25/09/2011

എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3



ചങ്ങാതിപ്പൂട്ട്‌ .

ഒന്നാം ഭാഗം ഇവിടെ അമര്‍ത്തിയാല്‍ കിട്ടും,
രണ്ടാം ഭാഗം ഇവിടെയും.


സ്വന്തം വീട്ടില്‍ തീ ഉള്ളപ്പോഴാണല്ലോ ദൈവമേ ഞാന്‍ അയല്‍പക്കത്ത്  പോയി തിരി കൊളുത്തിയത്!ഒന്നര കൊല്ലം വെറുതെ പോയില്ലേ.. എന്ത് ചെയ്യാന്‍. അണകടന്ന വെള്ളം അഴുതാല്‍ തിരിച്ചു വരില്ലല്ലോ.
ഭാരതത്തിന്റെ സംഭാവനയായ കളരിയുടെ മര്‍മ്മമറിയാന്‍ ഗുരുവിനോടൊപ്പം നിഴലായി ഞാന്‍ പുറപ്പെട്ടു. രണ്ടു കൊല്ലം കൊണ്ട് എന്നെ 'ഒരു വഴിക്കാക്കി'ത്തരാമെന്നാണ് വാഗ്ദാനം. 
അതു വെറും വാഗ്ദാനമാവാന്‍ വഴിയില്ല. എളാപ്പ ആളു ചില്ലറക്കാരനല്ല. ഒരിക്കല്‍ രാത്രി ഞങ്ങളുടെ വീടിനടുത്തുള്ള റോഡിലൂടെ ഒരു ആറംഗ സംഘം സിനിമ കഴിഞ്ഞു നടന്നു പോകുന്നു.  നിഘണ്ടുവിലൊന്നും ഞാനിതുവരെ കാണാത്ത വാക്കുകളാല്‍ നല്ല സ്വയമ്പന്‍ കൊടുങ്ങല്ലൂര്‍ ഭരണി യുണ്ടാക്കി ഉച്ചത്തില്‍ പാടികൊണ്ടാണ് അവരുടെ പോക്ക്. വീട്ടുകാര്‍ക്ക് അസഹനീയമായപ്പോള്‍ എളാപ്പ ചെന്ന് അവരോടു പാട്ട് നിര്‍ത്താന്‍ മാന്യമായി ആവശ്യപ്പെട്ടു. 'നീയാരാടാ ചോദിക്കാന്‍ #@$&*%#$@! ' എന്ന് മൃദുലവും മാന്യവുമായി അവരും പ്രതികരിച്ചു. എളാപ്പ ഒന്ന് ഉയര്‍ന്നു താണു.എന്നിട്ട് ചോദിച്ചു: "ആര്‍ക്കെങ്കിലും ബാക്കിയുണ്ടോ..?"
എല്ലാവരും ഒറ്റ സ്വരത്തില്‍ മൊഴിഞ്ഞു "ഇല്ല.."
"എന്നാല്‍ ശബദമുണ്ടാക്കാതെ വിട്ടോളൂ.."
ഇങ്ങനെയുള്ള ആളില്‍നിന്ന് എത്രയും  പെട്ടെന്ന് പറിച്ചെടുക്കാന്‍ പറ്റുന്നത്രയും പഠിച്ചെടുക്കേണ്ടത്  എന്റെ കടമയല്ലേ..മനുഷ്യരുടെ സ്ഥിതിയല്ലേ ? എളാപ്പാക്ക് വല്ലതും സംഭവിച്ചാല്‍ പാരമ്പര്യം അന്യം നിന്ന് പോകരുതല്ലോ. രണ്ടു കൊല്ലത്തിന്റെ പഠനം എങ്ങനെ എങ്കിലും മൂന്നു മാസം കൊണ്ട് പഠിക്കണം. എല്ലാം ഷോര്‍ട്ട് കട്ടിന്റെ കാലമല്ലേ.. കുടവയര്‍ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാന്‍ 'ചവണ തൈലം' മുതല്‍ , ഒറ്റ നിമിഷം കൊണ്ട് കൊടീശ്വരനാവാനുള്ള 'സമ്പന്നയന്ത്രം' വരെ മലയാളിയാണല്ലോ കണ്ടുപിടിച്ചത്‌!
അതിനാല്‍ ഇപ്പോള്‍ വേണ്ടത് എളാപ്പാനെ ഒന്ന് സോപ്പിടുകയാണ് . അങ്ങനെ വഴിയില്‍ വച്ച് തന്നെ കരുക്കള്‍ നീക്കിത്തുടങ്ങി.
" എളാപ്പാ... നമ്മടെ വാള്‍ ആരൊക്കെയോ ദുരുപയോഗം ചെയ്യുന്നുണ്ടോ  എന്നൊരു സംശ്യം.."
അദ്ദേഹം എന്റെ മുഖത്തേക്ക് ഒന്ന് നോക്കി .ശേഷം ഗൌരവം വിടാതെ പറഞ്ഞു:
"  നീ പേടിക്കണ്ട. അതിനു ധൈര്യമുള്ള ആരും ഈ പഞ്ചായത്തില്‍ ഇല്ല"
"അത് ശരിയാ" 
എന്നല്ലാതെ ഞാനെന്ത് പറയാന്‍!!!

കളരിക്കളം എനിക്ക് പുതിയൊരനുഭവമായിരുന്നു. വെള്ളക്കൊക്കുകളെപോലെ വസ്ത്രംധരിച്ച് മൈക്കില്‍ ജാക്സനെ അനുസ്മരിപ്പിക്കുന്ന ചടുലതകള്‍ ആയിരുന്നു ഇതുവരെയുമെങ്കില്‍, ഇവിടെ വള്ളംകളിയിലെ തുഴച്ചിലുകാരുടെ വേഷവിധാനവുമായി കുറെപേര്‍ കസര്‍ത്തുനടത്തുന്നു. തെല്ലൊരു കൌതുകത്തോടെയും അല്പമൊരു ഭയത്തോടെയും ഞാനവരെ നോക്കിനിന്നു. എളാപ്പ എന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. ഉസ്താദിന്റെ അനന്തിരവനെന്ന അഹന്തയില്‍ ഡിഷ്‌ ആന്റിന പോലെ മുഖമുയര്‍ത്തി ഞാനും. 

