ടയിടാന്‍ ഉള്ളിലൊരു മോഹവും പൊങ്ങിയത്! ചൂണ്ടയും ഇരയുമെടുക്കാന്‍ ഞാന്‍ സ്നേഹിതന്റെ വീട്ടിലേക്കോടി. പ്രകൃതിയുടെ കലപ്പയായ മണ്ണിരയാണ് മീനിനുള്ള ഇര. കിണറിന്റെ സമീപം മണ്‍വെട്ടി കൊണ്ട് മണ്ണോന്ന് ഇളക്കിയാല്‍തന്നെ യഥേഷ്ടം ലഭ്യമായിരുന്ന അവ, ഇന്ന് രാസവളത്തിന്റെ അനിയന്ത്രിതമായ ഉപയോഗം മൂലം അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്നു. ഒരു പാട് പ്രാവശ്യം ശ്രമിചിട്ടാണ് അഞ്ചാറെണ്ണത്തിനെഎങ്കിലും കിട്ടിയത്.

ചൂണ്ടയും മണ്ണിരയുമായി വരുമ്പോള്‍ ഇടവഴിയില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട നായ എന്നെ അല്പം ഭയപ്പെടുത്തിക്കളഞ്ഞു! തികഞ്ഞ ഭവ്യതയോടെ ഒരുവശത്തേക്ക് ഒതുങ്ങി മാറിനിന്ന് ലവന് പോകാന്‍ ഞാന്‍ വഴിയൊരുക്കിക്കൊടുത്തു.
"ഇവനീ നാട്ടുകാരന്‍ അല്ലല്ലോ.. ഇങ്ങനെയുമുണ്ടോ ഒരു പേടിത്തൊണ്ടന്‍ !" എന്ന് പറഞ്ഞ് എന്നെ പുച്ഛത്തോടെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവന്‍ നടന്നകന്നു. ( നായയെ എനിക്കങ്ങനെ പേടിയൊന്നുമില്ല കേട്ടോ. അഥവാ അവന്റെ കടിയേറ്റ് ഗള്‍ഫില്‍ തിരിച്ചുചെന്നാല്‍, എന്റെ മാനേജറുടെയും എന്റെയും സ്വഭാവം തമ്മില്‍ വല്യ വ്യത്യാസം ഉണ്ടാകില്ലല്ലോ എന്നോര്‍ത്തിട്ടാ ) 

പിടക്കുന്ന മണ്ണിരയെ പിടിച്ചു കഷ്ണിക്കണം. പിന്നെ ചൂണ്ടയില്‍ കോര്‍ക്കണം. പണ്ട് നിസങ്കോചം ചെയ്തിരുന്നതാണ്. പക്ഷെ ഇപ്പോള്‍ കഴിയുന്നില്ല. മണ്ണിരക്കൊപ്പം എന്റെ മനസ്സിലും ഒരു പിടച്ചില്‍!!! എന്റെ ഉരുണ്ടുകളി കണ്ട് കാര്യം മനസിലായ സ്നേഹിതന്‍തന്നെ ആ കൃത്യം ചെയ്തുതന്നു. 
ചൂണ്ടയുമായി ഒരുപാടുനേരം തികഞ്ഞ അക്ഷമയോടെ ഞാനിരുന്നു. കിം ഫലം! ഒരു അനക്കവും ബാക്കിവയ്ക്കാതെ ഇരയൊക്കെ നിര്‍ദയം മീനുകള്‍ തിന്നുതീര്‍ത്തു. പലതവണ ഇര മാറ്റിക്കൊടുത്തു. ഒരെണ്ണം പോലും എന്റെ ചൂണ്ടയില്‍ വീണില്ല! ( പണ്ടേ എന്റെ ചൂണ്ടയില്‍ ആരും കൊത്തിയിട്ടില്ല. പിന്നല്ലേ ഇപ്പം!)
" പണ്ടത്തെ മീനല്ല മോനെ ഇപ്പഴത്തെ മീന്‍. എല്ലാത്തിനും ബുദ്ധിവച്ചു"  എന്റെ മുഖത്തെ നിരാശ കണ്ട് സ്നേഹിതന്റെ കമന്റ്.  ചൂണ്ടയിലെ 'പൊങ്ങ് ' (മീന്‍ ചൂണ്ടയില്‍ കൊത്തിയാല്‍ അറിയുന്നതിനുള്ള പൌരാണിക ഉപകരണം) ശ്രദ്ധിച്ച് ആകാംക്ഷയോടെ ഇരിക്കുന്ന എന്നെ നോക്കി , വെള്ളത്തില്‍നിന്നു പൊങ്ങിവന്ന ഒരു സുന്ദരന്‍ പരല്‍മീന്‍ എന്നെ പരിഹസിച്ചുചിരിച്ചുകൊണ്ട് പറഞ്ഞു -
  "എണീറ്റ് വീട്ടിപോടേയ്.."
കണ്ടില്ലേ ... എങ്ങും പരിഹാസങ്ങള്‍, അവഗണനകള്‍.... പ്രവാസിയുടെ അവസ്ഥ ദയനീയം തന്നെ. പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല.

