08/10/2012

കടമകള്‍



( 11-3-1999- നു ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്‌)
ഇന്ന് പതിവിലും നേരത്തെ ഉറക്കമുണര്‍ന്നു. കിടക്കയില്‍നിന്നെഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. മുറിയില്‍ നല്ല ഇരുട്ട്. എയര്‍കണ്ടീഷന്റെ നേരിയ ശബ്ദം നിശബ്ദതയെ ഭഞ്ജിക്കുന്നു. കട്ടിക്കമ്പിളിയും പുതച്ചു വെറുതെ കിടക്കുക സുഖകരം തന്നെ . നാടിനെ അപേക്ഷിച്ചു ഉറങ്ങാന്‍ സുഖം ഇവിടെ തന്നെ സംശയമില്ല. എന്നാലും ഇന്നലെ ഉറക്കം വരാനെനെന്തേ ഇത്രയും താമസിച്ചത് ! 

എഴുന്നേറ്റ് ബ്രഷും സോപ്പുമെടുത്ത്‌ മെല്ലെ വാതില്‍ തുറന്നു പുറത്തിറങ്ങി. സഹമുറിയന്‍മാര്‍ രണ്ടാളും നല്ല ഉറക്കില്‍ തന്നെ. ജോലിക്ക് പോകാന്‍ ഇനിയുമെത്രയോ സമയം ബാക്കി. ഉറങ്ങട്ടെ. ശബ്ദമുണ്ടാക്കണ്ട. പല്ലുതേച്ച്കൊണ്ടിരിക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കി. തന്റെ പ്രതിബിംബം തന്നെ നോക്കി പല്ലിളിച്ചു പരിഹസിക്കുകയാണോ? തന്റെ മുഖത്ത് നോക്കി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ടിരിക്കുകയാണോ ? ഞാന്‍ സൂക്ഷിച്ചു നോക്കി . ആറു വര്‍ഷമായി ദിനേന ഇവനെ ഞാന്‍ കാണുന്നു. ആദ്യത്തെ ചുറുചുറുക്കും കണ്ണിലെ തിളക്കവും ഇപ്പോഴില്ല. സമൃദ്ധമായിരുന്ന തലമുടി ഇപ്പോള്‍ എണ്ണാന്‍ പറ്റന്ന പരുവത്തിലായിട്ടുണ്ട്. വിശാലമായ നെറ്റിത്തടത്തില്‍ ചുളിവുകള്‍ വീണു തുടങ്ങിയിരിക്കുന്നു. കണ്‍തടത്തില്‍ കറുപ്പ്നിറം ബാധിച്ചിരിക്കുന്നു. ആറുവര്‍ഷം മനുഷ്യശരീരത്തില്‍ ഇത്രയും പ്രകടമായ മാറ്റങ്ങള്‍ വരുത്തുമോ?

ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു. വേഗം കുളിച്ചു പുറത്തിറങ്ങി. സ്നേഹിതന്‍ ഷാജി തന്റെ ഊഴവും കാത്ത് സോപ്പുപെട്ടിയും തോര്‍ത്തും കയ്യില്‍ പിടിച്ചു ഇരുന്നുറങ്ങുന്നു. അവന്റെ അപ്പന്‍ നാട്ടില്‍ അറിയപ്പെടുന്ന പണക്കാരന്‍. അടക്കയുടെയും തേങ്ങയുടെയും വ്യാപാരം. നാലു മക്കളില്‍ ഒരേയൊരു ആണ്‍ തരിയാണ് ഷാജി. പ്രദേശത്തെ പ്രധാനഗുണ്ടയുടെ സഹോദരിയെ കമന്‍റടിച്ചതിനു സംഹാരമൂര്‍ത്തികളായി വന്ന ഗുണ്ടകളില്‍ നിന്നും രക്ഷപ്പെട്ട് നാടുവിട്ടു. എത്തിയതിവിടെ.  പണസമ്പാദനമെന്ന ലകഷ്യത്തിലുപരി ഇത്തരം ഉദ്ദേശ്യങ്ങളുമായി എത്തിയ പലരെയും ഇവിടെ കാണാം. സ്വന്തം വീട്ടില്‍ അഞ്ചു ബാത്ത് റൂമുകള്‍ ഉള്ളവനാണ് ഇവിടെ തന്റെ ഊഴവും കാത്തിരിക്കുന്നത്! പാവം .. ഞാനവനെ തട്ടിയെഴുന്നേല്‍പ്പിച്ചു.