കളരിയില്‍ ആദ്യദിനങ്ങള്‍ വെറും വ്യയാമങ്ങള്‍ മാത്രമാണ്. വ്യായാമം ചെയ്തു ശരീരം ശരിക്കും പരുവപ്പെടുത്തി എടുത്തിട്ടേ അഭ്യാസമുറകള്‍ തുടങ്ങൂ. ഏതായാലും എത്രയും പെട്ടെന്ന് സീനിയറിനെ മറികടക്കണമെന്ന ദുരാഗ്രഹത്താല്‍ എന്നോട് കല്‍പ്പിക്കപ്പെട്ട വ്യായാമങ്ങള്‍ അളവിലും ഇരട്ടി അതിവേഗം ഞാന്‍ ഭംഗിയായി ചെയ്തുതീര്‍ത്തുകൊണ്ടിരുന്നു. പുത്തനച്ചി പുരപ്പുറം തൂക്കും എന്നാണല്ലോ.. പത്തുപ്രാവശ്യം ചെയ്യാന്‍ പറഞ്ഞാല്‍ ഇരുപതു പ്രാവശ്യം!! ഇതൊക്കെ കണ്ടു സീനിയര്‍ പഠിതാക്കള്‍  പരിഹാസച്ചിരിയോടെ എന്നെ നോക്കുന്നു. നോക്കി ചിരിക്കെടാ പഹയന്മാരെ.. എല്ലാത്തിനേം കാണിച്ചു തരാം. ഞാന്‍ കരാട്ടെ പഠിച്ചിട്ടുണ്ട്. ഇത് കൂടി പഠിച്ച് , മിശ്രവിവാഹത്തിലുണ്ടായ സന്തതിയെപോലെ വളര്‍ന്ന്, സ്വന്തമായ ഒരു അഭ്യാസമുറ ഞാന്‍ പുതുതായി ഉണ്ടാക്കും. അത് പഠിക്കാനങ്ങു വന്നേക്കണം. കാണിച്ചു തരാം. 
അവരുടെ ചിരി അവഗണിച്ചു ഞാന്‍ വ്യായാമങ്ങള്‍ തുടര്‍ന്നു. രണ്ടു ദിവസം കുഴപ്പമില്ലാതെയങ്ങ് പോയി. മൂന്നാം നാള്‍ ഉറക്കമെഴുന്നേറ്റപ്പോള്‍ കയ്യും കാലുമൊന്നും അനക്കാന്‍വയ്യ! ശരീരം മുഴുവന്‍ കഠിനവേദന! ശരീരത്തിലെ മൊത്തം പേശികള്‍ എന്നോട് പിണങ്ങിയിരിക്കുന്നു. അസ്ഥികളുടെ ജോയിന്റുകള്‍ വര്‍ക്ക്‌ ചെയ്യുന്നില്ല. നടക്കാനും ഇരിക്കാനും നില്‍ക്കാനും മാത്രമല്ല; കിടക്കാനും വയ്യ! 'രണ്ടിന്' പോയിട്ട് 'ഒന്നിന്' പോലും വയ്യാതെ ഒന്നുമാവാതെ തിരിച്ചുവരേണ്ട അവസ്ഥ! അപ്പോഴാണ്‌ ആ പഹയന്മാര്‍ ചിരിച്ചിരുന്നതിന്റെ ഗുട്ടന്‍സ്‌ എനിക്ക് പിടികിട്ടിയത്. ഇങ്ങനെയൊരു പുലിവാല് ഉണ്ടാകുമെന്ന് അവര്‍ക്കെന്നോട് സൂചിപ്പിച്ചുകൂടായിരുന്നോ? ഏഭ്യന്മാര്‍!  ഇനി പറഞ്ഞിട്ട് കാര്യമില്ല, ഉപായം നോക്കിയപ്പോള്‍ അപായവും നോക്കണമായിരുന്നു. എതായാലും, നല്ലപണികിട്ടിയസ്ഥിതിക്ക് ഇതങ്ങുനിര്‍ത്തിയാലോ എന്നാലോചിച്ച് മൂടിപ്പുതച്ച് കിടന്നു വിശ്രമിക്കുമ്പോഴാണ് വൈകുന്നേരം  ക്ലാസിനു പോകാന്‍ എളാപ്പ എന്നെ തോണ്ടിവിളിക്കുന്നത്.
"ഇനി ഞാനില്ല ... മേല് മുഴോന്‍ ഇടിച്ചു പിഴിയുന്ന വേദന.."
ഇത് കേട്ട് അദ്ദേഹം കണ്ണുരുട്ടി.
"അത് നീ ചെയ്യുന്നത് വിജയിച്ചു എന്നതിന്റെ തെളിവാണ് "
"അപ്പൊ ആളുകളെ വേദനിപ്പിക്കാന്‍ വേണ്ടിയാണോ കളരി പഠിപ്പിക്കുന്നത്?"
അതിനുത്തരമായി , തേക്കിന്‍തടി പോലെ ബലിഷ്ടമായ തന്റെ കരംകൊണ്ട് , വാടിയ ചേമ്പിന്‍തണ്ട് പോലെയുള്ള എന്റെ കയ്യില്‍പിടിച്ചു അറുക്കാന്‍ കൊണ്ടുപോകുന്ന ആടിനെ പോലെ എന്നെ വലിച്ചുകൊണ്ട് പോയി. 
തലേന്നുവരെ, മയ്യത്തില്‍ കുട്ടിച്ചാത്തന്‍ കേറിയപോലെ കസര്‍ത്തുകാണിച്ചിരുന്ന ഞാനിന്ന് ആണിരോഗം ബാധിച്ചവന്‍ പഞ്ചായത്ത്‌ റോഡില്‍ നടക്കുന്നപോലെ വരുന്നത് കണ്ട് സീനിയര്‍മാര്‍ വീണ്ടും ചിരിച്ചു. അവര്‍ക്കിടയില്‍ കൂടുതല്‍ നെഗളിക്കുന്ന ഒരുവനെ ഞാന്‍ പ്രത്യേകം  നോട്ടമിട്ടു. വെച്ചൂര്‍പശു പോലെ തടിച്ചു കൊഴുത്ത് കരിവീട്ടിസൈസില്‍  ഒരു സാധനം! ആനക്കൊരു കാലം വന്നാല്‍ പൂനക്കുമൊരു കാലം വരുമേടാ..അന്ന് കാണാം.

മാസങ്ങള്‍ കടന്നുപോയി. തികഞ്ഞ ഗൌരവത്തോടെയും എന്നാല്‍ ചില തമാശകളോടെയും ഓരോ മുറകളും സ്വായത്തമാക്കികൊണ്ടിരുന്നു. ഒരു ആയോധനമുറ എന്നതിലുപരി കളരി എനിക്കനുഭവപ്പെട്ടത് ആരോഗ്യം, പേശി, മര്‍മ്മം, ചില ചികില്സാമുറകള്‍ എന്നിവയെല്ലാം പ്രതിപാദിക്കുന്ന മികച്ച ഒരു ശാസ്ത്രമെന്നതാണ്.

