( 03-04-2000 - ല്‍ ഗള്‍ഫ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)കായ്ച്ചുനില്‍ക്കുന്ന കശുമാവിന്‍ചുവട്ടില്‍ ചമ്രംപടിഞ്ഞിരുന്ന് കൂട്ടുകാരുമൊത്ത് ചീട്ടുകളിക്കുമ്പോഴും വേലപ്പന്റെയുള്ളില്‍ ആ ചാവാലിപ്പട്ടിയെ എങ്ങനെ പിടികൂടണമെന്ന ചിന്തയായിരുന്നു. എകാഗ്രതയില്ലാത്തകാരണം പലപ്പോഴും കളിയില്‍ തോറ്റുപോകുന്നു. തന്നെ നിരന്തരം ആ പട്ടി കബളിപ്പിച്ചു കടന്നുകളയുന്നത്തിലുള്ള അമര്‍ഷം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ പലപ്പോഴും കഞ്ഞികുടി മുട്ടിയിട്ടുമുണ്ട് . ചിരുതമ്മ ഉണ്ടാക്കിവച്ച കഞ്ഞിയില്‍ തലയിട്ടു കുടിക്കുകയും തട്ടിനശിപ്പിക്കുകയും ചെയ്തു ഝടുതിയില്‍ ഓടിമറയുന്ന അതിനെ താനൊരിക്കല്‍ കുടുക്കും തീര്‍ച്ച. ഓലയും മുളയും കൊണ്ട് നിര്‍മ്മിച്ച വാതില്‍പൊളികൊണ്ട് മറച്ച അടുക്കളയില്‍ നൂഴ്ന്നുകയറിയിറങ്ങാന്‍ ആ പട്ടിക്ക് പ്രത്യേക വിരുതുതന്നെയുണ്ടെന്ന് തോന്നുന്നു.
സൂര്യന്‍ തളര്‍ന്നു അറബിക്കടലില്‍ വീഴാറായപ്പോള്‍ വേലപ്പന്‍ എഴുന്നേറ്റു ആസനത്തിലെ മണ്ണുതട്ടി മൂരിനിവര്‍ത്തി . പാടത്ത് കളപറിക്കാന്‍പോയി മടങ്ങിവരുന്ന സ്ത്രീകള്‍ അയാളെ നോക്കി പുഞ്ചിരിച്ചു. ബീഡിക്കറപുരണ്ട പല്ലുകള്‍ കാട്ടി അയാളും പുഞ്ചിരിക്കാന്‍ ശ്രമിച്ചു. തൊഴുത്ത് ലക്ഷ്യമാക്കി മടങ്ങുന്ന പശു അയാളെ നോക്കി തലയാട്ടി.
"ചിരുതമ്മേ കൊറച്ച് കഞ്ഞിവെള്ളം താടീ..." ചാണകം മെഴുകിയ കോലായിലിരുന്ന് വേലപ്പന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
രാത്രി അതിന്റെ നേര്‍ത്ത കരിമ്പടം പുതച്ചതുടങ്ങി. പക്ഷികള്‍ കൂടണയാനുള്ള വ്യഗ്രതയില്‍ ശബ്ദമുണ്ടാക്കി. അതിനിടയില്‍ ചിരുതമ്മയുടെ ഞരക്കം കേട്ട വേലപ്പന്‍ അകത്തേക്ക് ചെന്നു.
"വയറുവേദനിച്ചിട്ടു വയ്യ മനുഷേനെ...കൊറച്ച് മരുന്ന് കൊണ്ടത്തായോ.." കമിഴ്ന്നുകിടന്ന് വയറില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ചിരുതമ്മ പറഞ്ഞു . വയലിലെ കളിമണ്ണിന്റെ അവശിഷ്ടങ്ങള്‍ അവരുടെ പാദങ്ങളില്‍ അങ്ങിങ്ങായി ഉണങ്ങിപ്പിടിച്ചിരുന്നു. അന്നത്തെ വിയര്‍പ്പിന്റെ പ്രതിഫലം അവരുടെ പഴകിയ ഉടുമുണ്ടിന്റെ കോന്തലയില്‍ ഭദ്രമായി കെട്ടിവച്ചിരുന്നു.
