15/07/2010

പാത്തുമ്മയുടെ പാമ്പ്



(02-08-2001 നു ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചത്)

കണ്ടത് പാതി വിശ്വസിക്കുക, കേട്ടത് വിശ്വസിക്കാതിരിക്കുക എന്നാണു പഴമൊഴി. കേട്ടറിഞ്ഞ കാര്യമാണ് ഞാനെഴുതാന്‍ പോകുന്നത് എന്നതിനാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.
ഞങ്ങളുടെ ഗ്രാമത്തില്‍ (എല്ലാ ഗ്രാമങ്ങളെയും പോലെ തന്നെ) കഥകള്‍ക്കു പഞ്ഞമില്ല.കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അല്പം പൊടിപ്പും തൊങ്ങലും ചേര്‍ത്തോ തൊങ്ങലില്ലാതെയോ പ്രചരിപ്പിക്കാന്‍ ഗ്രാമവാസികള്‍ക്ക് അപാരകഴിവു തന്നെയുണ്ട്. അതില്ലെങ്കില്‍ കഥക്കെന്തു രസം! ഏതായാലും നാട്ടുകാരെ സാക്ഷിനിര്‍ത്തി ഞാനാ കഥ പറയാം.

എല്ലാ ഗ്രാമത്തിലെയും പോലെത്തന്നെ ഞങ്ങളുടെ ഗ്രാമത്തിലും ഇന്നത്തെപ്പോലെ കൊണ്ക്രീറ്റ്‌ കാടുകള്‍ ഉണ്ടായിരുന്നില്ല. പച്ചയും പിന്നീട് സ്വര്‍ണ്ണവും വിരിച്ച നെല്‍പാടങ്ങളും (ഇന്നതിന്‍റെ പാടുപോലുമില്ല) മണ്ഡരിയേശാത്ത മുഴുത്ത തേങ്ങയും ജലസംഭരണികളായ വലിയ കുളങ്ങളും (ഇന്നവ റോഡുകളില്‍ മാത്രമേ ഉള്ളൂ) പുക-ശബ്ദ മലിനീകരണമില്ലാത്ത വാഹനങ്ങളും (വംശനാശം സംഭവിക്കാത്തത് സൈക്കിള്‍ മാത്രം) നിറഞ്ഞു നിന്നിരുന്ന ഗ്രാമം. ആ ഗ്രാമത്തിലെ നീണ്ട ഒരു വയലിനരികില്‍ പത്തു സെന്റിലെ ചെറ്റക്കുടിലിലായിരുന്നു മലപറമ്പന്‍ പാത്തുമ്മയും രണ്ടു മക്കളും അരിഷ്ടിച്ചു താമസിച്ചിരുന്നത്. ഇടവ മാസത്തില്‍ വയലുകളില്‍ വെള്ളം കെട്ടിക്കിടന്ന,  ചീവീടുകളും മാക്രികളും മത്സരിച്ചു തിമിര്‍ക്കുന്ന, ഇഴജന്തുക്കള്‍ 'ഈവനിംഗ് വാക്കി'നിറങ്ങുന്ന ഒരു സന്ധ്യയില്‍ പാത്തുമ്മ മരിച്ചു. പ്രാഥമികാവശ്യത്തിനിറങ്ങിയ പാത്തുമ്മയുടെ കാലില്‍ പാമ്പ് കടിക്കുകയായിരുന്നത്രേ! തന്റെ പത്തു സെന്റിന് തന്നെക്കാള്‍ അവകാശവാദം പാമ്പുകള്‍ക്കാണെന്ന് പാത്തുമ്മാക്ക് പലപ്പോഴും തോന്നായ്കയില്ല. ചെറ്റപ്പുരമേല്‍ ഇഴഞ്ഞുകയറിയും കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കിയും മാളത്തില്‍നിന്ന് തലയുയര്‍ത്തി ശീല്‍ക്കാരം പുറപ്പെടുവിച്ചും തവളയെപിടിച്ചു ശബ്ദമുണ്ടാക്കിയുമൊക്കെ ഭയപ്പെടുത്തി പാതത്തുമ്മയെ ഓടിക്കാന്‍ പാമ്പുകള്‍ പലതവണ ശ്രമിച്ചെങ്കിലും കിം ഫലം. അറ്റകൈ എന്ന നിലക്കായിരിക്കാം കടിച്ചുകൊല്ലാന്‍ ശ്രമിച്ചത്.

