24/01/2010

കെടാവര്‍..


അവളുടെ ധൈര്യവും ചുറുചുറുക്കും കാരണം എല്ലാവര്‍ക്കും അവളോട്‌ നല്ല മതിപ്പായിരുന്നു.മെഡിക്കല്‍ പഠന ക്ലാസുകളില്‍ ഭീതി ജനിപ്പിക്കും വിധം കീറിമുറിക്കപ്പെട്ട അജ്ഞാത മൃതദേഹങ്ങളുടെയും (കെടാവര്‍) മനം മടുപ്പിക്കുന്നതും അപകടകരമായതുമായ രാസവസ്തുക്കളുടെയും ഇടയില്‍ ആണ്‍കുട്ടികള്‍ വരെ ബോധമറ്റു വീണപ്പോഴും അവള്‍ അചഞ്ചലയായി നിന്നു.

അന്നൊരു തിങ്കളാഴ്ച , ഏതോ അജ്ഞാത കെടാവറിന്റെ കീറിമുറിച്ച ആന്തരാവയവങ്ങള്‍ പഠന വിധേയമാക്കികൊണ്ടിരിക്കെ അവസാനം അതിന്റെ മുഖം ദൃശ്യമായ നിമിഷം-വല്ലത്തൊരു അലര്‍ച്ചയോടെ അവള്‍ ആ ശവത്തിനു മേല്‍ ബോധമറ്റു വീണു!!

23/01/2010

അവസ്ഥാന്തരം...


ജോലി കഴിഞ്ഞു ക്ഷീണിച്ചവശനായി വന്ന അയാള്‍ കാണുന്നത് വീട്ടില്‍ പതിവില്ലാത്ത മാറ്റം! മന്ദഹാസത്തോടെ ഭാര്യ. വീടും പരിസരവും നല്ല വൃത്തിയും വെടിപ്പും!

" എന്ത് പറ്റി ഭാര്യേ ... ഇവിടെയൊക്കെ നല്ല മാറ്റം?"
" ഇന്ന് കരന്റില്ലായിരുന്നു ചേട്ടാ.. TV വര്‍ക്ക് ചെയ്യാത്ത കാരണം ഉള്ള ജോലിയൊക്കെ അങ്ങ് ചെയ്തു തീര്‍ത്തു"
അയാളുടെ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല
"ദൈവമേ..എന്നും ഇങ്ങനെ കറണ്ട് ഉണ്ടായിരുന്നില്ലെങ്കില്‍!!" എങ്കിലും മനസ്സില്‍ പ്രകടിപ്പിക്കാനെ കഴിഞ്ഞുള്ളൂ.

കൈയും മുഖവും കഴുകി ഭക്ഷണത്തിനിരുന്നു . കറികള്‍ക്ക് ഒക്കെ പതിവില്‍ കവിഞ്ഞ രുചി!
" എന്ത് പറ്റി.. ഇന്ന് കറികള്‍ക്കൊക്കെ നല്ല രുചി വ്യത്യാസം?"
" കരന്റില്ലാത്ത കാരണം മിക്സി വര്‍ക്ക് ചെയ്തില്ല ചേട്ടാ..അതിനാല്‍ അമ്മിയില്‍ തന്നെ എല്ലാം അരക്കേണ്ടി വന്നു."
അയാളുടെ സന്തോഷം വീണ്ടും ഇരട്ടിച്ചു.
" ദൈവമേ..KSEB അധികൃതര്‍ക്ക്‌ ദീര്‍ഘായു സ്സ് നല്‍കണേ.." അയാള്‍ മനസ്സില്‍ പ്രാര്‍ഥിച്ചു.

ഭക്ഷണ ശേഷം ഒന്ന് മയങ്ങാന്‍ വേണ്ടി അയാള്‍ കിടന്നു.പതിവില്ലാത്ത ഒരസ്വസ്ഥത. ശരിയാണ്. നിശ്ചലമായ ഫാന്‍ മുകളില്‍ തൂങ്ങിക്കിടന്നു പല്ലിളിക്കുന്നു...കൊതുകുകള്‍ യക്ഷഗാനം പാടി അയാളെ വളയുന്നു...

" പണ്ടാരമടങ്ങാന്‍..ഈ കരന്റൊന്നു വന്നിരുന്നെകില്‍!!" അയാള്‍ പ്രാകി.

