30/09/2010

മാമാങ്കം: ചരിത്രശേഷിപ്പുകളിലൂടെ...


ചോര മണക്കുന്ന മാമാങ്കം!
മര്‍ത്യഹത്യയുടെ മഹാമഹം!!
അവഗണനയുടെ അട്ടിപ്പേറുകള്‍ !!!
അക്ഷന്തവ്യമായ അപരാധങ്ങള്‍!!!!

മിക്ക ചരിത്രകഥകളും മനുഷ്യനിര്‍മിതമാണ്. അതുകൊണ്ട് തന്നെ (മാമാങ്കചരിത്രത്തിലും)അഭിപ്രായവ്യത്യാസങ്ങള്‍  സ്വാഭാവികം. തായ്‌വഴികളായുള്ള വായ്മൊഴി-വരമൊഴികളുടെ വഴക്കത്തില്‍ ഇന്നും ഭീതിമാറാതെ മാമാങ്ക കഥകളും പാട്ടുകളും നിലനില്‍ക്കുന്നു. ചരിത്രകുതുകികള്‍ക്ക് ആശ്ച്ചര്യമേകുന്ന മാമാങ്കത്തിന്റെ ശേഷിപ്പുകള്‍ നിളയോടൊപ്പം ഒലിച്ചുപോകാതെ അവശേഷിക്കുന്നെങ്കില്‍ അത് ദൈവനിയോഗം മാത്രമാണ്. കേരളത്തിലെ അതിപ്രധാന ദേശീയോല്‍സവമായിരുന്ന മാമാങ്കത്തിന്റെ ഈ തിരുശേഷിപ്പുകള്‍ തീര്‍ത്തും സംരക്ഷിക്കപ്പെടാതെ , അവഗണനയുടെ കൊടുമുടിയില്‍, അവയുടെ ചരിത്രപ്രാധാന്യമറിഞ്ഞിട്ടും അറിയാതെ നമ്മുടെ ഭരണാധികാരികള്‍ ഇതുവരെ ഉറങ്ങിക്കിടന്നു. ഇന്ന് (വെറും) മന്ത്രിമാര്‍ക്ക് കോടാനുകോടി ചെലവിട്ടു മന്ദിരങ്ങള്‍ പണിയുമ്പോള്‍, അന്ന് അസ്സല്‍ രാജാക്കന്മാര്‍ വിളയാടിയിരുന്ന ചരിത്രസ്മാരകങ്ങള്‍ പഠനത്തിന് വേണ്ടിയെങ്കിലും കേവലം ലക്ഷങ്ങള്‍ ചെലവിട്ട്  സംരക്ഷിക്കേണ്ടതായിരുന്നില്ലേ . ഇപ്പോള്‍ ഇവ മിക്കതും സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ അധീനതയില്‍ നശിച്ചുകൊണ്ടിരിക്കുന്നു എന്നത് ഖേദകരം തന്നെ!
എന്താണ് മാമാങ്കം?
മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ മാഘമാസത്തിലെ  വെളുത്തവാവില്‍ പന്ത്രണ്ടു ദിവസം മുതല്‍ ഇരുപത്തെട്ടു ദിവസം വരെ നിലനിന്നിരുന്ന അതിപ്രധാനമായ ഒരു ഉത്സവമായിരുന്നു മാമാങ്കം. എല്ലാ നാടുവാഴികളും ഇതില്‍ പങ്കെടുത്തിരുന്നു. സംഗീത സദസ്സുകള്‍, കായികാഭ്യാസങ്ങള്‍ , കരകൌശലവില്പന, സാഹിത്യോല്‍സവങ്ങള്‍ മുതലായവയും ഉണ്ടായിരുന്നു . കൂടാതെ അധികാരത്തിനു വേണ്ടിയുള്ള യുദ്ധവും. ഈ ഉത്സവത്തിന്റെ അധികാരം ആദ്യം പെരുമാള്‍ രാജാക്കന്മാര്‍ക്കായിരുന്നു. അവസാനത്തെ പെരുമാള്‍ തന്റെ സ്ഥാനം വള്ളുവനാട്ടുരാജാവിന് നല്‍കി.  പതിമൂന്നാം നൂറ്റാണ്ടില്‍ വിദേശികളുടെ സഹായത്തോടെ വള്ളുവക്കൊനാതിരിയെ തോല്‍പ്പിച്ച് കോഴിക്കോട് സാമൂതിരി സ്ഥാനം തട്ടിയെടുത്തു.  തന്റെ സ്ഥാനം തിരിച്ചു കിട്ടുന്നതിനുവേണ്ടി വള്ളുവക്കോനാതിരി നിരന്തരം ശ്രമിച്ചു. പന്ത്രണ്ടു വര്‍ഷം കഴിഞ്ഞാല്‍ തന്റെ സ്ഥാനം തിരിച്ചു നല്‍കാമെന്നായിരുന്നു വ്യവസ്ഥ. തന്റെ സ്ഥാനം ശത്രുക്കള്‍ക്ക് തട്ടിയെടുക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുത്താന്‍ മാഘമാസത്തില്‍ പന്ത്രണ്ടു ദിവസം മണപ്പുറത്ത് ഒരു പ്രത്യക പീഠത്തില്‍ (നിലപാടുതറ) സാമൂതിരി ഇരിക്കും. (നിലപാട് കൊള്ളുക എന്നാണിതിനു പേര്) . സാമൂതിരിക്ക് ചുറ്റും ബന്ധുക്കളും അവര്‍ക്കു ചുറ്റും വാളുകളെന്തിയ സൈന്യവും. വെല്ലുവിളിക്കാന്‍ തയ്യാറായവര്‍ ഇവരോടെറ്റുമുട്ടി നിലപാടുതറയില്‍ എത്തണം. വള്ളുവനാട്ടില്‍ നിന്നെത്തിയ ചാവേര്‍പടയാളികള്‍ സാമൂതിരിയുടെ സൈന്യത്തോടെറ്റുമുട്ടി മുന്നേറും. വഴിയില്‍ തലയറ്റുവീഴും. അനേകം സൈനികരോടെറ്റുമുട്ടി നിലപാടുതറയിലെ സാമൂതിരിക്കടുത്തുവരെ എത്തി തലകൊയ്യാനാഞ്ഞപ്പോള്‍ വിളക്കില്‍ തട്ടി സാമൂതിരി രക്ഷപ്പെടുകയും ചാവേര്‍ വധിക്കപ്പെടുകയും ചെയ്ത പാട്ടുകള്‍ പ്രസിദ്ധമാണ്.
അവസാനമായി മാമാങ്കം നടന്നത് 1766 ല്‍ ആണത്രേ. മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരലി മലബാര്‍ കീഴടക്കിയതോടെയാണ് മാമാങ്കം അവസാനിച്ചതെന്നു പറയപ്പെടുന്നു. ഇതിന്റെ ശേഷിപ്പുകളായി അഞ്ചു സ്മാരകന്ങ്ങള്‍ ഇവിടെ കാണാം. 'നിലപാടുതറ, മണിക്കിണര്‍, മരുന്നറ, പഴുക്കാമണ്ഡപം , ചങ്ങമ്പള്ളി കളരി' -എന്നിവ.

1- നിലപാടുതറ:
തിരുന്നവായക്കടുത്തു കൊടക്കല്‍ എന്ന സ്ഥലത്ത് ഓടുഫാക്ടറി വളപ്പിലാണ് നിലപാടുതറ സ്ഥിതിചെയ്യുന്നത്. ഫോട്ടോ എടുക്കാന്‍വേണ്ടി, അല്പം തുറന്നുവച്ച ഗേറ്റിനരികിലെത്തിയപ്പോള്‍, ചുവപ്പ്കണ്ട കാളയെപ്പോലെ ഒരു മധ്യവയസ്കന്‍ മുരണ്ടുകൊണ്ടോടിവന്നു ഗേറ്റ് താഴിട്ടുപൂട്ടി സ്ഥലംവിട്ടു. അങ്ങനെ തോറ്റുകൊടുക്കാന്‍ പറ്റുമോ? ചില 'നിലപാടൊക്കെ' ഉള്ള 'തറ' യാണല്ലോ ഞാനും. ഇപ്പോള്‍ (പാട്ടത്തിനു) കൈവശമുള്ള ധനാഢ്യന്റെ , തൊട്ടടുത്തുള്ള വീട്ടില്‍ നേരിട്ടുചെന്ന് വിവരം പറഞ്ഞപ്പോള്‍ ആ മധ്യവയസ്കന് ഫോണ്‍ ചെയ്തു എനിക്ക് തുറന്നു തരാന്‍ ആവശ്യപ്പെട്ടു. പുലിയെപ്പോലിരുന്നവന്‍ എലിയെപ്പോലെ വന്നു ഗേറ്റ് തുറന്നു തന്നു.
ഗേറ്റുകടന്നകത്ത് കയറി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രതാപത്തോടെ നിലകൊണ്ടിരുന്ന ഓടുഫാക്ടറി നിലംപരിശായിക്കിടക്കുന്നു. എല്ലാം കാടുപിടിച്ചനിലയില്‍. പെരുമാളും വള്ളുവക്കോനാതിരിയും സാമൂതിരിയുമൊക്കെ പാദസ്പര്‍ശം നല്‍കിയ , ചരിത്രപ്രധാനമായ പീഠം പൊട്ടിപ്പൊളിഞ്ഞു കാടുപിടിച്ചു കിടക്കുന്നു. തൊട്ടടുത്ത്‌ എരുമകള്‍ മേഞ്ഞുനടക്കുന്നു.(എരുമക്കെന്തു സാമൂതിരി?) നിലപാടുതറ കണ്ടപ്പോള്‍ ഞാന്‍ ഒരുപാട് കാലം പിന്നിലേക്ക്‌ സഞ്ചരിച്ചു. അടുത്തെത്തിയപ്പോള്‍ ഉള്ളിലെവിടെയോ ഭയം ഇരച്ചുകയറി.  സ്പര്‍ശിച്ചപ്പോള്‍ ഷോക്കടിച്ചപോലെ! ഇഴജന്തുക്കളുടെ മാളങ്ങള്‍ കണ്ടിട്ടും വകവെക്കാതെ, പീഠത്തിന്റെ മുകളില്‍ പന്തലിച്ചുനിന്ന പുല്ക്കാടുകള്‍ വാശിയോടെ പറിച്ചുകളഞ്ഞ് ഫോടോ എടുക്കാന്‍ ശ്രമിച്ചു. അവഗണനയുടെ അര്‍ത്ഥമറിയാന്‍ ഇവിടം സന്ദര്‍ശിച്ചാല്‍ മതിയാകും.
ഇവിടെയുണ്ടായിരുന്ന ഓടുഫാക്ടറിക്കും ഉണ്ടത്രേ നൂറ്റാണ്ടുകളുടെ കഥപറയാന്‍. ജര്‍മന്‍കാര്‍ നിര്‍മിക്കുകയും പിന്നീട് പോര്‍ച്ചുഗീസുകാരുടെയും ബ്രിട്ടീഷുകാരുടെയും കൈകളിലൂടെ മാറിമറിഞ്ഞു ഇക്കഴിഞ്ഞ കാലം വരെ പ്രതാപിയായി നിലകൊണ്ടിരുന്നു ഇത്. അങ്ങനെ ഒരു ഫാക്ടറി ഇപ്പോള്‍ കാണാന്‍ കഴിയില്ല. ഇതിന്റെ വളപ്പില്‍ നിന്ന് നിളാനദിയിലേക്ക് ഒരു ഗുഹ ഉണ്ടായിരുന്നു പോല്‍! എന്നാലതിന്റെ അടയാളമൊന്നും ഇവിടെ കാണാനില്ല. ഏതായാലും , ഇവിടെ നടന്ന അവസാന മാമാങ്കം മതസൗഹാര്‍ദത്തിന്റെതായിരുന്നു എന്ന് കേള്‍ക്കുന്നു. (അല്പം ചിത്രങ്ങള്‍ താഴെ. ചിത്രത്തില്‍ ക്ലിക്കി വലുതാക്കാവുന്നതാണ്).
                          ആ കാലികള്‍ മേയുന്നതിനപ്പുറമാണ് നിലപാടുതറ.
                                  ചോരക്കറ കാണുന്നുണ്ടോ??...............
  