ഏതായാലും കടിയേറ്റ ഉടനെ നാട്ടുകാര്‍ ഓടിക്കൂടി. ആരോ തന്റെ മേല്‍മുണ്ടിന്‍റെ കര പറിച്ചുകീറി പാത്തുമ്മയുടെ കാലില്‍ മുറുക്കി കെട്ടി. വേറെയാരോ കുരുമുളക് തിന്നാന്‍ കൊടുത്ത് മുഖലക്ഷണം നോക്കി. വേറൊരു സ്ത്രീ  തലയില്‍ മന്ത്രിച്ചൂതി. മറ്റുചിലര്‍ മുറിവില്‍ സൂക്ഷ്മനിരീക്ഷണം നടത്തി വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു. പാത്തുമ്മയുടെ കണ്ണുകള്‍ മെല്ലെ അടയാന്‍ തുടങ്ങിയപ്പോള്‍ പിന്നെ കാത്തുനിന്നില്ല, പരമാവധി ദുര്‍മേദസ്സ് ഒട്ടിച്ചു വച്ച ശരീരം ഒരു ചാരുകസേരയില്‍ കയറ്റിക്കിടത്തി മുട്ടറ്റം വെള്ളത്തില്‍ വയല്‍വരമ്പിലൂടെ പരമാവധി വേഗത്തില്‍ നാട്ടുകാര്‍ നടന്നു. ഏതു കൂരിരുട്ടിലും ദിശതെറ്റാതെ നയിച്ചിരുന്ന വരമ്പുകള്‍ ആയിരുന്നെങ്കിലും പരവേശവും ധൃതിയും കാരണം, അറിയാതെ വരമ്പില്‍നിന്ന് അല്പം മാറിനടന്നതിനാല്‍ പാത്തുമ്മയും കൂട്ടരും കഴുത്തറ്റം വെള്ളമുള്ള വയലില്‍ അതാ കിടക്കുന്നു!

അമാന്തിച്ചുനില്‍ക്കാതെ ഇരുട്ടുമൂടിക്കൊണ്ടിരിക്കുന്ന ആ സന്ധ്യയില്‍ പാത്തുമ്മയെ മുങ്ങിത്തപ്പിഎടുത്തു ഒരു വിധം വൈദ്യസങ്കേതത്തിലെത്തി. പരിശോധനക്കായി വേഗം ടേബിളില്‍ കിടത്താന്‍ വൈദ്യര്‍ നിര്‍ദേശിച്ചു. കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച ടേബിളിന്റെ കാലുകള്‍ക്ക് അവരുടെ  ഭാരം താങ്ങാനായില്ല. വെട്ടിയിട്ട ചക്ക പോലെ പാത്തുമ്മ താഴെ! താഴെ കിടന്ന കിടപ്പില്‍ തന്നെ വൈദ്യന്‍ പഠിച്ച പണി പതിനെട്ടും നോക്കി. ഫലം നാസ്തി. അവസാനം പത്തൊന്‍പതാമത്തെ അടവും പയറ്റി. അതെന്താനെന്നറിയാമോ? സ്വകാര്യമായി ഒരു ചെവിയില്‍ "സ്വര്‍ണ്ണം" എന്ന് പറയുക. ബോധമില്ലാത്ത കിടപ്പാണെങ്കില്‍ ഏതു പെണ്ണും കണ്ണു തുറക്കും. അത് കൊണ്ട് ഒരു ഫലവുമില്ലെങ്കില്‍ മറ്റേ ചെവിയില്‍ "അടുത്ത സ്വര്‍ണക്കടയില്‍ ഒരു കിലോ സ്വര്‍ണ്ണം വെറുതെ കൊടുക്കുന്നു" എന്ന് പറയുക. പെണ്ണായി പിറന്നവളായിയിരിക്കുകയും ജീവന്റെ തുടിപ്പുകള്‍ അവളില്‍ അവശേഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അവള്‍ എണീറ്റൊടുമെന്നു വിദഗ്ദമതം. ഏതായാലും പത്തൊന്‍പതാമത്തെ അടവും പരാജയപ്പെട്ട നിലയ്ക്ക് വൈദ്യര്‍ മരണം സ്ഥിരീകരിച്ചു.