"വയറിനു പിടിക്കാത്ത വല്ലതും കഴിച്ചതോണ്ടായിരിക്കും . കൊറച്ച് പാല്‍ക്കായമെടുത്തു കഴിക്കെടീ.." വേലപ്പന്‍ ശബ്ദമുണ്ടാക്കി.
കഞ്ഞിയും ചമ്മന്തിയുമല്ലാണ്ട് വേറെന്താവ്ടെ ള്ളത് മനുഷേനെ വയറിനു പിടിക്കാണ്ടിരിക്കാന്‍..?" ചിരുതമ്മ നിര്‍ത്തി നിര്‍ത്തി പറഞ്ഞു.
അടുക്കളയില്‍നിന്ന് പാത്രം തട്ടിമറിയുന്ന ശബ്ദം കേട്ടനിമിഷം വേലപ്പന്‍ അങ്ങോട്ടോടി. വേഗം ഓലവാതില്‍ ഭദ്രമായി അടച്ചു. അതിന്റെ ദ്രവിച്ചുതുടങ്ങിയ ചില ഭാഗങ്ങള്‍ വിറകുകൊള്ളികൊണ്ട് അടച്ചു. അടുക്കളയുടെ മൂലയില്‍ തിളങ്ങുന്ന രണ്ടുകണ്ണുകള്‍!!
പട്ടിയെ കുടുക്കിയ സന്തോഷത്തില്‍ വേലപ്പന്‍ ചിരിച്ചു. ചിരുതമ്മയുടെ ഞരക്കത്തിനിടയിലൂടെ അയാള്‍ വേഗം പുറത്തിറങ്ങി. കള്ളുഷാപ്പില്‍ കൂട്ടുകാരുമൊന്നിച്ചു മദ്യപിക്കുകയായിരുന്ന കേശവന്‍ അച്ഛന്‍ കയറിവന്നപ്പോള്‍ എഴുന്നേറ്റ് പുറത്തുവന്നു. ഗ്ലാസുകള്‍ ചിലമ്പുന്നതിന്റെയും കുഴഞ്ഞ സംസാരങ്ങളുടെയും ശബ്ദത്തിനിടയില്‍ അച്ഛന്റെ വാക്കുകള്‍ക്ക് കേശവന്‍ കാതോര്‍ത്തു.
" കാശല്ലെടാ ആ ഗ്ലാസിലിരിക്കണത് .. അത് മുഴോന്‍ കഴിച്ചിട്ടു വാടാ..." ഗ്ലാസില്‍ പകുതിയാക്കിവച്ച മദ്യം ചൂണ്ടി വേലപ്പന്‍ മകനെ ശാസിച്ചു.
" ആ പട്ടീനെ ഞാന്‍ കുടുക്കീട്ടുണ്ട്. അതിന്റെ അടിയന്തിരമിന്നു കഴിക്കണം" അച്ഛനും മകനും വേഗത്തില്‍ നടന്നു.
*****************************************************
ചിരുതമ്മയുടെ ശവമടക്കിനു അധികമാരും ഉണ്ടായിരുന്നില്ല. അഞ്ചു സെന്റ് ഭൂമിയിലെ ഒരു മൂലയില്‍ മണ്ണിനെ ഉമ്മവച്ച് അവര്‍ കിടന്നു. മണ്ഡരി ബാധിച്ച നാല് തെങ്ങും ചിരുതമ്മ നട്ടുവളര്‍ത്തിയ വാഴയും ചേമ്പും പ്ലാവും അവരുടെ മരണത്തില്‍ കണ്ണീര്‍ വാര്‍ത്തു. സന്ധ്യ ചക്രവാളത്തില്‍ ചുവപ്പ് വിരിച്ചപ്പോള്‍ ചിരുതമ്മയെ പൊതിഞ്ഞ ഈര്‍പ്പം മാറാത്ത മണ്ണിനു മുകളില്‍ ആ ചാവാലിപ്പട്ടി കാവല്‍ കിടന്നു.