അങ്ങനെ 'തണല്‍' എന്ന ഈ പാവം ബ്ലോഗും ഒരു വര്ഷം പിന്നിടുകയാണ്. സാധാരണയായി ജന്മദിനം , പുതുവര്‍ഷം, വിവാഹവാര്‍ഷികം മുതലായവയൊന്നും ഞാന്‍ ആഘോഷിക്കാറില്ല. ഇവയുടെ സമയമടുക്കുമ്പോള്‍ എനിക്ക് മറ്റുള്ളവരെപ്പോലെ സന്തോഷമല്ല; സങ്കടമാണ് തോന്നുന്നത്! എന്റെ നല്ല പ്രായത്തില്‍ നിന്ന് ഒരു കൊല്ലം കൂടി കൊഴിഞ്ഞു പോയല്ലോ, അനിവാര്യമായ അന്ത്യത്തിലേക്ക് അകലം കുറയുന്നല്ലോ എന്ന ചിന്ത. ഞാനൊരല്പം പഴഞ്ചനാണെന്നു കൂട്ടിക്കോളൂ. എന്നാല്‍ ബ്ലോഗിനെ സംബന്ധിച്ച് അങ്ങനെയല്ല. കഴിഞ്ഞ ഒരു വര്ഷം എങ്ങനെയായിരുന്നു എന്നൊരു സ്വയം വിശകലനം പ്രസക്തമായിരിക്കും എന്ന് തോന്നുന്നു. കൂടാതെ, ഈ ബ്ലോഗിനെ (ബ്ലോഗറെയും) ഒരു വര്‍ഷമായി സഹിക്കുന്ന സഹൃദരായ വായനക്കാരുടെ അഭിപ്രായം അറിയുകയും ചെയ്യാമല്ലോ.
ഇതെഴുതുമ്പോള്‍ ഒരു സംഭവം ഓര്‍മ്മ വരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ (ങേ..എട്ടാം ക്ലാസുവരെ പഠിച്ചിട്ടുണ്ടോ എന്നല്ലേ...) ഏതോ ഒരു മാഷ് അവധിയായതിനാല്‍ 'നാഥനില്ലാപട നായപ്പട' യായ ക്ലാസ് മുറിയില്‍ ഞങ്ങള്‍ അന്താക്ഷരി കളിക്കുമ്പോള്‍ ഒരശനിപാതം പോലെ ക്ലാസ് ടീച്ചര്‍ കയറിവന്നു. പേനയും കടലാസുമെടുത്ത് അരമണിക്കൂറിനകം എല്ലാവരും ഓരോ കഥയെഴുതി ഏല്‍പിക്കാന്‍ ആവശ്യപ്പെട്ടു. ആട്ടുന്നവനെ പിടിച്ച് പൂട്ടാന്‍ ആക്കിയാല്‍ എങ്ങനിരിക്കും? കഞ്ചാവടിച്ച കോഴിയെപോലെ കുറെ നേരം എല്ലാരും ഇരുന്നു. ഇതാദ്യത്തെ അനുഭവമാണ്. പിന്നെ ഓരോരുത്തരും എന്തൊക്കെയോ കുത്തിക്കുറിക്കാന്‍ തുടങ്ങി. (പരീക്ഷയാണേല്‍ കോപ്പിയടിക്കാമായിരുന്നു . ഇതിനതും നടപ്പില്ല) പക്ഷെ ഞാന്‍ പരിസരബോധമില്ലാതെ എഴുത്താരംഭിച്ചു . അരമണിക്കൂറിനകം , പലകാര്യങ്ങള്‍ക്കും പ്രയോജനപ്രദമായ, നോട്ടുപുസ്തകത്തിന്റെ മധ്യഭാഗത്തെ നാലഞ്ചു ഏടുകള്‍, അറുത്ത കോഴിയുടെ പൂട പറിക്കുംപോലെ വലിച്ചു പറിച്ചെഴുതിത്തീര്‍ത്തു.