ഒമ്പത് മണിക്കാണ് കട തുറക്കുകയെങ്കിലും അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ടു. ജ്യൂസ് കടയില്‍നിന്ന് എന്തെങ്കിലും കഴിക്കാം. ഓംലറ്റ് ഉണ്ടാക്കി, തലേന്നത്തെ ഖുബ്സ്‌, ഫ്രൈ പാനിലിട്ടു ചൂടാക്കി  അത് നെടുകെ കീറാന്‍ പണിപ്പെട്ട് ശ്രമിക്കുന്ന കടക്കാരന്റെ മുഖത്ത് പ്രത്യേകഭാവങ്ങള്‍.. നിമിഷനേരം കൊണ്ടത്‌ ഒരു സാന്‍വിച്ചാക്കി അയാള്‍ എന്റെ കയ്യില്‍ പിടിപ്പിച്ചു. അതില്‍നിന്ന് ഉയര്‍ന്ന, മുട്ടയുടെയും പച്ചമുളകിന്റെയും സമ്മിശ്രഗന്ധത്തോടെയുള്ള ആവിയോടൊപ്പം എന്റെ ചിന്തകളും ഉയര്‍ന്നുപൊങ്ങി.

ഇന്ന് തിങ്കളാഴ്ച. തന്റെ ഒരേയൊരു പെങ്ങളുടെ വിവാഹം. അമ്മയും പെങ്ങളും താനുമടങ്ങുന്ന ചെറിയ കുടുംബം. അച്ഛന്റെ മരണശേഷം പതിനാറാം വയസ്സിലേ കുടുംബബാധ്യത തന്റെ തലയില്‍.  പാഠപുസ്തകങ്ങള്‍ക്ക് എന്നെന്നേക്കുമായി അവധിനല്‍കി കൂലിപ്പണിക്കിറങ്ങി. നിത്യച്ചിലവിനും അമ്മയുടെ ചികിത്സക്കും തന്റെ വരുമാനം തികയാതെയായപ്പോള്‍ ഗള്‍ഫെന്ന സുവര്‍ണ്ണഭൂമി ഇടയ്ക്കിടെ മനസ്സില്‍ ഓടിയെത്തി. പ്രായമായി വരുന്ന സഹോദരിയും മനസ്സില്‍ കനല്‍ കോരിയിട്ടുകൊണ്ടിരുന്നു. പലരുടെയും കാലുപിടിച്ചും കടം വാങ്ങിയും ഇവിടെയെത്തി.  ഇരുപത്തിഅഞ്ചാം വയസ്സില്‍ വന്ന താന്‍ നീണ്ട ആറു വര്‍ഷം ഇവിടെ , ഈ തുണിക്കടയില്‍. പലരും ഈ വിപ്രവാസ ജീവിതത്തെ പഴിക്കുന്നുവെങ്കിലും തനിക്കിതുവരെ അങ്ങനെ തോന്നിയിട്ടില്ല. നാട്ടില്‍ നിന്ന്കൊണ്ട് നിര്‍വഹിക്കാനാകാത്ത പലകാര്യങ്ങളും ഇവിടെനിന്ന് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അവിടെ നിന്ന് വണ്ടി കയറുമ്പോള്‍ രണ്ടേ രണ്ടു ആഗ്രഹങ്ങള്‍ മാത്രമേ കൂടെ കരുതിയുള്ളൂ. ഹൃദ്രോഗിയായ അമ്മയുടെ അസുഖം മാറ്റുക, സഹോദരിയുടെ വിവാഹം കേമമായി നടത്തുക. അതെ; ഇന്നെന്‍റെ ഗീതുമോളുടെ വിവാഹമാണ് . ഇപ്പോള്‍ അവിടെ ബഹളമയമായിരിക്കും. കുട്ടികളുടെ പൊട്ടിച്ചിരികള്‍, കാക്കകളുടെ കലപിലകള്‍, അലങ്കരിച്ച പന്തല്‍ , അതിഥികളെ സ്വീകരിക്കാന്‍ ഓടിനടക്കുന്ന അമ്മയും അമ്മാവനും,  സാരിയുടുത്ത്  ആഭരണങ്ങള്‍ അണിഞ്ഞ് ലജ്ജയോടെയിരിക്കുന്ന സുന്ദരിയായ ഗീതുമോള്‍. കാളനും തോരനും സാമ്പാറും പപ്പടവും എന്നുവേണ്ട എല്ലാം കൂട്ടിയുള്ള സുഭിക്ഷമായ ഭക്ഷണം......   വായില്‍  ഉമിനീര്‍ നിറഞ്ഞു. ഇപ്പോഴവിടെ ഏകദേശം പന്ത്രണ്ടു മണി. അന്നേരം എന്റെ കയ്യിലിരിക്കുന്ന സാന്‍ഡ് വിച്ചിലേക്ക് വെറുതെ  ഞാന്‍ നോക്കി നിന്നു.