ആഴ്ചയില്‍ രണ്ടു പുതിയ ഇനങ്ങള്‍ ഗുരു പഠിപ്പിക്കും. അടുത്ത പുതിയ ഇനംവരെ അവയുടെ പരിശീലനമാണ്. ഓരോ പ്രാവശ്യവും ഗുരുവിനു തോന്നുന്ന ശിഷ്യനെ വിളിച്ചു 'അവന്റെ മേല്‍'  പരിശീലിപ്പിച്ച് ഞങ്ങള്‍ക്ക് കാണിച്ചു തരും. ഞാന്‍ മുടിഞ്ഞ സംശയരോഗി ആയതിനാല്‍ എന്നെ വിളിക്കാറില്ല എന്ന് മാത്രമല്ല പിറകിലെ വരിയിലാണ് എന്റെ സ്ഥാനവും. 
ഒരിക്കല്‍ പുതിയ ഒരിനം പഠിപ്പിക്കുന്ന ദിനം. നമ്മെ ആക്രമിക്കാന്‍ വരുന്നവനെ തടുത്ത് അവന്റെ തലമുടി പിടിച്ചു വലിച്ചു താഴെയിടുന്ന ഒരിനമാണത്. ഉസ്താദ്‌ പരിശീലിപ്പിച്ചു കൊണ്ടിരിക്കെ എനിക്ക് ലഡു പൊട്ടി. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ . തുറന്നങ്ങ് ചോദിച്ചു-
 "അപ്പോള്‍ നമ്മുടെ ശത്രു മൊട്ടയാണെങ്കിലോ??"
എളാപ്പ ഒന്ന് പതറിയോ ! പിന്നെ  രൂക്ഷമായി ഒന്ന് നോക്കിയിട്ട് പറഞ്ഞു " മൊട്ടക്കുള്ളത് പിന്നെ പഠിപ്പിച്ചുതരാം"
അന്ന് വീട്ടിലെത്തുംവരെ എനിക്ക് കുശാലായിരുന്നു. അദ്ദേഹത്തിന്റെ വഴക്ക് ഞാന്‍ ശരിക്കും ആസ്വദിച്ചു കൂടെനടന്നു. വീട്ടിലെത്തിയപ്പോള്‍ ഉമ്മയും അയലത്തെ രണ്ടു മൂന്നു സുന്ദരിക്കോതകളും കൂടി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു. എന്നെ കണ്ടപ്പോള്‍ ചിരി ഉച്ചസ്ഥായിയില്‍ ആയി. ദൈവമേ എന്റെ തുണിയൊക്കെ ദേഹത്ത് തന്നെയില്ലേഎന്ന് തല താഴ്ത്തി നോക്കി. ഹേയ് ..അതൊന്നുമല്ല കാര്യം.  കാലത്ത് ഓട്ടിന്‍പുറത്ത് ഉണക്കാനിട്ടിരുന്ന എന്റെ ലങ്കോട്ടി ഒരു കോഴിയുടെ  കാലില്‍കുരുങ്ങി അതില്‍ നിന്ന് തടിയൂരാനുള്ള അതിന്റെ അശ്രാന്ത പരിശ്രമം കണ്ടു ചിരിക്കുകയാണവര്‍! അയ്യേ നാണക്കേട്... നിന്ന സ്ഥാനത്തുനിന്ന്  ഉരുകിയൊലിക്കുന്നപോലെ എനിക്കുക്‌ തോന്നി. സുന്ദരികളുടെ ചിരികള്‍ക്കിടെ മെല്ലെ ഞാനവിടെ നിന്ന് തടിയൂരി.

അങ്ങനെ കൊണ്ടും കൊടുത്തും പോകുന്നതിനിടെയാണ് ആ സുന്ദരസുദിനം വന്നണഞ്ഞത്.  എന്നെ നോക്കി പരിഹസിച്ചു ചിരിച്ചിരുന്ന ആ തടിയന്‍, ക്ലാസിനു വരാത്ത ദിവസമായിരുന്നു ഉസ്താദ്‌  'ചങ്ങാതിപ്പൂട്ട് ' പഠിപ്പിച്ചുതന്നത് . (ചങ്ങാതിപ്പൂട്ട് എന്ന് പറഞ്ഞാല്‍ ഒരൊന്നൊന്നര പൂട്ടാണ് കേട്ടോ! ശരിക്ക് പൂട്ടിയാല്‍ പൂട്ടിയവന്റെ കൈത്തലം വേദനിക്കും. പൂട്ടപ്പെട്ടവന്റെ കൈക്കുഴ തെറ്റും. പോരാത്തതിന് ആ പൂട്ടില്‍ നിന്ന് ഊരാനും അല്പം പണിപ്പെടണം ) പിറ്റേന്ന് വന്നപ്പോള്‍ പുതിയ ഇനം ആരെങ്കിലും കാണിച്ചു കൊടുക്കണമെന്നായി അവന്‍... നനഞ്ഞേടം  കുഴിക്കണം, കാറ്റുള്ളപ്പം തൂറ്റണം എന്നാണല്ലോ ചൊല്ല് .  സന്തോഷത്തോടെ ഞാനാ ദൌത്യം ഏറ്റെടുത്തു. 
"എന്റമ്മോ............................."
നിറഞ്ഞ ചിരിയോടെ എനിക്ക് കൈ തന്നവന്‍ ഒറ്റ നിമിഷത്തില്‍ അലറിക്കരഞ്ഞു. എന്നെക്കാളും അവന്‍ തടി കൂടുതലും ഉയരം കുറവും ആയതിനാലാവാം പൂട്ട്‌ കൂടുതല്‍ മുറുകി! പൂട്ടില്‍ നിന്ന് വിടുവിക്കുവാന്‍ പലരും ശ്രമിക്കുന്നുണ്ട്. എനിക്കും നന്നായി വേദനിക്കുന്നുണ്ട്. ഉസ്താദ് ആണേല്‍ എത്തിയിട്ടുമില്ല. എന്ത് ചെയ്യും? ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഇരിക്കാനോ നില്‍ക്കാനോ വയ്യാത്ത അവസ്ഥ. അവന്റെ കണ്ണിലും താഴെ മണ്ണിലും വെള്ളം ഒലിക്കുന്നതിനാല്‍ അവന്റെ ധൈര്യത്തിനൊപ്പം വേറെ പലതും ചോര്‍ന്നുപോയതായി ഞങ്ങള്‍ അറിഞ്ഞു. എന്തിനും ഒരു 'അവസാനക്കൈ' എന്ന് പറയുന്ന ഒരു സാധനമുണ്ടല്ലോ. അറ്റകൈക്ക് ശീമപ്പന്നി പോലുള്ള അവന്‍ നീര്‍ക്കോലി പോലുള്ള എന്നെ വട്ടം കറക്കി ഒരു വീശല്‍ !! സയാമീസ്‌ ഇരട്ടകളെപ്പോലിരുന്ന ഞങ്ങള്‍ വേര്‍പ്പെട്ടു! അവന്‍ കൈക്കുഴ തെറ്റി ഒരു മൂലയില്‍...ഞാനാകട്ടെ,വായുവിലൂടെ പറന്നു കളരിഷെഡിന്റെ ഓലമറയും പൊളിച്ചു പുറത്തേക്ക്......
അന്നുമുതലാണ്  " ഒന്നുകില്‍ എളാപ്പാന്റെ  നെഞ്ചത്ത്‌,  അല്ലെങ്കില്‍ കളരിക്ക് പുറത്ത് " എന്ന പഴഞ്ചൊല്ല് ഉണ്ടായത്.
(ശുഭം)




