വൈകി വന്നവര്‍ക്ക് വേണ്ടി .....(താഴെയുള്ള ലിങ്ക് അമര്‍ത്തി വായിക്കാം).
യോഗ : ഭാഗം ഒന്ന്.
യോഗ : ഭാഗം രണ്ട്.
യോഗ : ഭാഗം മൂന്ന് .
ഊര്‍ദ്ധപാദഹസ്താസനം :
യോഗ : ഭാഗം ഒന്ന്.
യോഗ : ഭാഗം രണ്ട്.
യോഗ : ഭാഗം മൂന്ന് .
(യോഗ പച്ചമാങ്ങ പോലെയല്ല. മാങ്ങക്ക് അണ്ടിയോടടുക്കുംതോറും പുളി കൂടിവരും.
എന്നാല്‍ യോഗ നെല്ലിക്കയാണ്. ആദ്യമാദ്യം അല്പം ചവര്‍പ്പ് കാണും. എന്നാല്‍ പിന്നീടെല്ലാം മധുരമധുമയം!)
നട്ടെല്ല് മാത്രമല്ല; ഉദരവും നമുക്ക് വളരെ വേണ്ടപ്പെട്ടതാണ് . 'വയറ്റുപ്പിഴപ്പു' ആണല്ലോ നമ്മുടെ മുഖ്യപ്രശ്നം. അപ്പോള്‍ കുറച്ചു 'വയറിളക്കിയാലേ' വയറിനും ആരോഗ്യത്തോടെയിരിക്കാന്‍ കഴിയൂ. ഉദരത്തിന് ദഹനശേഷി മാത്രമല്ല; അപാരമായ സഹനശേഷി കൂടെയുള്ളത് കൊണ്ടാണ് നാമൊക്കെ കുറച്ചെങ്കിലും ആരോഗ്യത്തോടെ ജീവിച്ചു പോകുന്നത്! മുള്ള് ,മുരട് ,മൂര്‍ഖന്‍പാമ്പ് മുതല്‍ കല്ല് , കരട്, കാഞ്ഞിരക്കുറ്റി വരെ നാം അകത്താക്കിക്കളയുന്ന, ആവണക്കെണ്ണ മുതല്‍ ആസിഡു വരെ ആലോചനയില്ലാതെ വിഴുങ്ങുന്ന നമ്മുടെ ഉദരത്തിന്റെ സഹനശേഷി അത്യപാരമാണ്. അപ്പോള്‍ ഉദരത്തിന്റെ ഉള്‍വശം ആരോഗ്യത്തോടെയും ബാഹ്യഭാഗം സുന്ദരമായും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആണ്പെണ്‍ വ്യത്യാസമില്ലാതെ എത്ര ആരോഗ്യമുള്ളവരായാലും വയറുചാടി (കുടവയര്‍)യാല്‍ കഴിഞ്ഞില്ലേ എല്ലാം . ഉദരത്തിന്, ഭക്ഷണം കഴിക്കുമ്പോള്‍ വികസിക്കാനും വിശക്കുമ്പോള്‍ ചുരുങ്ങാനുമുള്ള 'ഇലാസ്കികത' ഉണ്ട്. അത് നഷ്ടപ്പെടാന്‍ ഒരിക്കലും ഇടയാകരുത്. വയറിന്‍റെ മൂന്നില്‍ ഒരു ഭാഗം ഭക്ഷണം, ഒരു ഭാഗം വെള്ളം, ബാക്കി ഒരു ഭാഗം വായുസഞ്ചാരത്തിന് എന്ന രീതിയിലായാല്‍ സാധാരണ രീതിയില്‍ കുടവയര്‍ ഉണ്ടാവില്ല. ദഹനക്കേടും ഉണ്ടാകില്ല. ( വയറിനെ മൂന്നു ഭാഗങ്ങളായി എങ്ങനെ വിഭജിക്കാം എന്നൊന്നും ചോദിച്ചു എന്നെ കുഴപ്പിക്കരുത് കേട്ടോ. അവനവന്‍റെ വയറിന്‍റെ 'കപ്പാസിറ്റി' അവനവന് മാത്രമേ അറിയൂ. തടിയുണ്ടെന്ന് കരുതി വയറു വലുതാവണമെന്നില്ല . ചിലര്‍ തീരെ മെലിഞ്ഞതായിരുന്നാലും എത്ര ഭക്ഷണം കഴിച്ചാലും കൊപ്രച്ചാക്കില്‍ പഞ്ഞി നിറച്ച പോലിരിക്കും. ചിലര്‍ തടിച്ചുരുണ്ട് വയറന്മാരായിരുന്നാലും ഫ്ലാസ്ക് പോലെ കുറച്ചേ ഉള്‍ക്കൊള്ളിക്കാനാവൂ).