(പൊട്ടിപ്പൊളിഞ്ഞ നിലയില്‍ നിലപാടുതറ )
==========================================

2- മണിക്കിണര്‍:

മണിക്കിണറിന്റെ ചരിത്രം മുകളിലെ ചിത്രം തന്നെ പറയും.
നിലപാടുതറക്കു പടിഞ്ഞാറ് വശത്തായി , ഇപ്പോള്‍ കൊടക്കല്‍ CSI ഹോസ്പിറ്റല്‍ വളപ്പില്‍ കാടുപിടിച്ചു ചപ്പുചവറുകള്‍ വീണു ഭീകരാന്തരീക്ഷത്തില്‍ നില നില്‍ക്കുന്ന മണിക്കിണര്‍ എന്ന മരണക്കിണര്‍. എവിടെനിന്ന് നോക്കിയാലും അതൊരു കിണറാനെന്നു പറയില്ല. അത്രക്ക് കാടുപിടിച്ചു കിടക്കുന്നതിനാല്‍ പരമാവധി ഉള്ളിലെക്കിറങ്ങി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്നില്‍നിന്നാരോ വിളിച്ചുകൂവി. പാമ്പുകളുടെ വിളനിലമാണ്, അപകടമാണ്. ഏതായാലും അല്പം ഫോട്ടോകളെടുത്ത് തിരിച്ചുകയറി. (തീരെ ഭയം തോന്നിയില്ല. കാരണം, ആശുപത്രി ഈ വളപ്പില്‍ തന്നെയാണല്ലോ). ഇതിന്റെ പരിപാലനം ഇങ്ങനെ തുടര്‍ന്നാല്‍ ഒരാനയെ കൂടി ഉടനെ വാങ്ങേണ്ടിവരും-മാലിന്യം നിറയുമ്പോള്‍ ചവിട്ടിയമര്‍ത്താന്‍ !

(കിണറിന്റെ ആരംഭം )

(കിണറിന്റെ ഉള്‍ഭാഗം)

(അല്പം കൂടി താഴെക്കുള്ള ദൃശ്യം)
======================================
3- മരുന്നറ:
നിലപാട്തറയുടെ തെക്കുഭാഗത്തായി KSEBയുടെ പവര്‍ഹൌസ് വളപ്പിന്റെ കോണില്‍ ക്ഷുദ്രജീവികളുടെ താവളമായി അവക്ക് സുരക്ഷിതമേകി നിലനില്‍ക്കുകയാണ് മരുന്നറ. പുറമെനിന്നു നോക്കുമ്പോള്‍ അകം വ്യക്തമല്ലാത്തതിനാല്‍ ധൈര്യസമേതം ഉള്ളില്‍കയറി നോക്കാന്‍ തീരുമാനിച്ചു. വിചിത്ര രൂപത്തിലുള്ള ഒരു ചെറിയ ഗുഹ! ഗുഹക്കുള്ളില്‍ മറ്റൊരു അറ! ഉള്ളില്‍ രണ്ടുവശവും പ്രത്യക രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. ഇഴജന്തുക്കളുടെ അവശിഷ്ടങ്ങള്‍ ഉള്ളതിനാല്‍ അവിടെ അധികം ഇരിക്കുന്നത് പന്തിയല്ലെന്നു തോന്നി. ഇവിടെനിന്നും ഒരു ഗുഹ എവിടേക്കോ ഉണ്ടായിരുന്നെന്നു പലരും പറയുന്നുണ്ടെങ്കിലും അതിന്റെ നേരിയ അടയാളം പോലും അവിടെ കണ്ടില്ല.
മാമാങ്കത്തില്‍ മുറിവേറ്റ പടയാളികള്‍ക്കുള്ള മരുന്നുകള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നെന്നും അതല്ല; പടയാളികളുടെ ശവസംസ്കാരം നടത്തിയിരുന്ന ഇടമാണ് ഇതെന്നും പറയപ്പെടുന്നു. ഇവിടെ ടിപ്പുസുല്‍ത്താന്‍ ഒളിച്ചുതാമസിചിരുന്നുവെന്നു മറ്റൊരു ശ്രുതി.
ഇതിന്റെ മുകള്‍ഭാഗം ഒരു മട്ടുപ്പാവിന്റെ രൂപത്തിലാണ്. കാറ്റുകൊണ്ടിരിക്കാന്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മരുന്നറക്ക് മുകളില്‍ പണികഴിപ്പിച്ചതാണ് ഇതെന്നു പറയപ്പെടുന്നു.ഇതത്ര പഴക്കം ചെന്നതാണെന്ന് എനിക്ക് തോന്നിയില്ല. അല്പം ചിത്രങ്ങള്‍ താഴെ...

(ഉള്‍ഭാഗം)
                 
ഗുഹക്കുള്ളിലെ അറയുടെ ഉള്‍ഭാഗം



       മരുന്നറക്കു നേരെ മുകളില്‍ സ്ഥിതി ചെയ്യുന്ന മട്ടുപ്പാവ്. (മുകളില്‍)
---------------------------------------------


4- പഴുക്കാമണ്ഡപം:

ഏറെ പ്രസിദ്ധമായ, തിരുനാവായ നവാമുകുന്ദക്ഷേത്രവളപ്പിനകത്ത് നിളാനദിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു പഴുക്കാമണ്ഡപം. അഹിന്ദുവായ എന്നെ അകത്തുകടത്തുമോ എന്ന സംശയം ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു ജീവനക്കാരനോട് അല്പം ശങ്കയോടെ ഉള്ള കാര്യം പറഞ്ഞപ്പോള്‍ തികഞ്ഞ താല്‍പര്യത്തോടെ അമ്പലനടയിലൂടെത്തന്നെ കൂട്ടിക്കൊണ്ടുപോയി ഫോടോ എടുക്കാന്‍ സാഹചര്യമുണ്ടാക്കിത്തന്നു. മതസൗഹാര്‍ദ്ദത്തിന്റെ ഒരു നിളാനദി എന്റെ ഹൃദയത്തിലൂടെ ഒഴുകിയതായി എനിക്ക് തോന്നി.
  
                                             
മാമാങ്കം കഴിഞ്ഞു വിജയിയായി രാജാവ് ഇവിടെ വന്നു തൊഴുതിരുന്നു. മാമാങ്കം നടക്കുമ്പോള്‍ റാണിക്കും തോഴിമാര്‍ക്കും യുദ്ധം കാണാനുള്ള മണ്ഡപം ആയിരുന്നു ഇതെന്നും കേള്‍വിയുണ്ട്. അതല്ല; കാവല്‍പ്പുര ആയിരുന്നു എന്നും പറയപ്പെടുന്നു.

മാമാങ്ക ശേഷിപ്പുകളില്‍ അല്പമെങ്കിലും സൂക്ഷ്മതയോടെ നിലനിര്‍ത്തുന്നത് ഇതുമാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. പഴയ പ്രൌഡിയോടെ ഇതിപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. പക്ഷെ മാമാങ്കത്തിന്റെ സ്മരണ ഉണര്‍ത്താന്‍ ഇതിന്റെ രൂപഘടനയിലെ പ്രത്യേകത എന്നെ സഹായിച്ചില്ല എന്നത് നേര്.

 മണ്ഡപത്തിനോടുചേര്‍ന്നൊഴുകുന്ന ഭാരതപ്പുഴ (പടിഞ്ഞാറേക്കുള്ള ഭാഗം)

                                                  (പഴുക്കാമണ്ഡപത്തിന് താഴെ )


                                              (തൊട്ടടുത്തുള്ള പ്രസിദ്ധ ക്ഷേത്രം)

-----------------------------------------------------------------------

 5- ചങ്ങമ്പള്ളി കളരി:

 മാമാങ്കത്തിന്റെ ശേഷിപ്പുകളില്‍ ഏറ്റവും പ്രൌഡി പ്രകടമാകുന്നത് ഇവിടെയാണ്‌. മറ്റു നാല് സ്മാരകങ്ങളും അടുത്തടുത്താണെങ്കില്‍ ഇതല്പം ദൂരെ താഴെത്തറ എന്ന പ്രദേശത്താണ്. സാമൂതിരി കര്‍ണാടകയില്‍ നിന്ന് കളരിഗുരുക്കന്മാരെ കൊണ്ടുവന്ന് ചങ്ങമ്പള്ളിയില്‍ കുടിയിരുത്തിയെന്നും പിന്നെ അവര്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്നും പറയപ്പെടുന്നു.ഇവരുടെ പരിശീലനത്തിന്നായി ഉണ്ടാക്കിയതാണത്രെ ഇത്. മാമാങ്കത്തില്‍ പരിക്കേല്‍ക്കുന്ന ഭടന്മാരെ ചികില്‍സിക്കുകയായിരുന്നത്രേ ഇവരുടെ മുഖ്യ ധര്‍മ്മം. ഇവരുടെ പിന്മുറക്കാര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. പുറമെനിന്നു ചിത്രങ്ങളെടുത്തെങ്കിലും ഇതിന്റെ ആകര്‍ഷണീയത കാരണം കൂടുതലറിയാന്‍ ഇവരിലാരെയെന്കിലും സന്ദര്‍ശിക്കണമെന്ന ആഗ്രഹത്തോടെ ഞാനവരെ കണ്ടെത്തി. നാനൂറില്‍ കൂടുതല്‍ വര്‍ഷങ്ങളുടെ പഴക്കം ചെന്ന കഥകള്‍ ഒരുപാട് കേട്ടു. ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇതിഹാസങ്ങളും നിറഞ്ഞ കഥ! അതൊക്കെ വിവരിക്കാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല. കഥകള്‍ കേട്ടപ്പോള്‍ അതിനുള്‍ഭാഗം കാണണമെന്ന ആഗ്രഹം കലശലായി. ചെരിപ്പ്‌, ഷര്‍ട്ട് മുതലായവ ധരിക്കാന്‍ പാടില്ല. ശുദ്ധിയുണ്ടായിരിക്കണം, ഭക്ത്യാദരവോടെ വേണം പ്രവേശിക്കാന്‍ എന്നിങ്ങനെ ഒരു പാട് ആചാരമര്യാദകള്‍ ഉണ്ട് . സാധാരണ ആരെയും അകത്തു പ്രവേശിപ്പിക്കാറില്ലത്രേ. ഞാനും ഒരു കളരിക്കാരന്‍ ആണെന്ന് സമര്‍ഥിച്ചു കൊടുത്തതിനാലും എന്നെക്കണ്ടാല്‍ ഒരു കുഴപ്പക്കാരന്‍ അല്ലെന്നു തോന്നിയതിനാലും തുറന്നുകാണാന്‍ താക്കോലുമായി ഒരാളെ ഒപ്പം വിട്ടു. അഞ്ചുമാസം മുന്‍പ്‌ ഇത് ചില സാമൂഹ്യദ്രോഹികള്‍ തീവച്ചുനശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യവശാല്‍ മുഴുവന്‍ നശിച്ചില്ല. ഇതിന്റെ പിന്മുറക്കാര്‍ ഇത് സംരക്ഷിക്കുന്നതില്‍ അലംഭാവം കാട്ടുന്നു എന്ന് സമര്‍ഥിക്കാന്‍, സര്‍ക്കാരിനെയും അധികാരികളെയും ജനങ്ങളെയും അറിയിക്കാന്‍ വേണ്ടി അവിടെത്തന്നെയുള്ള ചിലര്‍ ചെയ്തതാണെന്നാണ് ഇവരുടെ പക്ഷം. ഇതിന്റെ പ്രൌഢ-പ്രതാപങ്ങള്‍ താഴെയുള്ള ചിത്രങ്ങള്‍ തന്നെ നിങ്ങളോട് പറയും.
പടവുകള്‍ക്ക് മുകളിലെ കരിങ്കല്ലില്‍ കൊത്തുപണികള്‍ ശ്രദ്ധിക്കുക
 




ഉള്‍ഭാഗം

കളരിയാശാന്മാരുടെ നിശ്വാസങ്ങള്‍.....