19/01/2010

തലയണ


കേരളത്തിലെ ഏറ്റവും മികച്ച മാതൃകാ ദമ്പതികള്‍ക്കുള്ള പുരസ്ക്കാരം മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ അവര്‍ രണ്ടുപേരും അല്പം അഹങ്കാരം ഉള്ളിലൊതുക്കി.
ചാനലുകാര്‍,പത്രക്കാര്‍,സാഹിത്യകാരന്മാര്‍ ,മഹിളാസംഘടനകള്‍...
അഭിനന്ദനങ്ങള്‍,ആശംസകള്‍,അനുമോദനങ്ങള്‍.....
ദീര്‍ഘ സുമംഗലീഭവ:

അന്ന് രാത്രി അവരുടെ തലയണ സംസാരിക്കാന്‍ തുടങ്ങി!!
പിറ്റേന്ന് രാവിലെ ..
പുരസ്കാരം കിണറ്റില്‍,
അയാള്‍ ഫാനില്‍.

മംഗളം ഭവന്തു:......

18/01/2010

ഡോക്ടര്‍.....................


ഒരു നാള്‍ ഒരു നാട്ടിന്‍ പുറത്തുകാരി തന്റെ മകളെയും കൊണ്ട് ഒരു ഹോമിയോ ഡോക്ടറെ കാണാന്‍ വന്നു. മോളെ ചൂണ്ടി പറഞ്ഞു:
"ഇവള്‍ക്ക് ദിവസവും 'അസര്‍ ബാങ്ക് ' കൊടുക്കുമ്പഴും 'ഇഷ ബാങ്ക് ' കൊടുക്കുമ്പഴും വയറ്റീന്നു പോണു ഡോക്ടര്‍!!"

അപ്പോള്‍ ഡോക്ടര്‍ ഉവാച: " ഇത് രണ്ടും കൊടുക്കാതിരുന്നാല്‍ പോരെ ? "

"അതെങ്ങനെ ശരിയാവും?"

"ഒരു കാരണവശാലും കൊടുക്കരുത്"

"ഞങ്ങള്‍ ബാങ്ക് ഇഷ്ടമുള്ളപ്പം കൊടുക്കും. ഇത് പാടില്ലെന്ന് പറയാന്‍ നിങ്ങളാരാ?"

"എന്നാലത് ഒന്നരാടം കൊടുത്താല്‍ മതി"

"അത് ഞമ്മള് പറഞ്ഞാല്‍ മൊല്ലാക്ക കേള്‍ക്കില്ല".

"അതാരാ അലോപ്പതി ഡോക്ടറാ?"

"അല്ല, പള്ളീലെ ബാങ്ക് വിളിക്കുന്ന ആളാ.."

14/01/2010

മകനേ നീ..........


മുന്‍പ്‌ , 
എന്നുള്ളില്‍ നീയൊരു-
തുള്ളിയായ്....
സത്തായ്‌....
കീടമായ്....
മാംസപിണ്ഡമായ്....
ഭാരമായ്....
ഒടുവില്‍-
നീ-നീയായ്..
കണ്മണിയായ് ചാരെയായ് ..
എന്‍ കൈകളില്‍.

ഇപ്പോള്‍, 
നിന്നുള്ളില്‍ ഞാനൊരു-
വിഷത്തുള്ളിയായ്..
അസത്തായ്...
കീടമായ്...
മാംസപിണ്ഡമായ്....
ഭാരമായ്...
ഒടുവില്‍-
ഞാന്‍ തീയ്യായ്..
മണ്‍കുടത്തില്‍ ചാരമായ്..
നിന്‍ കൈകളില്‍ !!!!!

13/01/2010

പുകവലിയോ മദ്യമോ ഭേദം?