നാസാദ്വാരങ്ങളില്‍ പഞ്ഞി തിരുകി, താടി കൂട്ടിക്കെട്ടി, ഉലുവാന്റെയും കുന്തിരിക്കത്തിന്റെയും ചന്ദനതിരിയുടെയും സമ്മിശ്രഗന്ധം ആസ്വദിച്ച് പാത്തുമ്മ കിടന്നു. ബന്ധുക്കള്‍, അയല്‍വാസികള്‍, നാട്ടുകാര്‍, എല്ലാവരും ഒത്തുകൂടി. ചിലര്‍ കരഞ്ഞു. മറ്റുചിലര്‍ക്ക് ലോകകാര്യങ്ങള്‍ വിളമ്പാന്‍ നല്ലോരവസരമായി. തല്‍കാലം പിന്‍വാങ്ങുകയാണ് കരണീയമെന്നു കരുതി പാമ്പുകള്‍ ഉള്‍വലിഞ്ഞു. അവയെ കൊല്ലാന്‍ കച്ചകെട്ടിയിറങ്ങിയ ചെറുപ്പക്കാര്‍ നിരാശരായി. പാത്തുമ്മാക്ക് വേണ്ടി വലിപ്പമുള്ള ഖബര്‍ കുഴിക്കപ്പെട്ടു. മയ്യിത്ത് കുളിപ്പിക്കാന്‍ ചുടുവെള്ളം തയ്യാറായി. മുറ്റത്ത്‌ അക്ഷമയോടെ മയ്യിത്ത്‌ കട്ടില്‍ കാത്തുകിടന്നു.

കുളിപ്പിക്കാന്‍ വേണ്ടി താല്‍ക്കാലിക മറ തയ്യാറായി. ബലമുള്ള ഒരു കട്ടിലില്‍ പാത്തുമ്മ നീണ്ടു നിവര്‍ന്നു കിടന്നു. നാലഞ്ചു സ്ത്രീകള്‍ കുളിപ്പിക്കാന്‍ തയ്യാറെടുത്തു. ചുടുവെള്ളം പാത്രത്തില്‍ കോരി പാത്തുമ്മയുടെ ദേഹത്തേക്കൊഴിച്ചു. ഒരു നിമിഷം!!!  "ന്‍റെ അള്ളോ, എന്തൊരു ചൂട്..." എന്ന് പറഞ്ഞു പാത്തുമ്മ എഴുന്നേറ്റിരുന്നു. കുളിപ്പിക്കാന്‍ വന്ന സ്ത്രീകള്‍ ഞെട്ടി, കണ്ണുകള്‍ തുറിച്ചു. തല്‍ക്ഷണം ഒരാള്‍ ബോധരഹിതയായി. മയ്യത്തില്‍ കുട്ടിച്ചാത്തന്‍ കയറിയതാണെന്ന് കരുതിയാവണം ബാക്കിയുള്ളവര്‍ അലറിവിളിച്ചുകൊണ്ട് ഓടിയൊളിച്ചു. മറക്കുള്ളില്‍ നിന്ന് പാത്തുമ്മ പുറത്തു വന്നപ്പോള്‍ ചിലര്‍ അത് കണ്ടു വാവിട്ടു കരഞ്ഞു. കൂട്ടത്തില്‍ ധൈര്യശാലികലായ രണ്ടുപേര്‍ പാത്തുമ്മയുടെ അടുത്തെത്തി എന്തോ ചോദിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല.  അപൂര്‍വം ചിലര്‍ സന്തോഷത്താല്‍ ചിരിച്ചു. ചിലര്‍ മൂക്കത്തും താടിയിലും വിരല്‍ വച്ചു.  ഒരു ദിവസത്തെ കൂലി നഷ്ടമായതറിഞ്ഞ് ഖബര്‍ കുഴിച്ച ഉമ്മര്‍ക്ക നിരാശനായി. നഷ്ടപ്പെട്ട ബസ്സുകൂലി ഓര്‍ത്ത്‌ ബന്ധുക്കള്‍ വിഷണ്ണരായി. മയ്യിത്ത്‌ കട്ടില്‍ കാലിയായി പള്ളിയിലേക്ക് തന്നെ തിരിച്ചു പോയി.

