15/08/2011

ചിരിയും ദീര്‍ഘായുസ്സും




( 08-04- 1999   നു ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)
" പ്രിയമുള്ള നാട്ടുകാരേ.., ഇവിടെ അരങ്ങേറാന്‍ പോകുന്ന ചിരിയരങ്ങിലേക്ക് ഏവര്‍ക്കും സ്വാഗതം. മനുഷ്യന് മാത്രമുള്ള ഒരു പ്രത്യകതയാണ് ചിരി. അത് മനസ്സിന് ആനന്ദവും ശരീരത്തിന് ആരോഗ്യവും പ്രദാനം ചെയ്യുന്നു. അതിലുപരി ദീര്‍ഘായുസ്സിനു പറ്റിയ മികച്ച ഒരു ടോണിക്കാണ് ചിരിയെന്നു പല പ്രഗല്‍ഭ ഭിഷഗ്വരന്മാരും സമര്‍ത്ഥിച്ചിട്ടുണ്ട്. സമൂഹത്തില്‍ ചിരി വ്യാപിപ്പിക്കാനും ചിരിക്കാത്തവരെ ചിരിക്കാന്‍ പ്രോല്‍സാഹിപ്പിക്കാനുമുള്ള സംരംഭത്തിന് ഈ ക്ലബ്ബില്‍ അംഗങ്ങളാകുക. ഇതിന്റെ ഭാരവാഹികളെല്ലാം സമൂഹത്തില്‍ അറിയപ്പെടുന്നവരാണ്. അടുത്തയാഴ്ച നടക്കുന്ന ചിരിമത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍, ചിരിയരങ്ങു എന്ന ഈ പരിപാടിക്ക് ശേഷം പേര്‍ രജിസ്റ്റര്‍ ചെയ്യുക.വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍. ഒന്നാം സമ്മാനം പ്രഗല്‍ഭസംവിധായകന്‍റെ സിനിമയില്‍ ഹാസ്യനടന്റെ വേഷം. രണ്ടാം സമ്മാനം 30 മിമിക്രി കേസറ്റുകള്‍. മറ്റനേകം പ്രോത്സാഹനസമ്മാനങ്ങളും.
ഇതാ ..ചിരിയരങ്ങ് ആരംഭിക്കാന്‍ പോകുകയാണ്. ഐകമത്യം മഹാബലം എന്ന തത്വം ചിരിയിലും പ്രസക്തമാണ്. ഏകനായി ചിരിക്കുന്നതിനെക്കാള്‍ സൌന്ദര്യവും ശക്തിയും കൂട്ടച്ചിരിയിലാണ്. അതിനാല്‍, അംഗങ്ങളുടെ ചിരിയില്‍ നിങ്ങളും ആദ്യാവസാനം പങ്കുകൊള്ളണമെന്ന് അപേക്ഷിക്കുന്നു. ഈ ചിരിയരങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് ബഹു:മുന്‍ മന്ത്രിയാണ്. അദ്ദേഹത്തെ ഞാനീ വേദിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
ഒരു പ്രധാന അറിയിപ്പ് കൂടി.മാനസിക സംഘര്‍ഷത്താല്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കും ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കാന്‍ കഴിയുന്നവര്‍ക്കും ചിലപ്പോള്‍ നന്നായി ചിരിക്കാനായില്ലെന്നു വരാം. അവര്‍ക്ക് വേണ്ടി ഞങ്ങള്‍ നൈട്രസ് ഓക്സൈഡ് എന്ന ചിരിപ്പിക്കുന്ന വാതകം സൌജന്യമായി വിതരണം ചെയ്യുന്നുവെന്ന് സന്തോഷപൂര്‍വ്വം അറിയിക്കട്ടെ. ഉടനെ സെക്രട്ടറിയുമായി ബന്ധപ്പെടുക. ഈ ചിരിയരങ്ങിനു നേതൃത്വം കൊടുക്കുന്നത്, ക്ലബ്ബിന്റെ പ്രസിഡന്റും നല്ല അധ്യാപകനുള്ള അവാര്‍ഡ്‌ ജേതാവുമായ ശ്രീ: ദിവാകരന്‍ മാസ്റ്റരാണ്. അദ്ദേഹത്തെയും ക്ലബ്ബിലെ മറ്റംഗങ്ങളെയും ഞാനീവേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. "
സ്വാഗതപ്രസംഗകന്‍ ചിരിച്ചുകൊണ്ട് തന്നെ ഉപസംഹരിച്ചു.