മദ്യപാനം ആരോഗ്യത്തെ നശിപ്പിക്കുന്നു. അപ്പോള്‍ പുകവലിയോ? ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് ! മദ്യം സ്വല്‍പ്പം അകത്താക്കി മിണ്ടാതെ കിടന്നാല്‍ അവനെ ക്കൊണ്ട് മറ്റുള്ളവര്‍ക്ക് ശല്യമില്ല. പക്ഷെ പുകവലി അങ്ങനെ യാണോ? പുക ഉള്ളിലേക്ക് കടത്തിവിട്ടു അവന്റെ 'സകല വിസര്‍ജ്യങ്ങളോടെ' പുറത്തേക്കു വിടുന്ന വിഷപ്പുക മറ്റുള്ളവരും ശ്വസിക്കുക വഴി അവനെക്കാള്‍ ദ്രോഹം മറ്റുള്ളവര്‍ക്ക് ചെയ്യുകയാണ്. മദ്യവും ധൂമപാനവും തമ്മിലുള്ള പ്രകടമായ വ്യത്യാസവും അതുതന്നെ . 'സംസ്കാര സമ്പന്നര്‍ ' തന്നെ അപരനെ തീരെ വില വെക്കാതെ തന്നെ ഇത്തരം ദ്രോഹം ആവര്‍ത്തിക്കുന്നു. ഒരു മതവും ഇതിനെ വിലക്കുന്നില്ല എന്നത് ദയനീയം തന്നെ.. മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുന്നതും അവനവന്റെ സ്വന്തം ശരീരം നശിപ്പിക്കുന്നതും തെറ്റാണെന്ന് ഏതു സംഹിത പഠിപ്പിക്കുന്നുവോ അതിനെ അടിസ്ഥാനമാക്കി ഇതിനെ വിലക്കെണ്ടതല്ലേ?
- പുകവലിക്കാത്തവരെക്കാള്‍ വലിക്കുന്നവര്‍ക്ക് എന്ത് ഗുണമാണ് ലഭിക്കുന്നത് (ധനനഷ്ടമല്ലാതെ)
- ഇതിനെ അനുകൂലിക്കുന്നവരോട് ഒരു ചോദ്യം- നിങ്ങളുടെ മകനോ ഭാര്യയോ സഹോദരനോ പുകവലിക്കുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുമോ?
- ഒരു വര്ഷം ഇതിനു വേണ്ടി ചെലവഴിക്കുന്ന സംഖ്യ എത്രയെന്നു തിട്ടപ്പെടുത്തി നോക്കിയിട്ടുണ്ടോ ?
- ഇത് തന്നെക്കാള്‍ മറ്റുള്ളവര്‍ക്കാണ് ദോഷമെന്നു എപ്പോഴെന്കിലും തോന്നിയിട്ടുണ്ടോ?
നിങ്ങള്‍ എന്ത് പറയുന്നു?

09/01/2010

മണലുണ്ടോ സഖാവേ സിമന്റെടുക്കാന്‍


" ഞാനൊരു പ്രവാസി,
അതിനുമേല്‍ പ്രയാസി
"



മുന്‍പേ കടന്നു ഞാന്‍ കടല്‍
ചുമടുമേറ്റി രാപ്പകല്‍
ദ്രവിച്ചു തീര്‍ന്നെന്‍ ഉടല്‍
വീര്‍ത്തു വന്നെന്‍ കുടല്‍
മനസിലരിച്ചു ചിതല്‍
വന്ന നാളുകള്‍ മുതല്‍
കൊതിച്ചു ഞാനൊരു തണല്‍
കനവിലുണ്ടൊരു കുടില്‍
വാങ്ങി ഞാനൊരു വയല്‍
വീടുയര്‍ത്താമതില്‍
മുന്നില്‍ വീണു 'മതില്‍'
എവിടെ ഇത്തിരി മണല്‍?
(മണല്‍ ചിലര്‍ക്ക് 'ചരല്‍'
ഗള്‍ഫിലോ അത് 'റമല്‍')
വേറെയുണ്ടോ ബദല്‍
?

05/01/2010

സ്നേഹപൂര്‍വ്വം വൈക്കോ അണ്ണന്


നനഞ്ഞിടം കുഴിക്കാന്‍ ലോകത്ത് മലയാളിയെ വെല്ലാന്‍ വേറെ ആരുമില്ലെന്നാണ് ഇത് വരെ ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഒരു 'അണ്ണന്‍' ആ ധാരണ തിരുത്തി ക്കളഞ്ഞു .ആളു ചില്ലറക്കാരനല്ല,കേട്ടാല്‍ തന്നെ പൊക്കം തോന്നുന്ന നമ്മടെ വൈക്കോ അണ്ണന്‍ തന്നെ. 'കാറ്റുള്ളപ്പം തൂറ്റണമെന്നു ' അണ്ണന് നന്നായറിയാം . അതുകൊണ്ടല്ലേ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അങ്ങോര്‍ നന്നായങ്ങ് ഇടപെട്ടത്. പാവം തമിഴ്‌ കര്‍ഷകരെ തെരുവിലിറക്കി കേരളത്തെ ഭീഷണി പ്പെടുത്തിയത്. മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ അക്കളി തീക്കളി!! ഒറ്റ വണ്ടി പോലും അവിടെ നിന്ന് ഇങ്ങോട്ട് വിടത്തില്ല. അങ്ങനെ കേരളീയര്‍ പട്ടിണി കിടന്നു ചാവും. എന്തൊരു കണ്ടുപിടിത്തം!