"എന്താടാ ദാസാ , സ്വപ്നം കാണുകയാണോ?" കടക്കാരന്‍ അബുക്ക എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. സാന്‍ഡ് വിച്ച് പാതി കഴിച്ചു ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു പുറത്തിറങ്ങി. അടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു പാക്കറ്റ്‌ ടോഫിയും വാങ്ങി. സന്തോഷദിനമാണ്. പരിചയക്കാര്‍ക്കെല്ലാം കൊടുക്കണം.

കടയില്‍ ജോലി ചെയ്യുമ്പോഴും മനസ്സ്‌ അങ്ങകലെ നാട്ടില്‍ തന്നെയായിരുന്നു.ഗീതുമോള്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ അമ്മ വീട്ടില്‍ തനിച്ചാവും..  പലപ്പോഴും അമ്മ എഴുതി നാട്ടില്‍ വരാന്‍. ഗീതുമോളുടെയും തന്റെയും വിവാഹം ഒന്നിച്ചു നടത്തുക അമ്മയുടെ സ്വപ്നമായിരുന്നു. എന്ത് ചെയ്യാം കടമകളുടെ പൂര്‍ത്തീകരണത്തിന് പലതും ബലികഴിക്കേണ്ടിവരുന്നു. പലര്‍ക്കും കൊടുക്കാനുള്ള സംഖ്യ മനസ്സില്‍ തികട്ടിവരുന്നു. ഇനിയെത്ര കാലം ജോലി ചെയ്താലാണവ വീട്ടാന്‍ കഴിയുക? തന്റെ തുച്ഛശമ്പളവും പ്രാരാബ്ധങ്ങളുടെ ഭാണ്ഡവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. ഉള്ളില്‍ നിന്നൊരു നെടുവീര്‍പ്പുയര്‍ന്നു.

"ദാസാ ... വേഗം വാ . നാട്ടില്‍ നിന്നൊരു കോള്‍.." കടയുടമ വിളിച്ചുപറഞ്ഞു. പൊടുന്നനെ  ആകാംക്ഷ  തന്നെ വാനിലേക്കുയര്‍ത്തി. ഓടിച്ചെന്നു റിസീവര്‍ ചെവിയോടടുപ്പിച്ചു. അതില്‍നിന്നുതിര്‍ന്ന വാക്കുകള്‍ തീജ്വാലയായി ചെവിയിലൂടെ തലച്ചോറില്‍ പ്രവേശിച്ചു. ഒപ്പം കാല്‍പാദങ്ങളില്‍നിന്നും മരവിപ്പ് മേലാസകലം അരിച്ചു കയറി. തളര്‍ന്ന ഹൃദയത്തോടെ ഞാനിരുന്നു.

മുഹൂര്‍ത്തസമയത്തുതന്നെ തന്റെ അമ്മ ........ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും ഭാഗ്യമില്ലാത്ത ജീവിതം ! അന്നാദ്യമായി ഗള്‍ഫിനെ ഞാന്‍ വെറുത്തു..