18/04/2013

'നരകക്കോഴി' ഇറങ്ങുന്നു.



തന്റെ രചനകള്‍ പുസ്തകമാവുന്നു എന്നത് ഏതൊരു ബ്ലോഗറെ സംബന്ധിച്ചോളവും അനല്പമായ സന്തോഷം ഉളവാക്കുന്നതാണ് . എഴുത്തിലെ എല്ലാ ബാലാരിഷ്ഠതകളും ഉള്‍ക്കൊണ്ടുതന്നെ, 'തണലില്‍' പോസ്റ്റിയതും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചതുമായ 35ഓളം കഥകള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് ഒരു പുസ്തകം ഇറങ്ങുന്നു . "നരകക്കോഴി" . 2013 ഏപ്രില്‍ 21 നു തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ്‌ മീറ്റില്‍ ഇത് പ്രകാശനം ചെയ്യപ്പെടുന്നു.

എന്റെ വായനക്കാര്‍ എന്നേക്കാള്‍ വിവരമുള്ളവര്‍ ആണെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ട് . അത് കൊണ്ട്തന്നെ , ഈ പുസ്തകം നിങ്ങള്ക്ക് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ , മലയാളം പ്രൊഫസര്‍ക്ക് കളിക്കുടുക്ക  വായിക്കാന്‍ കൊടുക്കുന്നപോലെയാണ് എനിക്കനുഭവപ്പെടുന്നത് .

പ്രിയ വായനക്കാരുടെ ഇതുവരെയുള്ള അകമഴിഞ്ഞ അഭിപ്രായ നിര്‍ദേശ വിമര്‍ശനങ്ങള്‍ മേലിലും ഉണ്ടാകുമെന്ന് പ്രത്യാശയുണ്ട്. കാശ് കൊടുത്തു വാങ്ങിയാലത് നഷ്ടക്കച്ചവടമാകുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. എങ്കിലും വായനക്കാരെ നിരാശപ്പെടുതാതിരിക്കാന്‍ പ്രാര്‍ഥിക്കുന്നു.
ഒപ്പം .....
വിയര്‍പ്പ് ഒഴുക്കിയും കണ്ണീരു കുടിച്ചും ഗള്‍ഫില്‍  എരിഞ്ഞോടുങ്ങുന്ന   അസംഖ്യം 'നരകക്കോഴി'കള്‍ക്ക് വേദനയോടെ ഒരിറ്റു കണ്ണുനീര്‍ ഈ പുസ്തകത്തില്‍ അര്‍പ്പിക്കുന്നു.

21/02/2013

അതും പോയി !



മുപ്ലിവണ്ടിന്റെ ആകൃതിയും കല്ലുവെട്ടുയന്ത്രത്തിന്റെ അലര്‍ച്ചയുമുള്ള ഒരു മുച്ചക്രശകടം അതിരാവിലെ ആ വീടിനുമുറ്റത്തെ കല്യാണപന്തലില്‍ കുതിച്ചുവന്നു കിതച്ചുനിന്നു. അതിന്റെ കര്‍ണ്ണകഠോരശബ്ദം വീട്ടുകാരുടെ ഉറക്കം കെടുത്തി എന്നതിന് തെളിവായി, പാതിതുറന്ന കണ്ണും അലസമായ വസ്ത്രവുമായി തലയും ചൊറിഞ്ഞു ഒന്ന് രണ്ടുപേര്‍ വീട്ടുവരാന്തയില്‍ പ്രത്യക്ഷപ്പെട്ടു. 

പൂരം കഴിഞ്ഞ പൂരപ്പറമ്പ്പോലെ, തലേന്നത്തെ കല്യാണത്തിന്റെ ബാക്കിപത്രങ്ങള്‍ ആ പന്തലില്‍ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട് . തലേന്ന് ഗര്‍ഭംധരിച്ചു അടുപ്പിനുമീതെ സുഗന്ധം പൂശി വിശ്രമിച്ചിരുന്ന ചരുവങ്ങള്‍ ഇപ്പോള്‍ അനാഥമായി ഒരു മൂലയില്‍ വായും പൊളിച്ചു കിടപ്പുണ്ട് . വിവാഹത്തിന് അതിഥികളുടെ പൃഷ്ടം താങ്ങിയിരുന്ന ഫൈബര്‍ കസേരകള്‍ ഒന്നിന് തലയില്‍  ഒന്നായി ഭംഗിയോടെ കേറിയിരിപ്പുണ്ട് .  സദ്യയുടെ ലഹരി തലയ്ക്കു പിടിച്ചതിനാലാവം മൂന്നാല് ചാവാലിപ്പട്ടികള്‍ അവയുടെ അന്നം തിരഞ്ഞു പന്തലില്‍ കറങ്ങി നടപ്പുണ്ട്.

