( 17/10/2003 നു വര്‍ത്തമാനം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)
'ഗ്വണ്ടനാമോ ജയില്‍ ഇതിനേക്കാള്‍ ഭേദമായിരിക്കും' പ്രമോദ് അവന്റെ വിഷമം മറച്ചുവച്ചില്ല.
'ഇന്നലെ ജോലിസമയത്ത് ഉറക്കം തൂങ്ങിയത്തിനു എന്നെ മാനേജര്‍ ശകാരിച്ചത് നിങ്ങളും കേട്ടതല്ലേ?' സ്വതവേ സങ്കടക്കാരനായ ഖാദര്‍ പറഞ്ഞു.
'എന്റെ ഭാവിവധു ഇയാളുടെ ഇനമെങ്കില്‍ എന്റെ ജീവിതം കട്ടപ്പൊക' അടുത്തിടെ വിവാഹിതനാകാന്‍ പോകുന്ന ബാബുവിന്‍റെ ചിന്ത അതായിരുന്നു.
താന്‍ കാരണം മുറിയിലുള്ള മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടുക.പക്ഷെ താനൊന്നുമറിയാതെ സ്വസ്ഥമായുറങ്ങുക. വല്ലാത്ത കഷ്ടം! കണ്ണും മൂക്കുമൊക്കെ നമുക്ക് അടച്ചു പിടിക്കാം. പക്ഷെ ചെവി പൊത്തിയാലും രക്ഷയില്ലല്ലോ ദൈവമേ.. ഞാന്‍ മനസ്സില്‍ കരുതി.
ഒരാഴ്ചയായി ഈ ദുരിതം തുടങ്ങിയിട്ട്. മുംബെയിലെ ഒരു ഗാര്‍മെന്‍റ് കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് ഞങ്ങള്‍. എല്ലാവരും അവരവര്‍ക്ക് സൌകര്യപ്പെട്ടിടങ്ങളില്‍ ആയിരുന്നു താമസിച്ചിരുന്നത്. മനമില്ലമനസ്സോടെയെങ്കിലും കഴിഞ്ഞ ദിവസം കമ്പനി താമസ സൗകര്യം തരപ്പെടുത്തിത്തന്നതില്‍ എല്ലാവരും തെല്ല് സന്തോഷിച്ചതുമാണ്. സ്വന്തം പോക്കറ്റില്‍നിന്ന് മുറിവാടക കൊടുക്കുന്നതില്‍ ആര്‍ക്കും താല്പര്യം ഇല്ലെന്നതു തന്നെ കാരണം. പലയിടങ്ങളില്‍ താമസിച്ചിരുന്നവര്‍ കമ്പനിവക മുറികളില്‍ ഒന്നിച്ചു. അങ്ങനെ പിണഞ്ഞ ഒരു വയ്യാവേലിയാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രശ്നം. ദാസപ്പന്‍ചേട്ടന്‍റെ കൂര്‍ക്കംവലി കാരണം ഒരാഴ്ചയായി നിദ്ര ഞങ്ങളെത്തേടി വന്നിട്ട്. എന്നാല്‍ അങ്ങേര്‍ സമൃദ്ധമായി ഉറങ്ങുകയും ചെയ്യുന്നു. ഭൂമി കുലുങ്ങിയാലും ഉറക്കത്തിനു ഭംഗം വരുന്ന പ്രശ്നമില്ല. നിമ്നോന്നതങ്ങളിലൂടെ പായുന്ന ലോറി,ഗിയറുകള്‍ മാറ്റുകയും ഹോണടിക്കുകയും ബ്രേക്കിടുകയുമൊക്കെ ചെയ്യുന്നത്പോലെ കൂര്‍ക്കംവലിയുടെ പല നിലകളിലേക്കും ദാസപ്പന്‍ സഞ്ചരിക്കുന്നു. ഈ കൂര്‍ക്കംവലി കാരണം ശാരീരികവും മാനസികവുമായി ഞങ്ങള്‍ക്കുണ്ടാകുന്ന വിഷമതകളെപ്പറ്റി ദാസപ്പനെ ധരിപ്പിച്ചെങ്കിലും 'ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ' എന്ന മട്ടില്‍ മന്ദഹസിക്കുകയാണ് ചെയ്തത്. ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തിയാലും ഒരു മിനിറ്റിന്റെ ഇടവേളയ്ക്കുശേഷം പൂര്‍വ്വാധികം ഭംഗിയായി അയാള്‍ കൂര്‍ക്കം വലിക്കാറാണ് പതിവ്.