തലയില്‍ അണിഞ്ഞിരുന്ന പോളിത്തീന്‍ കവറില്‍ ആകെ കിട്ടിയ (എനിക്കല്ല; സ്നേഹിതന്) മൂന്നു പരല്‍മീന്‍, രണ്ടു ചെമ്മീന്‍കുഞ്ഞുങ്ങള്‍ എന്നിവയുമായി വീട്ടിലെത്തിയപ്പോള്‍ എന്റെ ഉമ്മയില്‍നിന്നു കിട്ടിയ കമന്റ് അതിനേക്കാള്‍ മാരകമായിരുന്നു! 
"നാലുദിവസം ഇനിയിവിടെ മീന്‍ വാങ്ങണ്ടല്ലോ അല്ലെ മോനേ...?"

19/07/2011

കൊല്ലനും കാലനും...




ആലയിലെ തീച്ചൂളയില്‍ ഇരുമ്പ് ദണ്ഡ്  വെന്തു ചുവപ്പ് നിറമാവുമ്പോള്‍ കൊല്ലനു അറിയാമായിരുന്നോ , രക്തത്തിന്റെ നിറവും ഇതുതന്നെയെന്ന്!

ശേഷം, അത് ചുറ്റികയാല്‍ അടിച്ചു പരുവപ്പെടുത്തുമ്പോള്‍ ഉയരുന്ന ശബ്ദം, ശത്രുവിന്റെ തലയില്‍ ആയുധം കൊണ്ട് ആഞ്ഞടിക്കുമ്പോഴുള്ള  ശബ്ദം തന്നെയായിരിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നോ..

പിന്നീടത് പൊടുന്നനെ പാത്രത്തിലെ വെള്ളത്തിലാഴ്ത്തുമ്പോള്‍ ഉയര്‍ന്ന ശീല്‍ക്കാരം , കഠാര നെഞ്ചിലാഴ്ത്തുമ്പോഴുള്ള മനുഷ്യരോദനത്തിനു സമാനമാണെന്ന് കൊല്ലനറിയാമായിരുന്നോ..

അവസാനം, ലക്ഷണമൊത്തൊരു കഠാരയായ്‌ രൂപാന്തരപ്പെട്ട് അതിന്റെ 'അവകാശികള്‍' നാലിരട്ടി വിലകൊടുത്ത് കൈപ്പറ്റുമ്പോള്‍ കൊല്ലനറിയാമായിരുന്നോ , ഇതിന്റെ ആദ്യഇര  രാഷ്ട്രീയക്കാരനായ തന്റെ മകന്‍ തന്നെയായിരിക്കുമെന്ന് !!!