എന്റെ വൈക്കോ, അണ്ണന്‍ ഒരു കാര്യം മനസ്സിലാക്കണം- നിങ്ങളുടെ കൈയില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങളുടെ കൈയില്‍ 'ദുട്ട്' ( പൈസ)ഇഷ്ടം പോലെ ഉണ്ണ്ട് .ഞങ്ങള്‍ അമേരിക്കയില്‍ നിന്ന് വേണേല്‍ ഇറക്കുമതി ചെയ്യും. ഞങ്ങളുടെ ഭക്ഷണ മന്ത്രി (ശാപ്പാട് അമൈച്ചര്‍ പെരിയ അവര്‍കള്‍ )പറഞ്ഞതു അണ്ണന്‍ കേട്ടില്ലായിരുന്നോ ? (ഇടക്കൊക്കെ മലയാള ചാനലുകളും ഒന്ന് കാണണം .) ഇനി അതിനു കാശില്ലെങ്കില്‍ തന്നെ ഞങ്ങള്‍ വെറും മുട്ടയും പാലും കഴിക്കും.ഞങ്ങളെ അങ്ങനെ പട്ടിണിക്കിടാനൊന്നും അണ്ണന് കഴിയില്ല.പട്ടിണി കിടക്കുക അണ്ണന്റെ ആളുകള്‍ തന്നെ. ഞങ്ങള്‍ മെയ്യനങ്ങാതെ നിങ്ങളുടെ 'ജാമാനങ്ങള്‍' വാങ്ങിച്ചു സുഖമായി കഴിയുന്നു. നിങ്ങള്‍ മേയ്യനങ്ങി പണിയെടുത്തു കേരളത്തിലേക്ക് കയറ്റി അയച്ചു പൈസ ഉണ്ടാക്കുന്നു. ഞങ്ങള്‍ ഒരു ആഴ്ച നിങ്ങളുടെ സാധനങ്ങള്‍ ബഹിഷ്കരിച്ചാല്‍... കഴിഞ്ഞു നിങ്ങടെ വിടുവായത്തരം . നിങ്ങളുടെ ഭക്ഷണസാധനങ്ങള്‍ ചീഞ്ഞു നാറും.അങ്ങനെ തമിഴ്‌ കര്‍ഷകര്‍ പട്ടിണി കിടന്നു ചാവും.ജാഗ്രതൈ!!!

അതിനാല്‍ ഇനിയെങ്കിലും ഇന്ത മാതിരി തൊന്തരവ് ഉണ്ടാക്കാതെ നല്ല അണ്ണന്‍ ആവാന്‍ നോക്ക്. മുല്ലപ്പെരിയാര്‍ ഞങ്ങള്‍ക്ക് വിട്ടുതന്നെക്ക് . ഞങ്ങള്‍ ഫ്രീ ആയി വെള്ളം തരും .നിങ്ങള്‍ നല്ല കൂടിയ വിലക്ക് ഞങ്ങള്‍ക്ക് സാധനങ്ങള്‍ തരും. അങ്ങനെ ഒരു 'സഹകരണ'ത്തോടെ മുന്നോട്ടു പോട്ടെ. അതാണ്‌ നമുക്ക് രണ്ടു കൂട്ടര്‍ക്കും നല്ലത്. നിങ്ങടെ അഡ്രെസ്സ് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. അതിനാല്‍ അണ്ണന്റെ അഡ്രെസ്സ് അറിയുന്ന ആരെങ്കിലും അങ്ങോര്‍ക്ക് ഫോര്‍വേഡ്‌ ചെയ്യാന്‍ അപേക്ഷ.

എന്ന് ഒരു കേരള ചിന്നതമ്പി ...

ഇസ്മായില്‍ കുറുമ്പടി.