ദിവസങ്ങള്‍ കടന്നുപോയി. വൈദ്യന്റെ കട്ടിലില്‍നിന്ന് വീണ നേരിയ പരിക്കൊഴിച്ചാല്‍ കാര്യമായ തകരാറൊന്നുമില്ലാതെ പാത്തുമ്മ വീണ്ടും ജീവിച്ചു. അവര്‍ക്ക് വേണ്ടി കുഴിച്ച ഖബറില്‍ വെറാരോ കയറിക്കിടന്നു. അവരെ  കാണുമ്പോള്‍ പിള്ളേര്‍ ഭയപ്പാടോടെ മാറിനടന്നു. മലപ്പറമ്പന്‍ പാത്തുമ്മ പാമ്പന്‍ പാതുമ്മയായി ഗ്രാമത്തില്‍ അറിയപ്പെട്ടു.

പാമ്പുകള്‍ പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും തലപൊക്കാന്‍ തുടങ്ങി. കൂട്ടത്തോടെ അവ പാത്തുമ്മയുടെ ചെറ്റക്കുടിലിലേക്ക് ചേക്കേറി. കട്ടിലിനടിയിലും ഓലമറക്കുള്ളിലും അടുക്കളയിലും എല്ലാം പാമ്പുകള്‍ വിഹരിച്ചു. ഉറങ്ങുമ്പോള്‍ ശരീരത്തിലൂടെ കയറിയിറങ്ങാന്‍ വരെ അവ ധൈര്യംകാണിച്ചു. പരിഹാരമായി ആരോ നിര്‍ദേശിച്ച പ്രകാരം, വെള്ളുള്ളി ചതച്ച വെള്ളം വീടിനുചുറ്റും തളിച്ചു. വീടിനു പുറത്തേക്ക് പോകാന്‍ കഴിയാത്തതിനാലാവാം പാമ്പുകള്‍ വീടിനുള്ളില്‍ തന്നെ വസിച്ചു. ശല്യം സഹിക്കവയ്യാതെ ഒരുനാള്‍ പാത്തുമ്മ തന്‍റെ ചെറ്റപ്പുരക്ക് ചുറ്റും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി. കത്തിയമരുന്ന വീടിനോപ്പം പാമ്പുകളും കൂട്ടത്തോടെ വെണ്ണീര്‍ ആകുന്നതോര്‍ത്ത് അവര്‍ നിര്‍ത്താതെ ചിരിച്ചു. പാമ്പുകളെ തോല്പിച്ച ഭാവത്തില്‍ അവര്‍ തന്‍റെ മക്കളെയും കൂട്ടി വെള്ളം മൂടിയ നീണ്ട വരമ്പിലൂടെ ഇറങ്ങിനടന്നു.