12/07/2011

ഒരു രൂപയുടെ അരി. അത്രയും വിലയില്ലാത്ത നമ്മളും




ഒരു രൂപയ്ക്കു അരികൊടുക്കുമെന്ന പ്രഖ്യാപനം കേട്ടപ്പോള്‍ മുതുക് വളഞ്ഞവന് ഊന്നുവടി കൊടുക്കുമെന്ന  പോലെയാണ് എനിക്ക് തോന്നിയത്! നാട്ടിലിപ്പോള്‍ അരിയുടെ വിലയെന്തെന്നും അന്യസംസ്ഥാനങ്ങളിലെ വില എന്തായിരിക്കുമെന്നും നമ്മുടെ നാട്ടില്‍ ഒരു കിലോ അരി ഉല്പാദിപ്പിക്കാന്‍ എന്ത് ചെലവ് വരുമെന്നുമുള്ള  ഏകദേശഊഹം നമുക്കുണ്ട്. അപ്പോള്‍ ഈ കച്ചവടം വമ്പന്‍ നഷ്ടത്തില്‍ തന്നെ ആണെന്നത് സ്പഷ്ടം. ജോലിക്ക് പോകാതെ, തറവാട് പണയം വച്ച് വീട്ടുചിലവു കണ്ടെത്തുന്ന ഗൃഹനാഥന്റെ റോള്‍ ആണ് ഇപ്പോള്‍ ഗവര്‍മെന്റിന് എന്ന് തോന്നിപ്പോകുന്നു. കടം വാങ്ങി വീട് മാത്രമല്ല നാട് ഭരിക്കാനും അത്ര മിടുക്ക് ആവശ്യമില്ല. കുടുംബാംഗങ്ങളായ നമ്മള്‍ നാട്ടാര്‍തന്നെയല്ലേ ഈ കടവും പേറേണ്ടതു! അപ്പോള്‍ , ഇതൊക്കെ ഒരു തരം കണ്ണില്‍പൊടിയിടല്‍ തന്നെ.

സത്യത്തില്‍, കാര്യങ്ങളുടെ ഉപരിപ്ലവമായ വശങ്ങള്‍ മാത്രം പരിഗണിക്കുമ്പോഴാണ് ഈ ഒരു രൂപ രാഷ്ട്രീയം നമ്മെനോക്കി പല്ലിളിക്കുന്നത് നാം അറിയാതെ പോകുന്നത്.  ഇടതും വലതും കാലങ്ങളായി നമ്മെ ഒരു രൂപയ്ക്കു പോലും വിലയില്ലാതെയാക്കി കണ്ണിറുക്കിക്കാണിക്കുന്നത് . 

സത്യത്തില്‍ ഈ ഒരുരൂപ അരി നാട്ടുകാരെ മടിയന്മാരും സുഖിയന്മാരുമാക്കുകയാണ് ചെയ്യുന്നത്. ഈ കണ്ണില്‍പൊടിയിടലിനു പകരം സത്യസന്ധതയുള്ള, ജനനന്മ കാംക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് സ്വന്തം ജനതയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ്. അഥവാ സ്വയം പര്യാപ്തരാക്കുകയാണ്. തമിഴന്റെ അധ്വാനവും നമ്മുടെ കീശയിലെ പണവും തമ്മിലെ അന്തരം കുറച്ച്  , നമ്മുടെ അധ്വാനവും നമ്മുടെ മണ്ണും തമ്മില്‍ ഒരു ആത്മബന്ധം സ്ഥാപിക്കുമ്പോള്‍ നമുക്ക് പലതും നേടാനാവും. കൃഷി പ്രോത്സാഹിപ്പിക്കാനുള്ള സത്വരനടപടികള്‍ ആണ്  ആദ്യം വേണ്ടത് . അതിനു, ജനങ്ങളെ അറിയുന്ന സര്‍ക്കാരും അലസതയില്ലാത്ത ജനങ്ങളുമാവണം. കൃഷിക്കാര്‍ക്ക്  നഷ്ടം വരാത്ത രീതിയില്‍ നെല്‍കൃഷിയും മറ്റും ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുക്കണം. തരിശായി ഇട്ടിരിക്കുന്ന കൃഷിയിടങ്ങള്‍ നിയമം മൂലം പിടിച്ചെടുത്തു കൃഷിചെയ്യാന്‍ സൌകര്യപ്പെടുത്തിക്കൊടുക്കണം. പ്രകൃതിക്ഷോഭം മൂലം സംഭവിക്കുന്ന നഷ്ടം സര്‍ക്കാര്‍ ലഘൂകരിച്ച് കൊടുക്കണം.   വളം, വിത്ത് മുതലായവയുടെ ലഭ്യത ഉറപ്പുവരുത്തണം. സര്‍വ്വോപരി, ചുവപ്പ്നാടയുടെ ഇടപാട് നിര്‍ത്തലാക്കണം  ... 
ചുരുക്കത്തില്‍, കൃഷിക്കാരന് മനസ്സില്‍ തീയില്ലാതെ  വിത്തിറക്കാന്‍  കഴിയുന്ന സാഹചര്യം സര്‍ക്കാര് സൃഷ്ടിക്കുകയാണ് വേണ്ടത്.  അല്ലാതെ ഒരു രൂപാ അരികൊണ്ട് ഒരിക്കലും നമ്മുടെ 'വിശപ്പ്‌ തീരാന്‍' പോകുന്നില്ല. മുന്‍പ്‌ സൂചിപ്പിച്ചപോലെ , മുതുക് വളഞ്ഞവന് ഊന്നുവടി കൊടുക്കുന്നത് യഥാര്‍ത്ഥ ചികിത്സയല്ല. മറിച്ചു, അവന്റെ മുതുകത്തെ വളവു ചികില്‍സിച്ചു മാറ്റുകയാണ് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമുക്കും സര്‍ക്കാരിനും ഉള്ളത് മുതുകത്തെ ഈ കൂന് തന്നെ!!!