അപ്പോള്‍ നമുക്ക് ഉദരത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന അല്പം ചില ആസനങ്ങളെ പരിചയപ്പെടാം. അതിനു മുന്‍പായി ഒരു ചെറിയ ടെസ്റ്റ് നടത്താനുണ്ട്. മലര്‍ന്നു കിടന്നു കൈ കാലുകള്‍ അടുപ്പിച്ചു വയ്ക്കുക. ശരീരം തളര്‍ത്തി (റിലാക്സ്) യിട്ടു ശ്വാസം ഉള്ളിലേക്ക് വലിച്ചു കാല്‍മുട്ട് വളയാതെ ഉപ്പൂറ്റി വെറും രണ്ടിഞ്ചു മാത്രം ഉയര്‍ത്തുക. കൈകളില്‍ ബലം കൊടുക്കരുത്. സംഗതി നിസ്സാരം എന്ന് തോന്നിയേക്കാം. പക്ഷെ നമ്മുടെ ഉദര പേശികള്‍ എന്തൊക്കെ നമ്മോട് പറയുന്നു എന്ന് നോക്കാന്‍ ഉപ്പൂറ്റി രണ്ടിഞ്ചു പൊക്കിയകിടപ്പില്‍ ചൂണ്ടുവിരല്‍ കൊണ്ട് വയറില്‍ ഒന്ന് കുത്തിനോക്കുക. മൈദാമാവില്‍ വിരലിട്ട പോലാണെങ്കില്‍ നിങ്ങള്ക്ക് ഒരുപാട് സഞ്ചരിക്കാനുണ്ട് . അതല്ല അരിച്ചാക്കിന്റെ പുറത്തു കുത്തിനോക്കിയ പോലാണെങ്കില്‍ ഉദരത്തെ നമുക്ക് വേഗം ശരിയാക്കി എടുക്കാം. കാലുകള്‍ വെറും രണ്ടിഞ്ചു പോക്കിയപ്പോഴേക്കും ഇത്ര പ്രഭാവം (effect) ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ കാലുകള്‍ മുഴുവന്‍ പൊക്കിയാല്‍ എന്താവും സ്ഥിതി? നമ്മുടെ ഉദരം നമുക്ക് 'കയ്യിലൊതുക്കി 'ക്കൂടെ? (ആ വഹകള്‍ പിന്നാലെ വരുന്നുണ്ട്).
ഇനി നമുക്ക് അല്പം ആസനങ്ങളെ പരിചയപ്പെടാം.