ഒടുവില്‍ ശാപമോക്ഷമോ ?
ഒരുപാട് വൈകിയെങ്കിലും അവസാനം ഈ അഞ്ചു സ്മാരകങ്ങള്‍ക്കും ശാപമോക്ഷം ലഭിക്കാന്‍ പോകുന്നു.പുരാവസ്തു വകുപ്പിന്റെ ജോലിയാണ് ഇവയുടെ സംരക്ഷണമെങ്കിലും അവരുടെ പക്കല്‍ ഫണ്ടില്ലാത്തതിനാല്‍ 'നിളാടൂറിസം പദ്ധതി'യില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചു ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് നീക്കം. തൊണ്ണൂറു ലക്ഷത്തോളം രൂപയാണ് ഇവക്കുവേണ്ടി ചിലവഴിക്കുന്നത്. ഇതില്‍ 55.5 ലക്ഷം രൂപ ചങ്ങമ്പള്ളി കളരിക്കുവേണ്ടിയും നിലപാടുതറക്ക് 10 ലക്ഷവും മണിക്കിണറിനു 5 ലക്ഷവും പഴുക്കാമണ്ഡപത്തിന്  6.3 ലക്ഷവും മരുന്നറക്ക്   12.12 ലക്ഷവും ചെലവഴിക്കുമെന്ന് കേള്‍ക്കുന്നു.
ഞാന്‍ ചെല്ലുമ്പോള്‍ ചങ്ങമ്പള്ളി കളരിക്കുപുറത്ത് JCBതകൃതിയായി ജോലി ആരംഭിച്ചു കഴിഞ്ഞിരുന്നു. ഏതായാലും, ആദ്യം തൂമ്പാ കൊണ്ട് ചെയ്തു തീര്‍ക്കാമായിരുന്ന ജോലി ഇന്ന് JCB കൊണ്ട് തീര്‍ക്കേണ്ടിവരുന്നു എന്നത് കേരളത്തിന്റെ നിയോഗമാകാം.

94 comments:

  1. എനിക്ക് തീരെ പരിചയമില്ലാത്ത തട്ടകമാണിത്. പിഴവുകള്‍ സ്വാഭാവികം. നിങ്ങളുടെ നിര്‍ദേശ, അഭിപ്രായ, ആക്ഷേപങ്ങള്‍ മടിക്കാതെ തുറന്നെഴുതുമല്ലോ. പോസ്റ്റ്‌ ഇനിയും നീളുമെന്ന ഭയത്താല്‍ ഒരുപാട് ഫോട്ടോകളും വിവരങ്ങളും, ചേര്‍ത്തിട്ടില്ല. ക്ഷമിക്കുക.

    ReplyDelete
  2. തേങ്ങ എന്റെ വക
    (((((ഠോ))))
    ബാക്കി വായിച്ചിട്ടു പറയാം

    ReplyDelete
  3. പുതിയ പുതിയ അറിവുകളും മേമ്പൊടിക്ക് ഒന്നാം തരം ചിത്രങ്ങളും...
    വായിക്കട്ടെ..വിശദമായി കമന്റാം കെട്ടോ.!

    ReplyDelete
  4. മാമാങ്കം എന്ന് കേട്ടിട്ടേ ഉള്ളൂ (റാഗിപ്പറക്കുന്ന ചെമ്പരുന്തേ...).ചരിത്രവും ശേഷിപ്പുകളും ഇസ്മായിലിനോട് കടപ്പാട്.ചങ്ങമ്പിള്ളിയുടെ താവഴിയാണ് കാട്ടിപ്പരുത്തിക്കാർ.

    ReplyDelete
  5. മരുന്ന് പുരക്കു മുന്നിലെ ആ ഫോട്ടോ .....എന്തിനുള്ള പുറപ്പാടാ ...ഇത്തവണ നാട്ടിലേക്ക് വന്നത് ഇതിനായിരുന്നല്ലേ

    ReplyDelete
  6. പോസ്റ്റ്‌ നന്നായി .. ഭാവുകങ്ങള്‍

    ReplyDelete
  7. നന്നായി തന്നെ വിവരിച്ചിട്ടൂണ്ട്..പലതും എനിക്ക് പുതിയ അറിവുകളാണു..
    ചിത്രങ്ങള്‍ വിശദമായി എടുത്ത് പോസ്റ്റിയതിനു നന്ദി..

    ക്യാമറ കയ്യിലെടുത്താല്‍ അനങ്ങനാ..പാമ്പോ പുലിയോ വരുമെന്ന് ആരെങ്കിലും മുന്നറിയിപ്പ് തന്നാല്‍ എങ്കില്‍ പിന്നെ അതിന്റേം രണ്ട് ഷോട്ടെടുക്കാം എന്ന് മനസ്സില്‍ കരുതും !

    ആശംസകളോടെ!

    ReplyDelete
  8. മാമാങ്കം എന്നൊക്കെ പാട്ടില്‍ കേട്ട അറിവേയുള്ളൂ. നിലപാട് തറ എന്നും കേട്ടിട്ടുണ്ട്.
    ഇവിടെ നിറയെ ചിത്രങ്ങളും വിവരണങ്ങളും നല്‍കി കുറെയൊക്കെ പറയാന്‍ ഇസ്മായില്‍ ശ്രമിച്ചത്‌ നല്ലത് തന്നെ. ഓരോന്നും ഓരോ പോസ്റ്റുകളായി ഒന്നുകൂടി വിശദമാക്കിയാല്‍ കൂടുതല്‍ നന്നായേനെ എന്ന് തോന്നി.
    ആശംസകള്‍.

    ReplyDelete
  9. ചരിത്രത്തിൽ മാമാങ്കം വായിച്ചിട്ടുണ്ട്. ഇപ്പോൾ ശേഷിപ്പുകൾ കാണാൻ കഴിഞ്ഞു. ഇത്തിരി വൈകിയെങ്കിൽ ഈ ചിത്രങ്ങൾക്ക് രൂ‍പാന്തരം സംഭവിച്ചേനെ, നന്നായി.

    ReplyDelete
  10. നമ്മുടെ നാടിന്റെ ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കാന്‍ ശ്രമിച്ചത് നന്നായി. സ്മാരകങ്ങളുടെ ചിത്രങ്ങള്‍ കുറ്റിക്കാടുകളായിപ്പോയത് വിധി. തിരൂരിന്റെ പഴയ ചരിത്രവും എഴുത്തച്ഛന്റെ ജീവചരിത്രവും സി.രാധാകൃഷ്ണന്റെ "തീക്കടല്‍ കടഞ്ഞു തിരുമധുരം" എന്നാ നോവലിലുണ്ട്.വായിച്ചിട്ടില്ലെങ്കില്‍ വായിക്കാന്‍ ശ്രമിക്കുക.

    ReplyDelete
  11. ഇന്നലെകള്‍ ഇന്ന് കഥകളോ ചരിത്രമോ ആകുമ്പോള്‍ ....


    ഫോട്ടോകളും കുറിപ്പും നന്നായി .ഇത്രവിശദമായി അറിയുമായിരുന്നില്ല .

    ReplyDelete
  12. ചരിത്രപുസ്തകങ്ങളിലൂടെ വായിച്ചും കേട്ടറിഞ്ഞതുമായ മാമാങ്കം,നിലപാടുതറ , മണിക്കിണര്‍ ഒക്കെ ഇസ്മയിലിന്റെ പോസ്റ്റിലൂടെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ചടുലമായ വിവരണവും അനുയോജ്യമായ ചിത്രങ്ങളും അവിടം സന്ദര്‍ശിച്ച പ്രതീതി ഉളവാക്കുന്നു.

    ഇന്നത്തെ അവസ്ഥ കണ്ടിട്ട് ദുഃഖം തോന്നുന്നു.നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി കാത്തു വെക്കാന്‍ ഒന്നുമില്ലാതായി തീരുമോ?

    ReplyDelete
  13. അപ്പോ..ഇതിയാൻ അവിടെയും എത്തിയല്ലേ...
    ഞാൻ കുറെ മുമ്പ് പോയിരുന്നു., അന്നും ആരൊക്കെയോ പറയുന്നത് കേട്ടു, ഇതൊക്കെ സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കാൻ പോകുന്നു.അതിനു വേണ്ടി പത്തമ്പത് ലക്ഷം രൂപാ ചിലവ് വരുന്ന് വൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നൊക്കെ,
    ഇപ്പോൾ ഈ ഫോട്ടോകൾ കണ്ടപ്പോൾ മനസ്സിലായി ആ വാഗ് ദാനങ്ങളും പദ്ധതികളും നിളാനദിയിലൂടെ ഒലിച്ച് പോയെന്ന്.,

    ഇനിയിപ്പോൾ ചിലവാക്കാനുദ്ദേശിക്കുന്ന തൊണ്ണൂറ് ലക്ഷമെങ്കിലും ഒലിച്ച് പോകാതിരുന്നാൽ ഫാഗ്യം..
    ഏതായാലും ഇങ്ങനെയൊരു പോസ്റ്റിട്ടത് വളരെ നന്നായി,
    അഭിനന്ദനങ്ങൾ

    ReplyDelete
  14. അപ്പൊ നാട്ടില്‍ പോയത് വെറുതെ ആയില്ല :)

    ReplyDelete
  15. വരട്ടെ അങ്ങിനെ ഓരോന്ന്!നല്ലൊരു ‘ചരിത്രയാത്രാചിത്രവിവരണം‘ കലക്കി ആശാനേ കലക്കി