10/09/2011

എളാപ്പാന്റെ നെഞ്ചത്ത്‌ - രണ്ടാം ഭാഗം



ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ അമര്‍ത്തുക:













കളി കഴിഞ്ഞു  വീടിന്റെ പിന്‍ഭാഗത്ത്‌ കയറിച്ചെന്ന എന്നെ എതിരേറ്റത് ഞെട്ടിക്കുന്ന കാഴ്ചകള്‍! സ്നേഹിതരില്‍നിന്ന് ഇരന്നുകിട്ടിയ കാശിനാല്‍ വാങ്ങിയ തുണികൊണ്ട് നാട്ടിലെ ഏറ്റവും നല്ല തയ്യല്‍ക്കാരന്‍ തുന്നിയ 'രാജകീയ' വസ്ത്രം,   സഹോദരിമാര്‍ക്ക് സുന്ദരമോഹനമൈലാഞ്ചി ഹെയര്‍പ്പിന്നു ബാലരമ മലര്‍വാടി പൂമ്പാറ്റവാഗ്ദാനങ്ങള്‍ നല്‍കി ആഴ്ചയിലൊരിക്കല്‍ അലക്കി ഇസ്തിരിയിട്ട് ലഭിച്ചിരുന്ന എന്റെ കരാട്ടെ യൂണിഫോം.... ഇതാ അറുത്ത കോഴിയുടെ പൂടപോലെ ചിതറിക്കിടക്കുന്നു!!  ആ വസ്ത്രത്തിന്റെ കൂടെ അരയില്‍കെട്ടിയിരുന്ന ബെല്‍റ്റാകട്ടെ വിറകുകൊള്ളികള്‍ കെട്ടിവച്ച് ഭദ്രമായി മറ്റൊരു ഭാഗത്ത്!! എന്റെ ഇടനെഞ്ച് പൊട്ടുന്ന ശബ്ദം ഞാന്‍ ശരിക്കും കേട്ടു.

കഠിനമായ കോപത്തോടെ അടുക്കളയിലേക്കു കയറിയ ഞാന്‍ കണ്ടത് ആ വസ്ത്രത്തിന്റെ ഒരു കഷ്ണം കൊണ്ട് മാപ്പിളപ്പാട്ടും മൂളിക്കൊണ്ട് അടുക്കള വൃത്തിയാക്കുന്ന ഉമ്മയെ!
"ഉമ്മാ......എന്നോടീ ചതി വേണ്ടായിരുന്നു...." ഞാനലറി വിളിച്ചു.
ഉമ്മ പാട്ട് നിര്‍ത്തി.
 "എളാപ്പ വരാന്തയിലുണ്ട് .അവിടെപ്പോയി ചോദിക്ക്..ഏതായാലും മോശം പറയരുതല്ലോ,  തറയും അടുപ്പുമൊക്കെ വൃത്തിയാക്കാന്‍ പറ്റിയ, കട്ടിയുള്ള  ഇത്ര നല്ല കോട്ടന്‍ തുണി  ഞാനിതുവരെ കണ്ടിട്ടില്ല കേട്ടോ മോനെ....."   എന്നും പറഞ്ഞു പാട്ട് പുനരാരംഭിച്ചു.

"നിങ്ങള്‍ വാളുകൊണ്ട് ചക്ക മുറിച്ചത് ഞാന്‍ എളാപ്പാനോട് പറയും" ഞാന്‍ ഉമ്മയെ ഒന്ന് ഭീഷണിപ്പെടുത്തിനോക്കി.
"എളാപ്പാന്റെ വാളിനെക്കാളും നിന്റെ 'നെഞ്ചെരിച്ചി'ലിനെക്കാളും മൂര്‍ച്ചയുള്ള ആയുധം ഈ ചെമ്പിനകത്തുണ്ട്....നല്ല തിളച്ചവെള്ളം!! എനിക്കിത് തന്നെ ധാരാളം!പോയി വിളിച്ചോണ്ട് വാടാ..."
എന്റെ ഭീഷണിപ്പരിപ്പ് ഈ അടുപ്പത്ത് വെന്തില്ല. കളരിക്കും കരാട്ടെക്കും കഞ്ഞി വച്ചവളാ എന്റെ ഉമ്മ. അവരോടു എന്റെ ഒരു കളിയും നടപ്പില്ല.

കരച്ചിലിന്റെ വക്കത്തെത്തിനില്‍ക്കുന്ന എന്റെ മനസ്സില്‍ പെട്ടെന്നോടിയെത്തിയത് എന്റെ പ്രിയപ്പെട്ട നെഞ്ചക്ക് .. ദൈവമേ ഇനി അതിന്റെ സ്ഥിതിയെന്താകും ?
" ഉമ്മാ ... എന്റെ നെഞ്ചക് എവിടെ?"
പാട്ട് നിര്‍ത്താതെ തന്നെ ചുണ്ട്കോട്ടിക്കൊണ്ട് അവര്‍ അടുപ്പിലേക്ക് വിരല്‍ ചൂണ്ടി.
ഹെന്റെ ദൈവമേ.... തലയില്‍ വച്ചാല്‍ വെയിലടിക്കും , താഴെ വച്ചാല്‍ ചിതലരിക്കും എന്നപോലെ  കൊണ്ടുനടന്നിരുന്ന എന്റെ നെഞ്ചക്ക്, ചിതയിലെ വിറകെന്നപോലെ കത്തിയമര്‍ന്നിരിക്കുന്നു! വെണ്ണീറാകാത്ത അസ്ഥിപോലെ അതിന്റെ നടുവിലെ ചങ്ങലമാത്രം നശിക്കാതെ പുറമേക്ക് കാണുന്നു! സകലനിയന്ത്രങ്ങളും നഷ്ടപ്പെട്ട ഞാന്‍ കരഞ്ഞുകൊണ്ട് വരാന്തയിലെക്കോടി. ആ കരച്ചിലിന് , ഈയിടെ പത്രസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ മുന്‍ മന്ത്രിയുടെ അതേ ട്യൂണ്‍ ആയിരുന്നു!