ബെല്ലടിച്ചപ്പം വായിച്ചുനോക്കാനൊന്നും നിന്നില്ല. വല്യ കഥാകാരന്റെ അഹങ്കാരത്തോടെ ഞാനത് ടീച്ചറെ ഏല്‍പ്പിച്ചു. പിറ്റേന്ന് രാവിലെ ടീച്ചര്‍ വന്നപ്പോള്‍ എന്നെ എഴുന്നേല്‍പ്പിച്ച് , പാസ് വേര്‍ഡും വേര്‍ഡ് വെരിഫിക്കെഷനും ആവശ്യമില്ലാത്ത നല്ല 'പ്രസക്തമായ'കുറെ കമന്‍റുകള്‍ എനിക്ക് ഫ്രീയായി തന്നു! ആ കഥ തന്നെപറ്റിയാണെന്ന് ടീച്ചര്‍ക്ക് തോന്നിയത് എന്റെ കുഴപ്പമല്ലല്ലോ.ആ കഥയില്‍ ഒരു കഥാപാത്രം മുടന്തന്‍റെതായിരുന്നു.ടീച്ചറുടെ ഭര്‍ത്താവിനു മുടന്തുള്ള കാര്യം സത്യമായിട്ടും എനിക്കറിയില്ലായിരുന്നു. (എന്നാല്‍ ഇന്നും ചിലര്‍ എന്റെ ചില പോസ്റ്റുകളില്‍ തങ്ങളുടെ മുഖം ദര്‍ശിക്കുന്നു എന്നത് എന്റെ ദുര്‍വിധി!) ആ വാക്കുകള്‍ ഇന്നും ഞാന്‍ മറന്നിട്ടില്ല. ഇന്നും ഏറെക്കുറെ ടീച്ചറുടെ വാക്കുകളാണ് താങ്കള്‍ക്കും എന്റെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ കമന്റായി തരാന്‍ തോന്നുന്നത് എന്ന് ഞാന്‍ കരുതുന്നു. എങ്കിലും പലപ്പോഴും താങ്കളുടെ കീബോര്‍ഡ് എന്നോട് കള്ളം പറയുന്നു.
ഏതായാലും ആദ്യകഥയോടെ തന്നെ കഥയെഴുത്ത് നിര്‍ത്തി. എന്നാല്‍ 'മലര്‍വാടി'യിലെ 'കുഞ്ഞുണ്ണിമാഷും കുട്ട്യോളും' എന്ന പംക്തിയിലേക്ക് സ്ഥിരമായി കത്തുകളെഴുതി . അദ്ദേഹം നന്നായി പ്രോല്‍സാഹിപ്പിച്ചു. ഗള്‍ഫിലെത്തിയപ്പോള്‍ എന്റെ 'രചനാവൈഭവം' വീട്ടിലേക്കുള്ള കത്തെഴുത്തില്‍ ഒതുക്കി. ആദ്യമായി ഗള്‍ഫിലേക്ക് വന്നു രണ്ടുവര്‍ഷം തികഞ്ഞപ്പോള്‍ അനല്പമായ ആഹ്ലാദത്തോടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടില്‍ പോകാനൊരുങ്ങുന്നതും സാധനങ്ങള്‍ വാങ്ങി പേക്ക് ചെയ്തു വിമാനടിക്കറ്റുമെടുത്തു ശേഷം 'ഖുറൂജിനു' വേണ്ടി സ്പോണ്‍സരെ സമീപിക്കുന്നതും ( ഖുറൂജ് എന്ന് കേട്ട് അത് ഈത്തപ്പഴം നിറച്ച പെട്ടിയാണെന്ന് ധരിക്കരുതേ.. വെറുമൊരു കടലാസ്! exit permit എന്ന് പറയും. അതില്‍ സ്പോണ്‍സര്‍ ഒപ്പിട്ടാലേ രാജ്യം വിടാനൊക്കൂ) കണ്ണില്‍ ചോരനിറമുള്ള ആ മനുഷ്യന്‍ അതില്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്നതും കണ്ണില്‍ വെള്ളവുമായി നിന്ന എന്നെ മടക്കി അയക്കുന്നതും പിന്നീട് മരവിച്ച മനസ്സും ശോഷിച്ച ശരീരവുമായി അഞ്ചരകൊല്ലം ഒരേ നില്പ് തുടര്‍ന്നതും... ഒക്കെ ഇന്നും മനസ്സില്‍ ചോരക്കറ പുരണ്ടു കിടക്കുന്നു.