    ReplyDelete
  16. ചരിത്രം ...വളരെ തന്മയത്വത്തോടെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്..
    എല്ലാം ഓരോരോ വ്യത്യസ്ത പോസ്റ്റുകള്‍ ആക്കാമായിരുന്നു..
    എങ്കില്‍ ഇനിയും ഓരോന്നിനെ കുറിച്ചും കൂടുതല്‍ വിശദീകരിക്കാനാവുമായിരുന്നു..ഇത്തവണ നാട്ടുയാത്ര വെറുതെ ആയില്ല ..ഭാവുകങ്ങള്‍

    ReplyDelete
  17. ചരിത്രം അത്ര പിടിയില്ലാത്തതിനാല്‍ കേട്ടറിവേ ഉള്ളൂ. കുറ്റിപ്പുറത്ത് ജോലിക്ക് പോയിരുന്നപ്പോള്‍ ടൈല്‍ ഫാക്റ്ററിയുടെ ഗേറ്റും മതിലും ശ്രദ്ധിച്ചിരുന്നു,പുകക്കുഴലും.പിന്നെ യേശു ദാസിന്റെ ‘മാമാങ്കം പലകുറി കൊണ്ടാടി’ എന്ന പാട്ടും കേട്ടിട്ടുണ്ട്,ഇതൊക്കെയാണ് എനിക്കറിയുന്ന ചരിത്രം!
    ...ഞാനും ഒരു കളരിക്കാരന്‍ ആണെന്ന് സമര്‍ഥിച്ചു കൊടുത്തതിനാലും എന്നെക്കണ്ടാല്‍ ഒരു കുഴപ്പക്കാരന്‍ അല്ലെന്നു തോന്നിയതിനാലും തുറന്നുകാണാന്‍ താക്കോലുമായി ഒരാളെ ഒപ്പം വിട്ടു.... ഈ ഭാഗം കലക്കി.ഇനി ഏതായാലും ഖത്തറില്‍ നിന്നു തിരിച്ചു വന്ന ശേഷം ഇത്തരം ചരിത്ര സ്മാരകങ്ങള്‍ തേടി നടന്നു പുസ്തകങ്ങലെഴുതാം. ആശംസകള്‍!.

    ReplyDelete
  18. തെരഞ്ഞെടുപ്പ് മാമാങ്കം, കായിക മാമാങ്കം... മലയാളികള്‍ ആവശ്യത്തിനും അനാവശ്യത്തിനും എടുത്ത് പ്രയോഗിക്കുന്ന ആ വാക്കിന് കാരണമായ ചരിത്രത്തിന്‍റെ ശേഷിപ്പുകളുടെ ഇന്നത്തെ അവസ്ഥയില്‍ വളരെ ദു:ഖം തോന്നുന്നു. സ്കൂളിലെ ചരിത്ര പുസ്തകത്തില്‍ പഠിച്ചുമറന്നെങ്കിലും പിന്നെയാരും ഈ വിഷയത്തെകുറിച്ച് എഴുതിയത് കണ്ടിട്ടില്ല. സിനിമാതാരങ്ങളുടെ കുടുംബവിശേഷങ്ങള്‍ സെന്‍സേഷണല്‍ ജേര്‍ണലിസമാക്കുന്ന ചാനലുകളും നമ്മുടെ ചരിത്രത്തിന്‍റെ ഈ വന്‍‍വീഴ്ചകള്‍ കണ്ടിട്ടുണ്ടാവില്ല.

    ചിത്രങ്ങളും വിവരണങ്ങളും കൊള്ളാം.
    കുറച്ചുനാളേ നാട്ടില്‍ നിന്നതെങ്കിലും നിറയെ വിഭവങ്ങളുമായി വന്നത് ഞങ്ങള്‍ക്ക് വിരുന്നായി.
    ആശംസകള്‍.

    ReplyDelete
  19. വിജ്ഞാനപ്രധമായ ലേഖനം.
    ഫോട്ടോസ് ഷെയര്‍ ചെയ്തതിനു പ്രത്യേക താങ്ക്സ്

    ReplyDelete
  20. ഈ പോസ്റ്റിലൂടെ പുതിയ അറിവുകള്‍ പകര്‍‌ന്നു നല്‍കിയതിന്‌ നന്ദി. ഫോട്ടോസും, വിവരണവും നന്നായിരുന്നു. ആശംസകള്‍.

    ReplyDelete
  21. വളരെ നന്നായി, കുറുമ്പടീ...അതീവ വിജ്ഞാനപ്രദം...പക്ഷെ ഈ തിരുശേഷിപ്പുകളുടെ ഇന്നത്തെ അവസ്ഥ കണ്ടു സങ്കടം തോന്നുന്നു...വേറെ വല്ല രാജ്യങ്ങളിലുമായിരുന്നേല്‍, അവര് എന്തൊക്കെ ചെയ്തേനെ ഈ സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍...എന്തായാലും വൈകിയെങ്കിലും വിവേകമുദിച്ചല്ലോ നമ്മുടെ സര്‍ക്കാരിന്...നന്ദി...

    ReplyDelete
  22. പലവട്ടം ഞാന്‍ ആ വഴി കടന്നു പോയിട്ടുണ്ട് .അന്നൊക്കെ ചരിത്രങ്ങള്‍ ഉറങ്ങുന്ന
    ആ ഓട്ടുകമ്പനി നോക്കി നെടുവീര്‍പ്പിട്ടുണ്ട്..അതിന്റെ ശോചനീയമായ അവസ്ഥ കണ്ട്‌.
    പിന്നീട് ഒരിക്കല്‍ കണ്ടപ്പോ അവിടുത്തെ ഓട്ടുകമ്പനി തന്നെ അപ്രത്യക്ഷ മായാത്
    കണ്ടപ്പോ വിഷമം തോന്നി..മാമങ്ക കഥകള്‍ ഞാനും കുറെ കേട്ടിരുന്നു..അവിടേക്ക്
    ഒരു ഗുഹ ഉണ്ടെന്നും മറ്റും..അത് കുറേകൂടി നന്നായി കേള്‍ക്കാ കഴിഞ്ഞതില്‍
    സന്തോഷം..വളരെ രസകരമായി എഴുതുകയും ചെയിതു..എന്തായാലും ഇനി എന്നേലും
    നാട്ടില്‍ പോകുമ്പോ എനിക്കും കാണണം..

    ReplyDelete
  23. പൊതുവേ ചരിത്ര വിഷയങ്ങളില്‍ അത്ര താല്പര്യമില്ലെങ്കിലും എന്തു കൊണ്ടോ തിരുന്നാവായയില്‍ അരങ്ങേറുന്ന മാമാങ്കത്തെക്കുറിച്ചുള്ള ചരിത്രം എന്നും ശ്രദ്ധിക്കുമായിരുന്നു.
    പന്ത്രണ്ട് വര്‍ഷങ്ങളില്‍ ഒരിക്കല്‍ മാത്രം നടക്കുന്നു എന്നതും നാട്ടുരാജാവിനു വേണ്ടി പടവെട്ടി മരിച്ചു വീഴുന്ന ചാവേറുകളെക്കുറിച്ചുള്ള അറിവുമാണ് ഈ താല്പര്യത്തിനു പിന്നില്‍‌‌
    ഇന്നു ആ ചരിത്രാവശിഷ്ടങ്ങളിലൂടെ ഒരു മനസ്സ്കൊണ്ട് മടക്കയാത്ര നടത്താന്‍ ഈ പോസ്റ്റ് ഉപകരിച്ചു..
    ഈ പോസ്റ്റിനു വേണ്ട ശ്രമത്തിനു ഇസ്മയില്‍ പ്രത്യേക അഭിനന്ദനമര്‍‌ഹിക്കുന്നു..

    ആശംസകളോടെ

    ReplyDelete
  24. പലവട്ടം പോയിട്ടുണ്ട്.തിരുനാവായില്‍..പക്ഷെ,ഈ ഇതെല്ലാം പുതിയ അറിവുകള്‍..അസ്സലായി,ഈ യാത്രാ വിവരണം.
    പിന്നെ,മാഷേ,ഇയാള്‍ടെ,മുന്നത്തെ പോസ്റ്റില്‍ ഞാന്‍ ഒരു കമന്റ്‌ ഇടാന്‍ പഠിച്ച വിദ്യകളൊക്കെ പയറ്റി നോക്കി തോറ്റു തൊപ്പിയിട്ടു തിരിച്ചു പോയി.കുട്ടിചാത്തനാണോ ..അതോ വൈറസ്‌ ആണോ ആവോ?

    ReplyDelete
  25. നല്ലൊരു ചരിത്ര ഗവേഷണമായി കേട്ടൊ ഈ മാമാങ്ക ചരിതം... അഭിനന്ദനങ്ങൾ....

    ReplyDelete
  26. ശരിക്കും വിജ്ഞാനാപ്രദം.
    ഈ ചരിത്ര സ്മാരകങ്ങള്‍ക്ക് ഇനിയെങ്കിലും ശാപമോക്ഷം കിട്ടിയിരുന്നെങ്കില്‍!

    ReplyDelete
  27. ഇതിന്റെ വളപ്പില്‍ നിന്ന് നിളാനദിയിലേക്ക് ഒരു ഗുഹ ഉണ്ടായിരുന്നു പോല്‍! എന്നാലതിന്റെ അടയാളമൊന്നും ഇവിടെ കാണാനില്ല.

    ശരിക്ക് നോക്കിയാ കാണുമാരുന്നു....

    (ലീവ് നന്നായി മുതലാക്കി അല്ലേ.. എത്താനൊരിടം പോലും ബാക്കിയില്ലല്ലോ)

    ReplyDelete
  28. വളരെ നല്ല പോസ്റ്റ്‌, ഇതൊന്നും കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല, അതുകൊണ്ട് തന്നെ വളരെ നന്നായി തോന്നി.

    ReplyDelete
  29. ഇത് ഒരു രണ്ടര പോസ്റ്റിനുള്ള വകയുണ്ടല്ലോ ഇസ്മയിൽ...

    ഒരു പോസ്റ്റിലൊതുക്കിയതിന്റെ ഒരു കുറവുണ്ടെങ്കിലും, നന്നായി ഈ അറിവുകളും ചിത്രങ്ങളും..


    ഓ.ടോ

    ആ തൊപ്പി തലയിൽ നിന്ന് മാറ്റാറില്ലേ !

    ReplyDelete
  30. ചരിത്ര ശേഷിപ്പുകളിലൂടെ ഉള്ള ഈ യാത്ര വളരെ നന്നായി. പണ്ട് കേട്ട് മറന്ന മാമാങ്ക കഥകള്‍ വിശദമായി വീണ്ടും കേള്‍ക്കാന്‍ പറ്റിയത് ഇന്നാണ്. ചിത്രങ്ങളും കേമം.
    ഇനിയും വിവരങ്ങളുണ്ടെങ്കില്‍ പോസ്റ്റ്‌ ചെയ്യാന്‍ മടിക്കരുത്. വായിക്കാന്‍ കൌതുകമുണ്ട്.
    നാട്ടില്‍ പോക്ക് ശരിക്കും മുതലാക്കിയത് ഇസ്മയിലാണ്, അഭിനന്ദനങ്ങള്‍.

    ReplyDelete
  31. ഇസ്മായീലിലെ ചരിത്രകാരന്‍ ശരിക്കും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മികച്ച വിവരണവും ചിത്രങ്ങളും. ചരിത്രത്തിന്റെ പിന്നറകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദി.