വരാന്തയിലെ സീറ്റില്‍ ചാരിയിരുന്നു എളാപ്പ ദോശക്കു മാവ് ചുഴറ്റിക്കൊണ്ടിരിക്കുന്നു. അടുത്ത് തന്നെ തിളങ്ങുന്ന വാള്‍ തുടച്ചു വൃത്തിയാക്കി വച്ചിരിക്കുന്നു. ദൈവമേ എന്നെ കൊല്ലാനാണോ അതവിടെതന്നെ വച്ചിരിക്കുന്നത്! എതായാലും കുറച്ചു അകലം പാലിക്കുന്നത് നല്ലതാണ്. ഇനി അഥവാ അതെടുത്ത് എറിഞ്ഞാല്‍തന്നെ ഒഴിഞ്ഞു മാറാനുള്ള അടവ് ഞാന്‍ പഠിച്ചിട്ടുണ്ടല്ലോ. ശേഷം , അച്ഛനെകൊന്ന വില്ലനോട് ഇരുപതുവര്ഷം കഴിഞ്ഞു പ്രതികാരം ചെയ്യാന്‍ വരുന്ന , സിനിമയിലെ നായകന്‍ അലറുന്നപോലെ ഞാനലറി.." എളാപ്പാ........"
പക്ഷെ, ആട് കശുമാങ്ങ തിന്നും പോലെ ഒരപശബ്ദം മാത്രമേ എന്നില്‍നിന്ന് പുറത്തു വന്നുള്ളൂ.
ശബ്ദംകേട്ട് എളാപ്പ തിരിഞ്ഞുനോക്കി. വിക്കിവിക്കിക്കൊണ്ട് ഞാന്‍ പറഞ്ഞൊപ്പിച്ചു.
"എന്റെ നെഞ്ചക്ക്..........."
പറഞ്ഞു മുഴുമിക്കാന്‍ സമ്മതിക്കാതെ അദ്ദേഹം പൊട്ടിച്ചിരിച്ചു. അത്, നേരത്തെ ഞാന്‍ അടിച്ചു മലര്‍ത്തിയിട്ട അംരീഷ്‌ പുരിയുടെ അതേ ചിരിയും ഭാവവുമായിരുന്നു!
"എന്റെ നെഞ്ചത്താണോടാ നിന്റെ നെഞ്ചക് കൊണ്ടുള്ള കളി?  ഇത്രേം അപകടം പിടിച്ച ആയുധം കൊണ്ടാണോ ഇത്ര ചെറുപ്പത്തിലേ നിന്റെ അഭ്യാസം? "
" തലകൊയ്യാന്‍ പറ്റുന്ന നിങ്ങളുടെ വാള് പിന്നെ കളിപ്പാട്ടമാണോ .." എന്ന് ഞാന്‍ ചോദിച്ചില്ല .വെറുതെ വാളിനു പണിയുണ്ടാക്കരുതല്ലോ.








"എതവനാടാ നിന്റെയൊക്കെ ഗുരു?  ആദ്യദിവസംതന്നെ പഠിപ്പിക്കുന്നത് ആയുധം താഴെയിട്ട് പേടിച്ചോടാനാണോ ? ഒരഭ്യാസിക്ക് ആദ്യം വേണ്ടത് ഏകാഗ്രതയും മനോധൈര്യവുമാണ്. ഇത്ര കാലം പഠിച്ചിട്ടും നിനക്കതറിയില്ല. ഇതുവരെ തടിയനങ്ങിയതൊക്കെ വേസ്റ്റ് !!!" 
അതിനു എനിക്കുത്തരമില്ലായിരുന്നു. കാല്‍കൊണ്ട് ചെറിയ രീതിയില്‍ ഇടതുമാറി വലതുമാറി കളംവരച്ച് നമ്രശിരസ്കനായി ഞാന്‍ നിന്നു. സത്യമല്ലേ എളാപ്പ പറഞ്ഞത്! 
" എന്നാലും എളാപ്പാ .. എന്റെ ഡ്രസ്സ്‌ നിങ്ങള്‍ കഷ്ണമാക്കിയത് കടന്ന കയ്യായിപ്പോയി. ആകെ ഒരെണ്ണമേ എനിക്കുണ്ടായിരുന്നുള്ളൂ."
" എടാ ബുദ്ദൂസേ .....തീരെ തലയില്ലാതായല്ലോ നിനക്ക് ! ഇത്ര കഠിനമായ ചൂടില്‍ കണ്ടാമൃഗതിനെ വെല്ലുന്ന ഇത്രേം കട്ടിയുള്ള ആ വസ്ത്രം ധരിച്ചുകൊണ്ട് ഒരു മിനിറ്റ് ശരീരമനങ്ങിയാല്‍തന്നെ വിയര്‍പ്പില്‍ കുളിച്ചു തളര്‍ന്ന്പോകും. ഏതു തലയില്ലാത്തവനാ ഈ നിയമം ഉണ്ടാക്കിയത്! നിങ്ങള്‍ ജീവിക്കുന്നത് അന്റാര്‍ട്ടിക്കയില്‍ ആണോ? കളിരിയില്‍ നോക്ക്... ഒരു ബനിയന്‍, ഒരു ലങ്കോട്ടി , ഒരു മേല്‍മുണ്ട് . അത്രമാത്രം .
ശ്ശെടാ.....എളാപ്പ പറയുന്നതും കാര്യമാണല്ലോ.. ഞാനിതുവരെ ഇങ്ങനെ ചിന്തിക്കാഞ്ഞത് കഷ്ടമായിപ്പോയി! ഒന്നര കൊല്ലം വിയര്‍പ്പൊഴുക്കിയത് നഷ്ടമായോ ദൈവമേ...

"എന്നാല്‍ ഞാന്‍ നാളെ മുതല്‍ ബനിയനിട്ട് ചെയ്തോളാം. എന്റെ നെഞ്ചക്ക് കത്തിച്ചുകളയേണ്ടിയിരുന്നില്ല. അതിനേക്കാള്‍ നല്ലത് എനിക്കിട്ടു രണ്ടു തല്ലുന്നതായിരുന്നു"

"ഡാ മണ്ടാ... ഇത്ര തലതിരിഞ്ഞ ഒരു ആയുധം ലോകത്ത് വേറെയുണ്ടാവില്ല. പത്തടി നീളമുള്ള എന്റെ ഉറുമിക്കുപോലും ആകെയുള്ളത് നാലിഞ്ചു നീളമുള്ള ഒരു പിടി മാത്രം! മൂന്നടി തികച്ച് ഇല്ലാത്ത ആ കുന്ത്രാണ്ടത്തിന് ഒന്നേകാല്‍ അടി വീതം രണ്ടുപിടികള്‍! ഏതു പഹയനാടാ ഇത് കണ്ടുപിടിച്ചത് 

ഹൊ....ഈ എളാപ്പാന്റെ ഒരു ബുദ്ധി!!! ഇത്രേം കാലം ചവിട്ടിത്തുള്ളിയിട്ടും എനിക്കീ ലഡു പോട്ടിയില്ലല്ലോ...എളാപ്പ ഒരു സംഭവം തന്നെ. വല്ല യൂറോപ്പിലോ മറ്റോ ആണ് അങ്ങേര് ജന്മമെടുത്തിരുന്നുവെങ്കില്‍ ഒരു നോബല്‍ സമ്മാനം എങ്കിലും അടിച്ചെടുക്കുമായിരുന്നു! ഈ കരാട്ടെ എന്നൊക്കെ പറയുന്നത് ഒക്കെ ചുമ്മാതാ. യാ....ഹൂ വിളിച്ചു തൊണ്ട പൊട്ടിച്ചതും വിയര്‍ പ്പൊഴുക്കിയതുമൊക്കെ വെറുതെ ആയോ..