മേരുദണ്ഢാസനം :
നേരത്തെ പോലെ മലര്‍ന്നുകിടക്കുക. കൈകള്‍ നിവര്‍ത്തി ശരീരത്തിനിരുവശത്തുമായി കമഴ്ത്തി വയ്ക്കുക.ശ്വാസം ഉള്ളിലെക്കെടുത്തുകൊണ്ട് വലതു കാല്‍ 45 ഡിഗ്രിയോളം ഉയര്‍ത്തുക. ആ നിലയില്‍ അല്പം തുടര്‍ന്നതിന് ശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാല്‍ മെല്ലെ താഴ്ത്തുക. ഇനി മറ്റേ കാലും ഇതേപടി ചെയ്യുക.ഇത് നാലഞ്ചു തവണ ആവര്ത്തിച്ചതിനു ശേഷം രണ്ടുകാലും ഒന്നിച്ചു നേരത്തെ പോലെ പൊക്കുക. ശേഷം ഒന്നിച്ചു താഴ്ത്തുകയും ചെയ്യുക. കൈകളില്‍ പരമാവധി ബലം കൊടുക്കാതിരിക്കുക. ഇത് അഞ്ചു തവണ ചെയ്യുക.
ഇതിന്റെ ഗുണഫലങ്ങള്‍:വയറിലേക്ക് രക്തചംക്രമണം കൂട്ടി ആരോഗ്യമുള്ളതാക്കുന്നു.വയറു ഒതുങ്ങി ആകാരവടിവുള്ളതാക്കുന്നു. നട്ടെല്ലിനെ ബലപ്പെടുത്തുന്നു. കാലുകള്‍ക്ക് ബലം കൂടുന്നു.
--------------------------------ഊര്‍ദ്ധപാദഹസ്താസനം :
വയറിലെ പേശികള്‍ക്ക് നല്ല വ്യായാമം ലഭിക്കുന്നതിനാല്‍ വയറു കുറയാന്‍ നല്ലൊരു ആസനമാണിത്. കൂടാതെ കൈകാലുകള്‍ ദൃഡമാകുവാനും വാതസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കാനും ഇത് വളരെ ഉത്തമമാണ്.
ചെയ്യേണ്ടവിധം:നേരത്തെ പോലെ തന്നെ നിവര്‍ന്നു മലര്‍ന്നു കിടക്കുക.ശ്വാസം ഉള്ളിലേക്കെടുത്തു കൈകാലുകള്‍ ഒരേ സമയം ഉയര്‍ത്തുക.ഇതൊരു കുതിപ്പിന് ചെയ്യുന്നതാവും ഉത്തമം.(ചിത്രം ശ്രദ്ധിക്കുക) ഇതില്‍ ശരീരത്തിന്റെ ബാലന്‍സ് പ്രധാനമാണ്. ശ്വാസം സാവധാനം പുറത്തേക്കു വിടുക .വീണ്ടും ശ്വാസം ഉള്ളിലേക്കെടുത്തു പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുക. നാലഞ്ചു പ്രാവശ്യം ഇത് ആവര്‍ത്തിക്കുക. ഇതിനു ഒരു ഘട്ടമേയുള്ളൂ. രണ്ട് കൈകാലുകള്‍ ഒന്നിച്ചു ചെയ്യേണ്ട ആസനമാണിത്. ബാലന്‍സ് ശരിയാക്കി ക്രമേണ സാവധാനം കൈകാലുകള്‍ തമ്മിലെ അകലം കുറച്ചു കൊണ്ട് വരാന്‍ ശ്രമിക്കുക. അല്‍പ ദിവസം കൊണ്ട് തന്നെ ഇതിന്‍റെ അതിശയിപ്പിക്കുന്ന ഫലം നിങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്.
-------------------------
ശലഭാസനം:
(മലര്‍ന്നു കിടന്നു ചെയ്തു ബോറടിച്ചോ? എന്നാല്‍ ഇനി അല്പം കമിഴ്ന്നു കിടന്ന് ചെയ്യാം ).