സ്വര്‍ണ്ണപാദസരമണിഞ്ഞ വെളുത്ത നിറമുള്ള ഒരു കാല്‍പാദം ഓട്ടോയില്‍നിന്ന് പുറത്തേക്കു നീണ്ടു . അത് കണ്ടു വരാന്തയില്‍ പാതിയുറക്കത്തില്‍ തലചൊറിഞ്ഞു നിന്നയാളുടെ കണ്ണുകള്‍  ആകാംക്ഷയില്‍ വിടര്‍ന്നു. ശരീരത്തിന്റെ ബാക്കി ഭാഗവും ഓട്ടോയില്‍ നിന്ന് നിര്‍ഗളിച്ചപ്പോള്‍ അയാളുടെ വായയും വിടര്‍ന്നു.ഒരു രാജ്ഞിയെപ്പോലെ സര്‍വ്വാഭരണ വിഭൂഷിതയായ പുതുമണവാട്ടിയായി തലേന്ന് വീട്ടില്‍ നിന്നിറങ്ങിയ തന്റെ മകള്‍ വസന്തരോഗം ബാധിച്ച   കോഴിയെപ്പോലെ  ക്ഷീണിച്ചുതളര്‍ന്ന്   ഏകയായി  അതിരാവിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എന്തോ ചീഞ്ഞു നാറിയ മണം അയാള്‍ക്കനുഭവപ്പെട്ടു. മാത്രമല്ല;പൊടുന്നനെ , പഴന്തുണി വലിച്ചുകീറുന്ന ശബ്ദത്തില്‍ നിലവിളിച്ചുകൊണ്ട് മണവാട്ടി തന്റെ പിതാവിലേക്ക് ഓടിവന്നു കെട്ടിപ്പിടിച്ചു കരയാനാരംഭിച്ചപ്പോള്‍ അങ്കലാപ്പ് ഉള്ളിലുണ്ടെങ്കിലും പല്ല് തേക്കാത്തതിനാല്‍ അയാളും കൂടുതല്‍ വാ തുറക്കാന്‍ നിന്നില്ല. അവളുടെ കരച്ചിലിന്റെ ശൈലി കേട്ടപ്പോള്‍ കാര്യമായ എന്തോ നാറ്റം തന്നെയെന്നുറപ്പിച്ച് കൂടുതല്‍ പേര്‍ വീട്ടിനുള്ളില്‍ നിന്ന് ഉറക്കച്ചടവോടെ ഇറങ്ങിവന്നു. വിവാഹ നാളില്‍ (സന്തോഷാധിക്യം കൊണ്ട്) കരയാന്‍ മറന്നതിനാല്‍ പിറ്റേന്ന് കാലത്ത് വന്നു പിതാവിനോട് ചടങ്ങ് തീര്‍ക്കുകയാണെന്നു കരുതിയ അപൂര്‍വ്വം ചിലര്‍ മനസ്സമാധാനത്തോടെനിന്നു. ന്യൂസ് പേപ്പര്‍ കൊണ്ട് വന്ന പയ്യന്‍ തിരിച്ചു പോകാതെ പുതിയ ന്യൂസ് തടയുമോന്നു നോക്കി  പതുങ്ങി നിന്നു. തൊട്ടയല്‍വാസിയായ രാഘവേട്ടന്‍ വായില്‍ പേസ്റ്റും കയ്യില്‍ ബ്രഷുമായി കാതുകൂര്‍പ്പിച്ചു ഒളിച്ചു നിന്നു .