സഹോദരിയുടെ വിവാഹദിനത്തില്‍ നിരാശയോടെയിരുന്ന എന്റെ കണ്ണുകള്‍ നിറഞ്ഞു. വീട്ടില്‍ ബന്ധുക്കളും അയല്‍ക്കാരും ബിരിയാണി അകത്താക്കുന്ന അതേസമയം ഞാനിവിടെ (ഖത്തറില്‍) ഉണക്ക സാന്‍റ് വിച്ച് കഴിക്കുന്നു! അവരവിടെ അര്‍മാദിക്കുമ്പം എനിക്കിവിടെ വിഷാദം! അവരവിടെ തമാശ പറഞ്ഞുരസിക്കുമ്പോള്‍ ഞാനിവിടെ കസ്റ്റമേഴ് സുമായി മല്‍പ്പിടുത്തം! ഇതൊരു വേദനയായി ഉള്ളില്‍ മുഴച്ചുനിന്നു. ഈ 'മുഴ' പിന്നീട് അല്പം തൈലവും തേച്ച് ഒരു വെള്ളക്കടലാസില്‍ പൊതിഞ്ഞ് "മാധ്യമ'ത്തിലേക്ക് അയച്ചു കൊടുത്തു. അവരുടെ വിവരക്കേട് കൊണ്ട് അത് അച്ചടിച്ചുവന്നു. അതാണ് എന്റെ ആദ്യ കഥ !
കടമകള്‍ 11-3-1999(വേണമെങ്കില്‍ ഇത് പിന്നീട് ടൈപ്പ് ചെയ്തു പോസ്റ്റുന്നതാണ്).
ഇതെനിക്കൊരു ഉണര്‍വായി . പിന്നെയങ്ങോട്ട് എഴുത്ത് തുടങ്ങി . മാധ്യമം, മനോരമ, വര്‍ത്തമാനം എന്നിവയിലൊക്കെ വെളിച്ചം കണ്ടു. എന്നാല്‍ ആ പേപ്പര്‍കട്ടിങ്ങുകളില്‍ ചിലത് ചിലര്‍ വായിക്കാന്‍ കൊണ്ടുപോയി എങ്കിലും കഥകളുടെ 'നിലവാരക്കൂടുതല്‍' കാരണമാവാം ചിലത് ചിലര്‍ തിരിച്ചുതന്നില്ല . അങ്ങനെ കുറെ എണ്ണം നഷ്ടമായി. അതുകൊണ്ടാണ് ബാക്കിയുള്ളവ സ്കാന്‍ ചെയ്തു ഒരു ബാക്കപ്പ് ആയി സൂക്ഷിക്കാന്‍വേണ്ടി മാത്രം ഒരു ബ്ലോഗ് തുടങ്ങിയത്. കുറെ നാള്‍അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. പിന്നീടെപ്പോഴോ തുറന്നു നോക്കിയപ്പോ ദേ കിടക്കുന്നു ഒന്ന് രണ്ടു അഭിപ്രായങ്ങള്‍! അപ്പോഴാണ് ഈ കമന്റടി എന്താണെന്ന് ഞാന്‍ അറിയുന്നത്. പിന്നീട് പല ബ്ലോഗുകളും സന്ദര്‍ശിച്ചു സംഗതി കൊള്ളാമെന്നു തോന്നിയപ്പോള്‍ പത്രങ്ങളെ ബഹിഷ്കരിച്ച് ബ്ലോഗില്‍ പോസ്റ്റ് ഇടാന്‍ തുടങ്ങി. ഇതാകുമ്പം വായനക്കാരുടെ തല്ലും തലോടലും പെട്ടെന്ന് തന്നെ ലഭിക്കും.സ്നേഹിതരേയും ശത്രുക്കളേയും ഒരുപോലെ സമ്പാദിക്കാം. അനാഥമായി കിടക്കുന്ന ഇന്നത്തെ തപാല്‍പെട്ടി പോലെയുള്ള എന്റെ മെയില്‍ ഇന്ബോക്സിനെ, ബിവറേജ് കോര്‍പറേഷന്റെ കടക്കുമുന്നിലെ ക്യൂ പോലെ സജീവമാക്കി നിര്‍ത്താം....