വാല്‍ പോസ്റ്റ്‌: 
കുക്കിംഗ് ഗ്യാസിന് 800 രൂപ ആക്കാന്‍ ആലോചിക്കുന്നത്രേ! മാത്രവുമല്ല;  ഒരു കുടുംബത്തിന് വര്‍ഷത്തില്‍ നാല് സിലിണ്ടര്‍ ആക്കി നിജപ്പെടുത്താനും പോണത്രേ !!

ഞാന്‍ വിസ കേന്സല്‍ ചെയ്തു നാട്ടില്‍ പോവ്വാ...വിറകു കച്ചവടത്തിന് അവിടെ നല്ല സ്കോപ്പ് ഉണ്ടാവും. പാചകത്തിന് മാത്രമല്ല; കടംകയറി ആതമഹത്യചെയ്യുന്നവരെ ദഹിപ്പിക്കാനും വിറകു നല്ലോണം വേണ്ടിവരും!

07/07/2011

മോഹഭംഗം



(20-03-2000 ല്‍ ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)
ദിവസേന പതിനാലുമണിക്കൂര്‍ ജോലിയുള്ള റസ്റ്റോറന്റിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍നിന്ന് അല്പകാലം ആശ്വാസം ലഭിക്കാന്‍ അയാള്‍ക്കിനി ഒരു മാസം മാത്രം.
ഈയിടെയായി ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുന്നത് പോലെ.   ജോലിചെയ്യാന്‍ പഴയ ഉത്സാഹം ഇല്ലെന്നുതോന്നുന്നു!
വര്‍ഷങ്ങള്‍ ജോലിചെയ്തിട്ടും മിച്ചം വന്നത് , ആസ്തമരോഗവും ബന്ധുക്കളുടെ പരിഭവങ്ങളും മാത്രം.
രണ്ടുകൊല്ലം തികഞ്ഞാല്‍  റസ്റ്റോറന്റ മുതലാളി വഴിപാടുനേരുന്ന വിമാനടിക്കറ്റ് ഉള്ളത് അത്രയും ആശ്വാസം.
നാട്ടില്‍പോയാല്‍ പണയം വയ്ക്കാനോ വില്‍ക്കാനോ ഉതകുന്ന വല്ല ആഭരണവും ഭാര്യയുടെ പക്കലുണ്ടാവുമോ എന്നാലോചിച്ചുകൊണ്ട് ജോലിയില്‍ വ്യാപൃതനായിരിക്കുമ്പോഴാണ് തലേന്ന് നാട്ടില്‍ നിന്ന് ലീവ് കഴിഞ്ഞു വന്ന അയല്‍വാസി ബാബു റസ്റ്റോറന്റില്‍ കയറിവന്നത്.
പുതിയ വിശേഷം ബാബു പറഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്നുപോയി.
അയാളുടെ ഭാര്യയുടെ കഴുത്തില്‍ കിടന്ന അഞ്ചുപവന്റെ സ്വര്‍ണ്ണച്ചെയിന്‍ കള്ളന്‍ കവര്‍ന്നു. കവര്‍ച്ചക്കിടെ തലക്കടിയേറ്റ് ഭാര്യക്ക് സാരമായ പരിക്കും.
" സാരമില്ലെന്നേ...നാലഞ്ചുദിവസം ആസ്പത്രിയിലായിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.  സ്കാനിങ്ങിനും മറ്റുമടക്കം ആസ്പത്രിയില്‍ ചിലവായ പന്ത്രണ്ടായിരം രൂപ ഉടനെ അയച്ചുകൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്...".
ബാബുവിന്റെ വാക്കുകള്‍ അയാളുടെ ശ്വാസകോശത്തില്‍ തട്ടി കടുത്ത ആസ്ത്മയായി പുറത്തുവന്നു . അവശനായി അയാള്‍ ഒരിടത്തിരുന്നു.