മകളുടെ കരച്ചിലിന്റെ വോള്‍ട്ടേജ് കുറഞ്ഞപ്പോള്‍ മയത്തില്‍ അവളോട്‌ കാര്യങ്ങളന്വേഷിച്ചു. പുതുമണവാളന്‍ ഒപ്പം ഇല്ലാതെ തനിച്ച് കയറിവന്നതിനാല്‍ പല സംശയങ്ങളുടെയും അമിട്ടുകള്‍ അയാളുടെ മനസ്സില്‍ ഒന്നിച്ചു പൊട്ടി. എത്ര ചോദിച്ചിട്ടും മറുപടി ലഭിക്കാത്തതിനാല്‍ ഒരു കൂട്ടിനു വേണ്ടി മണവാട്ടിയുടെ മാതാവും കണ്ണുനീരോലിപ്പിക്കാന്‍ തുടങ്ങി. എല്ലാരും തലങ്ങും വിലങ്ങും ചോദ്യങ്ങള്‍ കൊണ്ട് കുത്തിയപ്പോള്‍ പെണ്ണിനും നില്‍ക്കക്കള്ളിയില്ലാതെയായി. അവള്‍ വിക്കിവിക്കിപറഞ്ഞു :
"അയാള്‍ക്ക്‌ .....അയാള്‍ക്ക്‌.....ഇല്ല....എനിക്ക് ...വയ്യ."
അവളുടെ വാക്കുകള്‍ മുഴുവന്‍ പുറത്ത് വരാതെ തൊണ്ടയില്‍ ഉടക്കിനിന്നു.
പെട്ടെന്ന് പെണ്ണിന്റെ അമ്മക്ക് മനസ്സില്‍ എന്തൊക്കെയോ പൊട്ടിത്തെറിച്ചു! സങ്കടം സഹിക്കവയ്യാതെ അവര്‍ , കുറുക്കന്‍ ഓരിയിടുന്ന പോലെ നിലവിളിക്കാന്‍ തുടങ്ങി.
" എടീ .നീയോന്നടങ്ങടീ... നീ കരുതും പോലെ ഒന്നുമാവില്ല" അയാള്‍ ഭാര്യയോടു കയര്‍ത്തു. അത് കേട്ട ഭാര്യ അയാളെ രൂക്ഷമായി തുറിച്ചുനോക്കി. അര്‍ത്ഥഗര്‍ഭമായ ആ നോട്ടത്തില്‍ അയാള്‍ ചൂളിപ്പോയി.

"പറ മോളേ ..അയാള്‍ക്ക്‌ എന്താ കുഴപ്പം? " അയാളുടെ മനസ്സില്‍ ആകാംക്ഷ പെരുത്തുകയറി.
"അയാള്‍ നമ്മളെ ചതിച്ചതാണച്ചാ ..അയാള്‍ക്ക്‌ തലയില്‍ ഒറ്റ മുടിപോലുമില്ല. വിഗ്ഗ് വച്ചുള്ള അഭിനയമായിരുന്നു എല്ലാം "
ഇത് കേട്ട എല്ലാരും മുഖത്തോട് മുഖം നോക്കി. അച്ഛന്‍ മാത്രം തന്റെ സമൃദ്ധമായ കഷണ്ടിത്തലയില്‍  മകള്‍ കാണ്‍കെ കൈകള്‍ കൊണ്ട് വൃത്തം വരച്ചുകൊണ്ടിരുന്നു..
"അപ്പനില്ലാത്തത് കെട്ട്യോനും ഇല്ലെന്നു കരുതിയാ പോരെ മോളേ..." എന്ന് അമ്മ പറഞ്ഞു നോക്കി. പക്ഷെ കിം ഫലം!
" അമ്മക്ക് ഒട്ടും സൌന്ദര്യ ബോധം ഇല്ലെന്നു കരുതി ഞാനും അങ്ങനെയാവണോ?" എന്ന് ഉരുളക്കുപ്പേരി .

അവളുടെ മനസ്സ് മാറ്റാന്‍ പതിനെട്ടില്‍ കൂടുതല്‍ അടവുകള്‍ പയറ്റിയ വീട്ടുകാര്‍ അവസാനം അടിയറവു പറഞ്ഞു. ഇതുവരെ മകളുടെ ഒരാവശ്യത്തിനും എതിര് നിന്നിട്ടില്ലാത്ത ആ പിതാവ് അവളുടെ വാശിക്ക് വഴങ്ങി . ബന്ധം വിഛേദിക്കാന്‍ തീരുമാനമായി. കഷണ്ടിത്തലയില്‍ കയറിയ പേന്‍ പോലെ , അവളുടെ ദിവസങ്ങള്‍ അലക്ഷ്യവും  എകാന്തവുമായി. ദിവസങ്ങള്‍ മാസങ്ങളായി മാറി. മറ്റൊരു നല്ല വിവാഹാലോചന വന്നപ്പോള്‍, പാമ്പ് കടിയേറ്റവന്‍ കയറു കണ്ടാലും പേടിക്കും എന്ന് പറയും പോലെ, അവള്‍ക്കു ഉള്ളില്‍ ഭയം പെരുത്തുകയറി. അതിനാല്‍ ഭാവിവരനെ കുറിച്ച് ചുഴിഞ്ഞും തുരന്നും അന്വേഷിക്കാന്‍ അയാള്‍ നാട്ടിലെ CID പിള്ളാരേ ഏര്‍പ്പാടാക്കി.
മുഴുവന്‍ വിവരങ്ങളും ക്രോഡീകരിച്ച് ഫലം പുറത്തുവന്നു.
കഷണ്ടി - ഇല്ല
മുടന്ത് , കൊങ്കണ്ണ് - ഇല്ലില്ല
ശാരീരിക രോഗം , മാനസികം , ചൊവ്വാദോഷം- ഏതുമില്ല
പോലീസ് കേസ്, ചീത്തപ്പേര്, കടബാധ്യത, സ്വഭാവ ദൂഷ്യം - ഒട്ടുമില്ല
പുകവലി , വെള്ളമടി, ലൈനടി , ഊരുതെണ്ടല്‍ , പിശുക്ക് , ധാരാളിത്തം -- ഇല്ലേയില്ല
എല്ലാവര്ക്കും സമാധാനമായി . സമൃദ്ധമായ തലമുടിയും നിറപ്പകിട്ടാര്‍ന്ന  ജീവിതവും സ്വപ്നം കണ്ടു അവള്‍ വിവാഹം കഴിയും വരെ അക്ഷമയായി കഴിച്ചുകൂട്ടി.