    ReplyDelete
  32. കെടുകാര്യസ്ഥതയുടെ കാടുമൂടിയ ചരിത്ര ഭൂമിയിലൂടെ ബ്ലോഗര്‍ നടത്തിയ പര്യടനം മികച്ചതായി.
    ദേശാന്തരങ്ങള്‍ക്കപ്പുറം പുകള്‍പെറ്റ ഒരു ഭാഷാപിതാവിന്‍റെ നാട്ടില്‍ ചരിത്രശേഷിപ്പുകള്‍ മണ്ണോടു ചേരുന്ന കാഴ്ചകള്‍ പകര്‍ത്തിപ്പറഞ്ഞിരിക്കുന്നത്, എഴുത്തുകാരന്‍റെ സാമൂഹ്യ പ്രതിബദ്ധതയെ വെളിവാക്കുന്നു.

    ReplyDelete
  33. മാമാങ്കം ഞാന്‍ കണ്ടിട്ടുണ്ട് കുറെ കാലം മുന്‍പാ കണ്ടിട്ടുള്ളത് അതിലെ ചില രംഗങ്ങള്‍ മാത്രമേ ഓര്‍മയില്‍ ഉള്ളൂ.. ( മാമാങ്കം സിനിമയുടെ കാര്യമാ ഞാന്‍ പറഞ്ഞത് )

    ഏതായാലും ഫോട്ടോ സഹിതമുള്ള ഈ വിവരണം നന്നായി ഇസ്മായില്‍ജീ മാമാങ്കത്തെ കുറിച്ചുള്ള അറിവ് എനിക്കും പുതിയത് തന്നെ .

    ReplyDelete
  34. പാഠപുസ്തകങ്ങളിലും,ക്ലാസ് മുറികളിലും മാത്രം കേട്ടു പരിചയിച്ച കുറെയേറെ കാര്യങ്ങള്‍.... ഇപ്പൊ അത് നേരിട്ട് കണ്ട പോലെ. നല്ല അവതരണം.

    ReplyDelete
  35. ധീര സ്മരണകളും വീര ചരിതങ്ങളും കാടുകയറി മുടിഞ്ഞു പോകുമ്പോള്‍ അന്വേഷണ കുതുകിയായ ഒരു ചരിത്ര വിദ്യാര്‍ഥിയുടെ അര്‍പ്പണ ബോധത്തോടെ തണല്‍ നടത്തിയ ഈ യാത്ര അകൈതവമായ പ്രശംസ അര്‍ഹിക്കുന്നു . നമ്മുടെ നാടിന്റെ ചരിത്രത്തെ, സംഭവങ്ങളെ ഇന്നിന്റെ സന്തതികള്‍ക്കും , വരും തലമുറകള്‍ക്കും പരിചയപ്പെടുത്തുവാനുള്ള ഏതു ശ്രമങ്ങളും ശ്ലാഘനീയമാണ് . ഇവിടെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് തണല്‍ നടത്തിയ വിവരണങ്ങളും , ചിത്രീകരണവും മനോഹരമായിരിക്കുന്നു . ഇത്തരം നല്ല സംരംഭങ്ങള്‍ക്ക്‌ അഭിനന്ദനങ്ങള്‍ .

    ReplyDelete
  36. ഇത് വരെ കേട്ടും വായിച്ചും അറിഞ്ഞ മാമാങ്കത്തെ കുറിച്ച് നല്ല ഒരു വിവരണം ..ചിത്രങ്ങള്‍ നന്നായി എടുത്തു
    ആദ്യത്തെ ചിത്രത്തിന് കൂടി അടി കുറിപ്പ് കൊടുക്കാമായിരുന്നു
    പിന്നെ ഒരു സൌകാര്യം
    ഒരു ചിത്രത്തില്‍ തൊപ്പി ഇല്ല ......ആദ്യത്തെ ചിത്രം ആണ് എന്ന് തോന്നുന്നു തൊപ്പി ഇല്ലാതെ എടുക്കുന്നത് അല്ലെ
    ചിലര്‍ക്ക് ചിലത് എവിടെ പോയാലും കൂടെ ഉണ്ടാവും

    ReplyDelete
  37. കളരി ആശാനെ ഏതായാലും മാമാങ്ക വിവരണം കെങ്കേമമായി ...ചരിത്രത്തിന്റെ ശേഷിപ്പുകൾ തേടിയുള്ള ഈ യാത്രാ‍ വിവരണവും ഫോട്ടോകളും ശരിക്കും വിജ്ഞാനാപ്രദം.പരിചയമില്ലാത്ത മേഘലയാണെങ്കിലും യാതൊരു വിധ അഭംഗിയും തോന്നിയില്ല വിവരണത്തിനു .. ഇനിയും ഇങ്ങൻനയുള്ള ചരിത്രം ഉറങ്ങുന്ന പോസ്റ്റുകാൽ കയ്യിലുണ്ടൊ നാട്ടിൽ പോയത് നല്ലരീതിയിൽ ഉപയോഗപ്പെടുത്തിയെൻന്ു തോന്നുന്നു .. ഭാവുകങ്ങൾ..

    ReplyDelete
  38. ഇസ്മയില്‍ ഒരു ചരിത്രസത്യം അന്യെഷിച്ച ഈയാത്ര വളരെ സാഹസം നിറഞ്ഞ തായിരുന്നല്ലോ.... തികച്ചും വെത്യസ്ത മാണ്‌ ഈ പോസ്റ്റ്. ഒരു ഗള്‍ഫുകാരെന്റെ ലീവിന്റെ പരിമിതി ഞാന്‍ മനസ്സിലാക്കുന്നു. താങ്ങളുടെ അന്യാഷണ സ്വഭാവം- ഞാന്‍ വളരെ മാനിക്കുന്നു .അറിയാതിരുന്ന പല ചരിത്ര സത്യങ്ങളും പകര്‍ന്ന് തരുന്നു.... ആശംസകള്‍

    ReplyDelete
  39. ഭായ്..ചരിത്ര താളുകളിലൂടെയുള്ള ഈ യാത്ര നന്നായിരിക്കുന്നു...
    എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പുതിയ അറിവുകളാണ്.

    ReplyDelete
  40. മാമാങ്കത്തിനെ കുറിച്ച് സ്കൂളില്‍ പഠിച്ചത് ഓര്‍ക്കുന്നു. ഈ പേരുകളൊക്കെ കേട്ടിട്ടുണ്ട്. ഇത്ര ദയനീയാവസ്ഥ ആണെന്ന് കരുതിയിരുന്നില്ല.
    എന്തായാലും സര്‍ക്കാര്‍ ഇതെല്ലാം സംരക്ഷിക്കാന്‍ തീരുമാനിച്ചല്ലോ..! എല്ലാം പുതുക്കി പണിതു കഴിയുമ്പോള്‍ ഒരിക്കല്‍ കാണാന്‍ പോകണം.
    നന്ദി ഇക്ക, ഈ പോസ്റ്റിന് :-)

    ReplyDelete
  41. കഷ്ടം! ഇത്തരം സ്മാരകങ്ങളുടെ അവസ്ഥ കണ്ടിട്ട് ദുഃഖം തോന്നുന്നു.

    ReplyDelete
  42. ചോര മണക്കുന്ന മാമാങ്കം!
    മര്‍ത്യഹത്യയുടെ മഹാമഹം!!
    അവഗണനയുടെ അട്ടിപ്പേറുകള്‍ !!!
    അക്ഷന്തവ്യമായ അപരാധങ്ങള്‍!!!!

    ReplyDelete
  43. valare upakaramarnna arivukal
    nalla prayathnam
    may almighty bless you

    ReplyDelete
  44. ഫോട്ടോസ് മനോഹരം.കുറിപ്പുകള്‍ വിജ്ഞാന പ്രദം.എല്ലാ ഭാവുകങ്ങളും...

    ReplyDelete
  45. നാട്ടില്‍ പോയി ,കൈ നിറച്ചും സമ്മാനവുമായി തിരിച്ചു വന്നത് നന്നായി ,ഈ വിവരണത്തിന് വളരെ നന്ദി .ചരിത്രം ഇഷ്ട്ടപ്പെട്ടലും ,ഇതൊക്കെ പോയി കാണാന്‍ എല്ലാവര്‍ക്കും സാധിക്കില്ലല്ലോ ,മാമാങ്കത്തെ കുറിച്ചുള്ള ഈ പോസ്റ്റ്‌ ,ആ സിനിമ ഒരുപാട് തവണ കണ്ടിട്ടുണ്ട് .ഇതിപ്പോള്‍ ഫോട്ടോയും ,വിവരണവും ,വിജ്ഞാന പ്രദം.

    ആശംസകള്‍ ..

    ReplyDelete
  46. ചരിത്രത്തിന്റെ ഇരുണ്ട ഊട് വഴികളിലൂടെ യുള്ള യാത്ര കൌതുക കരം തന്നെ..ഇസ്മയിലിന്റെ ഉള്ളിലെ ചരിത്രാന്വേഷിക്ക് നൂറില്‍ നൂറു മാര്‍ക്ക് തരുന്നു.അക്ഷര പിശകുകള്‍ തിരുത്തണം.ഉദാ:പഴുക്കാ മണ്ഡപം എന്നത് പഴുക്കാമന്ധപം എന്നാണ് ആവര്‍ത്തിച്ചു എഴുതിയിട്ടുള്ളത്.
    ഭാവുകങ്ങള്‍ ............

    ReplyDelete
  47. അക്ഷരത്തെറ്റ് പലരും ചൂണ്ടിക്കാണിച്ചിരുന്നു.നന്ദി .
    'പഴുക്കാമന്ധപം' ശരിയാം വിധം എഴുതാന്‍, പോസ്റ്റ്‌ ചെയ്യുന്നതിന് മുന്‍പേ തന്നെ ഒരുപാട് ശ്രമിച്ചിരുന്നു. കഴിയാതെ ഞാന്‍ മന്ധപത്തിനു മുന്നില്‍ അടിയറവു പറഞ്ഞു.
    അടുത്ത പോസ്റ്റ്‌ മുതല്‍ , ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ മാറ്റാന്‍ ശ്രമിക്കാം.

    ReplyDelete
  48. ചരിത്രസത്യങ്ങളും സ്മ്ര്‌തികളും സുദീർഘസുഷുപ്തിയിൽ ആണ്ടുകിടക്കുന്ന മാമാങ്കഭൂമിയിലൂടെ ഗവേഷകമനസ്സുമായി താങ്കൾ നടത്തിയ യാത്രയും നിരത്തിയ വിവരങ്ങളും കൌതുകമുണർത്തി.

    മണിക്കിണർ എന്ന നാമം വഹിക്കുന്ന കിണർ യഥാർത്ഥത്തിൽ ഒരു മരണക്കിണർ ആയിരുന്നു എന്ന അറിവ് shocking ആയിരുന്നു.
    (മണിക്കിണർ എന്ന കവിതാമയമായ മനോഹരനാമത്തിനു പകരം “പിണക്കിണർ“ എന്നതായിരുന്നു അനുയോജ്യം, അല്ലെ!!)

    നന്നായെഴുതി.
    നന്ദി.