കലിപൂണ്ട ബാബു ഒരുനാള്‍ രാത്രി ഓലപ്പടക്കം കൊണ്ടുവന്നു മുറിയില്‍ പ്രയോഗിച്ചുനോക്കി. പൊടുന്നനെ ഞെട്ടിയുണര്‍ന്ന ദാസപ്പന്‍ ഭീതിയോടെ കിടക്കയില്‍ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി. ഒന്നുമറിയാത്ത പോലെ ഞങ്ങള്‍ ഉറക്കം നടിച്ചു. ഓലപ്പടക്കതിന്റെ കാശുപോയത് മിച്ചം! രണ്ടുമിനിറ്റിനകം പൂര്‍വ്വാധികം ഭംഗിയായി തന്റെ കലാപരിപാടി തുടര്‍ന്നു.
പലവിദ്യകളും ഞങ്ങള്‍ പ്രയോഗിച്ചെങ്കിലും എല്ലാം വൃഥാവിലായികൊണ്ടിരുന്നു. മുറിവാടക നഷ്ടമായാലും വേണ്ടില്ല, പഴയസങ്കേതങ്ങളിലേക്ക് തിരിച്ചുചെല്ലാമെന്ന് വച്ചാലും രക്ഷയില്ല. ഇതിനകം വേറെയാളുകള്‍ അവിടെ താമസമാക്കിയിരിക്കും. ഈ മഹാനഗരത്തില്‍ കുറഞ്ഞവാടകയ്ക്ക് സ്ഥിരതാമസത്തിന് പെട്ടെന്ന് സൌകര്യപ്പടുക പ്രയാസകരമാണ്.
ഒരു പ്രതിവിധിക്കുവേണ്ടി ഞങ്ങള്‍ കൂലങ്കഷമായ ചിന്തയില്‍ മുഴുകി. അവസാനം പ്രമോദിന്റെ മണ്ടയില്‍ ഒരു ആശയമുദിച്ചു. അത് പ്രയോഗിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ദാസപ്പന്‍ നല്ല ഉറക്കം. അല്പം വെള്ളം കൊണ്ടുവന്ന് ദാസപ്പന്റെ കിടക്കയുടെ മധ്യഭാഗത്ത്‌തന്നെ ഒഴിച്ച് ഒന്നുമറിയാത്തപോലെ ഞങ്ങള്‍ കിടന്നു. കാലത്ത് ദാസപ്പന്‍ ഉറക്കമുണര്‍ന്നപ്പോള്‍ ഞങ്ങള്‍ അഭിനയം തുടങ്ങി.
"ഖാദറേ എന്താണ് മുറിയില്‍ വല്ലാത്ത നാറ്റം?"
"ശരിയാ, ഞാനുമത് പറയാനിരിക്കുകയായിരുന്നു"
ഞങ്ങള്‍ തിരച്ചിലാരംഭിച്ചു. ഒന്നുമറിയാതെ ദാസപ്പന്‍ ഞങ്ങളെ ശ്രദ്ധിച്ചു. ഒടുവില്‍ ബാബു നാറ്റത്തിന്‍റെ ഉറവിടം 'കണ്ടെത്തി'.
"വയസ്സിത്രയായിട്ടും കിടക്കയില്‍ മുള്ളുന്ന സ്വഭാവം ഉണ്ടല്ലേ ? വൃത്തികെട്.." ബാബു ദാസപ്പന്റെ നേരെ തിരിഞ്ഞു.
" ഇത് ശരിയാവില്ല. കൂര്‍ക്കംവലിക്കൊപ്പം ഇത്തരം അസുഖം കൂടി ഉണ്ടെങ്കില്‍ വേഗം വേറെ വഴിനോക്കണം".
ഞങ്ങള്‍ ഏകസ്വരത്തില്‍ അത് പിന്താങ്ങി. ജാള്യത നിഴലിക്കുന്ന മുഖവുമായി ദാസപ്പന്‍ ഞങ്ങളുടെ മുഖത്തുനോക്കാതെ പുറത്തിറങ്ങിയപ്പോള്‍ ആകാംക്ഷയോടെ ഞങ്ങളിരുന്നു.