ആര്‍ഭാടം ഒട്ടും കുറക്കാതെ തന്നെ അവളുടെ രണ്ടാംവിവാഹവും നടന്നു. ഭക്ഷണം കഴിച്ചു  പല്ലില്‍ കുത്തി ആളുകള്‍ നാട്ടുകാര്യം വിളമ്പി. വധുവിനെ വരന്റെ വീട്ടില്‍കൊണ്ടാക്കി ബന്ധുക്കള്‍ സന്തോഷത്തോടെ തിരിച്ചുപോയി. പുതിയ വീട്ടുകാരോട് അവള്‍ അതീവവിനയത്തോടെ പെരുമാറി. അയല്‍വാസികളും ബന്ധുക്കളും പിരിഞ്ഞുപോയി. രാത്രിയായി.  പന്തലില്‍ ചരുവങ്ങളും കസേരകളും ഭക്ഷണാവശിഷ്ട്ടങ്ങളും രണ്ടു പട്ടികളും മൂന്നു പൂച്ചകളും മാത്രം ബാക്കിയായി. അപ്പോഴേക്കും അവള്‍ വരന്റെ വീട്ടുകാരുമായി നല്ലോരാത്മബന്ധം ഉണ്ടാക്കുന്നതില്‍ വിജയിച്ചു.

അങ്ങനെ അവളുടെ രണ്ടാം ആദ്യരാത്രി ആരംഭിക്കുകയായി. കല്യാണപ്പായസത്തിനുവേണ്ടി കൊണ്ടുവന്ന മില്‍മപാലില്‍ ബാക്കിവന്നത് ചൂടാക്കി ഒരു ഗ്ലാസ്സില്‍ പകര്‍ന്നു ആരോ അവളുടെ കയ്യില്‍ പിടിപ്പിച്ചപ്പോള്‍ ഒന്നാം നിലയിലെ രണ്ടാമത്തെ കിടപ്പുമുറിയിലേക്ക് അവളെ വേറെആരോ ആനയിച്ചു . കാര്യമായ നാണം ഒന്നുമില്ലെങ്കിലും വ്രീളാവിവശയായി അഭിനയിച്ചു നമ്രശിരസ്കയായി അവള്‍ കാല്‍വിരല്‍ കൊണ്ട് തറയില്‍ ഇന്ത്യയുടെ ഭൂപടം വരച്ചു. പുതുമണവാളന്റെ ബോധപൂര്‍വമുള്ള ചുമ കേട്ട് അവള്‍ തലഉയര്‍ത്തിയപ്പോള്‍, പാപ്പരായവന് ലോട്ടറിയടിച്ചാലെന്ന പോലെ, സന്തോഷം  കൊണ്ട് അവളുടെ മുഖം വിടര്‍ന്നു . കൈലിമാത്രമുടുത്തു കട്ടിലില്‍ ഇരിക്കുന്ന അയാളുടെ തലയില്‍ മാത്രമല്ല; കരടിയെ ഓര്‍മ്മിപ്പിക്കുംവിധം ശരീരമാസകലം രോമാവൃതന്‍ ! പൂര്‍ണ്ണ കൃശഗാത്രന്‍ !
ഔപചാരിക സംഭാഷണങ്ങള്‍ക്കിടയില്‍ പാല്‍ തണുത്തുപോകുന്നെന്നു മനസ്സിലാക്കിയ അവള്‍ ഗ്ലാസ്സെടുത്ത്‌ വരന് നല്‍കി. അലിഖിതമായ നിയമം അതേപോലെ അനുസരിച്ച് പാതികുടിച്ചു അയാള്‍ അവള്‍ക്കു നല്‍കി.