    Pallikkarayil
    http://ozhiv.blogspot.com/

    ReplyDelete
  49. ഇസ്മയിലെ...വളരെ നന്നായി. കഥകളെല്ലാം ചെറുപ്പത്തില്‍ തന്നെ വായിച്ചും കേട്ടും അറിഞ്ഞുരുന്നു. കുഞ്ഞുനാളില്‍ വായിച്ച, കുട്ടികളുടെ പ്രീയ കഥാകാരന്‍ മാലിയുടെ(മാധവന്‍ നായര്‍)"പോരാട്ടം" എന്ന കഥ ഇന്നും മനസ്സില്‍ മായാതെയുണ്ട്‌. എല്ലാം സംരക്ഷിക്കപ്പെടാന്‍ പോവുന്നു എന്നറിഞ്ഞതില്‍ സന്തോഷം....സസ്നേഹം

    ReplyDelete
  50. വളരെ നന്നായി പറഞ്ഞിരിക്കുന്നു ...കൂടെ ചിത്രങ്ങളും .. അഭിനന്ദനങ്ങള്‍...

    ഓരോ പന്ത്രണ്ടു വര്ഷം കൂടുമ്പോഴും വളര്ന്നെതുന്ന വള്ളുവനാട്ടിലെ
    പുരുഷ യൌവനങ്ങള്‍ സാമൂതിരിയുടെ മേല്‍ക്കോയ്മയെ വെല്ലുവിളിച്ചു
    സൈന്യത്തോടെറ്റു മുട്ടി മരണമടയുന്ന ദാരുണമായ മാമാങ്കം ...
    ആറ്റു നോറ്റുണ്ടായ ഉണ്ണികള്‍ വീര സ്വര്‍ഗ്ഗം പ്രാപിക്കുമ്പോള്‍, കുല സ്ത്രീകള്‍ വിധവകളാകുമ്പോള്‍
    യുവാക്കള്‍ ദേശഭക്തിയില്‍ സ്വയം ബലി കൊടുക്കുമ്പോള്‍ വള്ളുവനാട്ടില്‍ അനാഥമാകുന്ന അനേകം കുടുംബങ്ങള്‍ ..
    ഇങ്ങനെ വേദനയൂറുന്ന കുറെ കഥകള്‍ കേട്ടിട്ടുണ്ട് മാമാങ്കത്തെക്കുറിച്ച് ...
    കാലം മാറിയപ്പോള്‍ ബദ്ധ ശത്രുക്കളായിരുന്ന വള്ളുവകോനാതിരിയുടെ കോവിലകവും സാമൂതിരി കോവിലകവും തമ്മില്‍ വിവാഹ ബന്ധം വരെ ആയിരിക്കുന്നു ..എന്നും ...
    മണിക്കിണറില്‍ ആന ചവിട്ടിതാഴ്ത്തിയ ദേശ ഭകതരുടെ ആത്മാവുകള്‍ , അവരുടെ ഉറ്റവരുടെ വേദനകള്‍ എല്ലാം കാലം പിന്നിലെക്കാക്കി

    ReplyDelete
  51. എനിക്കൊന്നുമറിയില്ല എന്നതാണ് എനിക്കാകെ ഉള്ള അറിവ്.എന്നത്‌ അർത്ഥപൂർണ്ണമാക്കിയതിൽ അഭിനന്ദിക്കുന്നു. ഏറ്റവും വലിയ അറിവു തന്നെ അത്‌ .കാഴ്ചയും വിവരണവും ഏറെ പ്രയോജനപ്രദം.

    ReplyDelete
  52. നന്നായിരിക്കുന്നു തണല്‍ .

    ReplyDelete
  53. ചരിത്രവും യാഥാര്‍ത്ഥ്യവും ചേര്‍ന്ന് പലപ്പോഴും
    നമ്മെ കണ്ണുകെട്ടി നടത്തി വഴിതെറ്റിക്കും
    പക്ഷേ ഇവിടെ ചരിത്രവും യാഥാര്‍ത്ഥ്യവും
    നമുക്ക് , വിദേശികള്‍ക്കു മുമ്പില്‍(സാമൂതിരിയുള്‍പ്പെടെ)
    ജന്മനാടിനെ അടിയറ വെച്ച രാജാക്കനമാരുടെ
    ഭീരുത്വത്തിനിടയില്‍ അധിനിവേശത്തിനെതിരെ പോരാടി
    ജീവന്‍ ത്യജിച്ച പാവങ്ങളുടെ ജീവചരിത്രം കാട്ടിതരുന്നു.
    ഉജ്ജ്വലം ഇല്മയിലേ ഉജ്ജ്വലം

    ReplyDelete
  54. കുറിപ്പും ചിത്രങ്ങളും നന്നായിരിക്കുന്നു..അധികാരത്തിന്‍ വേണ്ടി നടക്കുന്ന കൊലവിളികളുടെയും രക്തം ചിന്തലിന്റെയും വ്യര്‍ത്ഥത വെളിവാക്കുന്നു ഈ ചരിത്രാവശിഷ്ടങ്ങള്‍ ..

    ReplyDelete
  55. ശരിക്കും ഈ ചിത്രങ്ങള്‍ എത്രയോ വിലപ്പെട്ടത്..
    അതു പങ്കു വച്ച തണലിനു നന്ദി..

    ReplyDelete
  56. മാ..മാ..ങ്കം
    പലകുറി കൊണ്ടാടി
    നിളയുടെ തീരങ്ങള്‍
    നാവായില്‍...........

    ചരിത്രത്തിന്‍റെ ചാരിത്ര്യം നഷ്ടമാവാതിരിക്കട്ടെ!!

    ReplyDelete
  57. നല്ല, പ്രസക്തമായ ലേഖനം. മലപ്പുറം ജില്ലക്കാരനാണെങ്കിലും, പല തവണ ആ വഴിക്കൊക്കെ സഞ്ചരിച്ചിട്ടും ഇങ്ങനെ ഒരു ആലോചന വന്നില്ല. അജ്ഞത അല്ല, ഉദാസീനത. ആശംസകള്‍.

    ReplyDelete
  58. മാമാങ്കം എന്ന് കേട്ടിട്ടുണ്ടെങ്കിലും അതേക്കുറിച്ച് ഈ വക ചരിത്രങ്ങളൊന്നും അറിയില്ലായിരുന്നു. ചിത്രങ്ങള്‍ എടുത്ത് എല്ലാം പങ്കുവച്ചതിന് നന്ദി തണലേ. വളരെ വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്. പോസ്റ്റ് നീളുമെന്നു വിചാരിച്ച് ബാക്കി എഴുതാതിരിക്കല്ലേ. രണ്ടുമൂന്നു ഭാഗങ്ങളായി പോസ്റ്റു ചെയ്താല്‍ മതിയല്ലോ. ഈ വിലപ്പെട്ട അറിവുകള്‍ എല്ലാവര്‍ക്കും കിട്ടട്ടേ.

    ReplyDelete
  59. ആഹഹ ...
    വായിച്ചു വായിച്ചു ത ല പെരുത്തു!
    ഗംഭീരമായിരിക്കുന്നു.. ഒരു ചെറിയ റിസേര്‍ച്ച് തന്നെ നടത്തിയിട്ടുണ്ടല്ലോ!

    മുകളില്‍ പറഞ്ഞതുപോലെ, ഇതു ഒന്നു രണ്ടു ഭാഗങ്ങളാക്കി പോസ്റ്റൂ..എല്ലാം
    അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ തന്നെ!
    സജി

    ReplyDelete
  60. സ്കൂളില്‍ പഠിപ്പിക്കുന്ന ഒരു മലയാളം ഉപപാഠപുസ്തകമായ 'സര്ക്കസ്സും പോരാട്ടവും' എന്ന കൃതിയിലെ പോരാട്ടം എന്ന പകുതി ഭാഗം മാമാങ്കം ആസ്പദമാക്കിയുള്ളതാണ്. സാമൂതിരിയെ വധിക്കാന്‍ നേര്ച്ച നേര്‍ന്നു വളര്‍ന്നു വരുന്ന ഒരു 10 വയസ്സ് കാരന്റെ കഥ. അതിലെ കഥാപാത്രം ഇതില്‍ പറയുന്നത് പോലെ സാമൂതിരിയെ വധിക്കാന്‍ അടുത്ത് വരെ എത്തുന്നുണ്ട്.

    അത് വായിച്ചതിനു ശേഷം മാമാങ്കത്തെപ്പറ്റി ആദ്യമായി വിശദമായി വായിക്കുന്നത് ഇവിടെയാണ്‌. ചിത്രങ്ങള്‍ സഹിതം വിശദീകരിച്ചത് വളരെ ഉപകാരമായി. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ അവിടെയൊന്ന് പോകണമെന്ന് വിചാരിക്കുന്നു. ഈ ഓടു ഫാക്ടറി മുമ്പ് പുറത്തു നിന്ന് കണ്ടിട്ടുണ്ട്. കണ്ടാല്‍ തോന്നുകയില്ല ഇത്രയും ചരിത്രസ്മാരകങ്ങള്‍ ഉറങ്ങിക്കിടക്കുന്ന സ്ഥലമാണെന്ന്. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് പോലെയല്ലേ കാര്യങ്ങള്‍. നമ്മുടെ അധികാരികള്‍ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കട്ടെ. താങ്കളെ പോലുള്ളവരുടെ ശ്രമങ്ങള്‍ ഇതിനെ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ സഹായിക്കട്ടെ. ആശംസകള്‍.

    ReplyDelete
  61. ചരിത്ര ഗവേഷണം തുടങ്ങിയോ ഇസ്മായീലേ?? :)

    പോസ്റ്റ് നന്നായീട്ടാ.

    ReplyDelete
  62. എഴുതാൻ തിരഞ്ഞെടുക്കുന്ന വിഷയങ്ങളോട്‌ നന്നായ്‌ നീതി പുലർത്താൻ താങ്കൾ ശ്രമിക്കുന്നുണ്ട്‌ അതിൽ അതിയായ സന്തോഷം..അഭിനന്ദനങ്ങൾ

    ReplyDelete
  63. മാമാങ്കത്തിലൂടെയുള്ള ഈ യാത്ര ഇഷ്ടമായി ...അറിയാത്ത ചരിത്രങ്ങള്‍ പങ്കുവച്ചതിനു നന്ദി ....

    ഓ.ടോ: ഈ ഫോട്ടോകള്‍ സേവ് ചെയ്യുന്നതില്‍ വിരോധം ഇല്ലല്ലോ ?

    ReplyDelete
  64. 'ഭൂതത്താനും'മനുഷ്യര്‍ക്കും മാത്രമല്ല; മറ്റു പ്രേത-യക്ഷി-ജിന്ന്-മലക്കുകള്‍ക്ക് വരെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ.
    ആവശ്യമെന്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ മെയില്‍ വഴി അയച്ചുതരുന്നതുമാണ്.

    ReplyDelete
  65. മാമാങ്കത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍, വിഭിന്നവും വിചിത്രവുമായ കഥകളാണ് കേള്‍ക്കാന്‍ സാധിച്ചത്! എന്റെ ബൂലോകസുഹൃത്തുകള്‍ക്കോ അവരുടെ പരിചയക്കാര്‍ക്കോ ഇതിനെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ ഉണ്ടെങ്കില്‍ ഇവിടെ പങ്കുവെക്കാന്‍ താല്പര്യപ്പെടുന്നു.

