( 22-3-2005 നു മാധ്യമത്തില്‍ അച്ചടിച്ചുവന്നത്)
മുറ്റത്ത് ആരുടെയോ കാല്‍ പെരുമാറ്റം. അതോ തനിക്ക് തോന്നിയതാണോ? തട്ടിന്‍പുറത്തെ ജനല്‍ പാളികള്‍ കാറ്റത്ത് ഇളകിയതാവാം. രാത്രിയുടെ അന്ത്യയാമത്തിലും ഉറക്കം വരാത്തതെന്തേ? മനസ്സ് ആരെയൊക്കെയോ പ്രതീക്ഷിക്കുന്നതിനാലാവാം. ഉറക്കം നാം തേടിപ്പോകേണ്ടതല്ല, നമ്മെത്തേടി വരേണ്ടതാണ് എന്ന് സ്വയം സമാധാനിച്ചു. അനേകായിരങ്ങള്‍ ഇപ്പോള്‍ ഉറക്കമൊഴിച്ച് ആഘോഷത്തിമിര്‍പ്പില്‍ മുഴുകിയിരിക്കുകയാകും , പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍. നിമിഷങ്ങള്‍ അടര്‍ന്നു വീഴുമ്പോള്‍ മനസ്സിലെവിടെയോ ആകാംക്ഷ പെരുകിവരുന്നു. ശരീര വേദന പലതും ഓര്‍മ്മപ്പെടുത്തുന്നു. ഓര്‍മ്മകളാകട്ടെ വേദനാജനകവും!
കഴിഞ്ഞവര്‍ഷം ഇതേസമയം താനെവിടെയായിരുന്നു? യുവത്വത്തിന്റെ പ്രസരിപ്പും തിമിര്‍പ്പും നിര്‍ഭയത്വവും എന്തും വെട്ടിപ്പിടിക്കാനുള്ള ത്വരയും ജീവിതമെന്നാല്‍ ആസ്വദിക്കാന്‍ ഉള്ളതാണെന്ന് കൂട്ടുകാരും മാധ്യമങ്ങളും നല്‍കിയ പാഠവും ഒക്കെക്കൂടി തന്നെ ആവാഹിച്ചു. ആ ഊര്‍ജ്ജത്തിന്‍റെ കുതിപ്പില്‍ പലതും മറന്നു. പുതുവല്‍സരപ്പിറവിയുടെ ആഘോഷത്തിമിര്‍പ്പിനിടെ സൈലന്‍സര്‍ നീക്കിയ ബൈക്കുകള്‍ തുടകളില്‍ ഇറുക്കിപ്പിടിച്ച് നാട്ടുകാര്‍ക്ക് നിദ്രാഭംഗമുണ്ടാക്കി മദ്യത്തിന്‍റെ നിയന്ത്രണത്തില്‍ കൂട്ടുകാരുമൊത്ത് ശരവേഗത്തില്‍ പാഞ്ഞതും റോഡിലെ പൊട്ടിയൊലിക്കുന്ന വലിയ വ്രണങ്ങളൊന്നില്‍വീണ് ബൈക്കും താനും വേര്‍പ്പെട്ടതും പിന്നാലെ വന്ന കൂട്ടുകാരില്‍ രണ്ടുപേര്‍ തന്റെ ശരീരത്തിലൂടെ അപ്രതീക്ഷിതമായി വണ്ടിയോടിച്ചുകയറ്റിയതും എല്ലാം മനസ്സിന്‍റെ തിരശീലയില്‍ മിന്നിമറഞ്ഞു.
ഇന്ന് പുതുവര്‍ഷാരംഭം. ഒപ്പം, കാലുകള്‍ പാടെ തളര്‍ന്ന ശരീരവുമായി തനിക്ക് രണ്ടാം വര്‍ഷത്തിന്‍റെ ആരംഭവും!പൂമുഖവാതിലില്‍ ആരോ മുട്ടിയോ? അതോ തോന്നിയതാണോ? മുറ്റത്തെ മാവിലെ മാമ്പഴം ഉതിര്‍ന്നുവീണതാവാം. 'താനില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം ?' എന്ന് പറഞ്ഞു സമ്മാനപ്പൊതിയും സാന്ത്വനവുമായി കൂട്ടുകാര്‍ വരുന്നത് പ്രതീക്ഷയായി ഉള്ളിലുണ്ടായിരുന്നു. അര്‍ദ്ധരാത്രിയോടടുക്കും തോറും ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നതുപോലെ. സുഖസന്തോഷാവസരങ്ങളില്‍ തന്നോടൊപ്പം ഏറെ പങ്കുകൊണ്ടിരുന്ന കൂട്ടുകാരെവിടെ? ഒരു വര്‍ഷം മുന്‍പ് താന്‍ പലതും നഷ്ടപ്പെടുത്തിയിരുന്നു. ഇപ്പോള്‍ തനിക്ക് പലതും നഷ്ടമായികൊണ്ടേയിരിക്കുന്നു. മനുഷ്യന്‍റെ നിസ്സഹായതയും നിസ്സാരതയും സംബന്ധിച്ച ചിന്തകള്‍ മാത്രം ഇപ്പോള്‍ സദാ കൂട്ടിനുണ്ട്.
മുറ്റത്ത് ആരൊക്കെയോ സംസാരിക്കുന്നുവോ? ഇല്ല; ആരുമില്ല. വെറും തോന്നലാണ്. മരച്ചില്ലകളില്‍ ചേക്കേറിയ പ്രാവുകള്‍ കുറുകുന്നതാവാം.
അല്ലെങ്കില്‍തന്നെ കാലില്ലാതെ തനിക്കെന്താഘോഷം !!!