പന്തലില്‍ പട്ടികളും പൂച്ചകളും കടിപിടി കൂടുന്ന ശബ്ദം അവരുടെ മധുരസല്ലാപങ്ങള്‍ക്ക് തിളക്കം കുറച്ചു. അതവരുടെ സുഖശയനത്തിനു വരെ ഭംഗം വരുത്തുമെന്ന് മുന്‍കൂട്ടി കണ്ട വരന്‍ അവറ്റകളെ വിരട്ടിയോടിക്കാന്‍ താഴെ പന്തലിലെത്തി. പിന്നെ ഒരലര്‍ച്ചയാണ് വധു കേട്ടത് ! വീട്ടില്‍ , ഉറങ്ങിയവരും അല്ലാത്തവരുമായ എല്ലാവരും പന്തലിലേക്ക് കുതിച്ചുപ്പോള്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു കളഞ്ഞു ! വരന്റെ മര്‍മ്മസ്ഥാനത്തുതന്നെ ഒരു പട്ടി കടിച്ചു തൂങ്ങിയിരിക്കുന്നു.  കാട്ടുകോഴിക്കെന്തു സംക്രാന്തി എന്നപോലെ , പട്ടിക്കെന്തു ആദ്യരാത്രി! ആളുകളെ കണ്ട പട്ടികള്‍ പിന്തിരിഞ്ഞോടി . പക്ഷെ പിന്നീട് കണ്ട കാഴ്ച അതിനെക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു. കഠിനമായ അപസ്മാരം ബാധിച്ചു വരന്‍ താഴെകിടന്നുപുളയുന്നു. അതു കണ്ട വധുവിന്റെ വയറ്റില്‍കിടന്ന മില്‍മ പാല്‍ തിളച്ചു മറിഞ്ഞു .
"വര്‍ഷത്തില്‍ രണ്ടുമൂന്നു തവണയെ അവനു ഇതുണ്ടാവാറുള്ളൂ ...മോള്‍ പേടിക്കണ്ട കേട്ടോ "  അവളുടെ മുഖഭാവം കണ്ട വരന്റെ അമ്മ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ കരഞ്ഞു കൊണ്ട് മണിയറയിലേക്കോടി. വരനെ ആരൊക്കെയോ ആസ്പത്രിയില്‍ കൊണ്ടുപോയി ഒരു മണിക്കൂറിനകം തിരിച്ചു കൊണ്ടുവന്നു. പേടിക്കാനൊന്നും ഇല്ല . സൂചി വച്ചിട്ടുണ്ട് .

കിടക്കയില്‍ ചമ്മലോടെ തളര്‍ന്നുകിടക്കുന്ന വരന്റെ മുഖത്തുനോക്കി അവള്‍ ആലോചിച്ചു ..
വേണോ .....വേണ്ടയോ  ?
നിക്കണോ ....പോണോ ?
അവളാകെ ധര്‍മ്മസങ്കടത്തിലായി. ചിന്തിച്ചു ചിന്തിച്ചു ഒരു തീരുമാനത്തിലെത്താന്‍ അവള്‍ക്കു കഴിഞ്ഞില്ല. രണ്ടാം ആദ്യരാത്രിയും അവള്‍ക്കു നിദ്രാവിഹീനകാളരാത്രിയായി. ഏതായാലും , നേരം വെളുക്കനായപ്പോഴെക്കും അവള്‍ ഒരു തീരുമാനത്തിലെത്തി.

നേരം പരപരാ വെളുത്തുതുടങ്ങിയപ്പോള്‍ അവളുടെ വീടിന്റെ കല്യാണപന്തലിനു മുന്നില്‍ , മുപ്ലിവണ്ടിന്റെ ആകൃതിയും കല്ലുവെട്ടുയന്ത്രത്തിന്റെ അലര്‍ച്ചയുമായി ഒരു മുച്ചക്രവാഹനം കുതിച്ചുവന്നു കിതച്ചുനിന്നു.
..............................................................

വാല്‍ക്കഷ്ണം:
(സുന്ദരനും സുശീലനും, കഷണ്ടിയും അപസ്മാരരോഗവുമില്ലാത്തവനും പട്ടികടിയേല്‍ക്കാത്തവനുമായ വരനെ ആവശ്യമുണ്ട് )