പൊടുന്നനെ എളാപ്പാനോടുള്ള ഇഷ്ടം എന്നില്‍ സോപ്പ്പത പോലെ നുരഞ്ഞുപൊങ്ങി . 'ദോശ ചുട്ടു കൊണ്ടിരിക്കുന്ന' അദ്ദേഹത്തോട് ഞാന്‍ തൂവല്‍സ്പര്‍ശം പോലെ മയത്തില്‍ ചോദിച്ചു...
" നെഞ്ച് വേദനിക്കുന്നുണ്ടോ എളാപ്പാ....?
"ഇല്ലെടാ..എണ്ണ തേച്ചു മുങ്ങിക്കുളിച്ച സുഖം .." 
എളാപ്പാന്റെ ഉണ്ടക്കണ്ണുകള്‍ കൂടുതല്‍ വലുതായി.ശേഷം  ഒരുഗ്രന്‍ കല്പനയും.
"നാളെ മുതല്‍ നീ കളരി പഠിച്ചുതുടങ്ങുന്നു. കരാട്ടെ മറന്നു കളയുന്നു. ഗുരുവിനെ അടിച്ചുവീഴ്ത്തി ശിഷ്യപ്പെടുന്ന ആദ്യത്തെ ചെറുപ്പക്കാരന്‍ എന്ന പേര് നിനക്കിരിക്കട്ടെ. രണ്ടുവര്‍ഷംകൊണ്ട് നല്ലൊരു അഭ്യാസിയാക്കി നിന്നെ മാറ്റുന്നകാര്യം ഞാനേറ്റു.

എനിക്ക് സന്തോഷമായി. ഉണക്കച്ചെമ്മീന്‍ പോലിരിക്കുന്ന എന്റെ ശരീരം ഇറച്ചിക്കോഴിപോലെയുള്ള എളാപ്പാന്റെ കോലത്തിലാക്കി മാറ്റാം. ഉശിര് കാട്ടി വരുന്നവരെ ഉറുമി കാട്ടി ഭയപ്പെടുത്താം. എടുപ്പിലും നടപ്പിലും ഒക്കെ ഒരു ഗമ വരുത്താം.
"ന്നാ..... ഈ വാള്‍ രണ്ടുകയ്യും നീട്ടി വാങ്ങിക്ക്. എന്നിട്ട് അകത്തെ പെട്ടിയില്‍ കൊണ്ട് പോയി ഭദ്രമായി വയ്ക്കൂ..."  അദ്ദേഹത്തിന്റെ കല്പന.
ഇതുവരെയില്ലാത്ത ഒരാകര്‍ഷണീയത ആ വാളിനോട് എനിക്ക് തോന്നി. തികഞ്ഞ ബഹുമാനാദരഭയഭക്തിസ്നേഹത്തോടെ ഞാന്‍ അതേറ്റുവാങ്ങി താണുവണങ്ങി.
"എന്താടാ വാളിനെ ഉമ്മവക്കുകയാണോ? അതൊന്നും നല്ല ശീലമല്ല " എന്ന് അദ്ദേഹത്തിന്റെ ഉപദേശം.
" അതല്ല എളാപ്പാ... ഞാനിത് ചക്ക മണക്കുന്നുണ്ടോ എന്ന് വാസനിച്ചു നോക്കിയതാ " എന്ന സത്യം പറയണമെന്നുണ്ടായിരുന്നു. പക്ഷെ വെറുതെയെന്തിനാ ഒരു അഭ്യന്തരയുദ്ധത്തിനു നമ്മള്‍ സാക്ഷിയാകുന്നത്!

വാള്‍ കയ്യിലേന്തി , വടക്കന്‍ വീരഗാഥയിലെ  ചന്തുവിന്റെ സ്റ്റൈലില്‍ ഞാന്‍ വരാന്തയില്‍ നിന്ന് അടുക്കളയിലേക്കു സ്ലോമോഷനില്‍ നടന്നുചെന്നു.
എന്റെ നടപ്പ് കണ്ടു ഉമ്മ ആശ്ചര്യത്തോടെ നോക്കി.
"ഉമ്മാ ...ഞാന്‍ എളാപ്പാക്ക് ശിഷ്യപ്പെട്ടു..." എന്ന് ഞാന്‍ 
"അപ്പൊ ഞങ്ങള്‍ രക്ഷപ്പെട്ടു...."  എന്ന് ഉരുളക്കുപ്പേരി.
"അതെന്തെയിനും..?"
"കാണ്ടാമൃഗത്തിന്റെ തോല് പോലത്തെ നിന്റെ ആ ഡ്രസ്സ്‌ അലക്കി ഞങ്ങടെ കൈകള്‍ ദ്രവിച്ചു....ആട്ടെ , നിന്റെ കയ്യൊന്നു ഉയര്‍ത്തിക്കേ..."
"അതെന്തിനാ ഉമ്മാ.." എന്നും പറഞ്ഞു ഞാന്‍ കൈകള്‍ ഉയര്‍ത്തി. 
"വാളുയര്‍ത്താനുള്ള ആരോഗ്യമൊക്കെ നിനക്കുണ്ടോ എന്ന് നോക്കിയതാ.."    ദേ.. ഉമ്മ വീണ്ടും എന്നെ എടുത്തിട്ട് അലക്കുന്നു.

അന്ന് രാത്രി വാളും ഉറുമിയും പരിചയുമൊക്കെ വെള്ളിത്തിരയില്‍ നിറപ്പൊലിമയോടെ നിറഞ്ഞാടുന്നത് സ്വപ്നം കണ്ടു ഞാനുറങ്ങി. കൂട്ടിനു പിന്നണിയില്‍  വടക്കന്‍ പാട്ടുകളും. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ മുതല്‍  എളാപ്പാന്റെ അടുത്ത് , അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നില്‍ക്കും പോലെ വിനീതവിധേയനായി ഞാന്‍ നിന്നു. കളരിയെക്കുറിച്ചുള്ള എന്റെ കുറെ സംശയങ്ങള്‍ അദ്ദേഹം തീര്‍ത്തുതന്നു. അന്ന് വൈകീട്ട് , അതുവരെ വിരിയിച്ചുനോക്കാത്ത നെഞ്ചും വിരിച്ചു ഞാന്‍ കളരിയാശാനായ എളാപ്പാന്റെ കൂടെ കളരിനിലത്തേക്ക്  നടന്നു. 
യാ..ഹൂ വിളികളുടെ വിയര്‍പ്പിന്റെ ലോകത്ത്നിന്ന് ഞെരിഞ്ഞമരുന്ന അഭ്യാസങ്ങളുടെ ലോകത്തേക്ക്....
പക്ഷെ , അവിടെ എന്നെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു!