കയ്യിലൊരു പൊതിയുമായിട്ടാണ് അന്ന് രാത്രി മുറിയിലേക്ക് ദാസപ്പന്‍ കയറിവന്നത്. ഞങ്ങള്‍ വിഷയം വീണ്ടുമവതരിപ്പിച്ചു.
"ഇരുപതുവര്‍ഷമായി ഞാന്‍ മുംബെയില്‍. ഇതുവരെ ഇത്തരം ഒരു അസുഖവും ഉണ്ടായിട്ടില്ല. ഏതായാലും ഞാന്‍ വൈദ്യനെ കണ്ടു മരുന്ന് വാങ്ങിച്ചിട്ടുണ്ട്. ഇനിയങ്ങനെ ഉണ്ടാവില്ലെന്ന് കരുതാം". നിഷ്കളങ്കത സ്ഫുരിക്കുന്ന വാക്കുകള്‍! ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. എല്ലാവരുടെയും മുഖത്ത് കുറ്റബോധം നിഴലിക്കുന്നപോലെ എനിക്ക് തോന്നി.
അന്നും പതിവ്പോലെ ദാസപ്പന്‍ തന്റെ കൂര്‍ക്കംവലി ആരംഭിച്ചു. കുറ്റബോധവും മറ്റും എങ്ങോ പോയ്മറഞ്ഞു. സങ്കടവും ദേഷ്യവും ഇടകലര്‍ന്ന രാത്രിയില്‍ അവസാനം ഞങ്ങള്‍ അറ്റകൈക്ക് ഒറ്റമൂലി കണ്ടെത്തി. അതുമൂലം ഉണ്ടായേക്കാവുന്ന ഏതു പ്രതിസന്ധിയും ഒന്നിച്ചു നേരിടാനും ഞങ്ങള്‍ തീരുമാനിച്ചു. ദാസപ്പന്‍ തന്റെ കലാപരിപാടിയില്‍ മുഴുകിക്കിടപ്പാണ്. എന്തുചെയ്താലും എഴുന്നെല്‍ക്കില്ലെന്നും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ നാലുപേര്‍ ദാസപ്പന്റെ കട്ടിലിന്റെ നാലുഭാഗവും പിടിച്ചു മെല്ലെ മുറിക്കു വെളിയിലേക്ക്.... ഗലിയുടെ ഓരത്തായി കട്ടില്‍ ഒതുക്കിവച്ചു. ആരും കണ്ടില്ല. അന്ന് ഞങ്ങള്‍ സുഖമായി ഉറങ്ങി. പിറ്റേന്ന് ഏറെ വൈകിയാണ് ഉറക്കമുണര്‍ന്നത്. ജോലിസ്ഥലത്തെത്തിയപ്പോള്‍ ഒന്നുമറിയാത്തപോലെ ദാസപ്പന്‍ ജോലിയില്‍ വ്യാപൃതനായിരിക്കുന്നു.
മധ്യാഹ്നമായപ്പോള്‍ അരദിവസത്തെ അവധിയെടുത്ത് അയാള്‍ എങ്ങോ പോയെന്നറിഞ്ഞു. വൈകീട്ട് മുറിയിലെത്തിയപ്പോഴേക്കും തന്റെ സാമഗ്രികളുമായി ദാസപ്പന്‍ സ്ഥലം വിട്ടിരുന്നു. അങ്ങനെ സന്തോഷത്തോടെയും ആകാംക്ഷയോടെയും ഞങ്ങളിരിക്കവേ തൊട്ടപ്പുറത്തെ കടമുതലാളിയായ പഞ്ചാബി കടന്നുവരുന്നു. കുശലാന്വേഷണത്തിനിടെ ദാസപ്പന്റെ പ്രശ്നവും ചര്‍ച്ചചെയ്തു. ഒരു ചെറുചിരിയോടെ പഞ്ചാബി മറ്റു ചില കാര്യങ്ങള്‍ ഞങ്ങളെ ധരിപ്പിച്ചു.