"ഹ ഹ ഹ ... നാട്ടുകാരേ വോട്ടര്‍മാരേ , ദീര്‍ഘായുസ്സിനു മാത്രമല്ല; നിലനില്‍പ്പിനും അനിവാര്യമായ ഒന്നാണ് ചിരി." മുന്‍മന്ത്രി ഉദ്ഘാടനപ്രസംഗം തുടങ്ങിയതും ചിരിച്ചുകൊണ്ട് തന്നെ. അദ്ദേഹത്തിന്റെ മുഴുവന്‍ പല്ലുകളും വെളിയില്‍ കാണായി.
" നിത്യോപയോഗസാധനങ്ങള്‍ക്ക് ക്രമാതീതമായി വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണല്ലോ. വായ മൂടിക്കെട്ടിയും ചൂട്ട് കത്തിച്ചും കരഞ്ഞും റോഡില്‍ ഉരുണ്ടുമൊക്കെ പ്രതിഷേധം പ്രകടിപ്പിക്കുന്ന ഇക്കാലത്ത് വില വര്‍ധനവിനെതിരെ ചിരിച്ചുകൊണ്ട് നമുക്ക് പ്രതിഷേധപ്രകടനം നടത്താം. അങ്ങനെ ചിരി, നാടിനാവശ്യമായ പല മേഖലകളിലേക്കും നമുക്ക് തിരിച്ചുവിടാം. ഈ ചിരിയരങ്ങ് വളരെ സന്തോഷപൂര്‍വ്വം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു കൊള്ളുന്നു. ഹ ഹ ഹ ..." അദ്ദേഹം പറഞ്ഞു നിര്‍ത്തി.

ചിരിയരങ്ങ് ആരംഭിക്കുകയായി. ദിവാകരന്‍മാസ്റ്ററും മറ്റംഗങ്ങളും  സ്റ്റേജില്‍ അണിനിരന്നു. സദസ്യരായി ഇരുനൂറോളം പേര്‍. മുന്‍നിരയില്‍തന്നെ ഞാന്‍ സ്ഥലം പിടിച്ചു. മാസ്റ്റര്‍ ആദ്യം ചിരി തുടങ്ങി. അംഗങ്ങള്‍ അതേറ്റുപിടിച്ചു. പുഞ്ചിരി, ചിരി, പൊട്ടിച്ചിരി, ആര്‍ത്തുചിരി.... അവര്‍ പരിസരം മറന്നുചിരിക്കുകയാണ്. വയറുകുലുക്കിയും തലവെട്ടിച്ചും ശരീരമാകെ ഇളക്കിയുമൊക്കെ പലരും ചിരിക്കുന്നു. ചിലരുടെ കണ്ണുകള്‍ നിറയുന്നുമുണ്ട് . ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞുനോക്കി. അതെ, സദസ്യരും ചിരി തുടങ്ങിക്കഴിഞ്ഞു. എല്ലാവരും ആര്‍ത്തുചിരിക്കുന്നു. ഓഡിറ്റോറിയമാകെ ശബ്ദമയം. ഞാനെന്റെ ദൃഷ്ടി സ്റ്റേജിലേക്ക് തന്നെ മടക്കി, നന്നായി ചിരിക്കുന്നതാരെന്നു പരതി.  ദിവാകരന്‍ മാഷില്‍തന്നെ എന്റെ കണ്ണുകള്‍ ഉടക്കിനിന്നു. ആഹ്ലാദാധിക്യത്താലാകണം അദ്ദേഹത്തിന്റെ ചിരി കൂടുതല്‍ ഉച്ചത്തില്‍ അനുഭവപ്പെട്ടു. പെട്ടെന്ന്.....അദ്ദേഹത്തിന്റെ ചിരി മായുന്നതും മുഖഭാവം മാറുന്നതും ഞാന്‍ ശ്രദ്ധിച്ചു.  ഇപ്പോഴദ്ദേഹം പല്ലിളിക്കുകയും നെഞ്ചത്ത്‌ കൈവക്കുകയും ചെയ്യുന്നു. സ്വതേ രസികനായ ദിവാകരന്‍ മാഷിന്റെ ചിരിയുടെ മറ്റൊരു ഇനമെന്നു കരുതിയാവണം ജനം ചിരി തുടര്‍ന്നു.  പെട്ടെന്നദ്ദേഹം പിന്നിലേക്ക്‌ വീഴാനാഞ്ഞപ്പോള്‍ കൂട്ടുകാര്‍ താങ്ങുന്നതും അവരുടെ മുഖങ്ങളില്‍ ചിരി മാഞ്ഞ് പ്രത്യകഭാവം കൈവരുന്നതും ഞാന്‍ കണ്ടു. അവരില്‍ ചിലരില്‍നിന്നു എന്തൊക്കെയോ അപശബ്ദങ്ങള്‍ പുറത്തുവന്നു. ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞുനോക്കി. ജനം ആര്‍ത്തു ചിരിക്കുകയാണ്- ദിവാകരന്‍ മാഷ്‌ ദിവംഗതനായതറിയാതെ......