03/09/2011

എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..



എന്റെ എളാപ്പ ( പിതാവിന്റെ അനുജന്‍) കറതീര്‍ന്ന ഒരു കളരിയാശാനായിരുന്നു. കണ്ടാല്‍ തന്നെ പേടിതോന്നിക്കുന്ന മുഖഭാവം! ഉണ്ടക്കണ്ണുകള്‍! വെളിച്ചപ്പാട് സ്റ്റൈല്‍ തലമുടി!  കഞ്ചാവടിക്കാരന്റെ കയ്യിലെ സാധുബീഡിപോലെ , കൈകാലുകളില്‍ നല്ല ജമണ്ടന്‍ മസിലുകള്‍! നിജാം പാക്ക്‌, മൈസൂര്‍ പാക്ക് എന്നെല്ലാം അറിയുമെന്നല്ലാതെ, വയറ്റത്തും 'പാക്ക്‌' ഉണ്ടെന്നു അന്നെനിക്ക് അറിവില്ലാത്തതിനാല്‍ എണ്ണിനോക്കിയില്ല. (എന്നാലും ഒരഞ്ചെട്ടെണ്ണം കാണുമായിരിക്കും). കക്ഷങ്ങളില്‍ കുരുവും തുടകള്‍ക്കിടയില്‍ കരുവും പൊങ്ങിയപോലെയുള്ള നടത്തം. എന്റെ അറിവില്‍ യാതൊരു അസുഖവുമില്ലെങ്കിലും- രണ്ടു വാള്‍ , ഒരു പരിച, ഒരു ഉറുമി മുതലായവ സ്വന്തമായി ഉണ്ട്. അദ്ദേഹം അത് വളരെ വൃത്തിയിലും വെടിപ്പിലും സൂക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹം വീട്ടിലില്ലാത്ത തക്കം നോക്കി ഞങ്ങള്‍ കുട്ടികള്‍  പരിച കറക്കി  'കാസിനോ' കളിച്ചിരുന്നു. പക്ഷെ വാളുകള്‍ കൊണ്ട് കളിക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. എന്നാലോ എന്റെ ഉമ്മ ആ വാള് കൊണ്ട് ലളിതസുന്ദരമായി- ചക്ക, തണ്ണിമത്തന്‍ മുതലായവ നിര്‍ദയം മുറിച്ചു കഷ്ണമാക്കുകയും എളാപ്പ വരുന്നതിനു മുന്‍പേ വാള്‍ വൃത്തിയാക്കി , ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന മട്ടില്‍ വളരെ വിദഗ്ദമായി യഥാസ്ഥാനത്ത് പുനസ്ഥാപിക്കുകയും ചെയ്തു പോന്നു. 

ദിവസേന വൈകീട്ട് വീടിനല്പം ദൂരെ ഒരു ഷെഡ്ഡില്‍ ആയിരുന്നു യഥാര്‍ത്ഥ അഭ്യാസങ്ങള്‍ എങ്കിലും എളാപ്പ പതിവായി രാവിലെ അല്പം കസര്‍ത്തുകള്‍ വീട്ടില്‍ വച്ച് തന്നെ ചെയ്യുക പതിവായിരുന്നു. 
"വലതുമാറി ഇടതുമാറി ഞെരിഞ്ഞമര്‍ന്ന് ..." എന്നിത്യാദി മിമിക്ക്രി ഡയലോഗുകള്‍ ഒന്നും അദ്ദേഹം പറയാറുള്ളത് ഞാന്‍ കേട്ടിട്ടില്ല . എന്നാല്‍ ചില ഞരക്കങ്ങളും മൂളലുകളും കേള്‍ക്കാറുണ്ട്.  ഒറ്റക്കൈകൊണ്ട് വെറും മൂന്നു വിരലുകളാല്‍ അദ്ദേഹം  'പുഷ് അപ്പ് ' ചെയ്യുന്നത് കണ്ടു ഞാന്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയിട്ടുണ്ട്. 

സത്യത്തില്‍ എനിക്കിതിലൊന്നും അശേഷം താല്‍പര്യമുണ്ടായിരുന്നില്ല. നേരെ മറിച്ച് വേറെ ഒരു അഭ്യാസത്തോടായിരുന്നു എന്റെ പ്രേമം. കുറച്ചു കാലമായി ഞാനും ഈ പരിപാടി തുടങ്ങിയിട്ട്.