    ReplyDelete
  66. ദൈവമേ... !!! മാമാങ്ക പുരാവസ്തു സംരക്ഷണത്തിനായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നെന്നോ !!! എന്നാല്‍ പേടിക്കണം.
    നാട്ടിലൊരു അംബലത്തില്‍ പുരാതനമായ ചുവര്‍ചിത്രങ്ങളുണ്ടായിരുന്നു. 30 വര്‍ഷം മുന്‍പ് സ്ഥലത്തെ തഹ്സില്‍ദാര്‍ റിട്ടയറായി. റിട്ടയറായ താഹ്സില്‍ദാരെ അംബലക്കമ്മിറ്റി പ്രസിഡന്റാക്കി. കക്ഷി നോക്കുംബോള്‍ അംബലത്തിന്റെ ചുവരെല്ലാം കരിയും പൊടിയും പിടിച്ച് അഴുക്കായി കിടക്കുന്നു. പൈതൃക സ്വത്തായ ചുവര്‍ചിത്രമെല്ലാം സാന്‍ഡ് പേപ്പറിട്ട് ഉരച്ച് വൃത്തിയാക്കി നല്ല അടിപൊളി ഇനാമല്‍ പെയിന്റടിപ്പിച്ചു റിട്ടയേഡ് താഹ്സില്‍ദാര്‍ !!!

    അതുപോലെ, ചങ്ങമ്പള്ളി കളരിയും, പഴുക്കാമണ്ഡപവുമൊക്കെ പൊളിച്ചുമാറ്റി കോണ്‍ക്രീറ്റുകൊണ്ടുള്ള ചങ്ങമ്പള്ളി കളരിയും, പഴുക്കാമണ്ഡപവുമൊക്കെ നിര്‍മ്മിച്ചെന്നുവരും !
    പൂതലു പിടിച്ച ദാരുശില്‍പ്പങ്ങളും റിലീഫുകളുമെല്ലാം പഴയ വിറകായി കണക്കാക്കി കത്തിച്ചെന്നും വരും. നാട്ടുകാര്‍ കരുതിയിരിക്കുകയേ നിവൃത്തിയുള്ളു.സ്വന്തം അച്ഛനമ്മമാരെ പാതിരാത്രിക്ക് കട്ടിലടക്കം വഴിയോരത്ത് വലിച്ചെറിഞ്ഞ് കടന്നുകളയുന്ന ... അപ്പപ്പകാണുന്നോനെ അച്ഛനെന്നു വിളിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍ !!!
    പൈതൃകത്തിന്റെ വിലയറിയില്ല.
    .................

    മാഘമാസത്തിലെ ആദ്യത്തെ പൌര്‍ണ്ണമിനാള്‍ ബൌദ്ധര്‍ക്ക് പ്രധാനപ്പെട്ട പുണ്യദിനമാണ്.അന്നാണ് മഹാമാര്‍ഗ്ഗോത്സവം നടക്കുന്നത്.ഇതിനെ സംഘ ദിനമെന്നും പറയും.ബുദ്ധന്റെ ശിക്ഷ്യന്മാരുടെ സമ്മേളനമാണ് ഈ ചടങ്ങ്. മാമാങ്കം ആദ്യം വിളിക്കപ്പെട്ടിരുന്നത് മഹാമാര്‍ഗ്ഗം എന്നര്‍ത്ഥംവരുന്ന പാലിഭാഷയിലുള്ള “മാമഗ്ഗം” എന്ന പേരിലായിരുന്നു. താന്ത്രിക ബുദ്ധമതത്തിന്റെ കാലമായപ്പോള്‍ മാമാങ്കമായതാണ്. താന്ത്രിക ബുദ്ധമതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് അധികം ദൂരമില്ല.യഥാര്‍ത്ഥ ബുദ്ധമതത്തിന്റെ ഒരു ഹൈന്ദവവല്‍ക്കരണമാണ് താന്ത്രിക ബുദ്ധമതം. മകര മാസത്തിലെ പൌര്‍ണ്ണമി മുതല്‍ കുംഭത്തിലെ പൌര്‍ണ്ണമി വരെ ഒരു ചന്ദ്രമാസക്കാലത്തേക്ക് നീണ്ടു നില്‍ക്കുന്ന പരിപാടിയായി മാമാങ്കത്തെ വികസിപ്പിച്ചത് താന്ത്രിക ബുദ്ധമതക്കാരാണ്. മാമാങ്കത്തിന്റെ പരിസമാപ്തി അവലോകീതേശ്വരന്റെ ജന്മ നക്ഷത്രമായ “ഉത്ര”വുമായി കൂട്ടിയിണക്കുകയും,അതുമൂലം കുംഭത്തിലെ പൌര്‍ണമിയും ഉത്രം നക്ഷത്രവും ഒത്തുവരുന്ന ദിനത്തില്‍ വേണം മാര്‍ഗ്ഗോത്സവം (മാമാങ്കം)സമാപിക്കേണ്ടതെന്ന നിയമവും വന്നു.ഇവ രണ്ടും ഒത്തുവരുന്നത് പന്ത്രണ്ടു വര്‍ഷം കൂടുമ്പോഴാണ്. സാധാരണ ഗതിയില്‍ ബുദ്ധ ശിക്ഷ്യന്മാരായ അര്‍ഹതന്മാരുടെ വാര്‍ഷിക കൂട്ടയ്മയായി നടത്തിയിരുന്ന മാമര്‍ഗ്ഗം താന്ത്രികന്മാര്‍ 12 വര്‍ഷത്തിലൊരിക്കലാക്കി നിര്‍ജ്ജീവമാക്കുകയും,പണ്ഡിതചര്‍ച്ചകള്‍ നടത്തിയിരുന്ന അര്‍ഹതന്മാര്‍ക്കുപകരം കായികശക്തിയുടെ മാറ്റുരക്കുന്നവരുടെ വേദിയാക്കുകയും ചെയ്തു.അങ്ങനെയാണ് വള്ളുവക്കോനാതിരിയും സാമൂതിരിയുമെല്ലാം ചിത്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടുന്നതും,അവരുടെ പടയാളികള്‍ വെട്ടിമരിക്കുന്നതും ചരിത്രത്തിന്റെ ഭാഗമാകുന്നത്.

    തൊട്ടടുത്ത ക്ഷേത്രം അയ്യപ്പക്ഷേത്രമാണെന്നതുതന്നെ ബൌദ്ധപാരമ്പര്യത്തിന്റെ തെളിവാണ്. കേരളത്തിലെ മുസ്ലീം ജനവിഭാഗം മറ്റാരേക്കാളും ബുദ്ധധര്‍മ്മവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മാമാങ്കത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ അവരുടെ ചരിത്ര പൈതൃകംതന്നെയാണ്.

    തണലിന്റെ സന്ദര്‍ഭോചിതമായ ഈ പോസ്റ്റിന് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!

    ReplyDelete
  67. ബുദ്ധ ശിക്ഷ്യന്മാരായിരുന്ന അര്‍ഹതന്മാരുടെ പിന്മുറക്കാര്‍ തന്നെയായിരിക്കണം മലപ്പുറം ജില്ലയില്‍ കാണപ്പെടുന്ന തങ്ങള്‍മാര്‍.
    അന്യരായ ഏതു ജാതിക്കാരനേയും മതക്കരനേയും ഏടാ, പോട വിളിക്കാത്ത സാംസ്ക്കാരിക നിഷ്ടയുള്ളവരും, വളരെ സ്നേഹാദരങ്ങളോടെ പെറുമാറുന്നവരുമായ തങ്ങള്‍മാര്‍ ഇവിടത്തെ മുസ്ലീം, ഹിന്ദു മതസ്തരുടെ
    ആദരവു നേടിയ പൈതൃകമുള്ളവര്‍കൂടിയാണ്.

    ReplyDelete
  68. ബ്രാഹ്മണ ഹിന്ദുമതം അശേഷം തെളിവില്ലാതെ ഭാരതത്തില്‍ നിന്നും തുടച്ചു കളഞ്ഞ ബുദ്ധധര്‍മ്മത്തിന്റെ ഭാഗമായാണ് നാം വിദ്യാരംഭദിനം കൊണ്ടാടുന്നെന്ന സത്യം കൂടി പറഞ്ഞോട്ടെ. ഈ വര്‍ഷത്തെ (ഒക്റ്റോബര്‍ 17) വിജയ ദശമിദിനം മാതൃഭൂമി കലണ്ടറില്‍ നോക്കുക. ശ്രീബുദ്ധ ജയന്തി എന്നു കാണാം. ബോധോദയം ലഭിച്ച ബുദ്ധന്റെ ജന്മദിനത്തോളം വിദ്യ ആരംഭിക്കാന്‍ നല്ലൊരു സുദിനം വേറെയുണ്ടോ എന്ന ന്യായത്തെ അംഗീകരിക്കാതിരിക്കാനാകില്ല. മഹിഷാസുരമര്‍ദ്ദിനി കള്ളക്കഥകളൊക്കെ ബുദ്ധനെ ജനമനസ്സില്‍ നിന്നും മാറ്റി പ്രതിഷ്ടിക്കാന്‍ ബ്രാഹ്മണ്യം നടത്തിയ കണ്‍കെട്ടുവിദ്യ മാത്രമാണ് :)
    നമ്മുടെ നഷ്ടപ്പെട്ട ചരിത്രത്തില്‍ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ അനവധിയുണ്ട്.

    ReplyDelete
  69. ഈ പോസ്റ്റിന് വളരെ നന്ദി ഇസ്‌മയില്‍. പല പ്രാവശ്യമായി പോകണമെന്ന് കരുതിയിട്ട് മുടങ്ങിക്കിടക്കുന്ന സ്ഥലമാണ് നിലപാട് തറയും മണിക്കിണറുമൊക്കെ. ഒരു ദിവസം കാലത്തേ ഇറങ്ങിയാല്‍ കണ്ടുമടങ്ങാവുന്ന ദൂരമേ എനിക്കുള്ളൂ ഇവിടേയ്ക്ക്. കൂട്ടത്തില്‍ വേറേയും കുറേ സ്ഥലങ്ങളുണ്ട് ആ ഭാഗത്ത് കറങ്ങിക്കാണാന്‍. വഴിയൊക്കെ പറഞ്ഞ് തന്നതിനും ചരിത്രവും ഐതിഹ്യവുമെല്ലാം വിവരിച്ചതിനും പ്രത്യേകം നന്ദി.

    അധികാരി വര്‍ഗ്ഗത്തിന്റെ കണ്ണ് ഇപ്പോളെങ്കിലും ഒന്ന് തുറന്നല്ലോ ? നന്നായി. വല്ല വിദേശരാജ്യമോ മറ്റോ ആകണമായിരുന്നു. നല്ല വെടിപ്പായി സൂക്ഷിച്ച് അതില്‍ നിന്നൊക്കെ വരുമാനവും ഉണ്ടാക്കുമായിരുന്നു അവര്‍. മാറിമാറി വരുന്ന നമ്മുടെ സര്‍ക്കാരുകള്‍ക്ക് വിദേശമദ്യത്തില്‍ നിന്നുള്ള വരുമാനത്തിനാടോണല്ലോ കൂടുതല്‍ പ്രതിപത്തി. കഷ്ടം തന്നെ.

    ചിത്രകാരന്റെ ചില കമന്റുകള്‍ കൂടെ വായിച്ചപ്പോള്‍ കൂടുതല്‍ ചരിത്രം പഠിക്കണമെന്ന ആഗ്രഹവും കലശലാകുന്നു.