അങ്ങനെ ആദ്യ പോസ്റ്റ് പിറന്നത് 09-12-2009 ന് . ഇന്നൊന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അന്നെഴുതിയത് ഇന്നെഴുതിയ പോലെ! ഒരു വര്‍ഷം ഒരു വാരം പോലെ! പലരോടും, പറഞ്ഞാല്‍ തീരാത്ത കടപ്പാടുണ്ട്. എണ്ണിപ്പറഞ്ഞാല്‍ ഈ പോസ്റ്റ് ഇനിയും നീളും. മാത്രമല്ല; കഷ്ടകാലത്തിന് ആരെയെങ്കിലും വിട്ടുപോയാല്‍ അത് അവര്‍ക്ക് വിഷമമാകുംഎന്നത് എനിക്ക് വിഷമമുള്ള കാര്യമാണ്. അതിനാല്‍ ഇതുവരെ സഹകരിച്ച താങ്കളോട് വ്യക്തിപരമായി എന്റെ അകൈതവമായ നന്ദി ഇവിടെ പ്രകടിപ്പിക്കുന്നു. എന്തെഴുതുമ്പോഴും അതില്‍ നന്‍മ സ്ഫുരിച്ചില്ലെങ്കില്‍കൂടി തിന്‍മ പ്രോത്സാഹിപ്പിക്കുന്ന ഒരു സന്ദേശവും അതില്‍ ഉണ്ടായിരിക്കാരുതെന്നു ഞാനാഗ്രഹിക്കുന്നു. എല്ലാവരോടും സ്നേഹവും കടപ്പാടും മാത്രമേ ഉള്ളൂ. എന്നിട്ടും തെറ്റിദ്ധാരണ കൊണ്ടോ എന്‍റെ 'സ്വഭാവഗുണം' കൊണ്ടോ ഒന്ന് രണ്ടു പേര്‍ എന്നോട് ഏകപക്ഷീയമായി പിണങ്ങിയകന്നു. പക്ഷെ എനിക്കവരോട് ഇഷ്ടം കൂടിയിട്ടേയുള്ളൂ എന്നത് സത്യം.
വീണ്ടും പറയുന്നു- താങ്കളുടെ അഭിനന്ദനങ്ങളെക്കാള്‍ നിര്‍ദേശങ്ങള്‍ ആണ് എനിക്ക് പ്രചോദനമേകുന്നത് . വിമര്‍ശിക്കാന്‍ മടിക്കേണ്ട. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ 43 പോസ്റ്റുകളെ എനിക്ക് എഴുതാന്‍ കഴിഞ്ഞുള്ളു. പക്ഷെ ;ഞാനര്‍ഹിക്കാത്ത അംഗീകാരമാണ് താങ്കളടക്കമുള്ള വായനക്കാര്‍ എനിക്കു നല്‍കിയത്.
232 followers
2000 ല്‍ കൂടുതല്‍ കമന്‍റുകള്‍
അതിലുപരി .. അതിവിപുലമായ സുഹൃദ്ബന്ധങ്ങള്‍ !! ഇതൊന്നും ഞാന്‍ സ്വപ്നേപി പ്രതീക്ഷിച്ചതല്ല. നന്ദി.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ! സമാധാനവും സമൃദ്ധിയും ദീര്‍ഘായുസ്സും ഉണ്ടാകട്ടെ!
സസ്നേഹം
ഇസ്മായില്‍ കുറുമ്പടി (തണല്‍)