ഈ ആസനം ചെയ്യുംനേരം ശലഭത്തിന്‍റെ രൂപത്തില്‍ ആകുന്നതു കൊണ്ടാണ് ഇതിനു ശലഭാസനം എന്ന് പറയുന്നത്. അരക്കെട്ടിന്‍റെയും കാലുകളുടെയും മസിലുകള്‍ക്ക് നല്ല വലിവ് ലഭിക്കുന്നതിനാല്‍ നല്ല ആകൃതിയും സൌന്ദര്യവും ലഭിക്കുന്നു. ഇടുപ്പ് വേദന കുറയുകയും വിശപ്പ് കൂടുകയും ചെയ്യുന്നു. അജീര്‍ണ്ണം ശമിക്കുന്നു.
ചെയ്യേണ്ട വിധം :
കമിഴ്ന്നു കിടന്നു താടി തറയില്‍ തൊടുവിക്കുക. ചിത്രത്തില്‍ കാണുന്ന പോലെ കൈകള്‍ നീട്ടി വെക്കുക. ശ്വാസം അകത്തേക്ക് വലിച്ച് കൊണ്ട് ഒരു കാല്‍ പരമാവധി ഉയര്‍ത്തുക. ശേഷം സാവധാനം ശ്വാസം വിട്ടുകൊണ്ട് താഴ്ത്തുക . മറ്റേ കാലും ഇവ്വിധം ആവര്‍ത്തിക്കുക. രണ്ടാം ഘട്ടമായി രണ്ട് കാലും ഒന്നിച്ചു ഉയര്‍ത്തുക. കൈകളില്‍ കഴിയുന്നതും ബലം കൊടുക്കാതിരിക്കുക.
(തറയില്‍ വിരിച്ച ഷീറ്റ് വൃത്തിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ശ്വാസം വലിക്കുമ്പോള്‍ വാക്വം ക്ലീനര്‍ പോലെ ഉള്ളിലേക്ക് മാലിന്യം വലിച്ച് കയറ്റാന്‍ സാധ്യത ഉണ്ട്)
----------------
ധനുരാസനം:
'വില്ലിന്‍റെ ' രൂപത്തില്‍ ശരീരം വളയുന്നത് കൊണ്ടാണ് ഇതിനു ധനുരാസനം എന്ന് വിളിക്കുന്നത്. ഈ ആസനം വഴി ഉദരപേശികള്‍ക്ക് ബലം വര്‍ധിച്ചു കുടവയര്‍ കുറക്കുകയും മലബന്ധം, അധോവായു എന്നിവയ്ക്ക് ശമനം ഉണ്ടാക്കുകയും ചെയ്യുന്നു. ദുര്‍മേദസ്സ് കുറയുന്നു. വാതം ശമിക്കുന്നു. തോളെല്ലിന് ബലം കൂട്ടുന്നു.
ചെയ്യേണ്ട വിധം:
ശലഭാസനത്തിലെ പോലെ കമിഴ്ന്നു കിടന്നു കാല്‍മുട്ടുകള്‍ മുന്നോട്ടു മടക്കി , ചിത്രത്തില്‍ കാണും പോലെ പിടിക്കുക. (കുടവയര്‍ ഉള്ളവര്‍ക്ക് ഇത് അല്പം പ്രയാസമായിരിക്കും. പരിശീലനം വഴി സാധ്യമാകും) ഇനി ശ്വാസം ഉള്ളിലേക്ക് വലിച്ച് കൊണ്ട് കാലുകളും തലയും പരമാവധി ഉയര്‍ത്തി വില്ല് പോലെ നില്‍ക്കാന്‍ ശ്രമിക്കുക. ഇനി ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാലിലെ പിടി വിടാതെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുക. അഞ്ചു തവണ ആവര്‍ത്തിക്കുക.
(ഇന്നത്തെ ആസനം കഴിഞ്ഞു . ഇനി 'ആസനം' തട്ടി എഴുന്നേറ്റോളൂ ...)
അഞ്ചാം ഭാഗം വായിക്കാന്‍ ഇവിടെ അമര്‍ത്തുക
അഞ്ചാം ഭാഗം വായിക്കാന്‍ ഇവിടെ അമര്‍ത്തുക