അന്നെനിക്ക് മധുരപ്പതിനേഴ്. എന്നെത്തൊട്ടാല്‍ ഞാന്‍ തനിയെ നിന്നുതിളയ്ക്കുന്ന പ്രായം! ആര് കണ്ടാലും എന്നെയൊന്നുനോക്കണം എന്നുള്ള മനസ്സിലെ മോഹം നടക്കാത്തതിനാല്‍ , ആരെക്കണ്ടാലും ഞാനൊന്നുനോക്കും. ഇരകിട്ടാതെ പട്ടിണി കിടക്കുന്ന നീര്‍ക്കോലിയെപോലെയാണ് കോലമെങ്കിലും അല്പം 'കയ്യിലിരിപ്പ്' ഒക്കെ ഉള്ളതിനാല്‍ മുഖത്ത് എപ്പോഴും ഒരു പുച്ഛഭാവം ഉണ്ടോന്നൊരു സംശ്യം.  ആരെങ്കിലുമൊന്നു ചുമ്മാ എന്റെ മേല്‍ വന്നുവീണിരുന്നുവെങ്കില്‍ ആപേരും പറഞ്ഞ് പഠിച്ചതൊക്കെ ഒന്ന് പരീക്ഷിക്കാമായിരുന്നു എന്ന അഹംഭാവം. 
അങ്ങനെ ഞാന്‍ 'നെഞ്ചക്കു'മായി അപ്പുറത്തെ മുറിയില്‍ മല്‍പ്പിടുത്തം നടത്തിക്കൊണ്ടിരിക്കുകയാണ്. തൊട്ടപ്പുറത്തെ മുറിയില്‍ എളാപ്പ കസര്‍ത്ത് ചെയ്യുകയും ചെയ്യുന്നു. (നെഞ്ചക്ക് വളരെ അപകടകാരിയാണ്. വടികൊണ്ട് അടിക്കുന്നതിന്റെ പതിന്മടങ്ങ്‌ ആഘാതമുണ്ടാക്കാന്‍ ഇതിനു കഴിയും. ഒപ്പം, പ്രയോഗിക്കാന്‍ അറിയാത്തവര്‍ ഇത് ഉപയോഗിച്ചാല്‍ ബൂമറാങ്ങ് പോലെ അവനുതന്നെ തിരിച്ചുകിട്ടുകയും ചെയ്യും. ഒരാളുടെ തലയോട്ടി പിളര്‍ക്കാന്‍ ഇത്കൊണ്ടൊരു പ്രയോഗം തന്നെ ധാരാളം)
"ഹാ.. ഹൂ..ഹീ..." അങ്ങനെ എന്റെ അഭ്യാസം കത്തിക്കയറിക്കൊണ്ടിരിക്കുന്നു. തലേന്ന് കണ്ട ഹിന്ദിസിനിമയിലെ വില്ലനായ അംരീഷ് പുരിയെ  മനസാ ശത്രുവായി സങ്കല്‍പ്പിച്ച് അങ്ങേരെ പിടിച്ചു മുന്നില്‍ നിര്‍ത്തിയാണ് എന്റെ ആക്രോശം. നെഞ്ചക്ക് കൊണ്ടുള്ള പ്രയോഗത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് എന്റെ യാഹൂ വിളികളുടെ ശബ്ദവും കൂടിക്കൊണ്ടിരുന്നു. ഇപ്പോ  അംരീഷ് പുരി ഏകദേശം ഒരു പരുവമായിക്കാണും!  "മുജ്ജെ ച്ചോട്ദോ ....." എന്ന് വിലപിച്ചുകൊണ്ട് അയാള്‍ എന്റെ കാലുപിടിക്കുന്നതായി എനിക്ക് തോന്നി. ഇത്രയും ക്രൂരനായ ഇയാളെ അങ്ങനെ വിടാന്‍ പാടുണ്ടോ? വീണ്ടും ആക്രോശിച്ചു കൊണ്ട് നാലുപാടും ഒന്നുകൂടി വീശി. അന്നേരത്താണ് , എന്റെ അലറല്‍ സഹിക്കവയ്യാതെ അപ്പുറത്ത് കസര്‍ത്ത് ചെയ്യുകയായിരുന്ന എളാപ്പ ക്രുദ്ധനായി എന്റെ മുറിയിലേക്ക് കയറിവന്നത് . 
"ഡിം....."
"പ് ധീം ....."
" ഹള്ളോ ...."
ആദ്യ ശബ്ദം നെഞ്ചക്ക് എളാപ്പാന്റെ നെഞ്ചത്ത്‌ കൊണ്ടത്‌.
രണ്ടാമത്തേത്‌ അദ്ദേഹം നിലത്തുവീണ ശബ്ദം.
മൂന്നാമത്തേത് അദ്ദേഹത്തില്‍നിന്നുയര്‍ന്ന നിലവിളി.

ചതിച്ചോ ദൈവമേ...!  അംരീഷ് പുരിയെ അടിച്ചുമലര്‍ത്തിയ ശക്തിയും ധൈര്യവും എന്നില്‍നിന്നു ഒറ്റ സെക്കന്റ് കൊണ്ട്  കാല്പാദത്തിലൂടെ ഒരു മിന്നലായി താഴേക്ക് ഊര്‍ന്നിറങ്ങിപ്പോയി.  ഇന്നത്തെ പിള്ളേര്‍ ഊണിലും ഉറക്കിലും മൊബൈല്‍ഫോണ്‍ കൊണ്ട്നടക്കുന്നത് പോലെ, സന്തതസഹചാരിയായ എന്റെ നെഞ്ചക്ക് താഴെവീണു! വിറയല്‍ കാരണം തല കറങ്ങി.  വിയര്‍പ്പ് എന്നെ കുളിപ്പിച്ചു.  ദോശയുണ്ടാക്കാന്‍ ചട്ടിയില്‍ മാവ്ചുഴറ്റും പോലെ,  എളാപ്പ തന്റെ  കൈകൊണ്ടു തന്റെ നെഞ്ചത്ത്‌ കൈ തടവുകയും ഞരങ്ങുകയും മൂളുകയും ചെയ്യുന്നുണ്ട്. എന്ത് ചെയ്യണം എന്ന് എനിക്കൊരു നിശ്ചയവുമില്ല. കിടന്നിടത്ത് നിന്നു എഴുന്നേറ്റ് ഒന്ന് 'ഞെരിഞ്ഞമര്‍ന്നാല്‍ത്തന്നെ' വാമനന്‍ ചവിട്ടിതാഴ്ത്തിയ മാവേലിയുടെ അവസ്ഥയാകും എന്റെത് ! മാവേലിയെപ്പോലെ വര്‍ഷത്തിലൊരു പ്രാവശ്യമെങ്കിലും പുറത്തിറങ്ങാന്‍ പറ്റുമെന്നും തോന്നുന്നില്ല. 
എന്തുചെയ്യണം! ഒന്നരകൊല്ലമായിട്ടു ഞാന്‍ പഠിക്കാത്ത ഒരടവ് അപ്പോള്‍ ഞാന്‍ ഒറ്റ നിമിഷം കൊണ്ട് പഠിച്ചെടുത്തു. അതെ; ഒരൊറ്റ ഓട്ടമായിരുന്നു..!

കൂട്ടുകാരോടൊപ്പം കളിച്ചു സമയം പോയതറിഞ്ഞില്ല .വിശപ്പുമറിഞ്ഞില്ല. വീണുപോയ ധൈര്യമൊക്കെ അല്പാല്പമായി വീണ്ടുകിട്ടിത്തുടങ്ങി. എളാപ്പ എന്നെ ഉപദ്രവിച്ചാല്‍ ക്ഷമയോടെ നേരിടാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. അത് ഭയം കൊണ്ടല്ല കേട്ടോ. എന്റെയും എളാപ്പാന്റെയും സംഗതികള്‍ തമ്മില്‍ ഒരു പാട് അന്തരമുണ്ട് . എളാപ്പാന്റെത് കളരി . അത് ഭാരതീയ സംസ്കാരമാണ്. എന്റെതോ വിദേശിയും! ഞങ്ങള്‍ തമ്മില്‍ ഒരു 'സാംസ്കാരിക സംഘട്ടനം' നടന്നാല്‍ പിന്നീടത് വലിയ ലോകയുദ്ധത്തിനുതന്നെ കാരണമായെങ്കിലോ?  

വൈകീട്ട്,  കൂടണയാന്‍ വരുന്ന കോഴിയെപോലെ  വീട്ടില്‍വന്ന എന്നെ വരവേറ്റത് ഞെട്ടിക്കുന്ന കാഴ്ച്ചകളായിരുന്നു !
(തുടരും..)