രണ്ടാഴ്ചമുന്‍പ് ഇരട്ടക്കൊലപാതകം നടന്ന മുറിയിലാണ് ഞങ്ങളിപ്പോള്‍ താമസിക്കുന്നതെന്നും ഇന്ന് രാവിലെ അക്കാര്യമറിഞ്ഞതിനാലാണ് ദാസപ്പന്‍ ക്ഷണത്തില്‍ സ്ഥലം കാലിയാക്കിയതെന്നും അയാള്‍ പറഞ്ഞപ്പോള്‍, ഭൂത പ്രേത യക്ഷി ത്രയങ്ങളിലൊന്നും തരിമ്പും വിശ്വാസമില്ലാതിരുന്ന എന്റെ ഉള്ളിലും പൊടുന്നനെ കൊള്ളിയാന്‍ മിന്നി. മറ്റുള്ളവര്‍ ഭീതിയോടെ പരസ്പരം നോക്കി. പ്രേതകഥകളിലൊക്കെ ആഴത്തില്‍ വിശ്വാസമുള്ള ദാസപ്പന്‍ ത്ധടുതിയില്‍ മുറി കാലിയാക്കിയത് സ്വാഭാവികം. മുറിയില്‍ ചോരയില്‍ കുതിര്‍ന്ന ശവശരീരങ്ങള്‍ കണ്ണുകള്‍ തുറിച്ചു ഞങ്ങളെത്തന്നെ നോക്കുന്നപോലെ തോന്നി. തെല്ല് ഭീതിയോടെ എല്ലാവരും മുറിക്കുവെളിയിലിറങ്ങി.
ഞങ്ങളുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞു പഞ്ചാബി ഞങ്ങളെ സമാധാനിപ്പിച്ചെന്കിലും രാത്രിയോടടുക്കുംതോറും മുറിയില്‍ കയറാനുള്ള ധൈര്യം കുറഞ്ഞു കുറഞ്ഞു വന്നു. അന്തിയുറങ്ങാനെന്തു ചെയ്യണമെന്ന അന്തംവിട്ട ചിന്തയിലിരിക്കെ, എടുക്കാന്‍ മറന്ന ഏതോ സാധനത്തിനുവേണ്ടി ദാസപ്പന്‍ കയറിവന്നു. ഒന്നും ഉരിയാടാതെ മുറിക്കുവെളിയില്‍ വിഷമിച്ചിരിക്കുന്ന ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ പുഞ്ചിരിച്ചു. ആ ചിരിയില്‍ ഒരുപാട് അര്‍ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നി. മുംബെയില്‍ പത്തിരുപതുവര്‍ഷം പഴക്കമുള്ള ദാസപ്പന് പെട്ടെന്ന് ഒരു താമസസ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായിക്കാണില്ല. തെല്ല് ജാള്യതയോടെ ഞങ്ങളുടെ നിസ്സഹാവാസ്ഥയും മറ്റും ദാസപ്പനോട് വിവരിച്ചപ്പോള്‍ അയാളുടെ പ്രതികരണം ഞങ്ങളെ അമ്പരപ്പിക്കുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്യുന്നതായിരുന്നു.
"പ്രേതങ്ങളിലും ആത്മാക്കളിലുമൊന്നും നിങ്ങള്ക്ക് തീരെ വിശ്വാസമില്ലായിരുന്നല്ലോ. അര്‍ദ്ധരാത്രി മുറിയില്‍ ഘോരശബ്ദം ഉണ്ടാവുക, ഇത്രയും കാലത്തിനിടയില്‍ സംഭവിക്കാത്തവിധം കിടക്കയില്‍ മുള്ളിയതായി അനുഭവപ്പെടുക, ഇന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുറിക്കുവെളിയില്‍ വഴിയോരത്താവുക, തിരിച്ചുമുറിയിലേക്ക് വന്നപ്പോള്‍ വാതില്‍ പൂട്ടിയിരിക്കുന്നതായി കാണപ്പെടുക.... ഗതിയില്ലാതെ അലയുന്ന രണ്ടു ആത്മാക്കളുള്ള ഈ മുറിയില്‍ താമസിച്ചാല്‍ ഇതിലപ്പുറവും നടന്നെന്നിരിക്കും!!!
എന്തു പറയണമെന്നറിയാതെ ഞങ്ങള്‍ മുഖത്തോടുമുഖം നോക്കി. ഏതായാലും തന്റെ പുതിയ സങ്കേതത്തിലേക്ക് ദാസപ്പന്‍ സന്തോഷപൂര്‍വ്വം ഞങ്ങളെ സ്വാഗതം ചെയ്തു. കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല, ശവശരീരങ്ങളുടെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകളില്‍നിന്ന് കൂര്‍ക്കംവലിയുടെ ചൂടുള്ളരാത്രികളിലേക്ക് ഞങ്ങള്‍ വേഗം യാത്രതിരിച്ചു.