    ReplyDelete
  70. ഇത് കാണാൻ അത്പം വൈകി പോയല്ലോ കുറുമ്പടീ.... ചിത്രകാരന്റെ പോസ്റ്റ് വഴിയാണ് ഇവിടെയെത്തിയത്....

    വളരെ നല്ല പോസ്റ്റും വിവരണങ്ങളും ചിത്രങ്ങളെല്ലാം മനോഹരമായിരിക്കുന്നു. താങ്കൾക്കിത് നന്നായി വഴങ്ങുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലോ.......

    അത് കൊണ്ട് ഇത്തരം പരിപാടികൾ നിർത്താതെ തുടരുക...

    ReplyDelete
  71. വളരെ നന്നായിരിക്കുന്നു.പഠിച്ച സമയത്ത് മാമാങ്കത്തെ കുറിച്ച് അറിഞ്ഞിരുന്നെങ്കിലും അതിന്റെ പ്രൌഡി നേരിട്ടരിഞ്ഞതില്‍ സന്തോഷം .തുടരുക പ്രയാണം ...ഹൃദയം നിറഞ്ഞ ആശംസകള്‍ .............

    ReplyDelete
  72. വളരെ നല്ലൊരു പോസ്റ്റ് മാഷേ.

    ഒരുപാടു കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.

    ReplyDelete
  73. Excited to read this post.Thank you very much for your effort...

    ReplyDelete
  74. ചരിത്രത്തിലാണ് ഞാന്‍ ബിരുദം എടുത്തതെങ്കിലും ചരിത്രം എന്ന് കേള്‍ക്കുന്നതേ എനിക്ക് കലിയാണ്. ഫോട്ടോകള്‍ ശരിക്കും ആസ്വദിച്ചു. ആകെക്കൂടി ഒരു സിനിമാ താരത്തിന്റെ ഗെറ്റപ്പ് ഉണ്ട് കെട്ടോ.. (ഓരോ പാര്‍ട്ടും ഓരോ പോസ്റ്റ് ആയി ഇട്ടിരുന്നെങ്കില്‍ കുറേക്കൂടി നന്നായേനെ എന്ന് തോന്നുന്നു)

    ReplyDelete
  75. മാമാങ്കം എന്നത് പാട്ടുകളിലൂടെ കേട്ടിട്ടേ ഉള്ളൂ.ചരിത്രമുറങ്ങുന്ന, മാമാങ്കകളരിയിയെ[അവണിക്കപ്പെട്ട] കുറിച്ച് നന്നായി പറഞ്ഞു.ചിത്രങ്ങളും നന്നായി.

    ReplyDelete
  76. തണലേ,പോസ്റ്റെഴുതിയ അന്ന് തന്നെ സമയക്കുറവ് കാരണം
    പോട്ടംസ് മാത്രം വായിച്ചതാ..പിന്നെ ഇന്നാ ഇവിടെത്തിയത്.
    വായന അഭിപ്രായങ്ങളിലെത്തിയപ്പോള്‍ കണ്ണൊന്ന് തള്ളി..
    ദേ,കിടക്കുന്നു നമ്മുടെ ചിത്രകാരന്‍..അതും മൂന്ന് നെടുങ്കന്‍
    കമന്‍റുകള്‍..! സത്യമായും പോസ്റ്റിനെ കവച്ച കമന്‍റുകളാണവ.

    എന്തായാലും,ഇത്തവണത്തെ പരോള്‍ ഗംഭീരമായി കൊണ്ടാടിയത്
    ബൂലോഗത്തിന്‍ അനുഗ്രഹമായി.ഏറെ സംരക്ഷിക്കപ്പെടേണ്ടുന്ന
    അപൂര്‍വ്വ ചരിത്രസ്മാരകങ്ങള്‍ തന്നെ ഈ മാമാങ്കചരിതവും.
    ഏറെ സംതൃപ്തിയും സന്തോഷവും നല്‍കുന്നു വിവരണങ്ങളും
    ചിത്രങ്ങളും...ആശംസകളോടെ,ഹാറൂണ്‍ക്ക.

    ReplyDelete
  77. എന്റെ അടുത്ത പ്രദേശത്തെ ചരിത്രത്തിലേക്കൊരു തിരഞുനോട്ടം...
    എന്റെ ബ്ലോഗ് വായിക്കുമല്ലോ?
    മുന്ന് വിഭാഗങ്ങളിലാണ് എന്റെ ബ്ലോഗുള്ളത്
    yathravazhikal.blogspot.com
    athitham.blogspot.com
    sufzilnotes.blogspot.com
    mobileyeshot.blogspot.com

    by
    JABIR EDAPPAL

    ReplyDelete
  78. ചരിത്രം ഉറങ്ങുന്നിടം ...അവയെല്ലാം ഉണര്‍ത്തിയുള്ള ഈ പടങ്ങളും വിവരണവും ആശംസകള്‍ അര്‍ഹിക്കുന്നു ...

    ReplyDelete
  79. Njaan kurachu divasam ningalee paranja, KSEB power housil undaayirunnu... Chithrathile palathum nerittu kandittumundu... Ahankaaramaanennu karuthenda... Ithonnum kandittu enikku onnum thonniyirunnilla..!! Pinne ,, "thara nilapaadu'.. sorry, "Nilapaadu Thara" ennu evidokkeyo kettittundallo.. :)

    ReplyDelete
  80. നല്ല വിജ്ഞാനപ്രദവും രസകരവുമായ പോസ്റ്റ്...
    "ചില 'നിലപാടൊക്കെ' ഉള്ള 'തറ' യാണല്ലോ ഞാനും" നല്ല ശൈലി..
    വിശദമായി തന്നെ വിവരിച്ചിരിക്കുന്നു..

    .. ആശംസകള്‍

    ReplyDelete
  81. നോക്കിയപ്പോള്‍ ഒരുപാടുണ്ട്, പിന്നീടാവാം എന്ന് കരുതി വിട്ടതായിരുന്നു, വായിച്ചു തുടങ്ങിയപ്പോള്‍ രസകരമായി തോന്നി.

    ചിത്രങ്ങളോട് കൂടെയുള്ള വിവരണം ഹൃദ്യമായി തോന്നി. ചരിത്ര സ്മാരകങ്ങളെ കണ്ടെത്തി അവ വിവരിക്കാനുള്ള

    ഇത്തരം നല്ല ശ്രമങ്ങള്‍ക്ക് ഇസ്മായിലിന് എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.

    ReplyDelete
  82. ഇസ്മായിലെ,
    ഞാന്‍ ആ പഴയ കാലത്തിലേയ്ക്ക് അറിയാതെ പോയി തിരിച്ചു വന്നു. നല്ല
    വിവരണം. പക്ഷെ ഇതെല്ലാം നശിച്ചു നാരായണക്കല്ലായി കിടക്കുന്നതു കാണുമ്പോള്‍ സങ്കടം വന്നു. ഏതായാലും അധികാരികളുടെ കണ്ണു തുറന്നല്ലോ.

    ReplyDelete
  83. ചരിത്ര പുസ്തകങ്ങളില്‍ വായിച്ചു മറന്ന കഥകള്‍ ഇപ്പോള്‍ വീണ്ടും അറിയാന്‍ സാധിച്ചതില്‍ സന്തോഷം തോന്നണുണ്ട് , വായിക്കുവാന്‍ കൌതുകം തോന്നണുണ്ട് !!

    ReplyDelete
  84. ഇത്തരം രചനകള്‍ ധാരാളമായി ഉണ്ടാകണം
    കഴിഞ്ഞ കാലത്തെക്കുറിച്ച അറിവിലെക്കുതകുന്ന ശ്രമത്തെ ഹൃദ്യപൂര്‍വ്വം സ്വീകരിക്കുന്നു

    ReplyDelete
  85. ente naadu aanu.. valare nannittund...

    ReplyDelete
  86. നേരില്‍ കണ്ടറിഞ്ഞ പ്രതീതി പരത്തുന്ന ബ്ലോഗ് ; അഭിനന്ദനങ്ങള്‍ !!...

    ReplyDelete
  87. ആ പഴയ സര്‍ക്കസ്സും പോരാട്ടവും എന്ന ബുക്കിന്റെ ebook/blog എവിടെയെങ്കിലും കിട്ടുമോ? ആര്‍ക്കെങ്കിലും സഹായിക്കാമോ???

    ReplyDelete
  88. ഈ സ്ഥലത്തിന്റെഎല്ലാം 20 വര്ഷം മുന്പുള്ള വീഡിയോ എന്റെ കൈവശമുണ്ട് ചങ്ങമ്പള്ളി കളരിയും റ്റൈൽ ഫാക്ടറിയും മനിക്കിനരും മരുന്നര, പഴുക്കാമന്ദപം നിലപാട് തറ എല്ലാം. ഇപ്പോൾ പുരാവസ്തു ഏറ്റെടുത്ത ശേഷം ചിത്രീകരിച്ചതും ഉണ്ട്. ഒരു ഡോക്ക്യുമെന്ററി അണിയറയിൽ തയ്യാറായി വരുന്നു, വര്ഷങ്ങളുടെ അന്ന്വേഷണത്തിൽ എനിക്ക് മനസ്സിലായ ചില വസ്തുതകൾ കൂടി ഞാൻ നിരത്തുന്നു. മാമാങ്കം അവകാശ തർക്കവും യുദ്ധവും എല്ലാം ആയിത്തീരും മുന്നേ അതൊരു വ്യാപാരോല്സവമായിരുന്നു. ലോകത്തിലെ തന്നെ ഈറ്റവും വലിയ വ്യാപാര മേള. (ഇന്നത്തെ ഡീ എസ് എഫ് പോലെ അതിലേറെ പ്രസിദ്ധമായിരുന്നു മാമാങ്കം) ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്നും അന്ന് കച്ചവടക്കാർ നിളയുടെ ഈ തീരത്ത് എത്തിയിരുന്നു. അക്കാലത്തെ പര് കപ്പല തുറമുഖം പോലും നിലയില ഉണ്ടായിരുന്നു, ബന്ധർ എന്നപേരിൽ ആ സ്ഥലം ഇപ്പോഴും അവിടെ ഉണ്ട്. ഈ ലോക പ്രസിദ്ധിയാണ് അധികാരക്കൊതിമൂത്തു രക്തപങ്കിലമായ ചരിത്രത്തിനു വഴിമരുന്നിട്ടത്.

    ReplyDelete
  89. മനോഹരമായ വിവരണം . സർക്കസ്സും പോരാട്ടവും എന്ന കഥ തേടിയുള്ള അന്വേഷണം ആണ് എന്നെ ഇവിടെ ഈ ബ്ലോഗിൽ കൊണ്ട് എത്തിച്ചത് . പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ മാമാങ്കം കണ്മുൻപിൽ നടക്കുന്ന പ്രതീതി ഉണർത്തിയ വിവരണം ആയിരുന്നു അദ്ധ്യാപകൻ നൽകിയത് . മാമാങ്കത്തിൻറെ നാട്ടിലേക്ക് വീണ്ടും കൂട്ടികൊണ്ടു പോയതിനും ചരിത്രം ഒന്നും കൂടി ഓർമ്മ മിനുക്കി എടുക്കാൻ സാധിച്ചതിനും നന്ദി .

    ReplyDelete